Monday, May 28, 2007

മനസ്സില്‍ പാട്ടുകള്‍ കുറിച്ചവര്‍

യാമശംഖൊലി വാനിലുയര്‍ന്നു സോമശേഖര ബിംബമുയര്‍ന്നു
നിറുകയില്‍ തൊഴുകൈ താഴികക്കുടമേന്തി
ദേവാലയം പോലും ധ്യാനിച്ചു നിന്നു
"ശരിക്കും കാണാന്‍ പറ്റുന്നുണ്ട് അത്‌. ആരെഴുതിയതാണോ?" വിദ്യ ചോദിച്ചു.
ബിച്ചു തിരുമല.

പാട്ടെന്നു കേള്‍ക്കുമ്പോള്‍ വയലാര്‍, ശ്രീകുമാരന്‍ തമ്പി, ഓ എന്‍ വി, യൂസഫ് അലി കേച്ചേരി. ബാക്കിയെല്ലാവരും എങ്ങനെയോ നമ്മുടെ മനസ്സില്‍ നിന്നും പോയി.

ഒരുപാടു നല്ല പാട്ടെഴുതിയിട്ടും നമ്മളോര്‍ക്കാത്തവരെയും ഒരുപാട്ട്‌ മാത്രമെഴുതിയിട്ടും അത് മനസ്സില്‍ പതിപ്പിച്ചവരെയും ഒക്കെ നന്ദിയോടെ ഓര്‍ക്കാനൊരവസരം കിരണിന്റെ പോസ്റ്റ് തന്നു.

ചില ഗാനരചയിതാക്കളും അവരുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളും
൧. മങ്കൊമ്പ് - താലിപ്പൂ പീലിപ്പൂ
൨. പൂവച്ചല്‍ ഖാദര്‍- മൗനമേ നിറയും മൗനമേ
൩.മുല്ലനേഴി - പകലിന്റെ വിരിമാറില്‍ നിഴലു നീ
൪- പാപ്പനം കോട് ലക്ഷ്മണന്‍- ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍
൫- കാനം ഈ. ജെ.- തിരയും തീരവും ചുംബിച്ചുറങ്ങി
൬.എം. ഡി രാജേന്ദ്രന്‍- ഹിമശൈല സൈകത ഭൂമിയില്‍
൭. ഖാന്‍ സാഹിബ്- ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക
൮. സത്യന്‍ അന്തിക്കാട്- താരകേ മിഴിയിതളില്‍ കണ്ണീരുമായി
൯. കാവാലം- ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളില്‍
൧൦- ഭരണിക്കാവ് ശിവകുമാര്‍- സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ
൧൧- അപ്പന്‍ തച്ചേത്ത് ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ
൧൨. പി. രവീന്ദ്രന്‍- ദേവീ ക്ഷേത്ര നടയില്‍
൧൩- കൈതപ്രം- ദേവ ദുന്ദുഭീ സാന്ദ്രലയം

ഒറ്റയടിക്ക് എന്റെ ഓര്‍മ്മയില്‍ വരാത്തവരുണ്ട്,വരൊക്കെ മോശമാണെന്നല്ല, എന്തോ എന്റെ മനസ്സില്‍ പതിഞ്ഞു കിടപ്പില്ല അവരുടെ വരികളൊന്നും, പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍ക്കും..

Sunday, May 27, 2007

തുപ്പുസ്വാമീ, സ്തോത്രം

രാജേഷ് വര്‍മ്മയുടെ ഈ എം എസ് സ്തോത്രവും അതിനു ഉമേഷുഗുരു എഴുതിയ വ്യാഖ്യാനവും ബൂലോഗത്തിനിയാരും എടുത്തിട്ടു ചര്‍ച്ച ചെയ്യാന്‍ ബാക്കി കാണില്ല. അതില്‍ ഞാനിട്ട (പലതില്‍) ഒരു കമന്റ്. സീയെസ്സ് ഓര്‍മ്മിപ്പിച്ച രണ്ടാമത്തെ കമന്റ്.

