Monday, February 11, 2008

നൂറു ത്രെഡുകള്‍, നൂറായിരം കമന്റുകള്‍

ഹരികുമാറിനോട് ബ്ലോഗര്‍മാര്‍ക്കുള്ള പ്രതിഷേധം പല രീതിയില്‍ പലരും വിശകലനം ചെയ്യുകയും ആരു പ്രതികരിക്കണം എന്തിനു പ്രതികരിക്കണം എങ്ങനെ പ്രതികരിക്കണം എന്നൊക്കെ പല ബ്ലോഗുകളിലും നീണ്ട ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുണ്ടല്ലോ. എന്റെ രണ്ടു ചില്ലറ, എല്ലാ ചര്‍ച്ചകള്‍ക്കും കമന്റായിട്ട്.

ചോദ്യം : ഹരികുമാര്‍ ബ്ലോഗുകളെക്കുറിച്ച് എഴുതിയത് പ്രതിഷേധാര്‍ഹമാണോ? മനസ്സില്‍ തോന്നുന്നത് പറയാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമില്ലെന്ന് തീരുമാനിക്കാന്‍ നിങ്ങളാര്‌?

കേരളത്തിലെ ഡോക്റ്റര്‍മാര്‍ ചെറ്റകളാണ്‌ എന്ന് ഞാനൊരു കുറിപ്പെഴുതിയാല്‍ അത് ന്യായീകരിക്കാന്‍ എനിക്ക് ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ മതിയാവില്ല, അങ്ങനെ പത്ത് ഉദാഹരണങ്ങള്‍ കാട്ടിയാല്‍ പോലും ഭൂരിപക്ഷം വരുന്ന അങ്ങനെയല്ലാത്ത ഡോക്റ്റര്‍മാര്‍ക്ക് അത് അധിക്ഷേപം തന്നെയാണ്‌. ഞാന്‍ ഒരു ഡോക്റ്ററുമല്ല കേരളത്തിലുമില്ല എന്ന നിലയ്ക്ക് വായനക്കാര്‍ അതൊരു വ്യക്തിഗത വികലവീക്ഷണമായി എടുത്തുകൊള്ളുകയും ചെയ്യും. എന്നാല്‍ സൂരജ് ഇതേ വാചകം എഴുതിയാല്‍ അതിനു ആധികാരികത കൈവരുകയും ലേഖകനെ കേരളത്തിലെ ഡോക്റ്റര്‍മാരുടെ പ്രതിനിധിയായി വായനക്കാര്‍ കാണുകയും ചെയ്യും. "ഞാനും ഒരു ബ്ലോഗറാണ്‌." എന്ന വാചകത്തിലെ കുഴപ്പമതാണ്‌. ബ്ലോഗ് എന്തെന്നറിയാത്ത വായനക്കാരന്‍ കാണുന്ന ബ്ലോഗ് പ്രതിനിധിയായും റിവ്യൂവര്‍ ആയും ലേഖകനെ അവര്‍ വായിക്കും.


ചോദ്യം: ബൂലോഗ കൂട്ടായ്മയുടെ പല ആക്റ്റീവിസ്റ്റുകളും ഹരികുമാര്‍ പ്രശ്നത്തില്‍ അഭിപ്രായമെഴുതി കണ്ടില്ലല്ലോ?
കൂട്ടായ്മ എന്നൊന്നില്ലെന്ന് ഞാന്‍ പലവര്‍ഷങ്ങളായി പറയുന്നു. ആര്‍ക്കും എന്തു കാര്യത്തിനും അവനവനു തോന്നുന്നതുപോലെ എന്തും ചെയ്യാം. ആര്‌ എന്തിനെക്കുറിച്ച് എങ്ങനെ ബ്ലോഗ് എഴുതണമെന്ന് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല.


ചോദ്യം: ബൂലോഗ ക്ലബ്ബില്‍ നടന്ന ചര്‍ച്ചയില്‍ പലരും ഹരികുമാറിനു ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായത്തെക്കാള്‍ മോശമായി പ്രിന്റിനെക്കുറിച്ച് പ്രതികരിച്ചു കണ്ടല്ലോ?
ഉവ്വോ? എങ്കില്‍ അതടക്കം എല്ലാം പ്രിന്റ് മീഡിയയുടെ ശ്രദ്ധയിലെത്തിക്കോട്ടെ.

