Saturday, December 22, 2007

ദുര്യോധനന്റെ കണ്ണട

മുന്നത്തേത് കമന്റ് ആയതുകാരണം അതിലെ കമന്റുകള്‍ ശ്രദ്ധിച്ചില്ലായിരുന്നു ഇപ്പോഴാ വായിച്ചത് ത്രിശങ്കുവേ. കമന്റിന്റെ കമന്റിന്റെ കമന്റുകള്‍ അടുത്ത കമന്റു പോസ്റ്റാക്കുന്നു.

സമ്മതിച്ചു, ഒരു അണ്ഡവും ഒരു ബീജവും കൂടിച്ചേരുമ്പോള്‍ ഒരു സൈഗോട്ട് ഉണ്ടാകും. അങ്ങനെ 101 സൈഗോട്ട് ഉണ്ടായിരുന്നോ ഗാന്ധാരിയമ്മയുടെ വയറ്റില്‍?
ഇല്ലല്ലോ, വായിച്ചു തീരും മുന്നേ ചോദ്യം ചോദിച്ചു തൃശങ്കു, എവിടെ വച്ചാണു സെല്‍ ഡിഫറന്‍ഷ്യേഷന്‍ നടക്കുന്നതെന്ന് മാത്രമാണു പറഞ്ഞു വന്നത്, അവിടെ ഇങ്ങനെ ഒരു ചോദ്യം എന്തിനാണ്‌?

(ആ കോശം സ്വയം പിളരുന്നതിനു പല പല ഫേസസ് ഉണ്ട്, വിശദീകരിക്കുന്നില്ല.)
വേണ്ട, വര്‍ഷം കുറെയായെങ്കിലും, ഞാനും ബയോളജി പഠിച്ചിട്ടുണ്ട്. :)
ദേ വീണ്ടും അതു തന്നെ ചെയ്തു. അടുത്ത വരി കൂടെ വായിക്കെന്നേ, the statement means I have skipped those phases that are not very relevant. ഞാന്‍ ബയോളജിയെന്നല്ല, സ്പെഷലൈസ് ചെയ്ത ശാസ്ത്രേതര വിഷയം അല്ലാതെ മറ്റൊന്നും കൂടുതല്‍ പഠിച്ചിട്ടില്ല. ബ്ലോഗില്‍ എഴുതുന്നത് പൊതുജനസമക്ഷം ആയതുകാരണം ബയോളജി പഠിച്ചിട്ടുള്ളവരെ മാത്രം മുന്നില്‍ കാണാന്‍ വയ്യല്ലോ.

അതുകൊണ്ട് ടിഷ്യൂകള്‍ മനുഷ്യശരീരത്തില്‍ വളര്‍ന്നാലും പുറത്ത് ടെസ്റ്റ് റ്റ്യൂബിലോ ഘടത്തിലോ ഓട്ടുരുളിയിലോ വളര്‍ന്നാലും അതേ ടിഷ്യൂകള്‍ ആകുമെന്നല്ലാതെ കിഡ്ണിയിലുള്ള ടിഷ്യൂവിനു കണ്ണോ മൂക്കോ രോമമോ ആകാന്‍ കഴിയില്ല- അങ്ങനെ തീര്‍ത്ത് പറയാമോ. മൃഗങ്ങളിലോ മനുഷ്യരിലോ ഇത്തരത്തില്‍ ഇതു വരെ സാധിച്ചിട്ടില്ല എന്നതല്ലേ ശരി. സസ്യങ്ങളുടെ ടിഷ്യൂകള്‍ (തളിര്‍ ഭാഗം) പ്രത്യേക ലായനിയില്‍ വളര്‍ത്തുമ്പോള്‍ പൂര്‍ണ്ണ സസ്യാമായാണല്ലോ വളരുന്നത്. ഓരോ സെല്ലിനും പൂര്‍ണ്ണ സസ്യം /ജന്തു ആകാനുള്ള കഴിവുണ്ട്. അതിനെയാണ് totipotency എന്ന് പറയുന്നത്. പക്ഷേ അതിനെ stimulate ചെയ്യുവാനും അതിനു വളരുവാനുമുള്ള പരിതസ്ഥിതി ഉണ്ടായിരിക്കണമെന്ന് മാത്രം. ജന്തുക്കളില്‍ ഇതിന് വളരെ സങ്കീര്‍ണ്ണമായ സാഹചര്യം ഒരുക്കേണ്ടതുണ്ട്.

