Tuesday, August 7, 2007

സായ്പ്പ് തിരിച്ചു വരണമെന്നോ?

ജനാധിപത്യം കോഞ്ഞാട്ടയായി, നേതാക്കള്‍ക്ക് അഴിമതി മതി, ജനങ്ങള്‍ക്ക് മതിയേ മതി എന്നായി എന്നൊക്കെ ചര്‍ച്ചകളില്‍ വരുമ്പോള്‍ സാധാരണയായി ചിലര്‍ പറഞ്ഞുകേള്‍ക്കുന്നതാണ്‌ "ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലത് " എന്ന്. ബ്ലോഗിലിത് ഒന്നു രണ്ടു തവണ കമന്റായി കണ്ടപ്പോള്‍ വിഷമം തോന്നി.

രണ്ടു നൂറ്റാണ്ട് ഇന്ത്യയെന്ന കോളനി ഭരിച്ച് ബ്രിട്ടീഷുകാര്‍ പിടിവിടുന്ന കാലത്തായിരുന്നു നമ്മള്‍ ജനിച്ചതെങ്കില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് ഓര്‍ത്തിട്ടുണ്ടോ ആരെങ്കിലും (അച്ഛന്‍ സാമന്ത രാജാവ്, അമ്മാവന്‍ ദിവാന്‍ പേഷ്കാര്‌, ഏട്ടന്‍ പ്രവര്‍ത്യാര്‌, എന്നിങ്ങനെ ഉള്ളവര്‍ ഓര്‍ക്കേണ്ടതില്ല, ഇത് തൊണ്ണൂറ്റി ഏഴു ശതമാനം വരുന്ന ഇതരവര്‍ഗ്ഗത്തിനുള്ള എക്സര്‍സൈസ്)

൧. ഞാന്‍ ഇപ്പോള്‍ എവിടെ ആയിരിക്കും?
മിക്കവാറും മണ്ണടിസ്ഥാനില്‍ . ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തേഴിലും (പിറകോട്ടുള്ള ദശാബ്ദത്തിലും) ശരാശരി ജീവിത ദൈര്‍ഘ്യം ഇരുപത്തെട്ടു വയസ്സ് ആയിരുന്നു. ഇന്ന് അത് അറുപതു കടന്നിരിക്കുന്നു

൨.ഞാന്‍ എന്തു തൊഴില്‍ ചെയ്യുകയായിരിക്കും?
റിക്ഷാവലി? കൂലിപ്പണി? തോന്നുന്നില്ല. ശരാശരി സാക്ഷരത പതിന്നാലു ശതമാനം ആയിരുന്നു. റിക്ഷയും കൂലിപ്പണിയും ഓവര്‍ ക്രൗഡഡ് മാന്‍ പവര്‍ കാരണം നിങ്ങള്‍ ഒരു തെണ്ടക്കാരന്‍ ആകാനാണു സാദ്ധ്യത ! അവസാനത്തെ അമ്പതു വര്‍ഷത്തിലും പ്രതിശീര്‍ഷവരുമാനം കുറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ഇന്ത്യയുടെ ബ്രിട്ടീഷ് രാജില്‍.

൩. അല്ലാ വല്ല കൃഷിയോ മറ്റോ ചെയ്ത് ജീവിക്കാമല്ലോ? ഇന്നിപ്പോള്‍ കൃഷി തുലഞ്ഞില്ലേ?
ഉവ്വോ? ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് ഇരുപത് ബില്യണ്‍ ആയിരുന്നു ഇന്ന് ഒരു ട്രില്യണ്‍ ആണ്‌.

൪. അല്ലാ ഈ പ്രതിശീര്‍ഷവരുമാനം എന്നൊക്കെ പറയുന്നത് ശരാശരിക്കണക്കുകള്‍ അല്ലേ? പട്ടിണിക്കാരന്റെയും പണക്കാരന്റെയും സമ്പത്ത് കൂട്ടി തലകൊണ്ട് ഭാഗിക്കുന്ന കളി?
ശരി, സമ്പന്നനെ കളഞ്ഞു പട്ടിണിക്കാരനെ മാത്രം എടുക്കാം. ബ്രിട്ടണ്‍ നമ്മളെ ഭരിച്ച ഇരുന്നൂരു വര്‍ഷത്തില്‍ മഹാക്ഷാമങ്ങള്‍ ഇല്ലാത്ത രണ്ടു ദശാബ്ദങ്ങള്‍ അടുത്തടുത്ത് ഉണ്ടായിട്ടേയില്ല. പതിനൊന്നര കോടി ആളുകള്‍ ക്ഷാമത്തില്‍ ഇക്കാലത്ത് വിശന്നു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ എത്രയോ അധികം ആയിരിക്കാനാണു സാദ്ധ്യത) സ്വാതന്ത്ര്യശേഷം ഒരൊറ്റ മഹാക്ഷാമം പോലും സംഭവിച്ചിട്ടില്ല രണ്ടു ചെറുക്ഷാമങ്ങള്‍ അറുപതിന്റെ ഒടുക്കവും എഴുപതിന്റെ തുടക്കവുമായി ബീഹാറിലും മഹാരാഷ്ട്രയിലും ഉണ്ടായെങ്കിലും സര്‍ക്കാര്‍ അന്താരാഷ്ട്ര സമിതികളുടെ അടിയന്തിര സഹായം നേടി വന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കി.

൫. മതസൗഹാര്‍ദ്ദം വര്‍ഷാവര്‍ഷം മോശമായി വരികയല്ലേ? പണ്ടിങ്ങനെ ഉണ്ടായിരുന്നോ?
വിഭജന കാലത്ത് എന്തോ നടന്നെന്നല്ലാതെ വര്‍ഗ്ഗീയത ഇത്ര മോശമായിരുന്നോ?