രാജേഷ്‌ വര്‍മ്മ എഴുതിയ സംഭവത്തിന്റെ പെര്‍ഫെക്ഷനോട്‌ കട്ടക്ക്‌ കട്ട നില്‍ക്കുന്നു ഗുരുക്കളുടെ വ്യാഖ്യാനവും. എല്ലാം കണ്ട്‌ നമിച്ച്‌ കുത്തിയിരിക്കുന്നു. ഒരു മാതിരിപ്പെട്ട ഒരാള്‍ക്കും ഇങ്ങനെ ഒന്നു “കെട്ടാന്‍” പറ്റില്ല എന്നത്‌ മൂന്നര തരം.

പക്ഷേ ഈ മനോഹരമായ മുത്തുമണികള്‍ കെട്ടിയിരിക്കുന്ന നൂല്‍ എനിക്കു മനസ്സിലായില്ല. ഫോറമെഴുതിയിരുന്ന കാലത്ത്‌ ഇടത്‌ അല്ലെങ്കില്‍ വിമതയുള്ളവരെയെല്ലാം “ഈ എം എസ്‌ ഭഗവാന്റെ ഭക്തര്‍” എന്ന് ചിലര്‍ പരിഹസിച്ചു വിളിച്ചു പോന്നിരുന്നു. അതിനാല്‍ എനിക്കു മനസ്സിലായ വര്‍മ്മ അങ്ങനെ ഒരാളല്ലെങ്കിലും ഈ കൃതിയുടെ തലക്കെട്ട്‌ കണ്ട മാത്രയില്‍ ഒരു മുന്വിധിയോടെ ഇതിനെ സമീപിച്ച്‌ ആദ്യം കുറേ നേരം ഞാന്‍ ആവശ്യമില്ലാത്ത കണ്‍ഫ്യൂ അടിച്ചോ എന്നും സംശയം.

സിനിമാ നിര്‍മ്മാതാവും മറ്റുമായ ആര്‍ കെ സരസനായ ഒരു വ്യവസായിയാണ്‌. സങ്കീര്‍ണ്ണമായ ഒരു പ്രശ്നം കണ്ടാല്‍ അതിനെ ലളിതവല്‍ക്കരിച്ച്‌ ഒരു കെട്ടുകഥയുണ്ടാക്കി ഫേസറ്റഡ്‌ അനാലിസിസ്‌ (വക്കാരി കളിയാക്കല്ലേ, ഇം മ മ ഡിക്ഷണറി കയ്യിലില്ല, ഞാന്‍ ആപ്പീസിലാ) നടത്തുന്നതില്‍ പ്രഗത്ഭനാണ്‌ പുള്ളി.

കഴിഞ്ഞ ലീവില്‍ നാട്ടില്‍ പോയ വഴി മൂപ്പരോടൊപ്പം കുറച്ച്‌ സമയം ചിലവിട്ടു. ഭയങ്കര താടി ഒരെണ്ണം അണ്ഡകടാഹമായ ഒരു കാര്യം പറഞ്ഞപ്പോ “ഇതാണോ താന്‍ പറഞ്ഞു വരുന്നത്‌?” എന്ന ചോദ്യത്തോടെ ആര്‍ കെ ഒരു സിമ്പ്ലിഫൈഡ്‌
കെട്ടു കഥ പറഞ്ഞു.

“കുറേ വര്‍ഷം മുന്നേ ഉത്തര്‍ പ്രദേശില്‍ ഒരു വലിയ തത്വ ചിന്തകന്‍ ജനിച്ചു. അദ്ദേഹം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അതിന്റെ പേരിലുള്ള തിന്മകള്‍ എന്നിവയ്ക്കെതിരേ ജനങ്ങളോട്‌ സംസാരിച്ച്‌ തെരുവുകളിലൂടെ നടന്നു.