ഗാന്ധാരി ഒരു ചെടിയല്ലല്ലോ (കാന്താരി അല്ലേ ചെടി). എഴുതിവന്ന കോണ്ടക്സ്റ്റ് നോക്കണ്ടേ, ചെടിക്ക് കണ്ണുമില്ലല്ലോ. ടോട്ടിപൊട്ടന്‍സി പോസ്റ്റ് ഡിഫറന്‍സിയേഷന്‍ സ്റ്റേജിലുള്ള ജന്തുകോശങ്ങള്‍ക്ക് പോയി കിട്ടും എന്നും ഈ ഡീജെനറേറ്റീവ് പ്രോപ്പര്‍ട്ടിയെ റിവേര്‍സ് ചെയ്യാനുള്ള തന്ത്രം (ഇന്നത്തെ) ശാസ്ത്രത്തിനില്ല എന്നും ആണ്‌ പറഞ്ഞുവന്നത്. സങ്കീര്‍ണ്ണമായ എന്തു സാഹചര്യമാണ്‌ ൧൦൧ നെയ് കുടങ്ങളില്‍ ഒരുക്കിയതെന്ന് വ്യാസന്‍ വിശദീകരിട്ടുമില്ല.

സ്റ്റെം സെല്‍ ഗവേഷണങ്ങള്‍ ഇതിന്റെ ചുവടു പിടിച്ചാണ്‌.

അതെ potency കൂടുതലുള്ള കോശമാണ് സ്റ്റെം സെല്‍ - ഉദാഹരണത്തിന് പൊക്കിള്‍‌കൊടിയിലെ രക്തം. ഈ (Pluripotent) കോശങ്ങള്‍ ഉപയോഗിച്ച് പല അവയങ്ങളും വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പ്ലൂറിപൊട്ടന്‍സിയും ടോട്ടിപൊട്ടന്‍സിയും ഒന്നല്ലല്ലോ. എന്റെ കയ്യില്‍ അമ്പതിനായിരം രൂപ ഉണ്ടെന്ന് (ഉദാഹരണമാണ്‌, സത്യത്തില്‍ അഞ്ചിന്റെ തുട്ടു പോലും ഇല്ല) പറയുന്നതും ലോകത്തിലെ പണം മുഴുവന്‍ എന്റെ കയ്യില്‍ ആണെന്നു പറയുന്നതും ഒന്നല്ലാത്തതുപോലെ.

അഡല്‍റ്റ് സെല്ലുകള്‍ക്ക് പ്രീ ഗാസ്ട്രുലേഷന്‍ ഫേസിലേക്ക് മടങ്ങിപ്പോകാന്‍ ആകാത്തതുകൊണ്ടാണ്‌ ക്ലോണിങ്ങ് ചെയ്യുമ്പോള്‍ അഡല്‍റ്റ് സെല്ലിലെ ഡീ എന്‍ ഏ വേര്‍തിരിച്ച് ഡീ എന്‍ ഏ നശിപ്പിച്ച ഒരണ്ഡത്തില്‍ സന്നിവേശിപ്പിക്കുന്നത്.

അഡല്‍റ്റ് സെല്ലുകളുടെ potency കുറവാണെന്നത് ശരിയാണ്.
ചില സെല്ലുകള്‍ അനിയന്ത്രിതമായി വിഭജിക്കുന്നതെന്തെന്നും (കാന്‍സര്‍) വ്യക്തമായി നമുക്കറിയില്ല.

അനിയന്ത്രിമ്മായി വിഭജിക്കുമ്പോഴും അതിനു ടോട്ടിപൊട്ടന്‍സിയില്ലല്ലോ. അപ്പോ അതിനിവിടെ എന്തു പ്രസക്തി?

