Wednesday, June 6, 2007

കാണമെന്തിനു വില്‍ക്കണം?

കല്യാണം കഴിഞ്ഞാല്‍ കുറച്ചു മാസം വര്‍ഷം കാശിനു ആരും കുറച്ചു ഞെരുങ്ങും. കല്യാണം വെട്ടിയവനെ ഓണം കടിച്ചു എന്നു പറഞ്ഞ അവസ്ഥ ആയാലോ? കലേഷ് ഒരോണത്തെ കണ്ട് അന്തം വിട്ടപ്പോള്‍ ഇട്ട കമന്റ്:

കലേഷേ,
ബ്ലോഗ്ഗാന്തോറും കയറി ആശംസയിടാന്‍ നിന്നാല്‍ കറങ്ങിപ്പോകുകയേയുള്ളു അതോണ്ട്‌ മെയിലാശംസകള്‍ മതിയെന്ന് പ്രതിജ്ഞയെടുത്ത്‌ രാവിലേ പണിക്കു വന്നതാ..എന്നിട്ടും ഇവിടെ എത്തിപ്പെട്ടു. ആശംസിക്കാനല്ല, അതു മെയില്‍ അയച്ചിട്ടുണ്ട്‌. ഈ സൂചിക്കുഴകള്‍ പണ്ടു കടന്ന ഒരു മുതുക്കന്‍ ഒട്ടകമല്ലേ ഞാനും, എങ്ങനെ നൂഴണമെന്ന് ഞമ്മ രണ്ടു ടിപ്പ്‌ തരാമെന്നു വച്ചു:


1. ഇമ്മാതിരി പ്രതിസന്ധികള്‍ക്ക്‌ ഏറ്റവും യോജിച്ചത്‌ കഥകളാണ്‌. എന്റെ ഒരു പഴേ നമ്പര്‍
" ഡീ, നീ ഈ റോക്ക്‌ ഫെല്ലര്‍ റോക്ക്‌ ഫെല്ലര്‍ എന്ന പാറവീഴ്ത്തുകാരനെ കുറിച്ച്‌ കേട്ടിട്ടുണ്ടോ?
"ഉം. എതാണ്ടും അമേരിക്കന്‍ മില്ല്യണയറല്ലേ?"

"ഏതാണ്ടും അല്ല, സെക്കന്‍ഡ്‌ വേള്‍ഡ്‌ വാര്‍ സമയത്തെ ലോകത്തെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു, ഇന്ന് ബില്‍ ഗേറ്റ്സ്‌ പോലെ"
"ഉം. അയാളു ചത്തോ?."

"ഹ. അയാളു പണ്ടേ ചത്തു, പറഞ്ഞു വന്നത്‌ അതല്ല. അയാള്‍ സമ്പാദിച്ച്‌ സമ്പാദിച്ച്‌ വലിയ ബിസിനസ്സുകാരനായി, സമ്പാദിക്കുംതോറും പിശുക്കു കൂടി, ആധി കൂടി, വ്യാധി കൂടി, ഊണില്ല ഉറക്കമില്ല, ഭാര്യയോടും മക്കളോടും ദേഷ്യമായി, ബിസിനസ്സു കാര്യത്തിനിടയില്‍ ശല്യം ചെയ്യുന്നവരല്ലേ അവരൊക്കെ"

"എന്നിട്ട്‌?"
"എന്നിട്ട്‌ നാല്‍പ്പതു വയസ്സില്‍ അയാള്‍ക്ക്‌ പത്തിരുന്നൂറൂ അസുഖങ്ങള്‍ ഉണ്ണാന്‍ വയ്യാ, അപ്പിയിടാന്‍ വയ്യാ, ശ്വാസം വിടാന്‍ വയ്യാ, വേദന ,വേദന.. ലോകത്തെ മികച്ച വൈദ്യന്മാരെല്ലാം
കൈയ്യൊഴിഞ്ഞു, ആളിപ്പോ ചാകുമെന്നതില്‍ ഒരു ആശുപത്രിക്കും ഒരു സംശയവുമില്ല...

