Thursday, August 23, 2007

ബ്രിജ്‌ വിഹാരം

വാള്‍പ്പാറയില്‍ നിന്നും തിരിച്ചു നാട്ടിലേക്ക് പോകാനുള്ള വഴിതെറ്റിപ്പോയില്ലെങ്കില്‍ ഒരുപക്ഷേ ഒരിക്കലും ഞാന്‍ ഷോളയാര്‍ എന്ന മനോഹരമായ വനത്തിലൂടെയുള്ള ഡ്രൈവ് ആസ്വദിക്കില്ലായിരുന്നു.

മനുവിന്റെ ബ്ലോഗ്ഗ് വായിക്കാറുണ്ട്, ചിലപ്പോഴൊക്കെ കമന്റും ഇടാറുണ്ട്. ഈ അടുത്ത സമയത്ത് മനു എനിക്കിട്ട ഒരു കമന്റില്‍ വെറും മനു എന്നല്ല ജി. മനു എന്നു കണ്ടു. മൂപ്പരുടെ ഒറ്റക്കോടന്‍ മുത്തപ്പനും പഴയന്‍ജലീ ഭഗവതിയും വാഴുന്ന പ്രൊഫൈല്‍ അപ്ഡേറ്റ് ആയ കൂട്ടത്തിലാവും പേരും പരിഷ്കരിച്ചതെന്നും എന്നാല്‍ പുനപ്രതിഷ്ഠ ഒന്നു കണ്ട് തൊഴുതേച്ചു പോകാമെന്ന് കരുതി ക്‍ളിക്കി. വഴി തെറ്റി. സേലത്തോട്ടു തിരിച്ച ഞാന്‍ ഷോളയാറ് കൊടും കാട്ടിലെത്തിയപോലെ നേരേ ബ്രിജ്‌വിഹാരത്തിനകത്ത് ചെന്നു കേറി. അപ്പോഴാണു ഞാനറിയുന്ന മനു അല്ല ജീ മനു എന്നു മനസ്സിലായത്.


ബ്രിജ് വിഹാരം എന്ന ഡെല്‍ഹി‌മലയാളി കോളനിയിലെ തമാശ സംഭവങ്ങളാണു ബ്ലോഗിന്റെ നട്ടെല്ല്. പുറം ലോക കഥകളും ചിലതുണ്ട്. പോസ്റ്റുകള്‍ മിക്കതും സ്റ്റാന്‍ഡ് എലോണ്‍ എപ്പിസോഡുകള്‍ ആണ്‌. ബ്രിജ് വിഹാരത്തിലെ ഒരുപാട് അന്തേവാസികളെ കഥാപാത്രങ്ങളാക്കിയിട്ടുണ്ടെങ്കില്‍ അവരെയൊക്കെ വായനക്കാരന്റെ മനസ്സില്‍ പതിപ്പിച്ചു വയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളതുകൊണ്ട് എണ്ണം വായനക്കാരന്റെ വഴിയിലെ മുള്ളാകുന്നതേയില്ല.

ഇതുവരെ ഇരുപത്താറു പോസ്റ്റുകള്‍ ആയ ബ്രിജ്‌വിഹാരം ഫുള്‍ ഫീഡ് തരാന്‍ സന്മനസ്സു കാട്ടുന്നയിടം ആയതുകൊണ്ട് ഗൂഗിള്‍ റീഡറില്‍ തന്നെ ഒരു ഈ ബുക്ക് പോലെ ഒറ്റ മണിക്കൂറില്‍ വായിച്ചു തീര്‍ത്തു, ഒരു കമന്റും ഞാന്‍ കണ്ടില്ല, അങ്ങനെ എന്റെ മാത്രം മനസ്സിലാണ്‌ ഞാന്‍ ഈ ബ്ലോഗ് മുഴുവന്‍ ഒറ്റയടിക്കു തീര്‍ത്തത്. ചെലവഴിച്ച സമയം മുതലായി!

പ്രസന്റേഷന്‍ സ്കില്‍ (എന്തരാണിതിന്റെ മലയാളം എന്ന് ഭാഷ പഠിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ പറഞ്ഞു താ) ആണു മനുവിന്റെ (മാഗ്നിഫൈയര്‍, സിജി, പ്രതിഭ എന്നിവരുടെയും) ശക്തി. അത് ഓരോ എപ്പിസോഡ് കഴിയും തോറും മെച്ചപ്പെടുന്നുമുണ്ട്. ഇംപ്രസ്സ് ചെയ്യാത്തത് പോസ്റ്റിന്റെ തലക്കെട്ടുകളും.
അക്ഷരത്തെറ്റിനു പഞ്ഞമില്ല എന്നു ഞാന്‍ പറഞ്ഞാല്‍ രണ്ടുകാലിലും മന്തുള്ളവന്‍ കുളത്തില്‍ ഇറങ്ങി നിന്നിട്ട് കാലില്‍ കുരുവുള്ളവനെ നോക്കി ചിരിക്കുന്നതുപോലെ ആകും.