ചോദ്യം: ബ്ലോഗ് പ്രിന്റ് മീഡിയയെക്കാള്‍ വലുതാണോ?
ബ്ലോഗ് പ്രിന്റ് മീഡിയയെക്കാള്‍ വലുതല്ലാത്തതുകൊണ്ട് മോശമാണെന്നുമില്ലല്ലോ.

ചോദ്യം: എത്ര നല്ല ലേഖനങ്ങളും നോവലുകളും കലാകൗമുദിയില്‍ വന്നത് വായിച്ചു വളര്‍ന്നവരാണ്‌ നമ്മള്‍, ഈ ഒറ്റ പ്രശ്നത്തിന്റെ അല്ലെങ്കില്‍ കഴിഞ്ഞ കുറച്ചു ലക്കങ്ങളായി വന്ന ചില പരാമര്‍ശത്തിന്റെ പുറത്ത് തള്ളിപ്പറയുന്നത് തെറ്റല്ലേ?

പണവും നന്ദിയും ഒരുമിച്ചു പോവില്ല. കലാകൗമുദിയില്‍ നിന്നും എന്തു വാങ്ങിയെങ്കിലും അതിനു രൊക്കം പണം അടച്ചാണു വാങ്ങിയത്. തട്ടുകടക്കാരന്‍ മുരുകേശന്‍ എനിക്കൊത്തിരി വച്ചു വിളമ്പിയിട്ടുണ്ട്, അതിനു ഞാന്‍ പറ്റും തീര്‍ത്തിട്ടുണ്ട്. എന്നെ മുരുകേശന്‍ തല്ലാന്‍ വന്നാല്‍ ഞാന്‍ തിരിച്ചു തല്ലും, അന്നദാതാവെന്നു കരുതി മിണ്ടാതിരിക്കുകയില്ല.

ചോദ്യം: കലാകൗമുദി കത്തിച്ച കൈപ്പള്ളി അക്ഷരത്തെ നശിപ്പിക്കുകയല്ലേ?
കൈപ്പള്ളി പേപ്പറേ കത്തിച്ചുള്ളു, അതിലെ അക്ഷരങ്ങള്‍ അതിനും മുന്നേ മരിച്ചു കഴിഞ്ഞു. ദേശാഭിമാനി പത്രത്തില്‍ എസ് ആര്‍ ശക്തിധരന്‍ എഴുതിയ വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി(ഇതെഴുതിയത് ജി. ശക്തിധരനാണ്, എസ് ആര്‍ അല്ല- മാരീചന്റെ കമന്റ് കാണുക) എനിക്ക് ഒന്നുകൂടി വായിച്ചാല്‍ കൊള്ളാമെന്നുണ്ട്, അത് ഓണ്‍ ലൈനിലോ യൂണിക്കോഡിലോ അല്ലാത്തതിനാല്‍ ഇനിയെനിക്ക് വായിക്കാനാവില്ല. ദേശാഭിമാനി ആര്‍ക്കൈവ്സ് യൂണിക്കോഡിലായിരുന്നെങ്കില്‍ ഞാന്‍ പണം നല്‍കി സബ്സ്ക്രിപ്ഷന്‍ എടുത്തേനെ. പേപ്പറിലായതുകൊണ്ട് ആ അക്ഷരങ്ങള്‍ മരിച്ചു.


ചോദ്യം: ബ്ലോഗ് വായിക്കുന്ന സാധാരണക്കാര്‍ അധികമില്ല, ആ നിലയ്ക്ക് പ്രിന്റ് അല്ലേ കേമന്‍?
പ്രിന്റോ ബ്ലോഗോ കേമന്‍ എന്ന് ചോദിക്കരുതെന്ന് നേരത്തേ പറഞ്ഞു. എങ്കിലും, മുകളിലത്തെ കമന്റ് ഒന്നു വായിക്കുക, മലയാളം യൂണിക്കോഡില്‍ എഴുതുന്നവ കാലത്തെ താണ്ടി ദേശത്തേയും താണ്ടി ആയിരം വര്‍ഷം അപ്പുറത്തേക്കും ആയിരം കാതം ദൂരത്തേക്കും പോയിക്കോണ്ടേയിരിക്കുന്നു, പത്രത്തിലടിച്ചത് അന്നു വൈകുന്നേരത്തോടെ ഉമിക്കരി പൊതിയാനെടുത്തു പോയി.