ഒടുക്കം പുള്ളി തന്നെ പോം വഴി കണ്ടെത്തി. തന്റെ ബിസിനസ്സ്‌ സാമ്ര്യാജ്യം വിറ്റു റോക്ക്‌ ഫെല്ലര്‍ കാശെല്ലാം പലര്‍ക്കായി കൊടുത്തു. ഒക്കെ ഉപേക്ഷിച്ച്‌ സുഖമായി ഉറങ്ങി. പിന്നെ ഇറങ്ങിപ്പോയി.. ഒരന്‍പതോളം വര്‍ഷം പൂര്‍ണ്ണാരോഗ്യവാനായി, സന്തോഷവാനായി, സകുടുംബം, സസന്തോഷം, സാകേതം, സാമോദം, സാമ്പാര്‍.. എന്തു മനസ്സിലായി?"
"ഇവിടെ കാശൊന്നുമില്ലെന്ന് മനസ്സിലായി"

ടിപ്പ്‌ രണ്ട്‌: മറ്റുവിന്‍ ചട്ടങ്ങളേ
ഓണത്തിനു പുടവ, കടുവാ ഒക്കെ വേണം എന്നത്‌ കണ്‍സ്യൂമര്‍ സംസ്കാരം നമ്മളില്‍ അടിച്ചേല്‍പ്പിച്ചതാണെന്നു ഒരു മണിക്കൂര്‍ പ്രസംഗിക്കുക. പിന്നെ ഒരു ചേയ്ഞ്ചുള്ള ഓണമെന്ന നിലക്ക്‌, ഒറ്റക്ക്‌ സംഘഗാനം പാടാം, പാര്‍ക്കില്‍ നടക്കാന്‍ പോകാം, കൂട്ടുകാരെയൊക്കെ ഫോണ്‍ ചെയ്യാം..

ടിപ്പ്‌ മൂന്ന്: പറയാതെ പറയുക
ഉദാ: "ഈ ഓണത്തിനു പാലോ മറ്റോ വാങ്ങിക്കണമെങ്കില്‍ ദേ ലുലുവില്‍ പോയി വാങ്ങാം കേട്ടോ, അവിടാകുമ്പോ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കാമല്ലോ താഴെ ഗ്രോസ്സറി നടത്തുന്ന അച്ചായനു കാര്‍ഡ്‌ മെഷീനില്ല"
(ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ്‌ ഉത്തരം ഓ സാരമില്ല ചേട്ടാ പൈസയില്ലേല്‍ നമുക്ക്‌ ബുദ്ധിമുട്ടി ഓണമൊന്നുമാഘോഷിക്കണ്ടാ.

ഇതു കേട്ട്‌:

"എന്നാ ശരി നമുക്ക്‌ ലുലുവില്‍ പോകാം അവിടാകുമ്പോ ചുരിദാറിനു റീഡക്ഷന്‍ സെയിലുമുണ്ടല്ലോ" എന്ന ഹൃദയഭേദകമായ നിരീക്ഷണം റീമ പറയില്ല എന്ന് പ്രതീക്ഷിക്കാം)

ടിപ്പ്‌ നാല്‌: ഗദ്ഗദം
ചേരുവ:
കിംഗ്‌ ഫിഷര്‍ ക്യാന്‍ ഒരെണ്ണം
മിഴുങ്ങസ്യാ നോട്ടം ഒരെണ്ണം
അനന്തത, ഒരു കിലോമീറ്റര്‍

ക്യാന്‍ കയ്യില്‍ ഫിറ്റ്‌ ചെയ്ത്‌ മിഴു. നോട്ടം അനതതയിലോട്ട്‌ തൊടുക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോ മെല്ലെ "എന്റേടോ, ഞാന്‍ ആലോചിക്കുവാ, എന്റെ കൂടെ കൂടി താനും കഷ്ടത്തിലായല്ലോ, ഓണമായിട്ട്‌ ഒരു ലാന്‍ഡ്‌ ക്രൂയിസര്‍ സമ്മാനമായി തരണമെന്നൊക്കെ സ്വപ്നം കണ്ടിരുന്ന എന്റെ‌ മോഹങ്ങള്‍ മരവിച്ചു മോതിരക്കൈ മുരടിച്ചു..."

അങ്കോം കാണാം ബീറും അടിക്കാം.

6 comments:

ദേവന്‍ said...