ആയിരുന്നല്ലോ. വിഭജനകാലത്തെ വിട്ടാല്‍ തന്നെ ആയിരത്തി തൊള്ളായിരത്തിനും തൊള്ളായിരത്തി ഇരുപത്തിരണ്ടിനും ഇടയില്‍ പതിനാറും ശേഷം ഇരുപത്തിരണ്ടുവരെ ഉള്ള ആറു വര്‍ഷത്തില്‍ എഴുപത്തിരണ്ടും വര്‍ഗ്ഗീലഹളകളുണ്ടായെന്ന് "വൈസ് റോയലിറ്റി ഓഫ് ലോര്‍ഡ് ഇര്‌വിന്‍ എന്ന പുസ്തകത്തില്‍" (ക്വോട്ടിയെന്നേയുള്ളൂ, ഞാന്‍ വായിച്ചിട്ടില്ല). ഇന്ത്യയില്‍ ബ്രിട്ടീധ് ഭരണകാലം വരെ കാണാത്ത പ്രകോപനപരമായ വര്‍ഗ്ഗീയത (മിക്ക ലഹളകളും ഒന്നുകില്‍ അമ്പലത്തിനു മുന്നില്‍ പശുക്കളെ കെട്ടിയിട്ടു കശാപ്പു ചെയ്തോ നമാസ് സമയത്ത് പള്ളിക്കു ചുറ്റും കൂടി നിന്ന് ഉറക്കെ ഭജനകള്‍ വിളിച്ചുപറഞ്ഞോ മന:പൂര്വ്വം തുടക്കം ഇട്ടവ ആണെന്ന് മേല്പ്പറഞ്ഞ പുസ്തകം) സായിപ്പുഭരണത്തോടെ തുടങ്ങി കിട്ടുകയും സ്വാതന്ത്ര്യകാലത്തോടെ വളരെയേറേ ഒടുങ്ങുകയും ചെയ്തു.

൬. ദളിതര്‍ക്ക് വളരെ സഹായകമായിരുന്നു ബ്രിട്ടീഷ് രാജ് എന്നു കേള്‍ക്കുന്നല്ലോ?
ഇന്ത്യക്കാരന്‍ മൊത്തത്തില്‍ പിന്നോക്കക്കാരന്‍ ആയെന്നത് ശരി. ദലിത് ഉന്നമനം ബ്രിട്ടീഷുകാരുടെ ക്രെഡിറ്റല്ല, ദളിതരുടെ ഇടയിലെ തന്നെ സാംസ്കാരിക നവോത്ഥാനത്തിന്റെയും വിപ്ലവങ്ങളുറ്റെയും ഫലമായിരുന്നു. ബ്രിട്ടീഷ് രാജിനു മുന്നേയുള്ള ഇന്ത്യയിലെക്കാള്‍ ഭേദമായിരുന്നു വിവേചനത്തിന്റെ കാര്യത്തില്‍ ദളിതര്‍ക്ക് ബ്രിട്ടീഷ് റൂള്‍. സ്വാന്തന്ത്ര്യാനന്തരകാലത്തും ആ പുരോഗതി തുടരുന്നു. അതൊരു ഡെമോഗ്രഫിക്ക് പ്രോഗ്രസ്സ് ആണ്‌, അയ്യന്‍ കാളിക്കും അബേഡ്കര്‍ക്കും ശ്രീനാരായണഗുരുവിനും തന്തൈ പെരിയാറിനും കൊടുക്കേണ്‍റ്റ ക്രെഡിറ്റും ബ്രിട്ടീഷുകാരനായെന്നോ? പിന്നെ എല്ലാവരും തെണ്ടുന്ന കാലത്ത് ദളിതര്‍ക്ക് മാത്രം ഉന്നതി ഉണ്ടായെന്ന വാദത്തിന്‍ എന്തോ ഒരക്ഷരപ്പിശക് കാണുന്നില്ലേ?

൭. അപ്പോള്‍ നമ്മുടെ ഇന്ത്യ തിളങ്ങുകയാണല്ലേ?
അല്ല കൂവേ, നമ്മള്‍ ഇതിലും നന്നാക്കാമായിരുന്നു കാര്യങ്ങള്‍, ഇനിയും എത്രയോ. എവിടെയൊക്കെ എത്താമായിരുന്നു ഈ അമ്പതു വര്‍ഷം കൊണ്ട്. പക്ഷേ കൊളോണിയല്‍ കൊള്ളയടിയാണു ഭേദമെന്ന് അതിനെ വ്യാഖ്യാനിക്കരുതെന്ന്. ഏത്?

19 comments:

കണ്ണൂസ്‌ said...

ആമേന്�.

brinoj said...

devan sare..
nannayirikkunnu..nammal cheyyendath cheyyathe british kaaran nannayirunnu ennu parayunnavarodu enthu parayaan..anubhavikkaatha karyangal parayaan eluppamaanu..vereyum und aalkkar..emergency naannayirunnu,pattalabharanam aanu nallath ennokke..
mangleeshinu sorry..varamozhi illa..

മുസ്തഫ|musthapha said...

“അപ്പോള്‍ നമ്മുടെ ഇന്ത്യ തിളങ്ങുകയാണല്ലേ?
അല്ല കൂവേ, നമ്മള്‍ ഇതിലും നന്നാക്കാമായിരുന്നു കാര്യങ്ങള്‍, ഇനിയും എത്രയോ. എവിടെയൊക്കെ എത്താമായിരുന്നു ഈ അമ്പതു വര്‍ഷം കൊണ്ട്. പക്ഷേ കൊളോണിയല്‍ കൊള്ളയടിയാണു ഭേദമെന്ന് അതിനെ വ്യാഖ്യാനിക്കരുതെന്ന്. ഏത്?“

അതെന്നെ, നമ്മളുടെ ഇല്ലായ്മകളും പോരായ്മകളും വിമര്‍ശനവിധേയമാക്കാം പക്ഷെ, അടിമത്വമായിരുന്നു ഭേദം എന്ന നിലപാടിനോട് യോജിക്കാനാവില്ല.

Kaithamullu said...

അതനന്നെ ദേവാ!
ഇപ്പഴത്തെ ആഗസ്റ്റ് 15 ഒക്കെ എന്തിന് കൊള്ളാം, ബ്രിട്ടീഷുകാര്‍ടെ കാലത്തെ ആഗസ്റ്റ് 15-ആയിരുന്നൂ, ശരിക്കും ആഗസ്റ്റ് 15!

