Friday, February 1, 2008

നെറ്റ്‌ കിട്ടാത്ത ഒരുത്തന്റെ പ്രതിഷേധം

ബ്ലഗാക്കളേ,
മൂന്നു ദിവസമായി ദുബായില്‍ കാറ്റും തിരയും ഒക്കെയായിട്ട്‌ ഇന്റര്‍നെറ്റ്‌ ആക്സസ്‌ നാശമാക്കിയതിനാല്‍ ബൂലോഗ ക്ലബ്ബില്‍ അഞ്ചല്‍ക്കാരന്‍ തുടങ്ങിയ ത്രെഡ്‌ മൊത്തം ലോഡ്‌ ആകുകയോ ഒരു കമന്റ്‌ ഇടാന്‍ എന്നെ അനുവദിക്കുകയോ ചെയ്യുന്നില്ല. എന്നുവച്ച്‌ മിണ്ടാതിരിക്കാന്‍ പറ്റുമോ, ആരെങ്കിലും ഇതൊന്നു അങ്ങോട്ട്‌ ലിങ്ക്‌ ചെയ്യൂ, അല്ലേല്‍ കോപ്പി പേസ്റ്റൂ.

കഴിഞ്ഞ പല ലക്കങ്ങളായി കലാകൌമുദി ബ്ലോഗിനെയും ബ്ലോഗര്‍മാരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ലേഖനമെന്നും കവിതയെന്നും പേരിട്ട്‌ ആക്ഷേപങ്ങള്‍ അച്ചടിക്കുന്നുണ്ട്‌, ഇതില്‍ ഒരു ബ്ലോഗറെന്ന നിലയിലും ബ്ലോഗ്‌ വായനക്കാരനെന്ന നിലയിലും എനിക്കുള്ള ശക്തിയായ പ്രതിഷേധം അപ്പപ്പോള്‍ ബ്ലോഗില്‍ തന്നെ എഴുതുകയും ചെയ്യുന്നുമുണ്ട്‌. ഇത്‌ ഒരു തുടര്‍ പരിപാടിയാക്കാന്‍ കൌമുദി തീരുമാനിച്ച സ്ഥിതിക്ക്‌ ഇനിമേലില്‍ ഞാന്‍ കലാകൌമുദി എന്ന പ്രസിദ്ധീകരണം വാങ്ങുകയോ വായിക്കുകയോ ചെയ്യില്ല എന്ന തീരുമാനത്തിലെത്തി നില്‍ക്കുകയാണ്‌. അടുത്ത കാലത്ത്‌ വാങ്ങിയ ലക്കങ്ങളിലൊന്നും ബ്ലോഗ്‌ പോസ്റ്റുകളുടെ പോയിട്ട്‌ മറ്റു ആനുകാലിക പ്രിന്റ്‌ പ്രസിദ്ദീകരണങ്ങളില്‍ ഉള്ളയത്ര നിലവാരം പുലര്‍ത്തുന്നതൊന്നും കലാകൌമുദിയില്‍ കാണാനാവാത്ത സ്ഥിതിക്ക്‌ ഈ തീരുമാനം ഒരു സമരമെന്നതിനപ്പുറം പാഴ്ചെലവ്‌ ഒഴിവാക്കലായും ഞാന്‍ കാണുന്നു.

എം കെ
ഹരികുമാറിന്റെ കോളം ഞാന്‍ വായിക്കാറില്ലാത്തതുകൊണ്ട്‌ അദ്ദേഹത്തെക്കുറിച്ച്‌ ഒന്നുമെഴുതുന്നില്ല, അദ്ദേഹത്തിന്റെ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നുമില്ല.