കല്യാണം കഴിഞ്ഞാല്‍ കുറച്ചു മാസം വര്‍ഷം കാശിനു ആരും കുറച്ചു ഞെരുങ്ങും. കല്യാണം വെട്ടിയവനെ ഓണം കടിച്ചു എന്നു പറഞ്ഞ അവസ്ഥ ആയാലോ? കലേഷ് ഒരോണത്തെ കണ്ട് അന്തം വിട്ടപ്പോള്‍ ഞാന്‍ ഇട്ട കമന്റ്.

Siju | സിജു said...

ഡിങ്കാ, ചാത്താ, ഉണ്ണികുട്ടാ, (ആന്‍ഡ് ഓള്‍ ദി റിമൈനിംഗ് ബാച്ചിലേഴ്സ്),..
ഓടിവാ..
ദാണ്ടേ, വിവാഹിത ക്ലബ്ബിന്റെ അംബാസിഡറിവിടെ കുറ്റസമ്മതം നടത്തുന്നു..

ഉണ്ണിക്കുട്ടന്‍ said...

ഇതിന്റെ ഒക്കെ വല്ല ആവശ്യോമുണ്ടോ..? ബാച്ചി ഓണത്തിനു ചിലപ്പോ സദ്യ ഉണ്ണും , ചിക്കന്‍ ബിരിയാണി തിന്നും , പൊറോട്ട തിന്നും അതവന്റെ ഇഷ്ടം . ചിലപ്പോ മുണ്ടുടുക്കും
ജീന്‍സ് ഇടും (കൂടെ താമ്സിക്കുന്നവന്റെ). കണ്‍സ്യൂമര്‍ സംസ്കാരം എന്തെന്നു പോലും അവനറിയില്ല. ഈ സത്യങ്ങള്‍ മറ്റൊരു രീതിയില്‍ വിളിച്ചു പറഞ്ഞ ദേവേട്ടന്‌ അഭിവാദ്യങ്ങള്‍ .

Dinkaaaaaaaaaaaa........

മെലോഡിയസ് said...

ഒരു ബാച്ചി ഇവിടെ ഹാജര്‍..
എന്തായാലും ദേവന്‍ മാഷ് കലേഷ്‌ജിക്ക് കൊടുത്ത ഉപദേശം കൊള്ളാം. ഇഷ്ട്ടപ്പെട്ടു. കുറച്ച് കാലം കഴിഞ്ഞാല്‍ എടുത്ത് പ്രയോഗിക്കാം..

സിജുവിനോട് സ്വകാര്യത്തില്‍:വായിച്ച് പഠിച്ച് വെച്ചൊ..പഴുത്ത ഇല വീഴുമ്പോള്‍ പച്ച ഇല ചിരിക്കണ്ട. നമ്മള്‍ക്കൊക്കെ ഈ ഗതി ഉടനേ കാണും.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

വെരി സിമ്പിള്‍ സൊലൂഷന്‍ ഓണം കഴിഞ്ഞ ഉടനെ കെട്ടിയാല് പോരെ!!!

പെണ്ണുകെട്ടാനുള്ള ആക്രാന്തം കാരണല്ലേ ഓണോം വിഷൂവുമൊന്നും നോക്കാതെ ചാടിപ്പുറപ്പെടുന്നത്??

എന്തായാലും കുറ്റസമ്മതം നടത്തിയ അംബാസിഡര്‍ക്ക് വേണ്ടി ഒരു മുദ്രാവാക്യം

“ പത്തല്ലാ പതിനായിരമല്ലാ.....

അഞ്ചെട്ടെണ്ണം പിന്നാലെ”

അതെ ഒരു അഞ്ചെട്ട് കുറ്റസമ്മതം കൂടി ഞങ്ങ ബാച്ചീസ് പ്രതീക്ഷിക്കുന്നു..

Siju | സിജു said...

എന്റെ മെലോഡിയോസേ..
പഴുത്തയില വീഴുമ്പോഴല്ലേ പച്ചയിലയ്ക്ക് ചിരിക്കാന്‍ പറ്റൂ.. അല്ലാതെ പച്ചയില പഴുത്തു വീഴുമ്പോ ചിരിക്കാന്‍ പറ്റ്വോ..