സംഭാഷണങ്ങളുടെ ആധിക്യം കഥയ്ക്ക് നാടകത്തിന്റെ scriptന്റെ രുചി കൊടുക്കും. ആദ്യത്തെ ചില പോസ്റ്റില്‍ ഉണ്ടായിരുന്ന ഈ പ്രശ്നം പിന്നീട് മനു പരിഹരിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് ലേറ്റസ്റ്റ് പോസ്റ്റുകളാണ്‌ എന്നതില്‍ നിന്നും എഴുത്ത് പുരോഗതിയുടെ വഴിയിലാണെന്ന് അനുമാനിക്കാം.

5 comments:

myexperimentsandme said...

പ്രസന്റേഷന്‍ സ്കില്‍:

ശ്വാസം ഒന്ന് വലിച്ചെടുത്തിട്ട് “അവതരണ വൈദഗ്‌ദ്യം” എന്നൊന്ന് പറഞ്ഞിട്ട് ഒരു വലിയ ഗ്ലാസ് സോഡാ നാരങ്ങാവെള്ളം കുടിച്ചിട്ട് ഒന്ന് വീശുക കൂടി ചെയ്താലോ :)

ഇനി പിരിച്ചെഴുതി പ്രസന്‍+ റേഷന്‍+ സ്കില്‍ എന്നാണെങ്കില്‍ റേഷന്‍ കടയില്‍ സന്നിഹിതനാകാനുള്ള കഴിവ് (പണ്ട് തുളസി ഇതിനെപ്പറ്റി പറഞ്ഞിരുന്നു) എന്നാക്കണോ?

അതുമല്ലെങ്കില്‍ സമ്മാനം കൊടുക്കാനുള്ള കഴിവ്...?

അടി വാങ്ങിച്ച് കെട്ടാനുള്ള കഴിവിനെ എന്താണ് പറയുന്നത്?

ജീമനു നമ്മുടെ പുള്ളിയല്ലേ :)

(വട്ടോഫിന് ആയിരത്തിയൊന്ന് തവണ മാപ്പ്)

പുള്ളി said...

ദേവേട്ടാ, ഇപ്പോഴെങ്കിലും വയിച്ചൂലോ. സ്വാഭാവിക നര്‍മമെഴുത്തുകാരില്‍ ഒരു പുലിയല്ലേ ഈ (ജീ) മനു.
പ്രസന്റേഷന്‍ സ്കില്‍ എന്നതിന് വക്കാരി പറഞ്ഞതും പറയാം പിന്നെ 'അവതരണ പാടവം' എന്നും പറയാം.

Haree said...

പ്രസന്റേഷന്‍ സ്കില്‍ = അവതരണമിടുക്ക്
എന്നും പറയാം... :)

പക്ഷെ, അവതരണപാടവമാണ് എനിക്കിഷ്ടമായത്. ഒരൊഴുക്കുമുണ്ട്, വൈദഗ്ദ്ധ്യം (ഇതാട്ടോ ശരി, അല്ലെ?) എന്നൊക്കെ പറയുന്നതിലെ/ടൈപ്പുന്നതിലെ ബുദ്ധിമുട്ടുമില്ല.

ബ്രിജ്‌വിഹാരം നര്‍മ്മത്തിന്റെ വിഹാരരംഗമല്ലേ...
--

ശ്രീ said...

ദേവേട്ടന്‍‌ പറഞ്ഞതു പോലെ നര്‍‌മ്മം അതിരസകരമായ വൈഭവത്തോടെ അവതരിപ്പിക്കുവാനുള്ള ഒരു പ്രത്യേക കഴിവുണ്ട് മനുവേട്ടന്. അത് എല്ലാ പോസ്റ്റുകളിലും പ്രതിഫലിച്ചു കാണാം... എത്ര കഷ്ടപ്പെട്ട് പിടിച്ചിരുന്നാലും മിനിമം 3 തവണയെങ്കിലും നാമറിയാതെ പൊട്ടിച്ചിരിച്ചു പോകും ആ പോസ്റ്റുകള്‍‌ ഓരോന്നും വായിക്കുമ്പോള്‍‌. കൊറ്റകര പുരാണത്തിനും യൂറോപ്പു കഥകള്‍‌ക്കും ശേഷം പുസ്തകമാക്കാന്‍‌ ധൈര്യമായി നിര്‍ദ്ദേശ്ശിക്കാവുന്ന ഒന്നാണ്‍ ബ്രിജ് വിഹാരം എന്നാണ്‍ എനിക്കു തോന്നുന്നത്.

മനുവേട്ടന്‍ ആശംസകള്‍‌...
ദേവേട്ടനും ഓണാശംസകള്‍‌!!!

sandoz said...

നന്നായി ദേവേട്ടാ ഇതിവിടെ കൊടുത്തത്‌....
മനു ഇപ്പോള്‍ ബൂലോഗത്ത്‌ കിട്ടുന്നതിലും കൂടുതല്‍ ശ്രദ്ധ കിട്ടേണ്ട പോസ്റ്റുകളാണു എഴുതുന്നത്‌ എന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്‌.

അതു പോലെ സുന്ദരന്‍ എഴുതുന്ന റോമാകാഴ്ചകളും...മൂന്നാറിന്റെ ചരിത്രവും.
ദേവേട്ടന്‍ അത്‌ കണ്ടിട്ടില്ലെങ്കില്‍ ഇതൊന്നു നോക്കൂ..

http://naattukavala.blogspot.com/