എന്റെ വിരല്‍ മുറിച്ച് അതില്‍ നിന്നും അടുത്ത ദേവനെ ഉണ്ടാക്കാന്‍ കഴിയില്ല
ദേവന്റെ കാര്യമറിയില്ല. പല രാക്ഷസന്മാര്‍ക്കും ഈ കഴിവുണ്ടായിരുന്നു എന്ന് കേട്ടിരിന്നു. :)
അനേറോബിക്ക് ബിക്ക് യൂണിസെല്ലുലര്‍ ഓര്‍ഗാനിസം പോലും ജീവിച്ചിരുന്നതിനു തെളിവുള്ള ഇന്നത്തെ മനുഷ്യനു അവര്‍ എന്നു ജീവിച്ചിരുന്നെന്നും എങ്ങനെ അന്യം നിന്നെന്നും അറിയാന്‍ പാടില്ലാതെ പോയതെന്തേ?

ഇനി വ്യാസന്റെ ദിവ്യദൃഷ്ടിയാല്‍ ഈ സൂക്ഷ്മവസ്തു കണ്ടെന്നും ദിവ്യായുത്താല്‍ അതിനെ ഛേദിച്ചെന്നും വയ്ക്കുക. അപ്പോള്‍ കൗരവന്‍ നൂറ്റൊന്ന് ഐഡന്റിക്കല്‍ സഹോദരരായി. ഗാന്ധാരി ദുര്യോധനനെയും ദുശ്ശാസനനെയും വിന്ദനെയും ഒക്കെ തിരിച്ചറിയാന്‍ വയ്യാതെ നടന്നേനെ. അങ്ങനെ അല്ലല്ലോ കൗരവര്‍?

ഈ സംശയമാണ് ഞാനും ആദ്യമേ പ്രകടിപ്പിച്ചത്. ദുശ്ശള ദുരൂഹമായിരിക്കുന്നുവെന്ന്. 101 എംബ്രിയോകളായിരുന്നോ പ്രത്യേകം ഘടത്തില്‍ വളര്‍ത്തിയത്? പക്ഷേ അതൊക്കെ വളരാനുള്ള സാഹചര്യം എങ്ങനെ
?
അതേ, അതിന്റെ കണ്‍ക്ലൂഷന്‍ ആയാണ്‌ ഞാന്‍ പറഞ്ഞത് ഇതിഹാസങ്ങള്‍ ഫിക്ഷന്‍ ആണെന്ന്. കഥയില്‍ ചോദ്യമില്ലല്ലോ.ഇതിഹാസങ്ങള്‍ ഫിക്ഷന്‍ മാത്രമാണ്‌.

ആഹ്, അങ്ങനെ തന്നെ വിശ്വസിക്കാം. :)


ഒരു ഭ്രൂണം ഛേദിച്ചത് നൂറ്റൊന്നാക്കി എന്നെഴുതിയ വ്യാസന്‍ അര്‍ജ്ജുനനു ഒഴിയാത്ത തൂണീരം കൊടുത്തിട്ടുണ്ട്. അതേതുശാസ്ത്രപ്രകാരം ന്യായീകരിക്കും ? വ്യാസന്റെ അമ്മ മല്‍സ്യഗന്ധി മീന്‍ ബീജം വിഴുങ്ങിയപ്പോ ജനിച്ച കഥയോ? വ്യാസന്‍ ജനിക്കാനായി കാളിന്ദിക്കു നടുവില്‍ മന്ത്രശക്തിയാല്‍ പരാശരമഹര്‍ഷി ദ്വീപ് ഉണ്ടാക്കിയതോ? അങ്ങനെ ആയിരം ചോദ്യം ഉയര്‍ത്താന്‍ ബുദ്ധിമുട്ടൊന്നുമില്ല.

ജോജു ചോദിച്ചതുപോലെ ബ്രെയിന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തി വിജയിക്കുമ്പോള്‍ അത് ബാലരമ കാര്‍ട്ടൂണിസ്റ്റിനു കൊടുക്കാമോ?

ഓര്‍ഡിനറി അഡല്‍റ്റ് സെല്ലിനെ പ്ലൂറിപൊട്ടന്റ് ആക്കാമോ എന്ന കാര്യത്തില്‍ ഒരു ചുവട് ശാസ്ത്രം വച്ചിട്ടേയുള്ളു, നിശ്ചിതഫലങ്ങളൊന്നും ആയിട്ടില്ല. ഡി എന്‍ ഏ റീപ്രോഗ്രാമ്മിങ് വ്യാസന്‍ നടത്തിയത് കുടത്തിലടച്ച് മന്ത്രം ചൊല്ലിയിട്ടാണെന്ന് പറഞ്ഞാല്‍ സംഭവം ബുദ്ധിമുട്ടാകും.

