Tuesday, February 2, 2010
Wednesday, February 25, 2009
ഇതാരുടെ പുസ്തകശേഖരത്തില്‍ നിന്ന്?
ഇവിടെ വരൂ. ഇവിടെ മള്‍ട്ടിപ്പിള്‍ ചോയ്സ് സമ്മതിക്കും, ക്ലൂ ഇഷ്ടമ്പോലെ, കടുപ്പമുള്ള ചോദ്യങ്ങളുമില്ല, ഫൈനില്ല, ശരിയുത്തരം പറയുന്നവര്‍ക്ക് മാര്‍ക്ക് അളന്നല്ല, കൊട്ടയില്‍ കോരിയിട്ട് കൊടുക്കുന്നു. വരൂ.
ഒരു ബ്ലോഗറുടെ ലൈബ്രറിയില്‍ നിന്ന്:
ക്ലൂകള്‍:
1. പുരുഷന്‍ (പേരല്ല, ലിംഗഭേദം)
2. പ്രായം മുപ്പതുകളിലെന്ന് അവകാശപ്പെടുന്നു
3. ദുബായില്‍ ജോലി
4. വര്‍ഷങ്ങളായി ഒട്ടുമിക്ക ബ്ലോഗ് മീറ്റിനും വന്നിട്ടുണ്ട്.
5. ചെറിയ മകനുമൊത്തും ബ്ലോഗ് മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്
6. തെക്കന്‍ കേരളത്തില്‍ ജനിച്ചു
7. വാണിജ്യത്തില്‍ ബിരുദം
8. ഇരുപതു വയസ്സില്‍ ഓഡിറ്റ് റ്റ്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു
9. ഇപ്പോള്‍ സാമ്പത്തിക-പൊതുഭരണമേഖലയില്‍ ജോലി ചെയ്യുന്നു.
10. ഈ ശേഖരത്തിലെ പല പുസ്തകങ്ങളും പലരും കയ്യൊപ്പിട്ട് നേരിട്ട് സമ്മാനിച്ചതാണെന്ന് ആദ്യപേജ് തുറന്നാല്‍ കാണാം.
വെറും ആറു പുസ്തകങ്ങള്‍ക്ക് പത്തു ക്ലൂ, വരൂ പറയൂ.
Saturday, August 30, 2008
ഒറീസ്സ- രാഷ്ട്രപതിക്കുള്ള ഹര്‍ജി
Monday, February 11, 2008
നൂറു ത്രെഡുകള്‍, നൂറായിരം കമന്റുകള്‍
ചോദ്യം : ഹരികുമാര്‍ ബ്ലോഗുകളെക്കുറിച്ച് എഴുതിയത് പ്രതിഷേധാര്‍ഹമാണോ? മനസ്സില്‍ തോന്നുന്നത് പറയാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമില്ലെന്ന് തീരുമാനിക്കാന്‍ നിങ്ങളാര്?
കേരളത്തിലെ ഡോക്റ്റര്‍മാര്‍ ചെറ്റകളാണ് എന്ന് ഞാനൊരു കുറിപ്പെഴുതിയാല്‍ അത് ന്യായീകരിക്കാന്‍ എനിക്ക് ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ മതിയാവില്ല, അങ്ങനെ പത്ത് ഉദാഹരണങ്ങള്‍ കാട്ടിയാല്‍ പോലും ഭൂരിപക്ഷം വരുന്ന അങ്ങനെയല്ലാത്ത ഡോക്റ്റര്‍മാര്‍ക്ക് അത് അധിക്ഷേപം തന്നെയാണ്. ഞാന്‍ ഒരു ഡോക്റ്ററുമല്ല കേരളത്തിലുമില്ല എന്ന നിലയ്ക്ക് വായനക്കാര്‍ അതൊരു വ്യക്തിഗത വികലവീക്ഷണമായി എടുത്തുകൊള്ളുകയും ചെയ്യും. എന്നാല്‍ സൂരജ് ഇതേ വാചകം എഴുതിയാല്‍ അതിനു ആധികാരികത കൈവരുകയും ലേഖകനെ കേരളത്തിലെ ഡോക്റ്റര്‍മാരുടെ പ്രതിനിധിയായി വായനക്കാര്‍ കാണുകയും ചെയ്യും. "ഞാനും ഒരു ബ്ലോഗറാണ്." എന്ന വാചകത്തിലെ കുഴപ്പമതാണ്. ബ്ലോഗ് എന്തെന്നറിയാത്ത വായനക്കാരന്‍ കാണുന്ന ബ്ലോഗ് പ്രതിനിധിയായും റിവ്യൂവര്‍ ആയും ലേഖകനെ അവര്‍ വായിക്കും.
ചോദ്യം: ബൂലോഗ കൂട്ടായ്മയുടെ പല ആക്റ്റീവിസ്റ്റുകളും ഹരികുമാര്‍ പ്രശ്നത്തില്‍ അഭിപ്രായമെഴുതി കണ്ടില്ലല്ലോ?
കൂട്ടായ്മ എന്നൊന്നില്ലെന്ന് ഞാന്‍ പലവര്‍ഷങ്ങളായി പറയുന്നു. ആര്‍ക്കും എന്തു കാര്യത്തിനും അവനവനു തോന്നുന്നതുപോലെ എന്തും ചെയ്യാം. ആര് എന്തിനെക്കുറിച്ച് എങ്ങനെ ബ്ലോഗ് എഴുതണമെന്ന് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല.
ചോദ്യം: ബൂലോഗ ക്ലബ്ബില്‍ നടന്ന ചര്‍ച്ചയില്‍ പലരും ഹരികുമാറിനു ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായത്തെക്കാള്‍ മോശമായി പ്രിന്റിനെക്കുറിച്ച് പ്രതികരിച്ചു കണ്ടല്ലോ?
ഉവ്വോ? എങ്കില്‍ അതടക്കം എല്ലാം പ്രിന്റ് മീഡിയയുടെ ശ്രദ്ധയിലെത്തിക്കോട്ടെ.
ചോദ്യം: ബ്ലോഗ് പ്രിന്റ് മീഡിയയെക്കാള്‍ വലുതാണോ?
ബ്ലോഗ് പ്രിന്റ് മീഡിയയെക്കാള്‍ വലുതല്ലാത്തതുകൊണ്ട് മോശമാണെന്നുമില്ലല്ലോ.
ചോദ്യം: എത്ര നല്ല ലേഖനങ്ങളും നോവലുകളും കലാകൗമുദിയില്‍ വന്നത് വായിച്ചു വളര്‍ന്നവരാണ് നമ്മള്‍, ഈ ഒറ്റ പ്രശ്നത്തിന്റെ അല്ലെങ്കില്‍ കഴിഞ്ഞ കുറച്ചു ലക്കങ്ങളായി വന്ന ചില പരാമര്‍ശത്തിന്റെ പുറത്ത് തള്ളിപ്പറയുന്നത് തെറ്റല്ലേ?
പണവും നന്ദിയും ഒരുമിച്ചു പോവില്ല. കലാകൗമുദിയില്‍ നിന്നും എന്തു വാങ്ങിയെങ്കിലും അതിനു രൊക്കം പണം അടച്ചാണു വാങ്ങിയത്. തട്ടുകടക്കാരന്‍ മുരുകേശന്‍ എനിക്കൊത്തിരി വച്ചു വിളമ്പിയിട്ടുണ്ട്, അതിനു ഞാന്‍ പറ്റും തീര്‍ത്തിട്ടുണ്ട്. എന്നെ മുരുകേശന്‍ തല്ലാന്‍ വന്നാല്‍ ഞാന്‍ തിരിച്ചു തല്ലും, അന്നദാതാവെന്നു കരുതി മിണ്ടാതിരിക്കുകയില്ല.
ചോദ്യം: കലാകൗമുദി കത്തിച്ച കൈപ്പള്ളി അക്ഷരത്തെ നശിപ്പിക്കുകയല്ലേ?
കൈപ്പള്ളി പേപ്പറേ കത്തിച്ചുള്ളു, അതിലെ അക്ഷരങ്ങള്‍ അതിനും മുന്നേ മരിച്ചു കഴിഞ്ഞു. ദേശാഭിമാനി പത്രത്തില്‍ എസ് ആര്‍ ശക്തിധരന്‍ എഴുതിയ വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി(ഇതെഴുതിയത് ജി. ശക്തിധരനാണ്, എസ് ആര്‍ അല്ല- മാരീചന്റെ കമന്റ് കാണുക) എനിക്ക് ഒന്നുകൂടി വായിച്ചാല്‍ കൊള്ളാമെന്നുണ്ട്, അത് ഓണ്‍ ലൈനിലോ യൂണിക്കോഡിലോ അല്ലാത്തതിനാല്‍ ഇനിയെനിക്ക് വായിക്കാനാവില്ല. ദേശാഭിമാനി ആര്‍ക്കൈവ്സ് യൂണിക്കോഡിലായിരുന്നെങ്കില്‍ ഞാന്‍ പണം നല്‍കി സബ്സ്ക്രിപ്ഷന്‍ എടുത്തേനെ. പേപ്പറിലായതുകൊണ്ട് ആ അക്ഷരങ്ങള്‍ മരിച്ചു.
ചോദ്യം: ബ്ലോഗ് വായിക്കുന്ന സാധാരണക്കാര്‍ അധികമില്ല, ആ നിലയ്ക്ക് പ്രിന്റ് അല്ലേ കേമന്‍?
പ്രിന്റോ ബ്ലോഗോ കേമന്‍ എന്ന് ചോദിക്കരുതെന്ന് നേരത്തേ പറഞ്ഞു. എങ്കിലും, മുകളിലത്തെ കമന്റ് ഒന്നു വായിക്കുക, മലയാളം യൂണിക്കോഡില്‍ എഴുതുന്നവ കാലത്തെ താണ്ടി ദേശത്തേയും താണ്ടി ആയിരം വര്‍ഷം അപ്പുറത്തേക്കും ആയിരം കാതം ദൂരത്തേക്കും പോയിക്കോണ്ടേയിരിക്കുന്നു, പത്രത്തിലടിച്ചത് അന്നു വൈകുന്നേരത്തോടെ ഉമിക്കരി പൊതിയാനെടുത്തു പോയി.
ചോദ്യം: ബ്ലോഗല് വരുന്ന സാഹിത്യമാണോ അപ്പോള്‍ പ്രിന്റിലുള്ളതിനെക്കാള്‍ മെച്ചം?
ബ്ലോഗ് സാഹിത്യത്തിനു വേണ്ടി ഉഴിഞ്ഞു വച്ചതൊന്നുമല്ല, ഫിഫ്ത് എസ്റ്റേറ്റ് എന്നു വിളിക്കാവുന്ന ഒരു മാദ്ധ്യമമാണ്. മലയാളത്തില്‍ മാത്രമായിരിക്കും വാരികയും ബ്ലോഗുമാണ് സാഹിത്യത്തെ വളര്‍ത്താന്‍ ബാദ്ധ്യതയുള്ളവര്‍ എന്നു കരുതുന്നത്.
ചോദ്യം: ഇവിടെ കിടന്നു പ്രതിഷേധിച്ചാല്‍ ആരെങ്കിലും അറിയുമോ?
അറിയുമോന്നു നോക്കാം, ഇല്ലെങ്കില്‍ അറിയുന്നേടത്തേക്ക് പോകാം
ചോദ്യം: ഞാന്‍ പ്രതിഷേധിക്കണോ വേണ്ടയോ?
നിങ്ങളുടെ കാര്യം എനിക്കെങ്ങനെ അറിയാന്‍? തോന്നുന്നത് ചെയ്യൂ.