പൊട്ടന്മാരായ ആളുകള്‍ക്ക്‌ ഒന്നും മനസ്സിലായില്ല, ഇങ്ങേര്‍ എന്തോ വലിയ മനുഷ്യനാണെന്നു മാത്രം മനസ്സിലായി. ഒരു മനുഷ്യന്‍ മുന്നോട്ട്‌ ചെന്നു തൊഴുതു. “സ്വാമീ ഞാന്‍ ഒരു ധനികന്‍ ആകാന്‍ അനുഗ്രഹിക്കണം”

ആചാര്യനു ഭയങ്കര സങ്കടവും ദേഷ്യവും വന്നു. ഇത്രയും കാലം പറഞ്ഞതൊക്കെ പൊട്ടന്റെ മുന്നില്‍ ചെന്ന് ശംഖൂതിയത്‌ പോലെ ആയല്ലോ! അയാള്‍ വന്നവന്റെ മുഖത്ത്‌ ഒരൊറ്റ തുപ്പ്‌ “ഭൂ പോടാ!”

അപ്പോഴല്ലേ ഗ്രാമീണര്‍ക്ക്‌ ആചാര്യന്‍ എന്തെന്നു മനസ്സിലായത്‌. “ഓടിവാടാ, തുപ്പി അനുഗ്രഹിക്കുന്ന ഒരു സ്വാമി വന്നിരിക്കുന്നു” തൊഴു കയ്യോടെ ജനം ആയിരക്കണക്കിനു കൂടി. ആചാര്യന്‍ അഞ്ചാറു തുപ്പു കൂടെ തുപ്പി, അപ്പോഴേക്ക്‌ ജന്മം പാഴായ വിഷമത്തില്‍ സ്ട്രോക്ക്‌ വന്ന് മരിച്ചും പോയി. ആളുകള്‍ തുപ്പുസ്വാമി ഭൂസമാധിയായ മണ്ണില്‍ ഒരു ആശ്രമവും കെട്ടി അദ്ദേഹത്തെ ആരാധിച്ചു പോരുന്നു.”

ആര്‍ കെ പറഞ്ഞ ഈ തമാശക്കഥയും വര്‍മ്മയുടെ നൂറിനുപുറത്തെട്ടും തമ്മില്‍ ഒരു പാരലല്‍ ഉണ്ടോ? ഇല്ലെങ്കില്‍ എനിക്കു സംഭവം ഇനിയും മനസ്സിലായില്ല.

Saturday, May 26, 2007

ഹൈദരാബാദിലെ ഒരു വിചിത്ര ജീവി

ആഷയുടെ പെലിക്കന്‍ റേസ്‌ പോസ്റ്റില്‍ ഇട്ടത്‌. . സീയെസ്സ്‌ ഓര്‍മ്മിപ്പിച്ച കമന്റ്‌ # 1

പണ്ട്‌ ഞാന്‍ ഗാരു ഹൈദരാബാദിലു ജോലിയുലു ചെയ്യാലു ഒസ്തിനാരു. ( ആ കഥയൊന്നും പറയണ്ടാ ...) എന്തായലും പോയ വഴി സൂ പാര്‍ക്കിലും കയറി.

കരടി, ചെന്നായ, പുള്ളിപ്പുലി, ഓരോ കൂടു താണ്ടി അങ്ങനെ പോകുമ്പോള്‍ ഒരു തെലുങ്കാന ഒരിടത്തു നിന്നു മക്കളോടു കൂവുന്നു.. "ലുക്ക്‌, ലുക്ക്‌ ജെബ്ര ജെബ്ര."

ഇതേതാണപ്പാ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ജീവി എന്നറിയാന്‍ അയാളുടെ പിള്ളേരോടൊപ്പം ഞാനും ഓടിപ്പോയി ജെബ്രയെ നോക്കി. കുതിരമുഖം, കറുത്തവരകള്‍, വെളുത്ത വരകള്‍, കുഞ്ചിരോമം .. അയ്യേ ഇതാരുന്നോ.

(കടുവ വെള്ളത്തില്‍ മീന്‍ പിടിക്കുന്നത്‌ നേരില്‍ കണ്ടതും ഹൈദരാബാദ്‌ ജൂ പാര്‍ക്കിലാണ്‌, അസ്സല്‍ കാഴ്ച്ച.)