സു | Su said...

ബ്രിട്ടീഷുകാരുടെ അടിമത്തം തന്നെ ആയിരുന്നു നല്ലതെന്നു തോന്നാന്‍ ഒരു കാരണമേ എനിക്കു തോന്നുന്നുള്ളൂ. അപ്പോള്‍, മിക്കവാറും ഇന്ത്യക്കാരൊക്കെ ഒറ്റക്കെട്ടാവും. ഇപ്പോള്‍, പലരും, പല തടവറയിലാണ്. എന്തെന്നറിയാത്ത, എന്തിനെന്നറിയാത്ത അടിമത്തത്തില്‍. കാട്ടിക്കൂട്ടുന്നതൊക്കെ കാണുമ്പോള്‍, അങ്ങനെ പറയാനേ പറ്റൂ.

Ajith Pantheeradi said...

ദേവേട്ടാ, വളരെ നന്നായി. ബ്രിട്ടീഷുകാരായിരുന്നു നല്ലത് എന്നൊക്കെ പറയുന്ന വിവരദോഷികളോട് സഹതപിക്കാനേ കഴിയൂ.

കുട്ടന്‍സ്‌ | S.i.j.i.t.h said...

ദേവേട്ടാ..

വളരെയധികം നന്ദി..ഇങ്ങിനെ ഒരു പോസ്റ്റിട്ടതിന്..ബ്രിട്ടീഷ് രാജ് ആയിരുന്നൂ ഭേദം എന്നു പറയുന്ന അഭിനവ പ്രഭുക്കന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും..

സുചേച്ചി : കുടും‌ബത്തൊത്തൊരുമയുണ്ടാവാന്‍ ആരെങ്കിലും അടുത്ത വീട്ടിലെ പോലീസുകാരന്‍ വീട് ഭരിച്ചാല്‍ നന്നായിരുന്നൂ എന്നു വിചാരിക്കുവോ..‘രാജമാണിക്യം സ്റ്റൈലില്‍’..അടിമത്തം നല്‍കിയ സ്വാതന്ത്ര്യ ബോധം ഭൂരിഭാഗം ജനവിഭാഗങ്ങളേയും ഒരു ലക്ഷ്യത്തിനു വേണ്ടി ഏറെക്കുറെ ഒന്നിപ്പിച്ചു എന്നതല്ലെ സത്യം..

പിന്നെ, ഇന്ത്യ നന്നാക്കാന്‍ വേണ്ടി ആയിരുന്നില്ലല്ലൊ ബ്രിട്ടീഷ് രാജ് ഇവിടെ വന്നത്..കുറച്ച് സുഗന്ധ ദ്രവ്യങ്ങളുടെ കുത്തക മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പിടിച്ചെടുക്കാന്‍ വേണ്ടി രൂപികരിച്ച ഈസ്റ്റിന്‍ഡ്യാ കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് ഇന്ത്യയിലെ ജാതി വ്യവസ്ഥകളെ ഒന്നാകെ പൊളിച്ചെഴുതി ഇവിടെ ജനാധിപത്യം സ്ഥാപിക്കണം എന്നൊന്നുമില്ലായിരുന്നൂ..ചരിത്രപുസ്തകങ്ങള്‍ പറയുന്നത് പ്രകാരം ജാലിയന്‍‌വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറല്‍ ഡയറിന് ക്ഷേമനിധി സ്വരൂപിച്ച് കൊടുത്ത് അദ്ദേഹത്തെ വീരശൂര പരാക്രമിയാക്കി മാറ്റി ബ്രിട്ടനിലേയും ഇവിടുത്തേയും വിദേശ പട്ടാളക്കാരും ഉദ്ദ്യോഗസ്ഥരും...

Satheesh said...

ദേവേട്ടന്റെ എഴുത്തുനെന്തോ തകരാറുണ്ട്. ദേവേട്ടന്റെ ഓരോ പോസ്റ്റ് വായിക്കുമ്പഴും ഞാന്‍ കരുതും ഇതിനെ എതിര്‍ത്ത് ഒരു കമന്റിട്ട് കുറെ നേരം അടിയുണ്ടാക്കണംന്ന്. പക്ഷെ വായിച്ചു തീരുമ്പഴേക്ക് ‘ഇങ്ങേര്‍ പറയുന്നതെല്ലാം ശരിയാണല്ലോ‘ എന്ന തോന്നല്‍ വരും.!!

Inji Pennu said...

മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ വില ഏറ്റവും കൂടുഹല്‍ ഞാന്‍ പഠിക്കുന്നത് ഇവിടത്തെ
ഹോംലെസ്സ് ആളുകളില്‍ നിന്നാണ്. ഇവിടെ സര്‍ക്കാര്‍ വക പാര്‍പ്പിടം, ഫുഡ് എല്ലാം ഉണ്ട്. ഇവിടുത്തെ ഈ കൊടും തണുപ്പിലും പലപ്പോഴും കടത്തിണ്ണകളിലും ഒരു കുടയും ചൂടി അവിടെയൊന്നും പോകാതെ ഇരിക്കുന്നവരെ കണ്ടിട്ടുണ്ട്.

അതുപോലെ തന്നെയാണ്. അമ്മാവന്റെ മാളികയേക്കാളും എപ്പോഴും ശുദ്ധ വായു ശ്വസിക്കാന്‍ കഴിയുന്നത് സ്വന്തം ചോരുന്ന കൂര തന്നെ!

ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ട്. വളരെ പരിതാപകരമായ സോള്‍വ് ചെയ്യാന്‍ പറ്റുന്ന പല പ്രശ്നങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു,നമ്മളും നമ്മളില്‍ നിന്ന് ഉരുത്തിരിയുന്ന രാഷ്ട്രീയക്കാരും. അതൊരു ഗ്രോയിങ്ങ് പെയിന്‍ ആണ്. പല വികസിത രാജ്യങ്ങളും ഈ വഴിയിലൂടെ ഇതിലും പരിതാപകരമായി കടന്ന് പോയിട്ടുണ്ട്.

myexperimentsandme said...