Friday, February 1, 2008
നെറ്റ് കിട്ടാത്ത ഒരുത്തന്റെ പ്രതിഷേധം
മൂന്നു ദിവസമായി ദുബായില്‍ കാറ്റും തിരയും ഒക്കെയായിട്ട് ഇന്റര്‍നെറ്റ് ആക്സസ് നാശമാക്കിയതിനാല്‍ ബൂലോഗ ക്ലബ്ബില്‍ അഞ്ചല്‍ക്കാരന്‍ തുടങ്ങിയ ത്രെഡ് മൊത്തം ലോഡ് ആകുകയോ ഒരു കമന്റ് ഇടാന്‍ എന്നെ അനുവദിക്കുകയോ ചെയ്യുന്നില്ല. എന്നുവച്ച് മിണ്ടാതിരിക്കാന്‍ പറ്റുമോ, ആരെങ്കിലും ഇതൊന്നു അങ്ങോട്ട് ലിങ്ക് ചെയ്യൂ, അല്ലേല്‍ കോപ്പി പേസ്റ്റൂ.
കഴിഞ്ഞ പല ലക്കങ്ങളായി കലാകൌമുദി ബ്ലോഗിനെയും ബ്ലോഗര്‍മാരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ലേഖനമെന്നും കവിതയെന്നും പേരിട്ട് ആക്ഷേപങ്ങള്‍ അച്ചടിക്കുന്നുണ്ട്, ഇതില്‍ ഒരു ബ്ലോഗറെന്ന നിലയിലും ബ്ലോഗ് വായനക്കാരനെന്ന നിലയിലും എനിക്കുള്ള ശക്തിയായ പ്രതിഷേധം അപ്പപ്പോള്‍ ബ്ലോഗില്‍ തന്നെ എഴുതുകയും ചെയ്യുന്നുമുണ്ട്. ഇത് ഒരു തുടര്‍ പരിപാടിയാക്കാന്‍ കൌമുദി തീരുമാനിച്ച സ്ഥിതിക്ക് ഇനിമേലില്‍ ഞാന്‍ കലാകൌമുദി എന്ന പ്രസിദ്ധീകരണം വാങ്ങുകയോ വായിക്കുകയോ ചെയ്യില്ല എന്ന തീരുമാനത്തിലെത്തി നില്‍ക്കുകയാണ്. അടുത്ത കാലത്ത് വാങ്ങിയ ലക്കങ്ങളിലൊന്നും ബ്ലോഗ് പോസ്റ്റുകളുടെ പോയിട്ട് മറ്റു ആനുകാലിക പ്രിന്റ് പ്രസിദ്ദീകരണങ്ങളില്‍ ഉള്ളയത്ര നിലവാരം പുലര്‍ത്തുന്നതൊന്നും കലാകൌമുദിയില്‍ കാണാനാവാത്ത സ്ഥിതിക്ക് ഈ തീരുമാനം ഒരു സമരമെന്നതിനപ്പുറം പാഴ്ചെലവ് ഒഴിവാക്കലായും ഞാന്‍ കാണുന്നു.
എം കെ
ഹരികുമാറിന്റെ കോളം ഞാന്‍ വായിക്കാറില്ലാത്തതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ഒന്നുമെഴുതുന്നില്ല, അദ്ദേഹത്തിന്റെ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നുമില്ല.
Saturday, December 22, 2007
ദുര്യോധനന്റെ കണ്ണട
സമ്മതിച്ചു, ഒരു അണ്ഡവും ഒരു ബീജവും കൂടിച്ചേരുമ്പോള്‍ ഒരു സൈഗോട്ട് ഉണ്ടാകും. അങ്ങനെ 101 സൈഗോട്ട് ഉണ്ടായിരുന്നോ ഗാന്ധാരിയമ്മയുടെ വയറ്റില്‍?
ഇല്ലല്ലോ, വായിച്ചു തീരും മുന്നേ ചോദ്യം ചോദിച്ചു തൃശങ്കു, എവിടെ വച്ചാണു സെല്‍ ഡിഫറന്‍ഷ്യേഷന്‍ നടക്കുന്നതെന്ന് മാത്രമാണു പറഞ്ഞു വന്നത്, അവിടെ ഇങ്ങനെ ഒരു ചോദ്യം എന്തിനാണ്?
(ആ കോശം സ്വയം പിളരുന്നതിനു പല പല ഫേസസ് ഉണ്ട്, വിശദീകരിക്കുന്നില്ല.)
വേണ്ട, വര്‍ഷം കുറെയായെങ്കിലും, ഞാനും ബയോളജി പഠിച്ചിട്ടുണ്ട്. :)
ദേ വീണ്ടും അതു തന്നെ ചെയ്തു. അടുത്ത വരി കൂടെ വായിക്കെന്നേ, the statement means I have skipped those phases that are not very relevant. ഞാന്‍ ബയോളജിയെന്നല്ല, സ്പെഷലൈസ് ചെയ്ത ശാസ്ത്രേതര വിഷയം അല്ലാതെ മറ്റൊന്നും കൂടുതല്‍ പഠിച്ചിട്ടില്ല. ബ്ലോഗില്‍ എഴുതുന്നത് പൊതുജനസമക്ഷം ആയതുകാരണം ബയോളജി പഠിച്ചിട്ടുള്ളവരെ മാത്രം മുന്നില്‍ കാണാന്‍ വയ്യല്ലോ.
അതുകൊണ്ട് ടിഷ്യൂകള്‍ മനുഷ്യശരീരത്തില്‍ വളര്‍ന്നാലും പുറത്ത് ടെസ്റ്റ് റ്റ്യൂബിലോ ഘടത്തിലോ ഓട്ടുരുളിയിലോ വളര്‍ന്നാലും അതേ ടിഷ്യൂകള്‍ ആകുമെന്നല്ലാതെ കിഡ്ണിയിലുള്ള ടിഷ്യൂവിനു കണ്ണോ മൂക്കോ രോമമോ ആകാന്‍ കഴിയില്ല- അങ്ങനെ തീര്‍ത്ത് പറയാമോ. മൃഗങ്ങളിലോ മനുഷ്യരിലോ ഇത്തരത്തില്‍ ഇതു വരെ സാധിച്ചിട്ടില്ല എന്നതല്ലേ ശരി. സസ്യങ്ങളുടെ ടിഷ്യൂകള്‍ (തളിര്‍ ഭാഗം) പ്രത്യേക ലായനിയില്‍ വളര്‍ത്തുമ്പോള്‍ പൂര്‍ണ്ണ സസ്യാമായാണല്ലോ വളരുന്നത്. ഓരോ സെല്ലിനും പൂര്‍ണ്ണ സസ്യം /ജന്തു ആകാനുള്ള കഴിവുണ്ട്. അതിനെയാണ് totipotency എന്ന് പറയുന്നത്. പക്ഷേ അതിനെ stimulate ചെയ്യുവാനും അതിനു വളരുവാനുമുള്ള പരിതസ്ഥിതി ഉണ്ടായിരിക്കണമെന്ന് മാത്രം. ജന്തുക്കളില്‍ ഇതിന് വളരെ സങ്കീര്‍ണ്ണമായ സാഹചര്യം ഒരുക്കേണ്ടതുണ്ട്.
ഗാന്ധാരി ഒരു ചെടിയല്ലല്ലോ (കാന്താരി അല്ലേ ചെടി). എഴുതിവന്ന കോണ്ടക്സ്റ്റ് നോക്കണ്ടേ, ചെടിക്ക് കണ്ണുമില്ലല്ലോ. ടോട്ടിപൊട്ടന്‍സി പോസ്റ്റ് ഡിഫറന്‍സിയേഷന്‍ സ്റ്റേജിലുള്ള ജന്തുകോശങ്ങള്‍ക്ക് പോയി കിട്ടും എന്നും ഈ ഡീജെനറേറ്റീവ് പ്രോപ്പര്‍ട്ടിയെ റിവേര്‍സ് ചെയ്യാനുള്ള തന്ത്രം (ഇന്നത്തെ) ശാസ്ത്രത്തിനില്ല എന്നും ആണ് പറഞ്ഞുവന്നത്. സങ്കീര്‍ണ്ണമായ എന്തു സാഹചര്യമാണ് ൧൦൧ നെയ് കുടങ്ങളില്‍ ഒരുക്കിയതെന്ന് വ്യാസന്‍ വിശദീകരിട്ടുമില്ല.
സ്റ്റെം സെല്‍ ഗവേഷണങ്ങള്‍ ഇതിന്റെ ചുവടു പിടിച്ചാണ്.
അതെ potency കൂടുതലുള്ള കോശമാണ് സ്റ്റെം സെല്‍ - ഉദാഹരണത്തിന് പൊക്കിള്‍കൊടിയിലെ രക്തം. ഈ (Pluripotent) കോശങ്ങള്‍ ഉപയോഗിച്ച് പല അവയങ്ങളും വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പ്ലൂറിപൊട്ടന്‍സിയും ടോട്ടിപൊട്ടന്‍സിയും ഒന്നല്ലല്ലോ. എന്റെ കയ്യില്‍ അമ്പതിനായിരം രൂപ ഉണ്ടെന്ന് (ഉദാഹരണമാണ്, സത്യത്തില്‍ അഞ്ചിന്റെ തുട്ടു പോലും ഇല്ല) പറയുന്നതും ലോകത്തിലെ പണം മുഴുവന്‍ എന്റെ കയ്യില്‍ ആണെന്നു പറയുന്നതും ഒന്നല്ലാത്തതുപോലെ.
അഡല്‍റ്റ് സെല്ലുകള്‍ക്ക് പ്രീ ഗാസ്ട്രുലേഷന്‍ ഫേസിലേക്ക് മടങ്ങിപ്പോകാന്‍ ആകാത്തതുകൊണ്ടാണ് ക്ലോണിങ്ങ് ചെയ്യുമ്പോള്‍ അഡല്‍റ്റ് സെല്ലിലെ ഡീ എന്‍ ഏ വേര്‍തിരിച്ച് ഡീ എന്‍ ഏ നശിപ്പിച്ച ഒരണ്ഡത്തില്‍ സന്നിവേശിപ്പിക്കുന്നത്.
അഡല്‍റ്റ് സെല്ലുകളുടെ potency കുറവാണെന്നത് ശരിയാണ്.
ചില സെല്ലുകള്‍ അനിയന്ത്രിതമായി വിഭജിക്കുന്നതെന്തെന്നും (കാന്‍സര്‍) വ്യക്തമായി നമുക്കറിയില്ല.
അനിയന്ത്രിമ്മായി വിഭജിക്കുമ്പോഴും അതിനു ടോട്ടിപൊട്ടന്‍സിയില്ലല്ലോ. അപ്പോ അതിനിവിടെ എന്തു പ്രസക്തി?
എന്റെ വിരല്‍ മുറിച്ച് അതില്‍ നിന്നും അടുത്ത ദേവനെ ഉണ്ടാക്കാന്‍ കഴിയില്ല
ദേവന്റെ കാര്യമറിയില്ല. പല രാക്ഷസന്മാര്‍ക്കും ഈ കഴിവുണ്ടായിരുന്നു എന്ന് കേട്ടിരിന്നു. :)
അനേറോബിക്ക് ബിക്ക് യൂണിസെല്ലുലര്‍ ഓര്‍ഗാനിസം പോലും ജീവിച്ചിരുന്നതിനു തെളിവുള്ള ഇന്നത്തെ മനുഷ്യനു അവര്‍ എന്നു ജീവിച്ചിരുന്നെന്നും എങ്ങനെ അന്യം നിന്നെന്നും അറിയാന്‍ പാടില്ലാതെ പോയതെന്തേ?
ഇനി വ്യാസന്റെ ദിവ്യദൃഷ്ടിയാല്‍ ഈ സൂക്ഷ്മവസ്തു കണ്ടെന്നും ദിവ്യായുത്താല്‍ അതിനെ ഛേദിച്ചെന്നും വയ്ക്കുക. അപ്പോള്‍ കൗരവന്‍ നൂറ്റൊന്ന് ഐഡന്റിക്കല്‍ സഹോദരരായി. ഗാന്ധാരി ദുര്യോധനനെയും ദുശ്ശാസനനെയും വിന്ദനെയും ഒക്കെ തിരിച്ചറിയാന്‍ വയ്യാതെ നടന്നേനെ. അങ്ങനെ അല്ലല്ലോ കൗരവര്‍?