Sunday, May 20, 2007

ഒരു വെല്ലു ഞാന്‍ വിളിച്ചപ്പോള്‍

ആദിയില്‍ ബൂലോഗത്ത്‌ ഒരു കുമാറും ഒരു തുളസിയും ഒക്കെ മാത്രമായിരുന്നു ചിത്രങ്ങളെടുത്തിരുന്നത്‌.

വല്ലപ്പോഴും സീയെസ്സ്‌ ഒരു പടമിടും. കൈപ്പള്ളി അന്നു യൂണിക്കോടന്‍ മുത്തപ്പനെ (ക്രെഡിറ്റ്‌ മനുവിന്‌ ) ധ്യാനിച്ച്‌ ഹത്ത മലയില്‍ തപസ്സിരിപ്പായിരുന്നെങ്കിലും ബ്ലോഗ്‌ ഉണ്ടായിരുന്നില്ല.

അമേരിക്കയില്‍ മഞ്ഞു കാരണം തനിമലയാളത്തിനു പനി പിടിച്ചെന്ന് പറഞ്ഞപ്പോ അതൊന്നു കാണാന്‍ മരുഭൂമിക്കാര്‍ക്കു വേണ്ടി ഞാന്‍ ഒരു വിക്കി സ്റ്റൈല്‍ ചലെഞ്ജ്‌ നടത്തി ദാ ലങ്ങനെ:-
"ഒരു വെല്ലങ്ങോട്ട് വിളിക്കു കലേഷേ. മരിച്ചുപോയ ചൊരിമണലിലെ എലിപ്പത്തായം പോലത്തെ ഫ്ളാറ്റിൽ താമസിക്കുന്ന, സ്പ്രിങ്ങെന്നാൽ ബോൾ പേനക്കകത്തെ സൂത്രമെന്നും ഫാളെന്നാൽ പഴത്തൊലിയിൽ ചവിട്ടുമ്പോൾ സംഭവിക്കുന്നതെന്നും മാത്രമറിഞ്ഞ, 365 ദിവസവും എരിതീവെയിൽ മാത്രം നാലു ചുറ്റിനും കാണുന്ന പാവം ഗൾഫുകാരമ്മാർരെടുക്കുന്ന ഫോട്ടോയെ വെല്ലാവുന്ന പടങൾ ഈ അമേരിക്കക്കാരിടാൻ! (അവരു നളനെയിറക്കിയാൽ അപ്പോഴേ പോയി നിഷാദിനെ ഇങ്ങോട്ട് വലിച്ചോണേ )ഇടിവാള് പങ്ങളെടുക്കുന്ന സീയെസ്സ് എവിടെത്തുകാരനാണാവോ..)"

അതങ്ങോട്ട്‌ ഏറ്റു. സിബു, ഗുരു, ഏവൂരാന്‍ തുടങ്ങി സകല അമേരിക്കക്കാരും പടമിടീല്‍ ശക്തമാക്കി, അന്നു തൊട്ട്‌ ഇന്നു വരെ. യാത്രാമൊഴി, നളന്‍ തുടങ്ങിയവരെ അങ്ങനെ അരിച്ചു പെറുക്കി അമേരിക്കരു മലയാളവേദിയില്‍ നിന്നും ആവാഹിച്ചു കൊണ്ടിരുത്തിയതാണെന്നും ഒരു വാദമുണ്ട്‌.എന്തായാലും ആ ചാലെഞ്ജ്‌ ഇല്ലായിരുന്നെങ്കില്‍ സീയെസ്സിന്റെ ഈ മനോഹരമായ പടം ജനിക്കില്ലായിരുന്നു.

Saturday, May 19, 2007

അബുദാബിയിലെ ഇരണ്ട അറ്റാക്ക്

ദില്‍ബാസുരന്റെ ആദ്യ പോസ്സ്റ്റുകളില്‍ ഒന്ന് ആയ ഒരു ഗള്‍ഫ് കഥയില്‍ ഇട്ട കമന്റ്

ഗള്‍ഫുകാരൊക്കെ കള്ളം പറയുന്നവരാണെന്ന് പൈലിക്കുട്ടി ഒരു കമന്റ്‌ ഇട്ടതു വഴി വന്നു നോക്കിയപ്പോഴാ ഇതു കണ്ടത്‌.