ചോദ്യം: ബ്ലോഗല് വരുന്ന സാഹിത്യമാണോ അപ്പോള്‍ പ്രിന്റിലുള്ളതിനെക്കാള്‍ മെച്ചം?
ബ്ലോഗ് സാഹിത്യത്തിനു വേണ്ടി ഉഴിഞ്ഞു വച്ചതൊന്നുമല്ല, ഫിഫ്ത് എസ്റ്റേറ്റ് എന്നു വിളിക്കാവുന്ന ഒരു മാദ്ധ്യമമാണ്‌. മലയാളത്തില്‍ മാത്രമായിരിക്കും വാരികയും ബ്ലോഗുമാണ്‌ സാഹിത്യത്തെ വളര്‍ത്താന്‍ ബാദ്ധ്യതയുള്ളവര്‍ എന്നു കരുതുന്നത്.

ചോദ്യം: ഇവിടെ കിടന്നു പ്രതിഷേധിച്ചാല്‍ ആരെങ്കിലും അറിയുമോ?
അറിയുമോന്നു നോക്കാം, ഇല്ലെങ്കില്‍ അറിയുന്നേടത്തേക്ക് പോകാം

ചോദ്യം: ഞാന്‍ പ്രതിഷേധിക്കണോ വേണ്ടയോ?
നിങ്ങളുടെ കാര്യം എനിക്കെങ്ങനെ അറിയാന്‍? തോന്നുന്നത് ചെയ്യൂ.

10 comments:

Viswaprabha said...

അതെ, അത്രയൊക്കെയേ ഉള്ളൂ കാര്യം.

ഒരു കാര്യം ഉറപ്പാണ്. ഈ വക്കാണം കണ്ട് ബ്ലോഗര്‍മാര്‍ താല്‍ക്കാലികമായി വാങ്ങിക്കൂട്ടിയേക്കാവുന്ന കലാകൌമുദി കോപ്പികളേക്കാള്‍ കൂടുതല്‍ എണ്ണമുണ്ടാവും കലാകൌമുദിയിലെ നിന്ദ്യം കണ്ട് എന്നെന്നേക്കുമായി ബ്ലോഗു വായിക്കാനെത്തുന്ന സാദാ കടലാസുവായനക്കാര്‍.

മാദ്ധ്യമങ്ങളും ആത്മഹത്യ ചെയ്യുന്നു നമ്മുടെ നാട്ടിലിപ്പോള്‍!

പ്രയാസി said...

ദേവേട്ടാ..

സംഭവം ഇപ്പോള്‍ ക്ലിയറായി..

ഇത്രെയുള്ളു കാര്യം..:)

Suraj said...

ദേവേട്ടാ...welcome back !

നയപ്രഖ്യാപനം കലക്കി. ഹരികുമാരനെഴുതിയ വിഡ്ഢിത്തങ്ങളെ എതിര്‍ക്കുന്നതില്‍ തെറ്റില്ല, പക്ഷേ
ഈ ബ്ലോഗ് കൂട്ടായ്മ എന്ന സംഗതിയാണ് അങ്ങോട്ട് ദഹിക്കാത്തത്. അതു വണ്‍ സ്വാളോ യുടെ ഒരു പോസ്റ്റില്‍ ഒരു കമന്റായി ഇട്ടിരുന്നു.
അതിപ്പോള്‍ ദേവേട്ടന്റെ ഈ വാചകത്തോടെ ക്ലിയര്‍ ആയി :
“കൂട്ടായ്മ എന്നൊന്നില്ലെന്ന്... ആര്‌ എന്തിനെക്കുറിച്ച് എങ്ങനെ ബ്ലോഗ് എഴുതണമെന്ന് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ”