ഈ സംശയമാണ് ഞാനും ആദ്യമേ പ്രകടിപ്പിച്ചത്. ദുശ്ശള ദുരൂഹമായിരിക്കുന്നുവെന്ന്. 101 എംബ്രിയോകളായിരുന്നോ പ്രത്യേകം ഘടത്തില്‍ വളര്‍ത്തിയത്? പക്ഷേ അതൊക്കെ വളരാനുള്ള സാഹചര്യം എങ്ങനെ?
അതേ, അതിന്റെ കണ്‍ക്ലൂഷന്‍ ആയാണ് ഞാന്‍ പറഞ്ഞത് ഇതിഹാസങ്ങള്‍ ഫിക്ഷന്‍ ആണെന്ന്. കഥയില്‍ ചോദ്യമില്ലല്ലോ.
ഇതിഹാസങ്ങള്‍ ഫിക്ഷന്‍ മാത്രമാണ്.
ആഹ്, അങ്ങനെ തന്നെ വിശ്വസിക്കാം. :)
ഒരു ഭ്രൂണം ഛേദിച്ചത് നൂറ്റൊന്നാക്കി എന്നെഴുതിയ വ്യാസന്‍ അര്‍ജ്ജുനനു ഒഴിയാത്ത തൂണീരം കൊടുത്തിട്ടുണ്ട്. അതേതുശാസ്ത്രപ്രകാരം ന്യായീകരിക്കും ? വ്യാസന്റെ അമ്മ മല്‍സ്യഗന്ധി മീന്‍ ബീജം വിഴുങ്ങിയപ്പോ ജനിച്ച കഥയോ? വ്യാസന്‍ ജനിക്കാനായി കാളിന്ദിക്കു നടുവില്‍ മന്ത്രശക്തിയാല്‍ പരാശരമഹര്‍ഷി ദ്വീപ് ഉണ്ടാക്കിയതോ? അങ്ങനെ ആയിരം ചോദ്യം ഉയര്‍ത്താന്‍ ബുദ്ധിമുട്ടൊന്നുമില്ല.
ജോജു ചോദിച്ചതുപോലെ ബ്രെയിന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തി വിജയിക്കുമ്പോള്‍ അത് ബാലരമ കാര്‍ട്ടൂണിസ്റ്റിനു കൊടുക്കാമോ?
ഓര്‍ഡിനറി അഡല്‍റ്റ് സെല്ലിനെ പ്ലൂറിപൊട്ടന്റ് ആക്കാമോ എന്ന കാര്യത്തില്‍ ഒരു ചുവട് ശാസ്ത്രം വച്ചിട്ടേയുള്ളു, നിശ്ചിതഫലങ്ങളൊന്നും ആയിട്ടില്ല. ഡി എന്‍ ഏ റീപ്രോഗ്രാമ്മിങ് വ്യാസന്‍ നടത്തിയത് കുടത്തിലടച്ച് മന്ത്രം ചൊല്ലിയിട്ടാണെന്ന് പറഞ്ഞാല്‍ സംഭവം ബുദ്ധിമുട്ടാകും.
നമ്മള്‍ ചിന്തിച്ച് ചിന്തിച്ച് ഡി എന്‍ ഏ റീപ്രോഗ്രാമിങ്ങ് വരെ എത്തി നില്‍ക്കുകയല്ലേ, ഒരു ബാലേയ്ക്ക് സ്ക്രിപ്റ്റ് എഴുതി നോക്കാം?
"ദുശ്ശളേ എന്റെ കണ്ണാടിയെവിടെ കുട്ടീ?" (ആരും കൂവരുത്, ഈ ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള മെഡിക്കല്‍ എയിഡാണു മൂക്കു കണ്ണട, ഡീ എന്‍ ഏ റീപ്രോഗ്രാം ചെയ്ത വ്യാസനു അതറിയില്ലെന്നോ?)
"അമ്മേ, ആ ലൈറ്റ് ഒന്നിട്ടേ, ഏട്ടന്റെ കണ്ണട നോക്കട്ടെ" (അണുശക്തി വരെ ലതിലുണ്ട്, പിന്നല്ലേ വൈദ്യുതി)
" ഒന്നു വേഗം ആകെട്ടെടീ, ഞാന്‍ വണ്ടി ഡബിള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാ" ( ഫോസില്‍ ഫ്യുവലിനു ചെരുപ്പേറോ?)
"ഏട്ടാ ദാ ഫോണും കണ്ണടയും. ഇതെവിടേയ്ക്കാ വെപ്രാളപ്പെട്ട് ഓടുന്നത്?"
"പാണ്ഡവരുമായി ചൂതു തുടങ്ങാന്‍ പോകുകയല്ലേ, കള്ളച്ചൂത് പ്രാക്റ്റീസ് ചെയ്യാന്‍ ഒരു സിമുലേറ്റര്‍ എന്റെ ലാപ്പ് ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തു തരാമെന്ന് ശകുനിസ്സാറു പറഞ്ഞിട്ടുണ്ട്."
കാണികള്‍ക്ക് വിവരമില്ലെങ്കില്‍ അവരെറിയും, അത് കാര്യമാക്കാനില്ല.
(അരവിന്ദേ, ഗ്രീക്ക് ഇതിഹാസങ്ങള്‍ അത്ര വായിച്ചിട്ടില്ല, പണ്ടെങ്ങാണ്ട് ബോര്‍ അടിച്ചടിച്ച് ഇലിയഡ് വാശിക്കു വായിച്ചു തീര്‍ത്തു. എന്റെ കുഴപ്പമാവും, എന്തോ എനിക്കിഷ്ടപ്പെട്ടില്ല. )
Tuesday, December 4, 2007
കൗരവരും ടിഷ്യൂ കള്‍ച്ചറും
ഗാന്ധാരി പ്രസവിച്ചത് ഒരു മാംസപിണ്ഡമായിരുന്നു (മൃത ടിഷ്യൂ ആയിരുന്നോ എന്ന് ഞാന്‍ ചോദിക്കുന്നില്ല)
അണ്ഡവും ബീജവും കൂടിച്ചേരുമ്പോള്‍ ഒരു സൈഗോട്ട് ഉണ്ടാകും. ആ കോശം സ്വയം പിളരുന്നതിനു പല പല ഫേസസ് ഉണ്ട്, വിശദീകരിക്കുന്നില്ല വളരെ നീണ്ട പ്രോസസ്സ് ആണ്. നമ്മുടെ വിഷയം മാത്രം പറയാം ബീജസങ്കലനം നടന്ന് ഏതാണ്ട് രണ്ടാഴ്ച്ചകൊണ്ട് ഗാസ്ട്രുലേഷന്‍ എന്നൊരു പ്രോസസ്സ് സംഭവിക്കുന്നു. അതുവരെ ഒരേ രീതിയില്‍ പിരിഞ്ഞുകൊണ്ടിരുന്ന സെല്ലുകള്‍ ഡിഫറന്‍ഷ്യേഷന്‍ പ്രോസസ്സിലേക്ക് പോകുകയും പലതരം സെല്ലുകള്‍ ആകുകയും ചെയ്യുന്നു. ടിഷ്യൂ ഫോര്‍മേഷന്‍ അതിനു ശേഷം സംഭവിക്കുക്കതാണ്. അതുകൊണ്ട് ടിഷ്യൂകള്‍ മനുഷ്യശരീരത്തില്‍ വളര്‍ന്നാലും പുറത്ത് ടെസ്റ്റ് റ്റ്യൂബിലോ ഘടത്തിലോ ഓട്ടുരുളിയിലോ വളര്‍ന്നാലും അതേ ടിഷ്യൂകള്‍ ആകുമെന്നല്ലാതെ കിഡ്ണിയിലുള്ള ടിഷ്യൂവിനു കണ്ണോ മൂക്കോ രോമമോ ആകാന്‍ കഴിയില്ല. പരമാവധി (അത്രയും നമ്മള്‍ പോയിട്ടില്ല, തീയറിറ്റിക്കലി റീച്ചബിള്‍ പോയിന്റ്) അതുകൊണ്ട് കിഡ്ണിയുടെ ഭാഗങ്ങളുണ്ടാക്കാം. സ്റ്റെം സെല്‍ ഗവേഷണങ്ങള്‍ ഇതിന്റെ ചുവടു പിടിച്ചാണ്.
അഡല്‍റ്റ് സെല്ലുകള്‍ക്ക് പ്രീ ഗാസ്ട്രുലേഷന്‍ ഫേസിലേക്ക് മടങ്ങിപ്പോകാന്‍ ആകാത്തതുകൊണ്ടാണ് ക്ലോണിങ്ങ് ചെയ്യുമ്പോള്‍ അഡല്‍റ്റ് സെല്ലിലെ ഡീ എന്‍ ഏ വേര്‍തിരിച്ച് ഡീ എന്‍ ഏ നശിപ്പിച്ച ഒരണ്ഡത്തില്‍ സന്നിവേശിപ്പിക്കുന്നത്. അപ്പോഴും അണ്ഡമില്ലാതെ പറ്റില്ല. എന്റെ വിരല്‍ മുറിച്ച് അതില്‍ നിന്നും അടുത്ത ദേവനെ ഉണ്ടാക്കാന്‍ കഴിയില്ല, കാരണം ഞാന്‍ ജനിക്കുന്നതിനും എത്രയോ മുന്നേ ഡിഫറന്‍ഷ്യേറ്റഡ് സെല്‍ ആയി കഴിഞ്ഞു.
പറഞ്ഞു വന്നത് ജൈവപിണ്ഡം ആയിരുന്നു ഗാന്ധാരി പ്രസവിച്ചതെങ്കില്‍ അതിനെ നൂറ്റൊന്നായി ഛേദിച്ച് ടിഷ്യൂകള്‍ വളര്‍ത്തിയാല്‍ നൂറ്റൊന്ന് സെറ്റ് അംഗങ്ങളുടെ ടിഷ്യൂ അല്ലാതെ ഒറ്റ മനുഷ്യനെ കിട്ടില്ല എന്നാണ്.
ഇനി ഒരു വാദത്തിനു പ്രീ ഗാസ്ട്രുലേഷന്‍ സ്റ്റേജില്‍ നിന്നും ഇവരുടെ ഗര്‍ഭം എംബ്രിയോ ആകാത്തപ്പോഴാണ് പ്രസവിച്ചതെന്ന് വച്ചാല്‍
ഒന്നാമതായി അവര്‍ അത് അറിയില്ല ആര്‍ത്തവരക്തം ഒഴുകിപ്പോയെന്നല്ലാതെ അതില്‍ ഒരു ബ്ലാസ്റ്റോസൈറ്റ് ഉണ്ടെന്ന് കാണാനാവില്ലല്ലോ (കണ്ണു കെട്ടാത്തവര്‍ക്ക് പോലും)
ഇനി വ്യാസന്റെ ദിവ്യദൃഷ്ടിയാല്‍ ഈ സൂക്ഷ്മവസ്തു കണ്ടെന്നും ദിവ്യായുത്താല്‍ അതിനെ ഛേദിച്ചെന്നും വയ്ക്കുക. അപ്പോള്‍ കൗരവന്‍ നൂറ്റൊന്ന് ഐഡന്റിക്കല്‍ സഹോദരരായി. ഗാന്ധാരി ദുര്യോധനനെയും ദുശ്ശാസനനെയും വിന്ദനെയും ഒക്കെ തിരിച്ചറിയാന്‍ വയ്യാതെ നടന്നേനെ. അങ്ങനെ അല്ലല്ലോ കൗരവര്‍?
ഇതിഹാസങ്ങള്‍ ഫിക്ഷന്‍ മാത്രമാണ്. അതില്‍ അന്നുള്ള അമ്പും വില്ലും പിന്നെ ഭാവനയുമേയുള്ളു. ടിഷ്യൂ കള്‍ച്ചറില്ല, ക്ലോണിങ്ങില്ല, പാറ്റണ്‍ ടാങ്ക് ഇല്ല, യന്ത്രത്തോക്കില്ല, ന്യൂക്ലിയര്‍ ബോംബുമില്ല. പത്തു തലയുള്ള രാവണനെപ്പോലെ മനുഷ്യഭാവനയില്‍ ഒരു ഭ്രൂണം ഛേദിച്ചാല്‍ നൂറാകും, ഒരസ്ത്രം അയച്ചാല്‍ ബ്രഹ്മാണ്ഡം തകരും. അത്രേയുള്ളു. ഒരു ചെടി നുറുക്കി വച്ചാല്‍ പലതാകും അപ്പോള്‍ മന്ത്രം ചൊല്ലി ഒരു ഭ്രൂണം നുറുക്കിയാല്‍ പലമനുഷ്യര്‍ ആകില്ലേ എന്നേ അദ്ദേഹം കണ്ടുകാണൂ മനസ്സില്‍
Sunday, December 2, 2007
കൌരവര്‍
ആരും ഭയക്കണ്ട, എനിക്കൊന്നും പറ്റിയിട്ടില്ല. ഒരു കമന്റിന്റെ നീളം മര്യാദയ്ക്കാക്കാന്‍ കൌരവരുടെ ലിസ്റ്റ് ഇവിടാക്കിയതാണേ.