ഇത്രയും വലിയൊരു സത്യം സത്യത്തില്‍ പ്രതീക്ഷിച്ചില്ല കേട്ടോ. ചിരിച്ചു പണ്ടം കലങ്ങിപ്പോയി ദില്‍ബാ.

പകരം തരാന്‍ ഒന്നുമില്ല എന്റെ കയ്യില്‍, ഓണമായിട്ട്‌ ഓട്ടക്കൈയ്യും ഒഴിഞ്ഞ തലയുമാ.. ഹ്ം... പണ്ടാരാണ്ടും ഒരു കേരളീയന്‍ പറഞ്ഞ ഒരു പാര്‍ട്ടി തമാശ മതിയോ?

പണ്ടു പണ്ട്‌, ഓയില്‍ ബൂമിന്റെ "ബൂം" മുഴങ്ങിക്കേട്ട്‌ വളരെ ഇമ്മിണി വര്‍ഷം കഴിഞ്ഞ്‌ ഒരു വിന്റേജു വിന്റര്‍ കാലം. അബുദാബിപ്പട്ടണത്തില്‍ ഇരണ്ട (sea gull) പട്ടമായി വരാന്‍ തുടങ്ങി. തുടങ്ങിയിട്ടു തീരുന്നില്ല, ഒന്ന്, പത്ത്‌ ഒരു കോടി, ശതകോടി.

പക്ഷികള്‍ ഇടിച്ച്‌ വിമാനങ്ങള്‍ കേടായി, ആയിരക്കണക്കിനു ചത്തു വീണ്‌ പാര്‍ക്കും ബീച്ചും നാറിപ്പുഴുത്തു, ഒന്നും ചെയ്യാന്‍ വയ്യ, പകര്‍ച്ച വ്യാധികള്‍ പൊട്ടി പുറപ്പെടുമെന്ന അവസ്ഥയായി.

അപ്പോ എത്തി ഒരു മാലിക്കാരന്‍. അവന്‍ ഷേഖിനെ ചെന്നു കണ്ടു. കടല്‍ക്കാക്കകളെ എല്ലാം ഞാന്‍ ഓടിക്കാം, ഫ്ലാറ്റ്‌ റേറ്റ്‌, ഒരു മില്ല്യണ്‍. പണി കഴിഞ്ഞു കാശു തന്നാല്‍ മതി. ഡീല്‍.

മുങ്ങിച്ചാവാന്‍ തുടങ്ങുന്നവന്റെ കച്ചിത്തുരുമ്പായ ഏലിമാലി നേരേ തന്റെ പെട്ടി തുറന്നു. പത്ത്‌ ചുവന്ന ഇമല്‍ഷന്‍ പെയിന്റ്‌ അടിച്ച സീ ഗള്ളുകളെ തുറന്ന് അബുദാബി കോര്‍ണിഷിലേക്ക്‌ പറത്തി. എന്തൊരതിശയം, ചുവന്ന
കിളിയെക്കണ്ട്‌ സകല പക്ഷികളും പറന്നു രക്ഷപ്പെട്ടുകളഞ്ഞു!

ആ രാജാവ്‌ സന്തോഷം കൊണ്ട്‌ കരഞ്ഞുപോയി. പിന്നെ മാലിക്കാരനെ വിളിച്ചു മെല്ലെ ചോദിച്ചു . "ഒരു ഉപകാരം കൂടി.. നിന്റെ കയ്യില്‍ ചുവന്ന മലയാളി ഉണ്ടോ? എത്ര പണം വേണമെങ്കിലും തരാം ഞാന്‍."

Tuesday, May 8, 2007

അരിയോര!