നമ്മള്‍ ചിന്തിച്ച് ചിന്തിച്ച് ഡി എന്‍ ഏ റീപ്രോഗ്രാമിങ്ങ് വരെ എത്തി നില്‍ക്കുകയല്ലേ, ഒരു ബാലേയ്ക്ക് സ്ക്രിപ്റ്റ് എഴുതി നോക്കാം?
"ദുശ്ശളേ എന്റെ കണ്ണാടിയെവിടെ കുട്ടീ?" (ആരും കൂവരുത്, ഈ ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള മെഡിക്കല്‍ എയിഡാണു മൂക്കു കണ്ണട, ഡീ എന്‍ ഏ റീപ്രോഗ്രാം ചെയ്ത വ്യാസനു അതറിയില്ലെന്നോ?)
"അമ്മേ, ആ ലൈറ്റ് ഒന്നിട്ടേ, ഏട്ടന്റെ കണ്ണട നോക്കട്ടെ" (അണുശക്തി വരെ ലതിലുണ്ട്, പിന്നല്ലേ വൈദ്യുതി)
" ഒന്നു വേഗം ആകെട്ടെടീ, ഞാന്‍ വണ്ടി ഡബിള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാ‌" ( ഫോസില്‍ ഫ്യുവലിനു ചെരുപ്പേറോ?)
"ഏട്ടാ ദാ ഫോണും കണ്ണടയും. ഇതെവിടേയ്ക്കാ വെപ്രാളപ്പെട്ട് ഓടുന്നത്?"
"പാണ്ഡവരുമായി ചൂതു തുടങ്ങാന്‍ പോകുകയല്ലേ, കള്ളച്ചൂത് പ്രാക്റ്റീസ് ചെയ്യാന്‍ ഒരു സിമുലേറ്റര്‍ എന്റെ ലാപ്പ് ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തു തരാമെന്ന് ശകുനിസ്സാറു പറഞ്ഞിട്ടുണ്ട്."
കാണികള്‍ക്ക് വിവരമില്ലെങ്കില്‍ അവരെറിയും, അത് കാര്യമാക്കാനില്ല.

(അരവിന്ദേ, ഗ്രീക്ക് ഇതിഹാസങ്ങള്‍ അത്ര വായിച്ചിട്ടില്ല, പണ്ടെങ്ങാണ്ട് ബോര്‍ അടിച്ചടിച്ച് ഇലിയഡ് വാശിക്കു വായിച്ചു തീര്‍ത്തു. എന്റെ കുഴപ്പമാവും, എന്തോ എനിക്കിഷ്ടപ്പെട്ടില്ല. )

6 comments:

അനില്‍ശ്രീ... said...

പകുതി വരെ വന്ന ശേഷം ഒരു ആവര്‍ത്തനം.... അതൊന്നു ശരിയാക്കണേ

ദേവന്‍ said...

അനില്‍ ശ്രീ, സംഭവം ശരിയാക്കിയിട്ടുണ്ടേ, അബദ്ധം ചൂണ്ടിക്കാട്ടിയതിനു നന്ദി. :)

ത്രിശങ്കു / Thrisanku said...

ഹൊ, ഈ ദേവനും കൌരവരും എന്നെയും കൊണ്ടേ പോകൂ.:)

അങ്ങനെ 101 സൈഗോട്ട് ഉണ്ടായിരുന്നോ ഗാന്ധാരിയമ്മയുടെ വയറ്റില്‍?
ഇല്ലല്ലോ, വായിച്ചു തീരും മുന്നേ ചോദ്യം ചോദിച്ചു തൃശങ്കു, എവിടെ വച്ചാണു സെല്‍ ഡിഫറന്‍ഷ്യേഷന്‍ നടക്കുന്നതെന്ന് മാത്രമാണു പറഞ്ഞു വന്നത്, അവിടെ ഇങ്ങനെ ഒരു ചോദ്യം എന്തിനാണ്‌?


ആ ചോദ്യം ഈ ഭാഗത്ത് ചോദിക്കേണ്ടതാണെന്ന് തോന്നി.