ദുര്യോധനന്‍
ദുശ്ശാസനന്‍
ദുസ്സഹന്‍
ദുശ്ശലന്‍
ജലഗന്ധന്‍
സമന്‍
സഹന്‍
വിന്ദന്‍
അനുവിന്ദന്‍
ദുര്‍ദ്ധര്‍ഷന്‍
സബാഹു
ദുഷ്‌പ്രധര്‍ഷണന്‍
ദുര്‍മ്മമര്‍ഷണന്‍
ദുര്‍മ്മുഖന്‍
ദുഷ്ക്കര്‍ഷന്‍
കര്‍ണ്ണന്‍ (മറ്റേ കര്‍ണ്ണനല്ല)
വികര്‍ണ്ണന്‍
ശലന്‍
സത്വന്‍
സുലോചനന്‍
ചിത്രന്‍
ഉപചിത്രന്‍
ചിത്രാക്ഷന്‍
ചാരുചിത്രന്‍
ശരാസനന്‍
ദുര്‍മ്മദന്‍
ദുര്‍വിഗ്രാഹന്‍
വിവിത്സു
വികടിനന്ദന്‍
ഊര്‍ണ്ണനാഭന്‍
സുനാഭന്‍
നന്ദന്‍ (ഗോപരല്ല)
ഉപനന്ദന്‍
ചിത്രബാണന്‍
ചിത്രവര്‍മ്മന്‍
സുവര്‍മ്മന്‍
ദുര്‍വിമോചന്‍
അയോബാഹു
മഹാബാഹു
ചിത്രാംഗദന്‍ (ലയാളല്ല)
ചിത്രകുണ്ഡലന്‍
ഭീമവേഗന്‍
ഭീമബലന്‍
വാലകി
ബലവര്‍ദ്ധനന്‍
ഉഗ്രായുധന്‍
സുഷേണന്‍ (ബ്ലോഗറല്ല)
കുണ്ഡധാരന്‍
മഹോദരന്‍ (രോഗിയല്ല)
ചിത്രായുധന്‍ (
നിഷംഗി (പെണ്ണല്ല)
പാശി (തോലന്‍ പറഞ്ഞതല്ല)
വൃന്ദാകരന്‍
ദൃഢവര്‍മ്മന്‍
ദൃഢക്ഷത്രന്‍
സോമകീര്‍ത്തി
അനൂദരന്‍
ദൃഢസന്ധന്‍
ജരാസന്ധന്‍
സത്യസന്ധന്‍
സദാസുവാക്ക്
ഉഗ്രശ്രവസ്സ് (കുതിരയല്ല)
ഉഗ്രസേനന്‍
സേനാനി (റാങ്ക് അല്ല)
ദുഷ്‌പരാജിതന്‍
അപരാജിതന്‍ (ബ്ലോഗറല്ല)
കുണ്ഡലശായി
വിശാലാക്ഷന്‍
ദുരാധരന്‍
ദൃഢഹസ്തന്‍
സുഹസ്തന്‍
വാതവേഗന്‍
സുവര്‍ച്ചന്‍
ആദിത്യകേതു
ബഹ്വാചി
നാഗദത്തന്‍
ഉഗ്രശായി
കവചി
ക്രഥനന്‍
കുണ്ഡി (അശ്ലീലമില്ല)
ഭീമവിക്രന്‍
ധനുര്‍ദ്ധരന്‍
വീരബാഹു
അലോലുപന്‍
അഭയന്‍
ദൃഢകര്‍മ്മാവ്
ദൃഢരഥാശ്രയന്‍
അനാധൃഷ്യന്‍
കുണ്ഡഭേദി
വിരാവി
ചിത്രകുണ്ഡലന്‍
പ്രമഥന്‍ (പായസമല്ല)
അപ്രമാഥി
ദീര്‍ഘരോമന്‍
സുവീര്യവാന്‍ (വാഹനമല്ല)
ദീര്‍ഘബാഹു
സുജാതന്‍
കാഞ്ചനധ്വജന്‍
കുണ്ഡാശി
വിരജസ്സ്
+
ദുശ്ശളപ്പെണ്ണ്‍
ഏത്തം തീര്‍ന്നു.
+
ധൃതരാഷ്ട്രര്‍ക്ക് ഒരു വൈശ്യസ്ത്രീയില്‍ പിറന്ന മകന്‍ ആണ് യുയുത്സു. TOTAL 102 M-101 & F1
കുരുവംശത്തില്‍ ഉണ്ടായ എവനെയും കൌരവന്‍ എന്നു പറയാമെങ്കിലും പ്രയോഗം കൊണ്ട് ഇവര്‍ നൂറ്റിരണ്ടാണ് കൌരവര്‍ എന്നത്രേ.
(വെട്ടം മാണിയുടെ പുരാണിക്ക് എന്‍സൈക്ലോപ്പീഡിയ എടുത്തുവച്ച് നോക്കിയടിച്ചത്)
Wednesday, September 5, 2007
മറ്റൊരു കൂട്ടായ്മ ദുരന്തം.
എന്റെ ബ്ലോഗില്‍ വരുന്നവര്‍ക്കു മുന്നില്‍ ഞാന്‍ പ്രസാധകനും ഞാന്‍ കണ്ടെത്തി പോകുന്ന ബ്ലോഗുകളില്‍ ഞാന്‍ വായനക്കാരനും എന്നതിനപ്പുറം ഒരു ബന്ധവും ബൂലോഗവും ഞാനുമായി ഇല്ല എന്ന രീതിയാണ് ആശാസ്യം. ഏറ്റവും നല്ല കമന്റുകള്‍ ഇട്ട് എന്റെ പോസ്റ്റുകളൂടെ കുറ്റവും പിഴയും പതിവായി തീര്‍ക്കുന്നവരില്‍ മിക്കവരേയും ഞാന്‍ പതിവായി വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ബ്ലോഗുകളുടെ ഉടമകളില്‍ മിക്കവരേയും എനിക്കൊരു പരിചയവുമില്ല, ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുമില്ല.
പക്ഷേ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്കവരും എന്തെങ്കിലും രീതിയില്‍ ആളുകളെ പരിചയപ്പെടും, ചിലര്‍ സുഹൃത്തുക്കളാകും.
1998ല്‍ ഞാന്‍ പരിചയപ്പെടുകയും ശേഷം ഏതാണ്ട് പത്തു കൊല്ലത്തോളം എന്റെ സുഹൃത്തുക്കളായി ബൂലോഗം വരെ ഒപ്പമുണ്ടായിരുന്നവരും ആണ് കണ്ണൂസും തഥാഗതനും. ഇക്കാലയളവില്‍ ഞാന്‍ ജോലിസ്ഥലത്തും ട്രെയിനിലും വഴിയിലും മദ്യശാലയിലും ബ്ലോഗിലും ബുള്ളറ്റിന്‍ ഫോറങ്ങളിലുമൊക്കെയായി ഒരുപാടു പേരെ പരിചയപ്പെട്ടിട്ടുമുണ്ട്, എന്നതിനാല്‍ പത്തുവര്‍ഷത്തെ പരിചയം എന്നതിനപ്പുറം ആകെ ഉണ്ടായിരുന്ന പ്രത്യേകത തഥാഗതനെ ഞാന്‍ ഈ വര്‍ഷം വരെ കണ്ടിട്ടേയില്ലായിരുന്നു എന്നതു മാത്രം.
കൈപ്പള്ളി എന്നയാളെ ബ്ലോഗര്‍ എന്ന രീതിയിലാണ് ഞാന്‍ പരിചയപ്പെട്ടത്. ശേഷം ഞങ്ങള്‍ എല്ലാ വാരാന്ത്യങ്ങളിലും ഒരുമിച്ചു മദ്യപിക്കാറുണ്ടെന്ന് വയ്ക്കുക, ഈയാഴ്ച്ച മദ്യപിക്കാന്‍ കൂടിയപ്പോള്‍ ഇയാളുമായി തര്‍ക്കത്തിലായി എന്റെ കൊരവള്ളിക്ക് കയറി പിടിച്ചെന്നും പിടിച്ചു മാറ്റാന്‍ വന്ന എന്റെ മൂന്നു കൂട്ടുകാരെ തല്ലി എന്നും വയ്ക്കുക. അത് ഒരു ബൂലോഗ പ്രശ്നമായോ? ആയെന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ അത് കൂട്ടായ്മ, കുടുംബം എന്നൊക്കെയുള്ള മിഥ്യാധാരണകളുടെ ഫലം. കൈപ്പള്ളി തല്ലിയെങ്കില്‍ (തല്ലിയാല്‍ വിവരം അറിയും) അത് വ്യക്തിതലത്തില്‍ ഓഫ് ലൈനില്‍ സംഭവിക്കുന്ന ഒരു കാര്യം. ബ്ലോഗില്‍ നിന്നും ഒരാളിനെ ചില സ്ത്രീകള്‍ പരിചയപ്പെട്ടെന്നും വര്‍ഷങ്ങളോളം എന്നും ചാറ്റ് ചെയ്തശേഷം അയാള്‍ അവരെക്കുറിച്ച് അപഖ്യാതി
പറഞ്ഞു പരത്തി (slander) എന്നതും കൈപ്പള്ളി തല്ലി എന്നു പറയുന്നതുപോലെ ഒരു വ്യക്തിതല പ്രശ്നം തന്നെ- ബ്ലോഗില്‍ വന്ന് അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ആ സ്ത്രീകളെക്കുറിച്ച് എഴുതുകയോ അവരുടെ ബ്ലോഗില്‍ കമന്റിട്ട് ശല്യപ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍.
മറ്റൊരു പരാതി ഒരു സ്ത്രീ ബ്ലോഗറുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി അവരോട് സംസാരിച്ചു എന്നതാണ്. തീര്‍ച്ചയായും അത് തെറ്റായ കാര്യം. ഫോണ്‍ ചെയ്തപ്പോള്‍ അത് ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞ് ഡിസ്കണക്റ്റ് ചെയ്തുകാണും എന്ന് വിചാരിക്കുന്നു.