സതീഷ് പറഞ്ഞതുപോലെ ദേവേട്ടനെ എങ്ങിനെയൊന്ന് എതിര്‍ക്കാം എന്നാലോചിച്ച് വട്ടായിട്ടുണ്ട് :)

നന്നാകാനുണ്ട്, നമ്മള്‍ ധാരാളം. പക്ഷേ അത് നമ്മള്‍ തന്നെയാണ് ചെയ്യേണ്ടത്. ബ്രിട്ടീഷുകാര്‍ വന്ന് അവര്‍ ചെയ്യാനായിരുന്നെങ്കില്‍ പിന്നെ നമ്മളൊക്കെ എന്തിനാണ് ഇങ്ങിനെ ഇരിക്കുന്നത്?

ഒരു മറുനാട്ടില്‍ വെച്ച് എന്റെ ഒരു പെട്ടി മൊത്തമായും ഒരു കൈമറ മൊത്തമായും മോഷണം പോയതിനോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്കിടയില്‍ മനസ്സിലായി നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ട് നമ്മളാല്‍ ഭരിക്കുന്ന നമ്മുടെ രാ‍ജ്യത്തിന്റെ ഗുണം.

keralafarmer said...

:)

ഡാലി said...

വീണ്ടും ഒരു ആമ്മേന്‍.
(ബ്രിട്ടീഷ് ഭരണം വന്നീല്ലേലും പ്രസിഡണ്ട് ഭരണമെങ്കിലും വരണം എന്ന് പറയൂന്നവരെ നിങ്ങള്‍ ഭാഗ്യവാന്മാന്‍ എന്തെന്നാല്‍ സ്വാതന്ത്ര്യം എന്ന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജത്ത് വെളിവാക്ക്കപ്പെടും.
ആമ്മേന്‍)

vimathan said...

