ബൂലോഗ കുടുംബം, ബൂലോഗ കൂട്ടായ്മ എന്നൊക്കെയുള്ള മിഥ്യാധാരണകള്‍ സ്വതന്ത്രമായി എഴുതുന്നതിനും അഭിപ്രായം പറയുന്നതിനും തടസ്സമായി ബ്ലോഗിന്റെ വളര്‍ച്ചയെ നശിപ്പിക്കുകയും അനാവശ്യ പരിചയങ്ങളും തര്‍ക്കങ്ങളും ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യുമെന്ന് ഞാന്‍ പാടി നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഫലം നാസ്തി. വീണ്ടും ഈ കൂട്ടായ്മയുടെ കുന്നായ്മ ഇവിടൊക്കെ ചെളി പരത്തുന്നതു കണ്ടപ്പോള്‍ രണ്ടു ദിവസം കൊണ്ട് അടങ്ങുന്നെങ്കില്‍ അതു തന്നെ നല്ലതെന്ന് കരുതി മിണ്ടാതെയിരുന്നു. പഴയകാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും വിളിച്ചു പറന്യുന്നതല്ലാതെ ആളുകള്‍ നിറുത്താനുള്ള ഭാവമൊന്നും കാണുന്നില്ല.
എന്റെ ബ്ലോഗില്‍ വരുന്നവര്‍ക്കു മുന്നില്‍ ഞാന്‍ പ്രസാധകനും ഞാന്‍ കണ്ടെത്തി പോകുന്ന ബ്ലോഗുകളില്‍ ഞാന്‍ വായനക്കാരനും എന്നതിനപ്പുറം ഒരു ബന്ധവും ബൂലോഗവും ഞാനുമായി ഇല്ല എന്ന രീതിയാണ് ആശാസ്യം. ഏറ്റവും നല്ല കമന്റുകള്‍ ഇട്ട് എന്റെ പോസ്റ്റുകളൂടെ കുറ്റവും പിഴയും പതിവായി തീര്‍ക്കുന്നവരില്‍ മിക്കവരേയും ഞാന്‍ പതിവായി വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ബ്ലോഗുകളുടെ ഉടമകളില്‍ മിക്കവരേയും എനിക്കൊരു പരിചയവുമില്ല, ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുമില്ല.
പക്ഷേ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്കവരും എന്തെങ്കിലും രീതിയില്‍ ആളുകളെ പരിചയപ്പെടും, ചിലര്‍ സുഹൃത്തുക്കളാകും.
1998ല്‍ ഞാന്‍ പരിചയപ്പെടുകയും ശേഷം ഏതാണ്ട് പത്തു കൊല്ലത്തോളം എന്റെ സുഹൃത്തുക്കളായി ബൂലോഗം വരെ ഒപ്പമുണ്ടായിരുന്നവരും ആണ് കണ്ണൂസും തഥാഗതനും. ഇക്കാലയളവില്‍ ഞാന്‍ ജോലിസ്ഥലത്തും ട്രെയിനിലും വഴിയിലും മദ്യശാലയിലും ബ്ലോഗിലും ബുള്ളറ്റിന്‍ ഫോറങ്ങളിലുമൊക്കെയായി ഒരുപാടു പേരെ പരിചയപ്പെട്ടിട്ടുമുണ്ട്, എന്നതിനാല്‍ പത്തുവര്‍ഷത്തെ പരിചയം എന്നതിനപ്പുറം ആകെ ഉണ്ടായിരുന്ന പ്രത്യേകത തഥാഗതനെ ഞാന്‍ ഈ വര്‍ഷം വരെ കണ്ടിട്ടേയില്ലായിരുന്നു എന്നതു മാത്രം.