എന്റെ അടുത്ത സുഹൃത്തുക്കള്‍ പോകട്ടെ കെട്ടിയ പെമ്പ്രന്നോരോടു പോലും ദിവസേന ഒരുമണിക്കൂര്‍ സംസാരിക്കാന്‍ വിഷയം ഉള്ള ദിവസങ്ങള്‍ കുറവാണെന്ന അവസ്ഥയാണ് എനിക്ക്. അതുകൊണ്ടുതന്നെ ദൈനം ദിനം ഇരുപതു മെയില്‍ അയക്കുകയും അഞ്ചും എട്ടും മണിക്കൂര്‍ മാസങ്ങളോളം ചാറ്റ് ചെയ്യുകയും ചെയ്യുന്നവര്‍ പരസ്പരം എത്രമാത്രം ആശയ പൊരുത്തം അല്ലെങ്കില്‍ തീവ്രസൌഹൃദം ഉള്ളവരാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ശേഷകാലം അവരെല്ലാം തങ്ങളിലൊരാള്‍ ബാക്കിയുള്ളവരെല്ലാം മോശമായ വ്യക്തിത്വമുള്ളവര്‍ ആണെന്ന് പറഞ്ഞു നടപ്പാണെന്ന് വേറേ ആരോ ചിലര്‍ പറഞ്ഞറിയുന്നു. സ്വാഭാവികമായും വേറൊരാളിനോട് "എടോ, എക്സ് ചീത്തയാണ്" എന്നു പറഞ്ഞാല്‍ അയാള്‍ ഞെട്ടിയേക്കും, എന്നാല്‍ "വൈയും ചീത്തയാണ്, സീയും ചീത്തയാണ്, എന്തിന് ഇരുപത്താറക്ഷരവും ചീത്തയാണ്" എന്നു പറഞ്ഞാല്‍ വെളിവുള്ള ഒരു വേറൊരാളും അത് വിശ്വസിക്കുകയില്ലല്ലോ. അത് പോകട്ടെ,ഓണ്‍ ലൈനിലോ ഓഫ് ലൈനിലോ ആളുകളെ പരിചയപ്പെടുന്നവര്‍ പരിചയത്തിനു പരിധി നിര്‍ണ്ണയിക്കുക എന്നതാണ് ഇത്തരം സ്കൂള്‍ കുട്ടി പിണക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ടത്. പിന്നെ ആരോ എല്ലാവര്‍ക്കും ഇതൊരു പാഠം ആയിരിക്കട്ടെ എന്നുദ്ദേശിച്ചാണ് എഴുതുന്നതെന്ന് പറഞ്ഞു കേട്ടു. അതേ, എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ- ബൂലോഗ കൂട്ടായ്മ എന്നൊന്നില്ലെന്നും ഉണ്ടാക്കേണ്ട ആവശ്യമേയില്ലെന്നും ഉണ്ടാക്കുന്ന കൂട്ടുകള്‍ക്ക് മറ്റാരും ഉത്തരവാദിയല്ലെന്നുമുള്ള പാഠം.
അനോണിമസ് ആയി വരുന്നവരുടെ കമന്റെഴുത്ത് കാണുമ്പോള്‍ മറ്റൊരു കൂട്ടായ്മ ആണ് ഓര്‍മ്മ വരുന്നത്. പുരാതന റോമിലെ ആംഫിതീയറ്ററിലെ കാണികളുടേത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും , സിനിമയും റിക്കോര്‍ഡ് പാട്ടും വീഡിയോ ഗെയിമും , സ്ട്രിപ്പ് ടീസര്‍മാരും, എല്‍ എസ് ഡിയും ഒക്കെ വന്നിട്ടും മനുഷ്യന്റെ വിനോദത്വരകള്‍ ഇപ്പോഴും റോമന്‍ കാണിക്കൂട്ടായ്മയുടേതു തന്നെ. ഗ്ലേഡിയേറ്ററേ, അടിമേ, സിംഹമേ, വഴിയേ പോയ മനുഷ്യാ, അനോണിക്കൂട്ടായ്മ വിരല്‍ മേല്പ്പോട്ടും താഴോട്ടും ചലിപ്പിക്കുന്നു. വെട്ട്, കൊല്ല്, ചാക്!
വാല്‍ക്കഷണം- നല്ല ബ്ലോഗുകള്‍ അല്ലാതെ നല്ല ബ്ലോഗര്‍മാരെ ഞാന്‍ തിരയാറില്ല. നല്ല പോസ്റ്റ് ഇടുന്നയാളിനു മകളെ കെട്ടിച്ചു കൊടുക്കാനും ഉദ്ദേശിക്കുന്നില്ല. "എഴുതാനുള്ള കഴിവെന്ന് വച്ചാല്‍ ഇതാണ്" എന്ന് എനിക്ക് ജാക്ക് ലണ്ടന്റെ മിക്ക കഥകളും വായിച്ചു തീരുമ്പോള്‍ തോന്നിയിട്ടുണ്ട്. ഒരുകാലത്ത് ലണ്ടന്‍ കടല്‍ക്കൊള്ളക്കാരനായിരുന്നിട്ടുണ്ട്, അതുകൊണ്ട് എനിക്കെന്ത്? ഞാന്‍ അയാളുടെ കഥകള്‍ മാത്രമേ കാണുന്നുള്ളു.
അറിയിപ്പ്: ഈ പോസ്റ്റ് ഒരു കമന്റ് ആയതുകൊണ്ട് ഇതിനു കമന്റ് ഓപ്ഷന്‍ തുറന്നിട്ടില്ല. കമന്റിനു കമന്റ് എന്ന കമന്റ് രാജ് മാ1റി പോസ്റ്റ് രാജ് ഉണ്ടാകാനാണു പിന്മൊഴിയില്‍ നിന്നും ഞാന്‍ പിന്മാറിയത്.
Thursday, August 23, 2007
ബ്രിജ് വിഹാരം
മനുവിന്റെ ബ്ലോഗ്ഗ് വായിക്കാറുണ്ട്, ചിലപ്പോഴൊക്കെ കമന്റും ഇടാറുണ്ട്. ഈ അടുത്ത സമയത്ത് മനു എനിക്കിട്ട ഒരു കമന്റില്‍ വെറും മനു എന്നല്ല ജി. മനു എന്നു കണ്ടു. മൂപ്പരുടെ ഒറ്റക്കോടന്‍ മുത്തപ്പനും പഴയന്‍ജലീ ഭഗവതിയും വാഴുന്ന പ്രൊഫൈല്‍ അപ്ഡേറ്റ് ആയ കൂട്ടത്തിലാവും പേരും പരിഷ്കരിച്ചതെന്നും എന്നാല്‍ പുനപ്രതിഷ്ഠ ഒന്നു കണ്ട് തൊഴുതേച്ചു പോകാമെന്ന് കരുതി ക്‍ളിക്കി. വഴി തെറ്റി. സേലത്തോട്ടു തിരിച്ച ഞാന്‍ ഷോളയാറ് കൊടും കാട്ടിലെത്തിയപോലെ നേരേ ബ്രിജ്‌വിഹാരത്തിനകത്ത് ചെന്നു കേറി. അപ്പോഴാണു ഞാനറിയുന്ന മനു അല്ല ജീ മനു എന്നു മനസ്സിലായത്.
ബ്രിജ് വിഹാരം എന്ന ഡെല്‍ഹിമലയാളി കോളനിയിലെ തമാശ സംഭവങ്ങളാണു ബ്ലോഗിന്റെ നട്ടെല്ല്. പുറം ലോക കഥകളും ചിലതുണ്ട്. പോസ്റ്റുകള്‍ മിക്കതും സ്റ്റാന്‍ഡ് എലോണ്‍ എപ്പിസോഡുകള്‍ ആണ്. ബ്രിജ് വിഹാരത്തിലെ ഒരുപാട് അന്തേവാസികളെ കഥാപാത്രങ്ങളാക്കിയിട്ടുണ്ടെങ്കില്‍ അവരെയൊക്കെ വായനക്കാരന്റെ മനസ്സില്‍ പതിപ്പിച്ചു വയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളതുകൊണ്ട് എണ്ണം വായനക്കാരന്റെ വഴിയിലെ മുള്ളാകുന്നതേയില്ല.
ഇതുവരെ ഇരുപത്താറു പോസ്റ്റുകള്‍ ആയ ബ്രിജ്‌വിഹാരം ഫുള്‍ ഫീഡ് തരാന്‍ സന്മനസ്സു കാട്ടുന്നയിടം ആയതുകൊണ്ട് ഗൂഗിള്‍ റീഡറില്‍ തന്നെ ഒരു ഈ ബുക്ക് പോലെ ഒറ്റ മണിക്കൂറില്‍ വായിച്ചു തീര്‍ത്തു, ഒരു കമന്റും ഞാന്‍ കണ്ടില്ല, അങ്ങനെ എന്റെ മാത്രം മനസ്സിലാണ് ഞാന്‍ ഈ ബ്ലോഗ് മുഴുവന്‍ ഒറ്റയടിക്കു തീര്‍ത്തത്. ചെലവഴിച്ച സമയം മുതലായി!
പ്രസന്റേഷന്‍ സ്കില്‍ (എന്തരാണിതിന്റെ മലയാളം എന്ന് ഭാഷ പഠിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ പറഞ്ഞു താ) ആണു മനുവിന്റെ (മാഗ്നിഫൈയര്‍, സിജി, പ്രതിഭ എന്നിവരുടെയും) ശക്തി. അത് ഓരോ എപ്പിസോഡ് കഴിയും തോറും മെച്ചപ്പെടുന്നുമുണ്ട്. ഇംപ്രസ്സ് ചെയ്യാത്തത് പോസ്റ്റിന്റെ തലക്കെട്ടുകളും.
അക്ഷരത്തെറ്റിനു പഞ്ഞമില്ല എന്നു ഞാന്‍ പറഞ്ഞാല്‍ രണ്ടുകാലിലും മന്തുള്ളവന്‍ കുളത്തില്‍ ഇറങ്ങി നിന്നിട്ട് കാലില്‍ കുരുവുള്ളവനെ നോക്കി ചിരിക്കുന്നതുപോലെ ആകും.
സംഭാഷണങ്ങളുടെ ആധിക്യം കഥയ്ക്ക് നാടകത്തിന്റെ scriptന്റെ രുചി കൊടുക്കും. ആദ്യത്തെ ചില പോസ്റ്റില്‍ ഉണ്ടായിരുന്ന ഈ പ്രശ്നം പിന്നീട് മനു പരിഹരിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് ലേറ്റസ്റ്റ് പോസ്റ്റുകളാണ് എന്നതില്‍ നിന്നും എഴുത്ത് പുരോഗതിയുടെ വഴിയിലാണെന്ന് അനുമാനിക്കാം.
Thursday, August 9, 2007
ബ്രാഹ്മിയുടെ ഉദ്ഭവം- വിവിധ വാദങ്ങള്‍
പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും എന്ന ഡോ. എസ് ജെ മംഗലത്തിന്റെ പുസ്തകം മലയാള ലിപിയുടെ വികാസചരിത്രത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആധികാരികവും വസ്തുനിഷ്ഠവുമായ പഠനമാണ്‍`, ഗ്രന്ഥത്തിന്റെ മുഖ്യവിഷയം മൌര്യബ്രാഹ്മിയില്‍ നിന്നും രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ കൊണ്ട് ഇരുപതോളം സ്ക്രിപ്റ്റുകളിലൂടെ ചെറുതായി രൂപം മാറി മാറി ഓരോ അക്ഷരവും എങ്ങനെ ആധുനിക മലയാളം ലിപി ആയി എന്നതാണെന്നതിനാല്‍ ബ്രാഹ്മിയുടെ ഉല്‍പ്പത്തി വിഷയമാകുന്നില്ല. എന്നിരുന്നാലും ചെറിയൊരു പരാമര്‍ശം ബ്രാഹ്മിയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള വിവിധവാദങ്ങളെക്കുറിച്ച് വരുന്നുണ്ട് (രണ്ടാമദ്ധ്യായം പേജ് 16 മുതല്‍ 27 വരെ)
വിവിധവാദങ്ങളെ ഡോ മംഗലം ഇങ്ങനെ വിലയിരുത്തുന്നു.
1. ഗ്രീക്ക് ഉല്‍പ്പത്തി- അനുകൂലവാദികള്‍- Otfried Mueller, Emille Senart, Raoul Rochette, Gobelt de Alviella, Joseph Halevy. കാരണം- സ്ക്രിപ്റ്റ് സാമ്യം. മൌര്യകാലത്ത് ബുദ്ധമത പണ്ഡിതര്‍ ഗ്രീസില്‍ നിന്നും ലിപി കൈക്കൊണ്ടെന്ന് അനുമാനം.