ദേവന്‍, ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ജനാധിപത്യത്തെ ( ചിലരുടെ ഭാഷയില്‍ എല്ലാ "അണ്ടനും അടകോടനും" ഒരേ സ്വാതന്ത്ര്യം ഉള്ള) സംശയത്തോടേ നോക്കുന്ന, സമരങളെയും, പണിമുടക്കുകളെയും, വെറുക്കുന്ന, അരാഷ്ട്രീയ വാദിയാണ് എന്ന് സ്വയം വിശേഷിപ്പിക്കുകയും, എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുതല്‍, ഇന്ത്യിലെ ഐ ഐ ടികളില്‍ പിന്നോക്കക്കര്‍ക്ക് സംവരണം കൊടുക്കന്ന വിഷയത്തില്‍ വരെ രാഷ്ട്രീയാഭിപ്രായം ഉള്ള നഗരവല്‍ക്കരിക്കപ്പെട്ട മധ്യവര്‍ഗ്ഗങള്‍ ഇടയ്ക്കിടെ പറയുന്ന, ബ്രിട്ടിഷ് ഭരണമായിരുന്നു, വേണ്ടിയിരുന്നത്, അല്ലെങ്കില്‍ പ്പട്ടാള ഭരണമായിരിക്കണം ഇവിടെ, എന്നൊക്കെയുള്ള വാ‍ദഗതിളെ അതര്‍ഹിക്കുന്ന അവഞ്ജയോടെ തന്നെ തള്ളിക്കളയാം.
പക്ഷെ കൊളോണിയലിസം ഇന്ത്യയുടെ “മഹത്തായ” തനത് സംസ്ക്കാരത്തെ, ജീവിത രീതികളെ, തദ്ദേശീയ അറിവുകളെ, തദ്ദേശീയനിയമ വ്യവസ്ഥയെ, തദ്ദേശീയ വിദ്യാഭ്യാസത്തെ, തദ്ദേശീയ വൈദ്യശാസ്ത്രത്തെ തകര്‍ത്ത്, ഒരു കോളോണിയല്‍ ആധുനികത അടിച്ചേല്‍പ്പിച്ചു എന്ന “ദേശീയ” ചരിത്രത്തിന്റെ ജനസമ്മതിയെ ദളിത്-ബഹുജന്‍ ചരിത്രകാരന്മാരും മറ്റും വിമര്‍ശിക്കുന്നതിനെ, ബ്രിട്ടിഷ് ഭരണമായിരുന്നു നല്ലത് എന്ന വാദമായി ലളിതവല്‍ക്കരിക്കുന്നതും ശരിയല്ലാ എന്ന് തോന്നുന്നു.
ഇന്ന് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയ്ക്ക് ഉണ്ടായി എന്ന് പറയുന്ന എല്ലാ പുരോഗതിയുടെ തുടക്കം എന്ന് പറയാവുന്നത് തന്നെ ഈ കോളോണിയല്‍ ആധുനികത അടിച്ചേല്‍പ്പിവയാണ്. ഉദാഹരണമായി, മെക്കാളെ പ്രഭു തുടങി വച്ച ആധുനിക വിദ്യാഭ്യാസം (സംസ്കൃതം, തര്‍ക്കം, വ്യാകരണം, പേര്‍ഷ്യന്‍, അറബിക്ക് തുടങിയവയ്ക്ക് പകരം ഇംഗ്ലീഷ്, സയന്‍സ് തുടങിയ വിഷയങള്‍, ഇന്നും നമ്മള്‍ പിന്‍ തുടരുന്നത് മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യ്യാസ സമ്പ്രദായമാണെന്നാണ് എപ്പോഴും കേല്‍ക്കാറുള്ള വിമര്‍ശനം), ആധുനിക നിയമ വ്യവസ്ഥ (മനു സൃതിക്കോ, ശരീ അത്ത് അടിസ്ഥനപ്പെടുത്തിയ നിയമങള്‍ക്കോ പകരം നിയമത്തിന് മുന്നില്‍ എല്ലാവരും തുലര്യാണ് എന്ന യൂറോപ്യന്‍ മുതലാളിത്ത നീതിയില്‍ അടിസ്ഥാന്‍പ്പെടുത്തിയത്, ആധുനിക ഇന്ത്യയുടെ നീതി ന്യായ വ്യ്യവസ്ഥ ഇപ്പോഴും, അതേ കോളോണിയല്‍ നിയമങള്‍ തന്നെയാണ്, അല്ലെങ്കില്‍ തുടര്‍ച്ച മാത്രമാണ്), ആധുനിക സാങ്കേതിക ശാസ്ത്രമുപയോഗിച്ചുള്ള വ്യവസായങള്‍ ആരംഭിച്ചത്, ഇന്ത്യയിലെ വിവിധ സ്ഥലങള്‍ ബന്ധിപ്പിക്കുന്ന റെയില്‍ സമ്പ്രaദായവും, റോഡുകളും ആരംഭിച്ചത്, ആധുനിക ജല സേചന സമ്പ്രദായങളിലൂടെയും, വാണിജ്യ കൃഷിയിലൂടെയും , കാര്‍ഷിക മേഖലയില്‍ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്, വാക്സിനേഷനടക്കമുള്ള മോഡേണ്‍ മെഡിസിന്‍, ഇന്ത്യയില്‍ സര്‍ക്കാര്‍ ചെലവില്‍ പ്രചരിപ്പിച്ചത്, ഇങിനെ ഇന്ന് ഐ ടി മേഖലയിലും മറ്റ് ശാസ്ത്ര-സാങ്കേതിക മേഖലയിലും ഇന്ത്യ ഒരു സൂപര്‍ പവര്‍ ആണെന്ന് നമുക്ക് തോന്നുന്നെണ്ടെങ്കില്‍ അതിന്റെയൊക്കെ തുടക്കം കുറിച്ചത്, ഈ ആധുനികവല്‍ക്കരണ പ്രക്രിയയുടെ തുടക്കം കുറിച്ചത് കോളോണിയല്‍ ഭരണകൂടമായിരുന്നു. (ഇതിനൊക്കെ ബ്രിട്ടിഷ്കാര്‍ക്ക് അവരുടേതായ കാരണങള്‍ ഉണ്ടായിരുന്നു.) അതുകൊണ്ട് തന്നെ,ആധുനികതയെ, യൂറൊപ്യന്‍ ആധുനിക ശാസ്ത്രത്തെ, സാങ്കേതിക വിദ്യയെ, ഭീതിയോടേ കണ്ട തിലക്, ഗാന്ധി തുടങിയ ദേശീയ പ്രസ്ഥാന നായകരില്‍ നിന്ന് വിഭിന്നമായി, ബ്രിട്ടിഷ് ഭരണത്തെ പലപ്പോഴും സൌമ്യമായി നോക്കികണ്ടവരാണ്, ഇന്ത്യയിലെ ദലിത്-ബഹുജന്‍ വിഭാഗങളില്‍ നിന്നും ഉയര്‍ന്ന് വന്ന് സാമൂഹിക പരിഷ്കര്‍ത്താക്കള്‍. മഹാത്മാ ജോതി റാവ് ഫൂലെ , ശ്രീ നാരയണ ഗുരു, തന്തൈ പെരിയാര്‍ മുതല്‍ ശ്രീ അംബേദ്ക്കര്‍ വരെയുള്ളവര്‍, മത യാഥാസ്ഥിക പാരമ്പര്യത്തിന്റെ ചങലയില്‍ കുരുങി ചലനമറ്റ് പിന്നോക്ക്ക്കാവസ്ഥയില്‍ കിടന്ന ഇന്ത്യന്‍ സമൂഹത്തിലേക്ക്, ഒരു കൊടുംകാറ്റായി കടനുവന്ന കോളോണിയല്‍ ആധുനികതെയും, അതിന് നിയമ പരിരക്ഷ കൊടുത്ത കോളോണിയല്‍ ഭരണകൂടത്തെയും, സ്വാഗതം ചെയ്തതില്‍ അത്ഭുതപ്പെടാനില്ല. ദേവന്‍ പറഞ്ഞ പോലെ ദലിത്-ബഹുജന്‍ മുന്നേറ്റങള്‍ക്ക് മുഖ്യ കാരണമായത്, മേല്‍പ്പറഞ്ഞ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ശ്രമം കൊണ്ട് തന്നെയാണ്. പക്ഷെ ഈ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്ക് ആന്നത്തെ സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ അവരുടേതായ ഒര് “ഇടം / സ്പെയ്സ് ” കൊടുത്തത് കോളോണിയല്‍ ഭരാണകൂടമായിരുന്നു. “നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷ്കാരാണ് ” എന്ന് ശ്രീ നരായണ ഗുരു പറഞ്ഞത് വേറുതെയല്ല. പിന്നെ ദേവന്‍ എഴുതിയ statistics നോട് പൂര്‍ണ്ണമായി യോജിക്കുന്നു.

സാജന്‍| SAJAN said...

ദേവേട്ടന്റെ പോസ്റ്റില്‍ ഒരു കമന്റിടണമെങ്കില്‍ പുനരാലോചനക്ക് ശേഷം മാത്രമേചെയ്യാവൂ, എന്നറിയാന്‍ വയ്യാഞ്ഞിട്ടല്ല വിയോജിപ്പുണ്ടെങ്കില്‍ പ്രത്യെകിച്ചും:)