ഇന്നിപ്പോള്‍ ആയിരമോ രണ്ടായിരമോ ബ്ലോഗര്‍മാരുള്ളപ്പോള്‍ ഒരു കൂട്ടായ്മയൊക്കെ ചിലര്‍ക്കെങ്കിലും സങ്കല്പിക്കാം,മീറ്റുകള്‍ നടത്താം.. നാളെ ഈ സംഖ്യ ഒന്നോ രണ്ടോ ലക്ഷമായി വളരുമ്പോ എന്തു ചെയ്യും. ബൂലോക policing-ന്റെ വെടിയൊക്കെ അവിടെ തീരില്ലേ. അങ്ങനെയാകുമ്പോഴല്ലേ ബ്ലോഗിന്റെ ജനാധിപത്യം സാര്‍ത്ഥകമാകൂ.
ഒരു ഒപ്പ് :)

Meenakshi said...

ആര്‍ക്കും എന്തിനെപറ്റിയും ബ്ളോഗാമല്ലോ ? പിന്നെ നമ്മുടെ നാട്ടില്‍ വിവാദമില്ലാത്ത കാര്യങ്ങളില്ലല്ലോ. ബൂലോകത്തിലും ചില വിവാദനായകന്‍മാര്‍ ഉണ്ടാവട്ടെ, ചുമ്മാ വായിച്ചു രസിക്കാമല്ലൊ?

അഭയാര്‍ത്ഥി said...

ബ്ലോഗും അച്ചടി മാധ്യമവും കൊമ്പു കോര്‍ക്കേണ്ടതുണ്ടൊ.
അതോ എല്ലാം ഒരേ തൂവല്‍ ഇറ്റിറ്റാനം പക്ഷികളോ?.
എം ക്രിഷ്ണന്‍ നായര്‍ ചെയ്ത അത്രയും വലിയ വ്യക്തി ഹത്യ സൂചകങ്ങളായതൊന്നും
ഹരികുമാരകന്‍ ചെയ്തിട്ടില്ലെന്ന്‌ അറിയാവുന്നതു കൊണ്ട്‌ അഭിപ്രായം ഈ വിഷയത്തില്‍
സ്വരുപിക്കാനായില്ല ഇതുവരേക്കും.
ബഷീറിനെപ്പോലും വെറുതെ വിട്ടിട്ടില്ലെന്ന്‌ അത്‌ സ്ഥിരമായി വായിച്ചിരുന്ന എനിക്കോര്‍മയുണ്ട്‌.
കലാകൗമുദിക്ക്‌ ബഷീറിനോടുള്ള വിരോധമാണതിന്‌ ഹേതുവായത്‌ എന്ന്‌ ഞാന്‍ കരുതുന്നില്ല.
ചങ്ങമ്പുഴയുടെ അനാശ്വാസ്യ സ്വഭാവങ്ങളെക്കുറിച്ചെഴുതിയിരുന്നു.
പദ്മ്നാഭനും എംട്ടിയും കൊമ്പുകോര്‍ത്തിരുന്നു.
എഴുത്തെന്നാല്‍ -വളര്‍ച്ചയെന്നാല്‍ വിമര്‍ശനങ്ങളും പ്രതി വിമര്‍ശനങ്ങളൂം ചേര്‍ന്നതത്രെ.

ഇന്നത്തെ സാഹചര്യത്തില്‍ ഏറിയ പംകും വികാരങ്ങള്‍ വഴി നടത്തിയ ഈ പ്രക്ഷോപത്തിന്റെ ആപദ്ശംകകള്‍
ഞാനിവിടെ കുറിക്കാട്ടെ.
എല്ലാ മീഡിയകളും കൈകോര്‍ത്തു നടക്കേണ്ടവ.
ഒരു കലാകൗമുദിയോട്‌ കൊമ്പുകോര്‍ത്താല്‍, മറ്റ്‌ അച്ചടിക്കാര്‍ പൊതുശത്രുവിനെ നേരിടാന്‍ കൈകോര്‍ത്തേക്കുമെന്ന്‌ സൂചന.
ബ്ലോഗില്‍ ഇടക്കിടക്ക്‌ അച്ചടി മാധ്യമങ്ങള്‍ക്കെതിരെ വരുന്ന പരാമര്‍ശങ്ങളും കാമ്പെയ്നുകളും അവര്‍ നോക്കിക്കാണുന്നുണ്ട്‌.
എന്നാല്‍ അതിനെതിരെ പ്രതികരിച്ച്‌ വലുതാക്കേണ്ടതില്ലെന്നതിനാലാണ്‌ അവഗണിക്കപ്പെട്ടത്‌. സംഗതികള്‍ ഇനി അങ്ങിനെയാവില്ല.
വരുന്ന കുറച്ചുനാളൂകളില്‍ ഇത്‌ പ്രകടമാക്കപ്പെട്ടേക്കും.