എതിര്‍ക്കുന്നവര്‍- ഡോ. ബ്യൂളര്‍. കാരണം മൌര്യകാലത്തിനൂം മുന്നേ തന്നെ ബ്രഹ്മി സ്ക്രിപ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്, ലിപി സാമ്യം മറ്റു പല ഭാഷകളുമായി ബ്രഹ്മിക്കുണ്ട്. ഡോ മംഗലം എതിര്‍വാദത്തോട്
യോജിക്കുന്നു
2. അസീറിയന്‍ ഉല്‍പ്പത്തി- അസീറിയന്‍ ക്യുനിഫോം ദക്ഷിണ സെമിറ്റിക് ലിപിയിലേക്ക് പുരോഗമിക്കുന്നതിനിടലുള്ള ഒന്നാണ് ബ്രഹ്മിയെന്ന് Deeke, Taylor& Rhys Davids - Buddist India, p.114 .വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കു കഴിയാത്തതിനാല്‍ ഈ വാദം പ്രചാരത്തിലായില്ല
3. സെമിറ്റിക് ഉല്‍പ്പത്തി
3.1 ഫിനീഷ്യന്‍ ഉല്‍പ്പത്തി- സിദ്ധാന്തം Weber, Benfey, Jensen & Buhler ref: Indian Paleography. കാരണം 30 ശതമാനം അക്ഷരങ്ങള്‍ നല്ല സാമ്യവും 30 ശതമാനം അക്ഷരങ്ങള്‍ ചെറിയ സാമ്യവും പുലര്‍ത്തുന്നു ബ്രഹ്മിയും ഫിനീഷ്യനും താരതമ്യം ചെയ്യുമ്പൊള്‍. ബാക്കിയില്‍ 30 ശതമാനം വിരുദ്ധമെന്ന് സ്ഥാപിക്കാനുമാവില്ല. അക്ഷരം ഫിനീഷ്യയില്‍ നിന്നു ഇന്ത്യയിലേക്കു വന്നോ അതോ മറിച്ചോ എന്ന് ആദ്യത്തേത് പറയുന്നവരില്‍ പ്രമുഖന്‍Tyre- Herodotos Vol II പക്ഷേ ഋഗ്വേദത്തില്‍ (Vol VI.51 p14, VI.61 p1 VII6 p.3) എന്നിവയില്‍ പരാമര്‍ശിക്കപ്പെടുന്നത് ഭാരതീയരാണ് ഫിനീഷ്യയിലേക്ക് പോയവര്‍ എന്നാണെന്ന് മറ്റുചരിത്രകരന്മാര്‍ പറയുന്നു
3.2 ഉത്തര സെമിറ്റിക്ക് ഉത്ഭവം- പ്രചാരകന്‍ Sir William Jones ശേഷകാലം വളരെപ്പേര്‍ ഇതിന്റെ പിന്താങ്ങി കാരണം പ്രാചീനകാല അറമിയക്ക് ഫിനീഷ്യ മുതല്‍ മെസപ്പ്ട്ടോമിയ വരെ ഒരേ രൂപതിലാണ് കിട്ടിയിട്ടുള്ളത്. മേല്‍ പറഞ്ഞ 30% സാമ്യങ്ങള്‍ അറമയ ലിപിയുമായും ബ്രഹ്മിക്കുണ്ട് മാത്രമല്ല സെമിറ്റിക് വര്‍ഗ്ഗങ്ങളില്‍ ആദ്യമായി ഇന്ത്യയുമായി ബന്ധം പുലര്‍ത്തിയത് അരമായ വര്‍ഗ്ഗക്കാരാണ്.
സെമിട്ടിക് ഉല്‍പ്പത്തി എതിര്‍ക്കുന്നവരില്‍ പ്രമുഖന്‍ ആയ ബി ആര്‍ പാണ്ഡെ ഉയര്‍ത്തുന്ന ചോദ്യങ്ങളും വളരെ പ്രസക്തമാണ്
ഒന്ന്: ബ്രാഹ്മി ലിപി എഴുതുന്നതുപോലെ ആണ് വായിക്കപ്പെടുന്നത്, എല്ലാ ശബ്ദത്തിനും വ്യക്താക്ഷരവും ഉണ്ട്, സെമിറ്റിക് ലിപികള്‍ക്ക് ഈ സ്വഭാവമില്ല
രണ്ട്: കണ്ഠ്യം ദന്ത്യം ഓഷ്ടം (ക ച ട ത പ ഓര്‍ഡര്‍) എന്ന് ഉച്ചാരണസ്ഥാനമനുസരിച്ചുള്ള എഴുത്ത് ബ്രഹ്മിയിലുണ്ട്
മൂന്ന് : മദ്ധ്യമസ്വരയോജനം (ക+ഉ = കു) ഉപയോഗിച്ച് സ്വരവും വ്യഞ്ജനവും കൂട്ടിയോജിപ്പിക്കുന്ന രീതിയാണ് ബ്രാഹ്മിയുടേത്
നാല്: ദീര്‍ഘവും ഹ്രസ്വവുമായ സ്വരങ്ങളുണ്ട് ബ്രാഹ്മിയില്‍-സെമിറ്റിക്ക് അക്ഷരമാലയില്‍ പതിനെട്ടു ശബ്ദങ്ങള്‍ക്ക് ഇരുപത്തിരണ്ട് ചിഹ്നങ്ങളാണുള്ളത്, അവയ്ക്ക് 64 സമ്പൂര്‍ണ ചിഹ്നമുള്ള ബ്രാഹ്മിയുടെതുപോലെ ഐക്യരൂപമോ ദീര്‍ഘഹ്രസ്വവിവേചനമോ സ്വരവ്യജ്ഞനവിവേചനമോ ലയനമോ ഉച്ചാരണസ്ഥാനമനുസരിച്ചുള്ള അടുക്കുചിട്ടയോ ഇല്ല. അക്ഷരങ്ങള്‍ തന്നെ മൂന്നിരട്ടിയോളം എണ്ണം ബ്രഹ്മിക്ക് സെമിറ്റിക് ലിപികളെക്കാളുണ്ട്
4. സിന്ധു തടോല്‍പ്പത്തി
ഹാരപ്പന്‍ സ്ക്രിപ്റ്റോ മറ്റു ലിപികളുമായോ സാമ്യമോ ഇടക്കാലത്ത് പ്രചാരത്തിലുള്ള ലിപികളോ കണ്ടെത്താനായിട്ടില്ല എന്നതിനാല്‍ ഈ വാദം പരിപൂര്‍ണ്ണമായും ഡോ. മംഗലം തള്ളി കളഞ്ഞിരിക്കുന്നു
5. വേദോല്‍പ്പത്തി
ബി ആര്‍ പാണ്ഡെയെപ്പോലുള്ളവര്‍ വേദകാലത്ത് ഉരുത്തിരിഞ്ഞതാണു ബ്രാഹ്മിയെന്നു വാദിക്കുന്നു. കാരണം വ്യക്തമായി പറയാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അതും വിലയ്ക്കെടുക്കാനാവില്ല
6. ദ്രാവിഡോല്‍പ്പത്തി
പ്രചാരകന്‍ Edward Thomas ref. Numismatic Chronicle 1883 . കാരണം ഈ ലിപി രൂപപ്പെട്ടെന്നു അദ്ദേഹം അനുമാനിച്ചിരുന്ന കാലത്ത് സാംസ്കാരികമായി ദ്രാവിഡര്‍ ആര്യരെയും സെമിറ്റിക്ക് വംശജരെയും കാള്‍ മുന്നോക്കമായിരുന്നു. എന്നാല്‍ അടുത്തകാലം വരെ ബ്രാഹ്മിലിപികള്‍ കൂടുതലും ഉത്തര്യേന്ത്യയില്‍ ലഭിക്കുകയും ദ്രാവിഡ സംസ്കാരം ദക്ഷിണേന്ത്യയില്‍ മാത്രമാണു അഭിവൃദ്ധിപ്പെട്ടിരുന്നതെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നതുകൊണ്ട് വിലപ്പോയിരുന്നില്ല. പക്ഷേ മൌര്യ ബ്രാഹ്മിയെക്കാള്‍ പഴക്കം വളരെയുള്ള സ്ക്രിപ്റ്റുകള്‍ ദക്ഷിണേന്ത്യയില്‍ കണ്ടെത്തുകയും അതേ സമയം തന്നെ ദ്രാവിഡ ഉപഭാഷകള്‍ നേപ്പാളിലും അഫ്ഗാനിസ്ഥാനിലും കണ്ടെത്തിയതോടെ ഈ വാദം വീണ്ടും ശ്രദ്ധേയമായി.
Tuesday, August 7, 2007
സായ്പ്പ് തിരിച്ചു വരണമെന്നോ?
രണ്ടു നൂറ്റാണ്ട് ഇന്ത്യയെന്ന കോളനി ഭരിച്ച് ബ്രിട്ടീഷുകാര്‍ പിടിവിടുന്ന കാലത്തായിരുന്നു നമ്മള്‍ ജനിച്ചതെങ്കില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് ഓര്‍ത്തിട്ടുണ്ടോ ആരെങ്കിലും (അച്ഛന്‍ സാമന്ത രാജാവ്, അമ്മാവന്‍ ദിവാന്‍ പേഷ്കാര്, ഏട്ടന്‍ പ്രവര്‍ത്യാര്, എന്നിങ്ങനെ ഉള്ളവര്‍ ഓര്‍ക്കേണ്ടതില്ല, ഇത് തൊണ്ണൂറ്റി ഏഴു ശതമാനം വരുന്ന ഇതരവര്‍ഗ്ഗത്തിനുള്ള എക്സര്‍സൈസ്)
൧. ഞാന്‍ ഇപ്പോള്‍ എവിടെ ആയിരിക്കും?
മിക്കവാറും മണ്ണടിസ്ഥാനില്‍ . ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തേഴിലും (പിറകോട്ടുള്ള ദശാബ്ദത്തിലും) ശരാശരി ജീവിത ദൈര്‍ഘ്യം ഇരുപത്തെട്ടു വയസ്സ് ആയിരുന്നു. ഇന്ന് അത് അറുപതു കടന്നിരിക്കുന്നു
൨.ഞാന്‍ എന്തു തൊഴില്‍ ചെയ്യുകയായിരിക്കും?
റിക്ഷാവലി? കൂലിപ്പണി? തോന്നുന്നില്ല. ശരാശരി സാക്ഷരത പതിന്നാലു ശതമാനം ആയിരുന്നു. റിക്ഷയും കൂലിപ്പണിയും ഓവര്‍ ക്രൗഡഡ് മാന്‍ പവര്‍ കാരണം നിങ്ങള്‍ ഒരു തെണ്ടക്കാരന്‍ ആകാനാണു സാദ്ധ്യത ! അവസാനത്തെ അമ്പതു വര്‍ഷത്തിലും പ്രതിശീര്‍ഷവരുമാനം കുറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ഇന്ത്യയുടെ ബ്രിട്ടീഷ് രാജില്‍.
൩. അല്ലാ വല്ല കൃഷിയോ മറ്റോ ചെയ്ത് ജീവിക്കാമല്ലോ? ഇന്നിപ്പോള്‍ കൃഷി തുലഞ്ഞില്ലേ?
ഉവ്വോ? ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് ഇരുപത് ബില്യണ്‍ ആയിരുന്നു ഇന്ന് ഒരു ട്രില്യണ്‍ ആണ്.
൪. അല്ലാ ഈ പ്രതിശീര്‍ഷവരുമാനം എന്നൊക്കെ പറയുന്നത് ശരാശരിക്കണക്കുകള്‍ അല്ലേ? പട്ടിണിക്കാരന്റെയും പണക്കാരന്റെയും സമ്പത്ത് കൂട്ടി തലകൊണ്ട് ഭാഗിക്കുന്ന കളി?
ശരി, സമ്പന്നനെ കളഞ്ഞു പട്ടിണിക്കാരനെ മാത്രം എടുക്കാം. ബ്രിട്ടണ്‍ നമ്മളെ ഭരിച്ച ഇരുന്നൂരു വര്‍ഷത്തില്‍ മഹാക്ഷാമങ്ങള്‍ ഇല്ലാത്ത രണ്ടു ദശാബ്ദങ്ങള്‍ അടുത്തടുത്ത് ഉണ്ടായിട്ടേയില്ല. പതിനൊന്നര കോടി ആളുകള്‍ ക്ഷാമത്തില്‍ ഇക്കാലത്ത് വിശന്നു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ എത്രയോ അധികം ആയിരിക്കാനാണു സാദ്ധ്യത) സ്വാതന്ത്ര്യശേഷം ഒരൊറ്റ മഹാക്ഷാമം പോലും സംഭവിച്ചിട്ടില്ല രണ്ടു ചെറുക്ഷാമങ്ങള്‍ അറുപതിന്റെ ഒടുക്കവും എഴുപതിന്റെ തുടക്കവുമായി ബീഹാറിലും മഹാരാഷ്ട്രയിലും ഉണ്ടായെങ്കിലും സര്‍ക്കാര്‍ അന്താരാഷ്ട്ര സമിതികളുടെ അടിയന്തിര സഹായം നേടി വന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കി.