കൈപ്പള്ളി എന്നയാളെ ബ്ലോഗര്‍ എന്ന രീതിയിലാണ് ഞാന്‍ പരിചയപ്പെട്ടത്. ശേഷം ഞങ്ങള്‍ എല്ലാ വാരാന്ത്യങ്ങളിലും ഒരുമിച്ചു മദ്യപിക്കാറുണ്ടെന്ന് വയ്ക്കുക, ഈയാഴ്ച്ച മദ്യപിക്കാന്‍ കൂടിയപ്പോള്‍ ഇയാളുമായി തര്‍ക്കത്തിലായി എന്റെ കൊരവള്ളിക്ക് കയറി പിടിച്ചെന്നും പിടിച്ചു മാറ്റാന്‍ വന്ന എന്റെ മൂന്നു കൂട്ടുകാരെ തല്ലി എന്നും വയ്ക്കുക. അത് ഒരു ബൂലോഗ പ്രശ്നമായോ? ആയെന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ അത് കൂട്ടായ്മ, കുടുംബം എന്നൊക്കെയുള്ള മിഥ്യാധാരണകളുടെ ഫലം. കൈപ്പള്ളി തല്ലിയെങ്കില്‍ (തല്ലിയാല്‍ വിവരം അറിയും) അത് വ്യക്തിതലത്തില്‍ ഓഫ് ലൈനില്‍ സംഭവിക്കുന്ന ഒരു കാര്യം. ബ്ലോഗില്‍ നിന്നും ഒരാളിനെ ചില സ്ത്രീകള്‍ പരിചയപ്പെട്ടെന്നും വര്‍ഷങ്ങളോളം എന്നും ചാറ്റ് ചെയ്തശേഷം അയാള്‍ അവരെക്കുറിച്ച് അപഖ്യാതി
പറഞ്ഞു പരത്തി (slander) എന്നതും കൈപ്പള്ളി തല്ലി എന്നു പറയുന്നതുപോലെ ഒരു വ്യക്തിതല പ്രശ്നം തന്നെ- ബ്ലോഗില്‍ വന്ന് അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ആ സ്ത്രീകളെക്കുറിച്ച് എഴുതുകയോ അവരുടെ ബ്ലോഗില്‍ കമന്റിട്ട് ശല്യപ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍.
മറ്റൊരു പരാതി ഒരു സ്ത്രീ ബ്ലോഗറുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി അവരോട് സംസാരിച്ചു എന്നതാണ്. തീര്‍ച്ചയായും അത് തെറ്റായ കാര്യം. ഫോണ്‍ ചെയ്തപ്പോള്‍ അത് ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞ് ഡിസ്കണക്റ്റ് ചെയ്തുകാണും എന്ന് വിചാരിക്കുന്നു.
എന്റെ അടുത്ത സുഹൃത്തുക്കള്‍ പോകട്ടെ കെട്ടിയ പെമ്പ്രന്നോരോടു പോലും ദിവസേന ഒരുമണിക്കൂര്‍ സംസാരിക്കാന്‍ വിഷയം ഉള്ള ദിവസങ്ങള്‍ കുറവാണെന്ന അവസ്ഥയാണ് എനിക്ക്. അതുകൊണ്ടുതന്നെ ദൈനം ദിനം ഇരുപതു മെയില്‍ അയക്കുകയും അഞ്ചും എട്ടും മണിക്കൂര്‍ മാസങ്ങളോളം ചാറ്റ് ചെയ്യുകയും ചെയ്യുന്നവര്‍ പരസ്പരം എത്രമാത്രം ആശയ പൊരുത്തം അല്ലെങ്കില്‍ തീവ്രസൌഹൃദം ഉള്ളവരാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ശേഷകാലം അവരെല്ലാം തങ്ങളിലൊരാള്‍ ബാക്കിയുള്ളവരെല്ലാം മോശമായ വ്യക്തിത്വമുള്ളവര്‍ ആണെന്ന് പറഞ്ഞു നടപ്പാണെന്ന് വേറേ ആരോ ചിലര്‍ പറഞ്ഞറിയുന്നു. സ്വാഭാവികമായും