ഇവിടെ രണ്ട് സാദ്ധ്യതകളുണ്ട്. ഒന്ന് സെല്‍ ഡിഫറന്‍ഷ്യേഷന്‍ നടക്കുന്നതിന് മുന്‍പ്, ഒരു സൈഗോട്ട് വിഭജിച്ച് 101 വിഭിന്ന സൈഗോട്ടുകളായി മാറുക. ഇത്തരത്തിലുള്ള സൈഗോട്ടുകളില്‍ നിന്ന് കിട്ടുന്നത് ഐഡന്റിക്കല്‍ സഹോദരരായിരിക്കും. അങ്ങനെയായിരുന്നെങ്കിലും ഗാന്ധാരി ദുര്യോധനനെയും ദുശ്ശാസനനെയും വിന്ദനെയും ഒക്കെ തിരിച്ചറിയാന്‍ വയ്യാതെ നടന്നേനെ. അങ്ങനെ അല്ലല്ലോ കൗരവര്‍‌

രണ്ടാമത്തെ സാദ്ധ്യത 101 അണ്ഡവും 101 ബീജവും കൂടിച്ചേര്‍ന്ന് 101 സൈഗോട്ട് ഉണ്ടാവുക എന്നത്.

വേണ്ട, വര്‍ഷം കുറെയായെങ്കിലും, ഞാനും ബയോളജി പഠിച്ചിട്ടുണ്ട്. :)
ദേ വീണ്ടും അതു തന്നെ ചെയ്തു. അടുത്ത വരി കൂടെ വായിക്കെന്നേ


എനിക്കുള്ള മറുപടി എന്ന നിലയില്‍ ഞാന്‍ കേറിപറഞ്ഞെന്നേയുള്ളു. :)

സ്പെഷലൈസ് ചെയ്ത ശാസ്ത്രേതര വിഷയം അല്ലാതെ മറ്റൊന്നും കൂടുതല്‍ പഠിച്ചിട്ടില്ല.

എന്റെയും സ്പെഷലൈസേഷന്‍ ബയോളജി അല്ല. (A specialist is one who knows everything about something and NOTHING about anything else - എന്നാരോ പറഞ്ഞിരുന്നു :) )

കിഡ്ണിയിലുള്ള ടിഷ്യൂവിനു കണ്ണോ മൂക്കോ രോമമോ ആകാന്‍ കഴിയില്ല അങ്ങനെ തീര്‍ത്ത് പറയാമോ. മൃഗങ്ങളിലോ മനുഷ്യരിലോ ഇത്തരത്തില്‍ ഇതു വരെ സാധിച്ചിട്ടില്ല എന്നതല്ലേ ശരി.

ടോട്ടിപൊട്ടന്‍സി പോസ്റ്റ് ഡിഫറന്‍സിയേഷന്‍ സ്റ്റേജിലുള്ള ജന്തുകോശങ്ങള്‍ക്ക് പോയി കിട്ടും എന്നും ഈ ഡീജെനറേറ്റീവ് പ്രോപ്പര്‍ട്ടിയെ റിവേര്‍സ് ചെയ്യാനുള്ള തന്ത്രം (ഇന്നത്തെ) ശാസ്ത്രത്തിനില്ല എന്നും ആണ്‌ പറഞ്ഞുവന്നത്.


അത് അസാധ്യമാണെന്ന് പറയാന്‍ കഴിയില്ല എന്നാണ് ഉദ്ദേശിച്ചത്. യുണിപൊട്ടെന്‍സി മാത്രമല്ലാ, ജന്തു കോശങ്ങളില്‍ പ്ലൂറിപൊട്ടന്‍സിയും സാദ്ധ്യമാണെന്ന നിലയില്‍ ശാസ്ത്രം വളര്‍ന്നു - പൊക്കിള്‍‌കൊടിയിലെ രക്ത കോശങ്ങളില്‍ നിന്ന് പല അവയവങ്ങളും വളര്‍ത്താമെന്ന്‍ ശാസ്ത്രം പറയുന്നു. ഇനി ടോട്ടിപൊട്ടന്‍സിയും സാദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കാം. (രക്തബീജാസുരന്‍ മോഡല്‍ :) )

പ്ലൂറിപൊട്ടന്‍സിയും ടോട്ടിപൊട്ടന്‍സിയും ഒന്നല്ലല്ലോ.