൫. മതസൗഹാര്‍ദ്ദം വര്‍ഷാവര്‍ഷം മോശമായി വരികയല്ലേ? പണ്ടിങ്ങനെ ഉണ്ടായിരുന്നോ?
വിഭജന കാലത്ത് എന്തോ നടന്നെന്നല്ലാതെ വര്‍ഗ്ഗീയത ഇത്ര മോശമായിരുന്നോ?
ആയിരുന്നല്ലോ. വിഭജനകാലത്തെ വിട്ടാല്‍ തന്നെ ആയിരത്തി തൊള്ളായിരത്തിനും തൊള്ളായിരത്തി ഇരുപത്തിരണ്ടിനും ഇടയില്‍ പതിനാറും ശേഷം ഇരുപത്തിരണ്ടുവരെ ഉള്ള ആറു വര്‍ഷത്തില്‍ എഴുപത്തിരണ്ടും വര്‍ഗ്ഗീലഹളകളുണ്ടായെന്ന് "വൈസ് റോയലിറ്റി ഓഫ് ലോര്‍ഡ് ഇര്‌വിന്‍ എന്ന പുസ്തകത്തില്‍" (ക്വോട്ടിയെന്നേയുള്ളൂ, ഞാന്‍ വായിച്ചിട്ടില്ല). ഇന്ത്യയില്‍ ബ്രിട്ടീധ് ഭരണകാലം വരെ കാണാത്ത പ്രകോപനപരമായ വര്‍ഗ്ഗീയത (മിക്ക ലഹളകളും ഒന്നുകില്‍ അമ്പലത്തിനു മുന്നില്‍ പശുക്കളെ കെട്ടിയിട്ടു കശാപ്പു ചെയ്തോ നമാസ് സമയത്ത് പള്ളിക്കു ചുറ്റും കൂടി നിന്ന് ഉറക്കെ ഭജനകള്‍ വിളിച്ചുപറഞ്ഞോ മന:പൂര്വ്വം തുടക്കം ഇട്ടവ ആണെന്ന് മേല്പ്പറഞ്ഞ പുസ്തകം) സായിപ്പുഭരണത്തോടെ തുടങ്ങി കിട്ടുകയും സ്വാതന്ത്ര്യകാലത്തോടെ വളരെയേറേ ഒടുങ്ങുകയും ചെയ്തു.
൬. ദളിതര്‍ക്ക് വളരെ സഹായകമായിരുന്നു ബ്രിട്ടീഷ് രാജ് എന്നു കേള്‍ക്കുന്നല്ലോ?
ഇന്ത്യക്കാരന്‍ മൊത്തത്തില്‍ പിന്നോക്കക്കാരന്‍ ആയെന്നത് ശരി. ദലിത് ഉന്നമനം ബ്രിട്ടീഷുകാരുടെ ക്രെഡിറ്റല്ല, ദളിതരുടെ ഇടയിലെ തന്നെ സാംസ്കാരിക നവോത്ഥാനത്തിന്റെയും വിപ്ലവങ്ങളുറ്റെയും ഫലമായിരുന്നു. ബ്രിട്ടീഷ് രാജിനു മുന്നേയുള്ള ഇന്ത്യയിലെക്കാള്‍ ഭേദമായിരുന്നു വിവേചനത്തിന്റെ കാര്യത്തില്‍ ദളിതര്‍ക്ക് ബ്രിട്ടീഷ് റൂള്‍. സ്വാന്തന്ത്ര്യാനന്തരകാലത്തും ആ പുരോഗതി തുടരുന്നു. അതൊരു ഡെമോഗ്രഫിക്ക് പ്രോഗ്രസ്സ് ആണ്, അയ്യന്‍ കാളിക്കും അബേഡ്കര്‍ക്കും ശ്രീനാരായണഗുരുവിനും തന്തൈ പെരിയാറിനും കൊടുക്കേണ്‍റ്റ ക്രെഡിറ്റും ബ്രിട്ടീഷുകാരനായെന്നോ? പിന്നെ എല്ലാവരും തെണ്ടുന്ന കാലത്ത് ദളിതര്‍ക്ക് മാത്രം ഉന്നതി ഉണ്ടായെന്ന വാദത്തിന്‍ എന്തോ ഒരക്ഷരപ്പിശക് കാണുന്നില്ലേ?
൭. അപ്പോള്‍ നമ്മുടെ ഇന്ത്യ തിളങ്ങുകയാണല്ലേ?
അല്ല കൂവേ, നമ്മള്‍ ഇതിലും നന്നാക്കാമായിരുന്നു കാര്യങ്ങള്‍, ഇനിയും എത്രയോ. എവിടെയൊക്കെ എത്താമായിരുന്നു ഈ അമ്പതു വര്‍ഷം കൊണ്ട്. പക്ഷേ കൊളോണിയല്‍ കൊള്ളയടിയാണു ഭേദമെന്ന് അതിനെ വ്യാഖ്യാനിക്കരുതെന്ന്. ഏത്?
Wednesday, June 6, 2007
കാണമെന്തിനു വില്‍ക്കണം?
കലേഷേ,
ബ്ലോഗ്ഗാന്തോറും കയറി ആശംസയിടാന്‍ നിന്നാല്‍ കറങ്ങിപ്പോകുകയേയുള്ളു അതോണ്ട് മെയിലാശംസകള്‍ മതിയെന്ന് പ്രതിജ്ഞയെടുത്ത് രാവിലേ പണിക്കു വന്നതാ..എന്നിട്ടും ഇവിടെ എത്തിപ്പെട്ടു. ആശംസിക്കാനല്ല, അതു മെയില്‍ അയച്ചിട്ടുണ്ട്. ഈ സൂചിക്കുഴകള്‍ പണ്ടു കടന്ന ഒരു മുതുക്കന്‍ ഒട്ടകമല്ലേ ഞാനും, എങ്ങനെ നൂഴണമെന്ന് ഞമ്മ രണ്ടു ടിപ്പ് തരാമെന്നു വച്ചു:
1. ഇമ്മാതിരി പ്രതിസന്ധികള്‍ക്ക് ഏറ്റവും യോജിച്ചത് കഥകളാണ്. എന്റെ ഒരു പഴേ നമ്പര്‍
" ഡീ, നീ ഈ റോക്ക് ഫെല്ലര്‍ റോക്ക് ഫെല്ലര്‍ എന്ന പാറവീഴ്ത്തുകാരനെ കുറിച്ച് കേട്ടിട്ടുണ്ടോ?
"ഉം. എതാണ്ടും അമേരിക്കന്‍ മില്ല്യണയറല്ലേ?"
"ഏതാണ്ടും അല്ല, സെക്കന്‍ഡ് വേള്‍ഡ് വാര്‍ സമയത്തെ ലോകത്തെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു, ഇന്ന് ബില്‍ ഗേറ്റ്സ് പോലെ"
"ഉം. അയാളു ചത്തോ?."
"ഹ. അയാളു പണ്ടേ ചത്തു, പറഞ്ഞു വന്നത് അതല്ല. അയാള്‍ സമ്പാദിച്ച് സമ്പാദിച്ച് വലിയ ബിസിനസ്സുകാരനായി, സമ്പാദിക്കുംതോറും പിശുക്കു കൂടി, ആധി കൂടി, വ്യാധി കൂടി, ഊണില്ല ഉറക്കമില്ല, ഭാര്യയോടും മക്കളോടും ദേഷ്യമായി, ബിസിനസ്സു കാര്യത്തിനിടയില്‍ ശല്യം ചെയ്യുന്നവരല്ലേ അവരൊക്കെ"
"എന്നിട്ട്?"
"എന്നിട്ട് നാല്‍പ്പതു വയസ്സില്‍ അയാള്‍ക്ക് പത്തിരുന്നൂറൂ അസുഖങ്ങള്‍ ഉണ്ണാന്‍ വയ്യാ, അപ്പിയിടാന്‍ വയ്യാ, ശ്വാസം വിടാന്‍ വയ്യാ, വേദന ,വേദന.. ലോകത്തെ മികച്ച വൈദ്യന്മാരെല്ലാം
കൈയ്യൊഴിഞ്ഞു, ആളിപ്പോ ചാകുമെന്നതില്‍ ഒരു ആശുപത്രിക്കും ഒരു സംശയവുമില്ല...
ഒടുക്കം പുള്ളി തന്നെ പോം വഴി കണ്ടെത്തി. തന്റെ ബിസിനസ്സ് സാമ്ര്യാജ്യം വിറ്റു റോക്ക് ഫെല്ലര്‍ കാശെല്ലാം പലര്‍ക്കായി കൊടുത്തു. ഒക്കെ ഉപേക്ഷിച്ച് സുഖമായി ഉറങ്ങി. പിന്നെ ഇറങ്ങിപ്പോയി.. ഒരന്‍പതോളം വര്‍ഷം പൂര്‍ണ്ണാരോഗ്യവാനായി, സന്തോഷവാനായി, സകുടുംബം, സസന്തോഷം, സാകേതം, സാമോദം, സാമ്പാര്‍.. എന്തു മനസ്സിലായി?"
"ഇവിടെ കാശൊന്നുമില്ലെന്ന് മനസ്സിലായി"
ടിപ്പ് രണ്ട്: മറ്റുവിന്‍ ചട്ടങ്ങളേ
ഓണത്തിനു പുടവ, കടുവാ ഒക്കെ വേണം എന്നത് കണ്‍സ്യൂമര്‍ സംസ്കാരം നമ്മളില്‍ അടിച്ചേല്‍പ്പിച്ചതാണെന്നു ഒരു മണിക്കൂര്‍ പ്രസംഗിക്കുക. പിന്നെ ഒരു ചേയ്ഞ്ചുള്ള ഓണമെന്ന നിലക്ക്, ഒറ്റക്ക് സംഘഗാനം പാടാം, പാര്‍ക്കില്‍ നടക്കാന്‍ പോകാം, കൂട്ടുകാരെയൊക്കെ ഫോണ്‍ ചെയ്യാം..
ടിപ്പ് മൂന്ന്: പറയാതെ പറയുക
ഉദാ: "ഈ ഓണത്തിനു പാലോ മറ്റോ വാങ്ങിക്കണമെങ്കില്‍ ദേ ലുലുവില്‍ പോയി വാങ്ങാം കേട്ടോ, അവിടാകുമ്പോ ക്രെഡിറ്റ് കാര്‍ഡ് കൊടുക്കാമല്ലോ താഴെ ഗ്രോസ്സറി നടത്തുന്ന അച്ചായനു കാര്‍ഡ് മെഷീനില്ല"
(ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ് ഉത്തരം ഓ സാരമില്ല ചേട്ടാ പൈസയില്ലേല്‍ നമുക്ക് ബുദ്ധിമുട്ടി ഓണമൊന്നുമാഘോഷിക്കണ്ടാ.
ഇതു കേട്ട്:
"എന്നാ ശരി നമുക്ക് ലുലുവില്‍ പോകാം അവിടാകുമ്പോ ചുരിദാറിനു റീഡക്ഷന്‍ സെയിലുമുണ്ടല്ലോ" എന്ന ഹൃദയഭേദകമായ നിരീക്ഷണം റീമ പറയില്ല എന്ന് പ്രതീക്ഷിക്കാം)
ടിപ്പ് നാല്: ഗദ്ഗദം
ചേരുവ:
കിംഗ് ഫിഷര്‍ ക്യാന്‍ ഒരെണ്ണം
മിഴുങ്ങസ്യാ നോട്ടം ഒരെണ്ണം
അനന്തത, ഒരു കിലോമീറ്റര്‍
ക്യാന്‍ കയ്യില്‍ ഫിറ്റ് ചെയ്ത് മിഴു. നോട്ടം അനതതയിലോട്ട് തൊടുക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോ മെല്ലെ "എന്റേടോ, ഞാന്‍ ആലോചിക്കുവാ, എന്റെ കൂടെ കൂടി താനും കഷ്ടത്തിലായല്ലോ, ഓണമായിട്ട് ഒരു ലാന്‍ഡ് ക്രൂയിസര്‍ സമ്മാനമായി തരണമെന്നൊക്കെ സ്വപ്നം കണ്ടിരുന്ന എന്റെ മോഹങ്ങള്‍ മരവിച്ചു മോതിരക്കൈ മുരടിച്ചു..."