പക്ഷേ ഇവിടെ ,ദേവേട്ടന്റെ പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ അങ്ങേയറ്റം മാനിക്കുമ്പോള്‍ തന്നെ, അതില്‍ ഞാന്‍ വായിച്ചപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയചില പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ! ഇതെഴുതണം എന്ന് ഇന്നലെ മുതല്‍ കരുതിയതാന് സമയത്തിന്റെ അഭാവം മൂലം നന്നായി , അത്യുഗ്രന്‍ എന്ന് എഴുതിപ്പോയാല്‍ അത് എന്നോട് തന്നെ ചെയ്യുന്ന ഒരു തെറ്റായി പ്പോവും എന്നതിനാല്‍ പിന്നെയാവട്ടെ എന്നുകരുതി മാറ്റി വച്ചതാണ് എന്തായാലും ഞാന്‍ എഴുതട്ടെ,
ഞാന്‍ മനസ്സിലാക്കിയ പൊരുത്തക്കേടുകള്‍
1 രണ്ടാമത്തെ പാരഗ്രാഫില്‍, ബ്രിട്ടിഷ് കാര്‍ ഭരിക്കുമ്പോള്‍ ജനിച്ചിരുന്ന്നെങ്കില്‍ എന്ന് തുടങ്ങുന്ന വാചകം ... അതെങ്ങനെ ഇപ്പൊ ശരിയാവും ദേവേട്ടാ,
അത് കുറഞ്ഞത് 60 വര്‍ഷം മുമ്പല്ലേ അതിപ്പൊ എഴുതുന്നതില്‍ നിന്നും ദേവേട്ടന്‍ വിഷയത്തില്‍ നിന്നും വിട്ടു പോയിരിക്കുന്നു എന്നെനിക്ക് തോന്നുന്നു, ഇപ്പൊ ബ്രിട്ടിഷ് കാര്‍ ഭരിച്ചിരുന്നെങ്കില്‍ എന്ന അര്‍ത്ഥത്തിലല്ലേ ദേവേട്ടന്‍ തലക്കെട്ട് എഴുതിയത്?

2 രണ്ടാമത്തെ പോയിന്റില്‍ ദേവേട്ടന്‍ എഴുതിയത്
ബ്രിട്ടീഷ് കാര്‍ ഭരിക്കുമ്പോള്‍ ഇന്‍ഡ്യയിലെ ശരാശരി ആയുസ്സ് 28 വയസ്സായിരിന്നു, ഇന്ന് അത് 60 വയസ്സായിരിക്കുന്നു എന്നെഴുതിയിരിക്കുന്നു, ഈ വാചകം കൊണ്ട് അന്നത്തെ ബ്രിട്ടീഷ് രാജും ഇന്നത്തെ നമ്മുടെ നാടും ഒരു വാസ്തവമായ താരതമ്യം ആവുന്നില്ല, വസ്തു നിഷ്ടമായി അതിന്റെ താരതമ്യ പഠനം ചെയ്യണമെങ്കില്‍ ഇന്നത്തെ ബ്രിട്ടനിലെ ജനങ്ങളുടെ ആയുസ്സും ഇന്‍ഡ്യക്കാരുടെ ആയുസ്സും കൂട്ടി വേണം താരതമ്യം ചെയ്യേണ്ടത്, കാരണം ഇന്‍ഡ്യയിലെ ജനങ്ങളുടെ ആയുസ്സ് വര്‍ദ്ധിക്കുന്നതോടോപ്പം ബ്രീട്ടനിലെ(ബ്രിട്ടിഷ് കാര്‍ ഭരിക്കുന്ന) ആയുസ്സും വര്‍ദ്ധിക്കുന്നുണ്ടല്ലൊ, അപ്പൊള്‍ അത് ലോകത്തിലെ പൊതുവെ ഉണ്ടായ ഒരു മാറ്റം അല്ലേ? അല്ലാതെ ബ്രിട്ടനിലെ ജനങ്ങളുടെ ആയുസ്സ് 28ഇല്‍ സ്ഥിരമായി നില്‍ക്കുകയും ഇന്‍ഡ്യയിലെ ജനങ്ങളുടെ ജനസംഖ്യ 28 ഇല്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുകയും ആവാന്‍ വഴിയില്ലല്ലൊ അല്ലേ?

3,കൃഷിയുടെ ഉത്പ്പാദനം കൂടുന്നതോടൊപ്പം വരുമാനവും കൂടുന്നില്ലല്ലൊ , മുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ, ഇന്നത്തെ കൃഷിയുടെ ഉത്പാദന നിരക്ക് കൂടിയത് ബ്രിട്ടന്‍ കാര്‍ ഇന്‍ഡ്യ വിട്ടു പോയത് കൊണ്ടാണെന്ന ഒരു ധ്വനിയും കൂടെ ദേവേട്ടന്‍ ആ വാചകത്തിലില്ലേ, ഇനി ഒരുപക്ഷേ ഇല്ലെങ്കില്‍ മ്മുകളില്‍ ഞാനെഴുതിയ തിയറി ഇവിടേയും ആപ്ലിക്കബിള്‍ ആണ്,ദേവേട്ടന്‍ എഴുതിയ താരതമ്യ പഠനത്തില്‍ എന്റെ ചിന്താഗതി ഇന്‍ഡ്യന്‍ഭരണത്തെക്കാള്‍ രാജ്യത്തിന്റെ വികസനം എന്ന ആസ്പെക്ടില്‍ ബ്രീട്ടിഷ് ഭരണമായിരുന്നു നല്ലത്,

എന്നാല്‍ ബ്രിട്ടിഷ് കാര്‍ തിരിച്ച് വരണം എന്ന് ഒരിക്കല്‍ പോലും ചിന്തിക്കാനാവില്ല ബ്രിട്ടിഷ് രാജ് എന്ന വിഷയത്തില്‍ ഇഞ്ചി എഴുതിയതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം ഇനിയിപ്പൊ സ്വര്‍ഗം ലഭിക്കും എന്നു പറഞ്ഞാലും ആ ഒരൊറ്റ ക്കാരണം കൊണ്ട് മാത്രം വേറോരുത്തന്‍ നമ്മുടെ നാട് ഭരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല!

കണ്ണൂസ്‌ said...

സാജാ, ബ്രിട്ടീഷുകാര്‍ ഉള്‍പ്പടെയുള്ള സകല സാമ്രജ്യത്വ വാദികളും സ്വന്തം നാട് ഭരിക്കുന്ന പോലെയല്ല കോളനികള്‍ ഭരിക്കുന്നത് എന്ന ലളിതമായ സത്യം ചൂണ്ടിക്കാണിക്കാനല്ലേ ദേവന്‍ ഈ പോസ്റ്റ് തന്നെയെഴുതിയത്?

Vanaja said...

ചിലതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ 'ബ്രിട്ടീഷുകാര്‍ തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിച്ചുപോയി' എന്ന്‌ പറയുന്നത്‌,"ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലത് " എന്നോ, അവര്‍ തീര്‍ച്ചയായും തിരിച്ചുവരണം എന്നോ ഉള്ള എന്ന അര്‍ഥത്തിലല്ല. ദേവേട്ടന്‍ അവസാനം പറഞ്ഞിരിക്കുന്ന
" നമ്മള്‍ ഇതിലും നന്നാക്കാമായിരുന്നു കാര്യങ്ങള്‍, ഇനിയും എത്രയോ. എവിടെയൊക്കെ എത്താമായിരുന്നു ഈ അമ്പതു വര്‍ഷം കൊണ്ട്."
എന്നുള്ളതുകൊണ്ടും, സൂ പറഞ്ഞിരിക്കുന്ന
" ഇപ്പോള്‍, പലരും, പല തടവറയിലാണ്. എന്തെന്നറിയാത്ത, എന്തിനെന്നറിയാത്ത അടിമത്തത്തില്‍. കാട്ടിക്കൂട്ടുന്നതൊക്കെ കാണുമ്പോള്‍, അങ്ങനെ പറയാനേ പറ്റൂ."

എന്നുള്ളതുകൊണ്ടുമൊക്കെ പറഞ്ഞു പോകുന്നതാണ്‍.
അല്ലാതെ, "ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലത് " എന്ന്‌ പറയുന്ന വിവരദോഷികള്‍ മലയാളികള്‍ക്കിടയിലുണ്ടെന്നു തോന്നുന്നില്ല.

ദേവന്‍ said...

വേറൊരു കമന്റിന്റെ പിറകേ നടന്ന് ഇവിടെ ചിലവാക്കാന്‍ വച്ചിരുന്ന മിച്ചം പോയി. അതുകൊണ്ട്‌ രണ്ട്‌ മറുചോദ്യം ചോദിച്ച്‌ നാളെത്തേക്ക്‌ കാര്യങ്ങള്‍ തള്ളാമെന്ന് വച്ചു (മടിയല്ല, ഉറക്കം വന്നിട്ടാണേ)

1. സാജാ, അപ്പറഞ്ഞ ടൈം ഫാക്റ്റര്‍ ഇങ്ങനെ പരിഹരിച്ചാലോ?
കോളനിയായ ഇന്ത്യയില്‍ ശരാശരി ആയുസ്സ്‌ 28 വര്‍ഷമായിരുന്ന 1947 കാലഘട്ടത്തില്‍ മേലാളരാജ്യമായിരുന്ന ബ്രിട്ടണില്‍ ആയുസ്സ്‌ 69 വയസ്സ്‌ ആയിരുന്നു, ബ്രിട്ടണില്‍ ഇന്നത്‌ 76 ആണ്‌ (ഇന്ത്യയില്‍ 61നു അടുത്തും) . (വക്കാരിക്ക്‌ ലിങ്ക്‌ http://www.parliament.uk/commons/lib/research/rp99/rp99-111.pdf അതായത്‌ കോളനിപ്പൌരന്റെ ആയുര്‍പാലനം ഉടമപ്പൌരന്റേതിന്‌ 28/69എക്സ്‌100 = 40.5% ആണെന്ന കണക്കില്‍ ഇന്നത്‌ 31 വയസ്സ്‌ എന്നു കൂട്ടാം അല്ലേ?

അപ്പോള്‍ 2007ഇലെ കൊളോണിയല്‍ ഇന്ത്യക്കാരനു ആയുസ്സ്‌ 31 എന്നുറപ്പിക്കാമോ?

കാര്‍ഷികവരുമാനം കൂടിയതിന്റെ മുഖ്യ കാരണം ഒന്നാം പഞ്ചവത്സര പദ്ധതിയാണെന്ന് പറയാം, ശേഷവും പുരോഗതി തന്നെ, ഈ അടുത്ത ദശകങ്ങളിലാണു ആദ്യമായി ഭക്ഷ്യവിഭവസ്വാശ്രയത്വം ഇന്ത്യ നേടിയത്‌ . പ്രതിശീര്‍ഷവരുമാനം ഇരട്ടിക്കുന്നത്‌ തീര്‍ച്ചയായും ജപപ്പെരുപ്പത്തെ തോല്‍പ്പിച്ച്‌ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണമല്ലേ? (ബ്രിട്ടന്റെ പ്രതിശീര്‍ശവരുമാനം -മേലേ ലിങ്കിലുണ്ട്‌ വളരുന്ന ശതമാനവും ഇന്ത്യയുടേതുമായി നോക്കുക.
ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവസാന അമ്പതുവര്‍ഷവും ഇത്‌ താഴോട്ടായിരുന്നു ചലിച്ചത്‌ ഇന്ത്യയില്‍)

2. വിമതന്‍
സാമൂതിരിഭരിച്ചിരുന്നില്ലെങ്കില്‍ തോക്കും പീരങ്കിയും ഒരിക്കലും കോഴിക്കോട്‌ ഉണ്ടാവില്ലെന്നു അനുമാനിക്കണോ അതോ ലോകം വെടിമരുന്നു കണ്ടുപിടിച്ച കാലത്ത്‌ സാമൂതിരി കോഴിക്കോട്‌ ഭരിച്ചിരുന്നു എന്നത്‌ രണ്ട്‌ യാദൃശ്ചിക സംഭവങ്ങളായി നിര്‍ത്തണോ എന്ന സംശയം റെയില്‍, വാക്സിനേഷന്‍ തുടങ്ങിയ "ബിസിനസ്സുകളില്‍" എനിക്കു വരുന്നുണ്ട്‌. ഈ വാക്സിനേഷനുകള്‍ക്കൊന്നും ലോകത്തെ ഏറ്റവും കുറഞ്ഞ ആയുര്‍ ദൈര്‍ഘ്യമുള്ള ജനവിഭാഗത്തില്‍ നിന്നും നമ്മളെ ഉയര്‍ത്താനായില്ലോ. പോട്ടെ. ആ റഷ്യന്‍ ചക്രവര്‍ത്തി വരെ മഹാക്ഷാമകാലത്ത്‌ ജനങ്ങള്‍ക്ക്‌ എന്തെങ്കിലും എച്ചില്‍ എറിഞ്ഞുകൊടുത്തിരുന്ന കാലത്തു പോലും പത്തു പതിനാലു കോടി ജനം വിശന്നു ചാകുമ്പോള്‍ ബ്രിട്ടനിലൊഴുകുന്ന തേനും പാലും പോയിട്ട്‌ ഒരു കട്ടന്‍ ചായ പോലും ഇങ്ങോട്ട്‌ തരാതെ എന്തിനായിരുന്നു വാക്സിനേഷന്‍?