വ്യക്തമായ ചേരി തിരിവുകളും , വ്യക്തി വിദ്വേഷങ്ങളും തല്‍പ്പൊക്കുന്നു ബ്ലോഗര്‍മാര്‍ക്കിടയില്‍.
വ്യക്തി ഹത്യ, ദൂഷ്യാരോപണങ്ങള്‍, ബ്ലോഗര്‍മാരുടെ ബയോഡാറ്റ പരസ്യമാക്കല്‍ തുടങ്ങി നീചവും
മ്ലേച്ഛവുമായ്‌ രീതിയിലേക്ക്‌ ബ്ലോഗിംഗ്‌ താത്കാലികമായി തരം താഴുന്നത്‌ എനിക്ക്‌ മുങ്കൂട്ടി കാണാനാകുന്നു.
വ്യാജ അല്ലെങ്കില്‍ വിഷലിപ്തമായ ഐ ഡി കളില്‍ ബ്ലോഗിംഗ്‌ നടത്തുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയും
വരുന്ന നാളുകളില്‍ കാണം.

സൂക്ഷിച്ച്‌ ബ്ലോഗുക എന്നതെ എനിക്ക്‌ പറയാനുള്ളു.

ഇതൊരു ജാഗ്രതാ നിര്‍ദ്ദേശം മാത്രം.
എടുക്കാം തള്ളാം

കെ said...

പ്ലീസ്. ഒന്നു ശ്രദ്ധിക്കൂ.
വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടിയത് എസ് ആര്‍ ശക്തിധരനല്ല. ജി. ശക്തിധരനാണ്. ദേശാഭിമാനിയില്‍ നിന്നും അടിവേരുകള്‍ ഇളകിയ കക്ഷിയിപ്പോള്‍ ജനശക്തി പത്രാധിപരാണ്.

ദേവന്‍ said...

നന്ദി മാരീചാ. അത് തിരുത്താം. ഓര്‍മ്മപ്പിശക് പറ്റിയതാണ്. റിപ്പോര്‍ട്ടറേ മാറിപ്പോയി. ജി ശക്തിധരനാണെങ്കില്‍ ഇനിയിപ്പോ ദേശാഭിമാനി ബുക്ക് ഹൌസിന്റെ റീപ്രിന്റും പ്രതീക്ഷിക്കേണ്ട :) പത്രം യൂണിക്കോഡിലല്ലെങ്കിലുള്ള ഓരോ പ്രശ്നങ്ങളേ .

വിശ്വം മാഷേ, പ്രയാസീ, സൂരജേ, മീനാക്ഷീ, അഭയാര്‍ത്ഥിമാഷേ, അഭിപ്രായങ്ങള്‍ക്ക് നന്ദി.

Unknown said...

ദേവേട്ടാ,
നയം വ്യക്തമായി. :)

കുറുമാന്‍ said...

രണ്ട് ദിവസമായി ഇതിലൊരു കമ്മന്റിടാന്‍ ശ്രമിക്കുന്നു. ഒന്നുകില്‍ സിസ്റ്റം ഇറര്‍, അല്ലെങ്കില്‍ ഞാന്‍ ഇറര്‍ :)

കൂട്ടായ്മ എന്നൊന്നില്ല - ഇതാണ് ശരി......ഇത് മാത്രമാണ് ശരി.

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Webcam, I hope you enjoy. The address is http://webcam-brasil.blogspot.com. A hug.