അങ്കോം കാണാം ബീറും അടിക്കാം.
Friday, June 1, 2007
ബൂലോഗ ഫാം!
മൊഴിയേ,
ബൂലോഗത്തെ ആനിമല്‍ ഫാമോടുപമിച്ച കാവ്യഭാവനയെ നമിച്ചു. ഒന്നൊന്നര ഉപമയായിപ്പോയി.
നമ്മള്‍ മനോര്‍ ഫാമിലെ ജീവികളെക്കാള്‍ ഊളന്മാരാണ്. കാരണം ഒരു കാടു കണ്ടിട്ട് നമ്മള്‍ അത് ഫാമായി തെറ്റിദ്ധരിച്ചു. ഒരു മേജറും നമുക്ക് പൊതുലക്ഷ്യം കാട്ടിത്തന്നില്ല. ഒരു വര്‍ഗ്ഗശത്രുവും നമുക്കു മുന്നില്‍ ഇല്ലായിരുന്നു. എന്തിനാണു നമ്മള്‍ സംഘടനയെന്ന് സ്വയം ചിന്തിച്ചത് പിന്നെ? എന്തിനാണ് എന്നും രാവിലെ എഴുന്നേറ്റ് ബൂലോഗസംഘഗാനം പാടുന്നത്? എന്തിനാണു നേതാവിനെയും ഗുരുവിനെയും താത്വികാചാര്യനെയും തിരയുന്നത്?
രാമദാസനും വിജയനും എയര്‍പ്പോര്‍ട്ടില്‍ "സാധനം കയ്യിലുണ്ട്" എന്നു പറഞ്ഞു നടക്കുമ്പോലെ ഞാന്‍ കുറേക്കാലമായി "കമ്യൂണിറ്റി നിലവിലില്ല" എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട്. ഫലമില്ലെന്ന് തോന്നിയതുകൊണ്ട് ഒരു കവലപ്രസംഗം നടത്തിയിട്ടു പോകാം , മെഗഫോണ്‍ താ.
എത്രയും പ്രിയ- പെട്ടിരിക്കുന്ന ബ്ലോഗ്ഗെഴുത്തുകാരേ,
മലയാളം എഴുതുന്നു വായിക്കുന്നു എന്നല്ലാതെ നമുക്ക് പൊതുവായി ഒരു ലക്ഷ്യമോ മാര്‍ഗ്ഗമോ ഉദ്ദേശമോ ഇല്ല. മലയാളം എഴുതുന്നവരെല്ലാം മച്ചാന്മാര്‍ ആണെങ്കില്‍ സ്റ്റണ്ട് മാസികയില്‍ എഴുതുന്നയാളും നമ്മളുടെ ഗുലാന്‍ അല്ലേ?
നിങ്ങള്‍ക്ക് ബ്ലോഗ്ഗെഴുതി അഞ്ചോ അമ്പതോ കൂട്ടുകാരെ കിട്ടിക്കാണും, ആരെയും കിട്ടിക്കാണില്ല, അതെല്ലാം ഓരോരുത്തരുടെ കാര്യം, എന്നാല്‍ ബ്ലോഗ് എഴുതുന്നവരെല്ലാം ഒരു കൊടിക്കീഴില്‍ നില്‍ക്കുന്നവരല്ല, അവരെ ചൊല്‍പ്പടിക്കു നിര്‍ത്തേണ്ടതില്ല, നയിക്കാന്‍ നേതാവു വേണ്ടാ, സാധിക്കാന്‍ പൊതു താല്‍പ്പര്യവുമൊന്നുമില്ല. കുറെയേറെ അംഗീകാരം കിട്ടും എന്നു കരുതിയാണ് അപരിചിതരെയെല്ലാം കെട്ടിപ്പിടിച്ചു നില്‍ക്കുന്നതെങ്കില്‍ അതിന്റെ വിലയും കൊടുക്കേണ്ടിവരും. റിസ്ക് എടുത്താല്‍ എല്ലായ്പ്പോഴും നല്ല ഫലം തന്നെ കിട്ടണമെന്നില്ല.
ഒരു ബ്ലോഗ് ഉണ്ടാക്കാന്‍, നാലാള്‍ വായിക്കാന്‍, ഇഷ്ടപ്പെട്ടവന്‍ കമന്റിടാന്‍ ഒരു കമ്യൂണിറ്റി വേണ്ട. ഒരു കമ്യൂണിറ്റിയും ഇതുവരെ ഇവിടെ നിലവില്‍ ഉണ്ടായിട്ടില്ല താനും. ഉണ്ടെന്ന് ചിലര്‍ മിഥ്യാധാരണ പുലര്‍ത്തുന്നു - ബ്ലോഗ്ഗസത്യം സമൂഹമിഥ്യ ബ്രായും ബ്രെസ്റ്റും കണക്കിനെ (ക്രെഡിറ്റ് കുഞുണ്ണിമാസ്റ്റര്‍ക്ക് ). ഇനി സമൂഹം ഒന്നുണ്ടാക്കേണ്ട സാഹചര്യവും ഇല്ല.
നിങ്ങള്‍ സംഘം ചേരണമെങ്കില്‍ ചേര്‍ന്നോളൂ, ഒത്തു കൂടാന്‍ താല്‍പ്പര്യമുള്ളവര്‍ എന്തെങ്കിലും അങ്ങനെ ചെയ്തോളൂ എന്നാല്‍ ഒരു അഖില ബ്ലോഗ് നേതാവില്ല, തത്വശാസ്ത്രമില്ല, ലക്ഷ്യമില്ല, അജെന്‍ഡയില്ല, വാര്‍ഷിക പദ്ധതിയില്ല, വരിക്കണക്കില്ല എന്നും കൂടെ അറിയുക. ഇതുണ്ടാവില്ല, ഉണ്ടായില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുകയും ഇല്ല ("ഡേയ്, ഒരു സോഡ താഡേ")
ആരെങ്കിലും നടന്നു പോകുന്നതു കണ്ടാല്‍ സിന്ദാബാദ് വിളിച്ച് പുറകേ പോകരുത്, അയാള്‍ ജാഥ നയിക്കുകയൊന്നുമായിരിക്കില്ല, കക്കൂസില്‍ പോകാന്‍ ധൃതിയില്‍ പോകുന്നയാളായിരിക്കും. അയാള്‍ക്ക് പിറകേ പോയി
അപ്രതീക്ഷിതമായത് കണ്ട് ഹാര്‍ട്ട് പൊട്ടരുത്, അയാളുടെ പാട്ടിനു വിട്ടേക്കുക.
വായിച്ചോ, എഴുതിക്കോ, അഭിപ്രായം പറഞ്ഞോ, കൂട്ടുകാരെ ഉണ്ടാക്കിക്കോ, പക്ഷേ "ഒരേ രാഗപല്ലവി നമ്മള്‍" പാടരുത്. "പത്തല്ല പതിനായിരമല്ല ഒറ്റക്കെട്ടായ്" മുഴക്കരുത്. എല്ലാവരും ഒന്നാണെങ്കില്‍ ഒറ്റ ബ്ലോഗ് അല്ലേ വേണ്ടൂ, എല്ലാവര്‍ക്കും ഓരോന്ന് എന്തിനാണ്? ഓരോ ബ്ലോഗും ഓരോരുത്തരുടേതാണ് ഓരോ ആവശ്യങ്ങള്‍ക്കായുള്ളതാണ്, രണ്ടെണ്ണത്തിനു പൊതുവായി ഒരു ലക്ഷ്യമുണ്ടെങ്കില്‍ അതൊരു ഗ്രൂപ്പാണ്. എല്ലാറ്റിനും കൂടി പൊതുവായ ലക്ഷ്യം എന്നൊന്ന് ഇല്ലാത്തതിനാല്‍ ബൂലോഗം ഒരു ഗ്രൂപ്പല്ല.
ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു. ഈ വേദിയില്‍ നിന്നും ഞാന്‍ ഇറങ്ങി പോകുമ്പോള്‍ ജനം അവനവന്റെ പാടു നോക്കി പിരിഞ്ഞു പോകാതെ "ധീരാ വീരാ ദേവാ..." എന്നു വിളിച്ച് പിറകേ നടക്കാന്‍ ശ്രമിച്ചാല്‍ അമ്മച്ചിയാണേ ഞാന്‍ കല്ലെടുത്ത് കീച്ചും. നമസ്കാരം
Monday, May 28, 2007
മനസ്സില്‍ പാട്ടുകള്‍ കുറിച്ചവര്‍
യാമശംഖൊലി വാനിലുയര്‍ന്നു സോമശേഖര ബിംബമുയര്‍ന്നു
നിറുകയില്‍ തൊഴുകൈ താഴികക്കുടമേന്തി
ദേവാലയം പോലും ധ്യാനിച്ചു നിന്നു
"ശരിക്കും കാണാന്‍ പറ്റുന്നുണ്ട് അത്. ആരെഴുതിയതാണോ?" വിദ്യ ചോദിച്ചു.
ബിച്ചു തിരുമല.
പാട്ടെന്നു കേള്‍ക്കുമ്പോള്‍ വയലാര്‍, ശ്രീകുമാരന്‍ തമ്പി, ഓ എന്‍ വി, യൂസഫ് അലി കേച്ചേരി. ബാക്കിയെല്ലാവരും എങ്ങനെയോ നമ്മുടെ മനസ്സില്‍ നിന്നും പോയി.
ഒരുപാടു നല്ല പാട്ടെഴുതിയിട്ടും നമ്മളോര്‍ക്കാത്തവരെയും ഒരുപാട്ട് മാത്രമെഴുതിയിട്ടും അത് മനസ്സില്‍ പതിപ്പിച്ചവരെയും ഒക്കെ നന്ദിയോടെ ഓര്‍ക്കാനൊരവസരം കിരണിന്റെ പോസ്റ്റ് തന്നു.
ചില ഗാനരചയിതാക്കളും അവരുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളും
൧. മങ്കൊമ്പ് - താലിപ്പൂ പീലിപ്പൂ
൨. പൂവച്ചല്‍ ഖാദര്‍- മൗനമേ നിറയും മൗനമേ
൩.മുല്ലനേഴി - പകലിന്റെ വിരിമാറില്‍ നിഴലു നീ
൪- പാപ്പനം കോട് ലക്ഷ്മണന്‍- ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍
൫- കാനം ഈ. ജെ.- തിരയും തീരവും ചുംബിച്ചുറങ്ങി
൬.എം. ഡി രാജേന്ദ്രന്‍- ഹിമശൈല സൈകത ഭൂമിയില്‍
൭. ഖാന്‍ സാഹിബ്- ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക
൮. സത്യന്‍ അന്തിക്കാട്- താരകേ മിഴിയിതളില്‍ കണ്ണീരുമായി
൯. കാവാലം- ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളില്‍
൧൦- ഭരണിക്കാവ് ശിവകുമാര്‍- സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ
൧൧- അപ്പന്‍ തച്ചേത്ത് ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ
൧൨. പി. രവീന്ദ്രന്‍- ദേവീ ക്ഷേത്ര നടയില്‍
൧൩- കൈതപ്രം- ദേവ ദുന്ദുഭീ സാന്ദ്രലയം
ഒറ്റയടിക്ക് എന്റെ ഓര്‍മ്മയില്‍ വരാത്തവരുണ്ട്,വരൊക്കെ മോശമാണെന്നല്ല, എന്തോ എന്റെ മനസ്സില്‍ പതിഞ്ഞു കിടപ്പില്ല അവരുടെ വരികളൊന്നും, പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍ക്കും..