ബ്രിട്ടന്റെ മറ്റുകോളനികള്‍ എന്തുകൊണ്ട്‌ ഐ റ്റി സൂപ്പര്‍ പവറോ ഐ റ്റി ലേബര്‍ സപ്ലൈ മാര്‍ക്കെറ്റ്‌ ലീഡറോ ഒന്നും ആയില്ല?

പാരമ്പര്യ ചൂഷണ അന്ധവിശ്വാസ അബദ്ധവിദ്യാഭ്യാസ രീതിയെ കെട്ടിപ്പിടിച്ചിരിക്കാന്‍ ബാഹ്യ ലോകത്തേക്കുള്ള വാതിലുകളെല്ലാം കോട്ട കിടങ്ങുകള്‍ തീര്‍ത്ത തിബത്ത്‌ പോലും ഇന്ന് ആധുനിക വിദ്യാഭ്യാസം തന്നെ പിന്‍തുടരുന്നത്‌.
ബ്രിട്ടീഷുകാരന്‍ വന്നില്ലെങ്കില്‍ കല്‍പ്പാന്തകാലത്തോളം നമ്മള്‍ തര്‍ക്കവും ജ്യോഷിഷവും തിരുവാതിരയും (യെസ്‌- എന്റെ അമ്മൂമ്മയുടെ മൂത്ത ചേച്ചി മൂന്നാം ക്ലാസ്‌ കഴിഞ്ഞ്‌ തിരുവാതിര ആയിരുന്നു പഠിച്ചത്‌) പഠിച്ച്‌ ഇവിടെ കൂടുമായിരുന്നോ?

സാംസ്കാരിക നവോത്ഥാനത്തിന്റെ കളമൊരുക്കലില്‍ ബ്രിട്ടീഷുകാരന്റെ പങ്കെന്ത്‌? (ഗാന്ധിയും അംബേഡ്കറും വിദേശവിദ്യാഭ്യാസമുള്ള ആളുകള്‍ ആയിരുന്നതുകൊണ്ടാണോ? അപ്പോള്‍ ശ്രീനാരായണന്‍? പോട്ടെ വിദ്യാഭ്യാസമേ നടത്താന്‍ ഭാഗ്യം കിട്ടാഞ്ഞ അയ്യങ്കാളിയോ?)

വനജ,
പിള്ളേര്‍ വാശിപിടിച്ചു കരയുമ്പോള്‍"ദേ നിന്നെ പിടിച്ചു പുലിക്കു തിന്നാന്‍ കൊടുക്കും" എന്നു പറയുന്നതുപോലെ ശരിക്കും ഉദ്ദേശിക്കാതെ തന്നെ വനജയെഴുതിയത്‌ എന്ന് എനിക്കറിയാമെന്നേ. പക്ഷേ ശരിക്കും ഉദ്ദേശിച്ചു പറയുന്നവരുണ്ട്‌, അതുപോലെ ഇമ്മാതിരി പരാമര്‍ശങ്ങള്‍ വായിച്ച്‌ അത്‌ ഉദ്ദേശിച്ചിട്ടു തന്നെ ആണെന്നു കരുതുന്നവരും ഉണ്ട്‌, അവര്‍ക്കു വേണ്ടി എഴുതിയെന്നേയുള്ളു . pinne thudaraam mani 2.21 AM :(

മൂര്‍ത്തി said...

വായിക്കാന്‍ വളരെ വൈകിപ്പോയി.

യോജിക്കുന്നു..

Jomy said...

Lord Macaulay’s address to the British Parliament in 2 February, 1835:


"I have traveled across the length and breadth of India and I have not seen one person who is a beggar, who is a thief. Such wealth I have seen in this country, such high moral values, people of such caliber, that I do not think we would ever conquer this country, unless we break the very backbone of this nation, which is her spiritual and cultural heritage, and, therefore, I propose that we replace her old and ancient education system, her culture, for if the Indians think that all that is foreign and English is good and greater than their own, they will lose their self-esteem, their native self-culture and they will become what we want them, a truly dominated nation."

ബ്രിട്ടീഷ് വൈസ്രോയി പറഞ്ഞ വാക്കുകള്‍ ആണിത്,

ഇതിലും വലിയ തെളിവ് എവിടുന്നു ലഭിക്കാന്‍ ആണ്.

ഇനിയെങ്കിലും തിരിച്ചറിയൂ, ഭാരതതീയ സംസ്കാരവും പൈതൃകവും കാത്തു സൂക്ഷിക്കേണ്ടത്തിന്‍റെ ആവശ്യം എന്തെന്ന്. വസ്ത്രത്തിലും, വാക്കിലും, നോക്കിലും, നടപ്പിലും, എല്ലാം പാശ്ചാത്യരെ അനുകരിക്കുകയാണ് ശ്രേഷ്ടം എന്ന് വിചാരിക്കുന്ന യുവതലമുറയെ , ഇനിയെങ്കിലും മനസിലാകൂ, സ്വയം കണ്ണടച്ചു ഇരുട്ടില്‍ ആകാതെ സത്യത്തെ തിരിച്ചറിയൂ.ഇപ്പോഴും നാം അവര്‍ സൃഷ്ടിച്ച മായ വലയത്തില്‍ തന്നെയല്ലേ. ഇനിയെങ്കിലും ജീവിക്കൂ വാക്കിലും, നോക്കിലും നടപ്പിലും എല്ലാം ഒരു ഭാരതീയനായി......
http://malayalatthanima.blogspot.in/2013/06/blog-post_4875.html