കൈപ്പള്ളിയുടെ ഫ്ലാമിംഗോ വഴി നളന്റെ ഫ്ലാമിംഗോയില്‍ എത്തിയപ്പോഴാ അവിടൊരു ഓഫ്‌ കിടക്കുന്നത്‌ കണ്ടത്‌.. ഇങ്ങോട്ട്‌ എടുത്തു.കൊല്ലത്തൊക്കെ കാര്‍ത്തിക നാളില്‍ കുട്ടികള്‍ പുല്‍തൈലമുണ്ടാക്കുന്ന പുല്ലിന്റെ തോട്ടി പോളെ നീണ്ട തണ്ടില്‍ പന്തം കെട്ടി ഓടുന്ന ഒരാഘോഷം- അരിയോര.


അരിയോര അരിയോര" എന്നു കൂവി പായുന്നത്‌ വയലിലാണെങ്കിലും അരിയുമായോ നെല്ലുമായോ ഈെ വിളിക്ക്‌ ബന്ധമില്ല "ഹരഹരോ ഹരഹര" (മ്മടെ കടോ നടേ ശിവാ എന്ന്) എന്ന വിളി പിള്ളേരു നൂറ്റാണ്ടുകളായി വിളിച്ചു വിളിച്ച്‌ അരിയോര ആയതാണ്‌.

കാര്‍ത്തിക സമയത്താണു നമ്മുടെ ഏലകളില്‍ നെല്ലു കതിരിടുന്നത്‌. പന്തം കൊളുത്തിപ്പട അതും വീശി വയലില്‍ ഓടുമ്പോള്‍ ഒരു പരാമറും ഇല്ലാതെ ചാഴി ചത്തു പോകും, എല്ലാ വയലിലും ഒരു സമയത്താകുമ്പോള്‍ ചാഴി ശല്യം ഏതാണ്ട്‌ മൊത്തത്തില്‍ ഒടുങ്ങി കിട്ടും, അതുകൊണ്ട്‌ ഇതിനു സന്ധ്യാ സമയം തന്നെ തിരഞ്ഞെടുത്തു.

പിള്ളേരാകുമ്പോള്‍ അവര്‍ക്കതൊരു രസമുള്ള ആചാരം, കൂലി കൊടുത്ത്‌ ആളെ വയലേ ഓടിക്കണമെങ്കില്‍ കാശെത്ര ചിലവാകും! ഈ കാര്‍ന്നോമ്മാരുടെ ഒരു.. ഇതാകുമ്പോ പിള്ളേര്‍ക്കു വല്ല കാച്ചിലോ നനകിഴങ്ങോ ചെറുകിഴങ്ങോ മധുരക്കിഴങ്ങോ ചേനയോ മഴച്ചേമ്പോ പറമ്പിലുള്ളത്‌ പുഴുങ്ങിക്കൊടുത്താല്‍ മതി.

പുല്‍ത്തൈലം കത്തുന്ന മണം കൊണ്ട്‌ കൊതുകു പോകുമെന്നതിനാലാണ്‌ അരിയോരക്കമ്പേല്‍ പന്തം കെട്ടുന്നത്‌- ഒരു വെടിക്ക്‌ ചാഴീം കൊതുകും! അതില്ലേല്‍ മരച്ചീനിയുടെ കമ്പില്‍ ചൂട്ടു കെട്ടിയാല്‍ ഒന്നാന്തരം കുന്തം പോലെ പന്തം ഉണ്ടാക്കാം . അതിനു പേരില്ലാത്തതിനാല്‍ "കുന്തപ്പന്തം" എന്ന് നമുക്ക്‌ വിളിക്കാം?

ത്രേ അറിയാവൂ....

ഇന്നു കാര്‍ത്തികയെന്നാല്‍ 5 മണ്‍ ചിരാതു വാങ്ങിച്ച്‌ വീടിന്റെ പടിയേല്‍ വച്ചു കത്തിക്കും എന്നിട്ട്‌ വന്നിരുന്നു "സ്ത്രീ ഒരു ജ്വാല" കാണും. അപ്പോള്‍ ബ്ലേഡുകാരന്‍ ഡെയിലി പിരിവിനു വരും. വിളക്കിന്റെ കാര്യമോര്‍ക്കാതെ കൊച്ചമ്മ ഇറങ്ങി പടിയില്‍ നില്‍ക്കും അവര്‍ "ജ്വാലയായ്‌...."