ഒന്നാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.

ചില സെല്ലുകള്‍ അനിയന്ത്രിതമായി വിഭജിക്കുന്നതെന്തെന്നും (കാന്‍സര്‍) വ്യക്തമായി നമുക്കറിയില്ല.

അനിയന്ത്രിമ്മായി വിഭജിക്കുമ്പോഴും അതിനു ടോട്ടിപൊട്ടന്‍സിയില്ലല്ലോ. അപ്പോ അതിനിവിടെ എന്തു പ്രസക്തി?


കോശങ്ങള്‍ വിഭജിക്കുന്നതിനെ കുറിച്ചും വിഭജിക്കാതിരിക്കുന്നതിനെ കുറിച്ചുമുള്ള പല കാര്യങ്ങളും നമുക്ക് / ശാസ്ത്രത്തിന് അറിയില്ല എന്നാണ് പറഞ്ഞുവന്നത്.

അനേറോബിക്ക് ബിക്ക് യൂണിസെല്ലുലര്‍ ഓര്‍ഗാനിസം പോലും ജീവിച്ചിരുന്നതിനു തെളിവുള്ള ഇന്നത്തെ മനുഷ്യനു അവര്‍ എന്നു ജീവിച്ചിരുന്നെന്നും എങ്ങനെ അന്യം നിന്നെന്നും അറിയാന്‍ പാടില്ലാതെ പോയതെന്തേ?

അനേറോബിക്ക് യൂണിസെല്ലുലര്‍ ഓര്‍ഗാനിസം അന്യം നിന്നെന്നോ?. മനസ്സിലായില്ല.

ത്രിശങ്കു / Thrisanku said...

ഇതിഹാസങ്ങള്‍ ഫിക്ഷന്‍ മാത്രമാണ്‌.

ആഹ്, അങ്ങനെ തന്നെ വിശ്വസിക്കാം. :)

ഒരു ഭ്രൂണം ഛേദിച്ചത് നൂറ്റൊന്നാക്കി എന്നെഴുതിയ വ്യാസന്‍ അര്‍ജ്ജുനനു ഒഴിയാത്ത തൂണീരം കൊടുത്തിട്ടുണ്ട്. അതേതുശാസ്ത്രപ്രകാരം ന്യായീകരിക്കും ?


കാലക്രമേണ ശാസ്ത്രം എല്ലാത്തിനും ന്യായീകരണം / സാദ്ധ്യത കണ്ടെത്തിയേക്കാം. ഇക്സി (Intra Cytoplasmic Sperm Injection) എന്ന ആധുനിക സാങ്കേതിക വിദ്യയില്‍ ഒരു ബീജം മാത്രം എടുത്ത് അണ്ഡത്തില്‍ ഇഞ്ചക്റ്റ് ചെയ്യുന്നതാണ്.

സയന്‍സ് ഫിക്ഷനിലെ (എച്ച് ജി വെല്‍‌സിന്റെ) ‘ഡെത്ത് റേ‘, ലേസര്‍ ആയി സാക്ഷാത്കരിച്ചു. എന്തിന് വേറെ പറയുന്നു, കുരുക്ഷേത്ര യുദ്ധഭൂമിയിലെ തത്സമയ ദൃശ്യങ്ങള്‍ കാണാനുള്ള കഴിവ് വ്യാസന്‍ സഞ്ജയനുകൊടുത്തു പോലും (എല്ലായിടത്തും വ്യാസന്റെ ഇന്‍‌വോള്‍മെന്റ്!!! :) ). അത് ടെലിപതി ആയിരുന്നോ എന്നറിയില്ല, പക്ഷേ ഇറാഖിലെ യുദ്ധഭൂമിയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ റ്റീവിയിലൂടെ നമ്മള്‍ കണ്ടുവല്ലോ.

ഏറനാടന്‍ said...

ദേവേട്ടാ നന്ദി പുതുഅറിവുകള്‍ പകരുന്നതില്‍...

Suraj said...

ദേവന്‍ ജീ,
ഈയൊരു കമന്റ് ശൃംഖലയും ചര്‍ച്ചയും ഇപ്പോഴാണു ശ്രദ്ധിച്ചത്. രസകരമായിരിക്കുന്നു.