വേറൊരാളിനോട് "എടോ, എക്സ് ചീത്തയാണ്" എന്നു പറഞ്ഞാല്‍ അയാള്‍ ഞെട്ടിയേക്കും, എന്നാല്‍ "വൈയും ചീത്തയാണ്, സീയും ചീത്തയാണ്, എന്തിന് ഇരുപത്താറക്ഷരവും ചീത്തയാണ്" എന്നു പറഞ്ഞാല്‍ വെളിവുള്ള ഒരു വേറൊരാളും അത് വിശ്വസിക്കുകയില്ലല്ലോ. അത് പോകട്ടെ,ഓണ്‍ ലൈനിലോ ഓഫ് ലൈനിലോ ആളുകളെ പരിചയപ്പെടുന്നവര്‍ പരിചയത്തിനു പരിധി നിര്‍ണ്ണയിക്കുക എന്നതാണ് ഇത്തരം സ്കൂള്‍ കുട്ടി പിണക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ടത്. പിന്നെ ആരോ എല്ലാവര്‍ക്കും ഇതൊരു പാഠം ആയിരിക്കട്ടെ എന്നുദ്ദേശിച്ചാണ് എഴുതുന്നതെന്ന് പറഞ്ഞു കേട്ടു. അതേ, എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ- ബൂലോഗ കൂട്ടായ്മ എന്നൊന്നില്ലെന്നും ഉണ്ടാക്കേണ്ട ആവശ്യമേയില്ലെന്നും ഉണ്ടാക്കുന്ന കൂട്ടുകള്‍ക്ക് മറ്റാരും ഉത്തരവാദിയല്ലെന്നുമുള്ള പാഠം.
അനോണിമസ് ആയി വരുന്നവരുടെ കമന്റെഴുത്ത് കാണുമ്പോള്‍ മറ്റൊരു കൂട്ടായ്മ ആണ് ഓര്‍മ്മ വരുന്നത്. പുരാതന റോമിലെ ആംഫിതീയറ്ററിലെ കാണികളുടേത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും , സിനിമയും റിക്കോര്‍ഡ് പാട്ടും വീഡിയോ ഗെയിമും , സ്ട്രിപ്പ് ടീസര്‍മാരും, എല്‍ എസ് ഡിയും ഒക്കെ വന്നിട്ടും മനുഷ്യന്റെ വിനോദത്വരകള്‍ ഇപ്പോഴും റോമന്‍ കാണിക്കൂട്ടായ്മയുടേതു തന്നെ. ഗ്ലേഡിയേറ്ററേ, അടിമേ, സിംഹമേ, വഴിയേ പോയ മനുഷ്യാ, അനോണിക്കൂട്ടായ്മ വിരല്‍ മേല്പ്പോട്ടും താഴോട്ടും ചലിപ്പിക്കുന്നു. വെട്ട്, കൊല്ല്, ചാക്!
വാല്‍ക്കഷണം- നല്ല ബ്ലോഗുകള്‍ അല്ലാതെ നല്ല ബ്ലോഗര്‍മാരെ ഞാന്‍ തിരയാറില്ല. നല്ല പോസ്റ്റ് ഇടുന്നയാളിനു മകളെ കെട്ടിച്ചു കൊടുക്കാനും ഉദ്ദേശിക്കുന്നില്ല. "എഴുതാനുള്ള കഴിവെന്ന് വച്ചാല്‍ ഇതാണ്" എന്ന് എനിക്ക് ജാക്ക് ലണ്ടന്റെ മിക്ക കഥകളും വായിച്ചു തീരുമ്പോള്‍ തോന്നിയിട്ടുണ്ട്. ഒരുകാലത്ത് ലണ്ടന്‍ കടല്‍ക്കൊള്ളക്കാരനായിരുന്നിട്ടുണ്ട്, അതുകൊണ്ട് എനിക്കെന്ത്? ഞാന്‍ അയാളുടെ കഥകള്‍ മാത്രമേ കാണുന്നുള്ളു.
അറിയിപ്പ്: ഈ പോസ്റ്റ് ഒരു കമന്റ് ആയതുകൊണ്ട് ഇതിനു കമന്റ് ഓപ്ഷന്‍ തുറന്നിട്ടില്ല. കമന്റിനു കമന്റ് എന്ന കമന്റ് രാജ് മാ1റി പോസ്റ്റ് രാജ് ഉണ്ടാകാനാണു പിന്മൊഴിയില്‍ നിന്നും ഞാന്‍ പിന്മാറിയത്.