പൈതൃകമായി കിട്ടിയതെന്തിനേയും വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് കുഴിയാനയെ ഐരാവതമാക്കുന്ന ഒരേര്‍പ്പാട് മൌലികവാദമായിത്തെന്നെ നമ്മെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ശാസ്ത്രവസ്തുതകള്‍ അറിയുന്നവര്‍ തങ്ങളുടെ മൌനം കൊണ്ട് ഈ വക അഭ്യാസങ്ങള്‍ക്ക് വളംവച്ചുകൊടുത്താല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്ത് പണ്ട് ഹിറ്റ്ലര്‍ സ്വന്തം ചെയ്തികളാല്‍ കാട്ടിത്തന്നിട്ടുണ്ട്.

സ്വന്തം കഴിവില്‍ വിശ്വാസമോ അഭിമാനമോ ഇല്ലാത്ത സമൂഹങ്ങളാണ് പാരമ്പര്യവീമ്പുകളില്‍ കാലം കഴിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. “അതു ഞമ്മളാ” എന്ന മമ്മൂഞ്ഞ്-ശൈലിയില്‍ അടച്ചുള്ള പറച്ചിലോടെ കൂടുതല്‍ ഗവേഷണ സാധ്യത തുറക്കുകയല്ല, മറിച്ച് സകല അന്വേഷണങ്ങളുടേയും കൂമ്പടയുകയാണു സത്യത്തില്‍.

ഈപ്പറഞ്ഞ ശാസ്ത്രങ്ങളൊക്കെ പ്രയോഗത്തില്‍ വരുത്തിയിരുന്ന ഒരു സംസ്കൃതിയെക്കുറിച്ചാണ് വേദേതിഹാസങ്ങളില്‍ പറയുന്നതെങ്കില്‍ അതിന്റെയൊക്കെ (ഉദാഹരണത്തിനു പുഷ്പകവിമാനത്തിന്റെ)ഒരു കഷ്ണമെങ്കിലും ആര്‍ക്കിയോളജിക്കല്‍ അവശിഷ്ടമായി കണ്ടെടുക്കേണ്ടതല്ലേ ?
പോട്ടെ, ഇത്രയും സാങ്കേതികജ്ഞാനമുണ്ടായിരുന്ന ഒരു ജനത എന്തേ ഈ ടെക്നിക്കല്‍ വിവരങ്ങളുടെ ഒരു രേഖപോലും അവശേഷിപ്പിക്കാതെ മണ്മറഞ്ഞുപോയി?

താളിയോലയില്‍, മരവുരിയില്‍, പാപ്പിറസില്‍, പോട്ടെ എത്രയോ കല്‍ത്തൂണൂകളും സ്തംഭങ്ങളിലുമായി എന്തെല്ലാം മന്ത്രതന്ത്രാദികള്‍ കുറിച്ചുവച്ചു; രതിക്രീഡാ രീതികള്‍ വരെ കൊത്തിവച്ചു....എന്നാല്‍ പിന്നെ, വിമാനത്തിന്റെ ഏയറോഡൈനാമിക്സിന്റെ ഒരു വരി...ആഗ്നേയാസ്ത്രത്തിന്റെ ന്യൂക്ലിയര്‍ ഫിസിക്സിനെക്കുറിച്ചൊരു ശ്ലോകം....സ്റ്റെം സെല്‍ സാങ്കേതികത സാധ്യമാകുന്ന അന്തരീക്ഷത്തെക്കുറിച്ച് ഒരു പദ്യശകലം....ഒക്കെ പോട്ടെ, മിനിമം, ഭ്രൂണം പരിണമിച്ച് മനുഷ്യക്കുഞ്ഞാവുന്ന പ്രക്രിയയെക്കുറിച്ചെങ്കിലും കൃത്യതയുള്ള വൃത്തിയായ ഒരു വിവരണം തരാനുണ്ടോ ???

ഗുരുത്വാകര്‍ഷണം കണ്ടെത്തിയ മഹര്‍ഷി ചക്ക തലയില്‍ വീണ് മൃതിയടഞ്ഞതിനെക്കുറിച്ച് ബാബുരാജ് പറഞ്ഞ കമന്റ് ഓര്‍മ്മവരുന്നു.