Monday, February 11, 2008

നൂറു ത്രെഡുകള്‍, നൂറായിരം കമന്റുകള്‍

ഹരികുമാറിനോട് ബ്ലോഗര്‍മാര്‍ക്കുള്ള പ്രതിഷേധം പല രീതിയില്‍ പലരും വിശകലനം ചെയ്യുകയും ആരു പ്രതികരിക്കണം എന്തിനു പ്രതികരിക്കണം എങ്ങനെ പ്രതികരിക്കണം എന്നൊക്കെ പല ബ്ലോഗുകളിലും നീണ്ട ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുണ്ടല്ലോ. എന്റെ രണ്ടു ചില്ലറ, എല്ലാ ചര്‍ച്ചകള്‍ക്കും കമന്റായിട്ട്.

ചോദ്യം : ഹരികുമാര്‍ ബ്ലോഗുകളെക്കുറിച്ച് എഴുതിയത് പ്രതിഷേധാര്‍ഹമാണോ? മനസ്സില്‍ തോന്നുന്നത് പറയാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമില്ലെന്ന് തീരുമാനിക്കാന്‍ നിങ്ങളാര്‌?

കേരളത്തിലെ ഡോക്റ്റര്‍മാര്‍ ചെറ്റകളാണ്‌ എന്ന് ഞാനൊരു കുറിപ്പെഴുതിയാല്‍ അത് ന്യായീകരിക്കാന്‍ എനിക്ക് ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ മതിയാവില്ല, അങ്ങനെ പത്ത് ഉദാഹരണങ്ങള്‍ കാട്ടിയാല്‍ പോലും ഭൂരിപക്ഷം വരുന്ന അങ്ങനെയല്ലാത്ത ഡോക്റ്റര്‍മാര്‍ക്ക് അത് അധിക്ഷേപം തന്നെയാണ്‌. ഞാന്‍ ഒരു ഡോക്റ്ററുമല്ല കേരളത്തിലുമില്ല എന്ന നിലയ്ക്ക് വായനക്കാര്‍ അതൊരു വ്യക്തിഗത വികലവീക്ഷണമായി എടുത്തുകൊള്ളുകയും ചെയ്യും. എന്നാല്‍ സൂരജ് ഇതേ വാചകം എഴുതിയാല്‍ അതിനു ആധികാരികത കൈവരുകയും ലേഖകനെ കേരളത്തിലെ ഡോക്റ്റര്‍മാരുടെ പ്രതിനിധിയായി വായനക്കാര്‍ കാണുകയും ചെയ്യും. "ഞാനും ഒരു ബ്ലോഗറാണ്‌." എന്ന വാചകത്തിലെ കുഴപ്പമതാണ്‌. ബ്ലോഗ് എന്തെന്നറിയാത്ത വായനക്കാരന്‍ കാണുന്ന ബ്ലോഗ് പ്രതിനിധിയായും റിവ്യൂവര്‍ ആയും ലേഖകനെ അവര്‍ വായിക്കും.


ചോദ്യം: ബൂലോഗ കൂട്ടായ്മയുടെ പല ആക്റ്റീവിസ്റ്റുകളും ഹരികുമാര്‍ പ്രശ്നത്തില്‍ അഭിപ്രായമെഴുതി കണ്ടില്ലല്ലോ?
കൂട്ടായ്മ എന്നൊന്നില്ലെന്ന് ഞാന്‍ പലവര്‍ഷങ്ങളായി പറയുന്നു. ആര്‍ക്കും എന്തു കാര്യത്തിനും അവനവനു തോന്നുന്നതുപോലെ എന്തും ചെയ്യാം. ആര്‌ എന്തിനെക്കുറിച്ച് എങ്ങനെ ബ്ലോഗ് എഴുതണമെന്ന് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല.


ചോദ്യം: ബൂലോഗ ക്ലബ്ബില്‍ നടന്ന ചര്‍ച്ചയില്‍ പലരും ഹരികുമാറിനു ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായത്തെക്കാള്‍ മോശമായി പ്രിന്റിനെക്കുറിച്ച് പ്രതികരിച്ചു കണ്ടല്ലോ?
ഉവ്വോ? എങ്കില്‍ അതടക്കം എല്ലാം പ്രിന്റ് മീഡിയയുടെ ശ്രദ്ധയിലെത്തിക്കോട്ടെ.

ചോദ്യം: ബ്ലോഗ് പ്രിന്റ് മീഡിയയെക്കാള്‍ വലുതാണോ?
ബ്ലോഗ് പ്രിന്റ് മീഡിയയെക്കാള്‍ വലുതല്ലാത്തതുകൊണ്ട് മോശമാണെന്നുമില്ലല്ലോ.

ചോദ്യം: എത്ര നല്ല ലേഖനങ്ങളും നോവലുകളും കലാകൗമുദിയില്‍ വന്നത് വായിച്ചു വളര്‍ന്നവരാണ്‌ നമ്മള്‍, ഈ ഒറ്റ പ്രശ്നത്തിന്റെ അല്ലെങ്കില്‍ കഴിഞ്ഞ കുറച്ചു ലക്കങ്ങളായി വന്ന ചില പരാമര്‍ശത്തിന്റെ പുറത്ത് തള്ളിപ്പറയുന്നത് തെറ്റല്ലേ?

പണവും നന്ദിയും ഒരുമിച്ചു പോവില്ല. കലാകൗമുദിയില്‍ നിന്നും എന്തു വാങ്ങിയെങ്കിലും അതിനു രൊക്കം പണം അടച്ചാണു വാങ്ങിയത്. തട്ടുകടക്കാരന്‍ മുരുകേശന്‍ എനിക്കൊത്തിരി വച്ചു വിളമ്പിയിട്ടുണ്ട്, അതിനു ഞാന്‍ പറ്റും തീര്‍ത്തിട്ടുണ്ട്. എന്നെ മുരുകേശന്‍ തല്ലാന്‍ വന്നാല്‍ ഞാന്‍ തിരിച്ചു തല്ലും, അന്നദാതാവെന്നു കരുതി മിണ്ടാതിരിക്കുകയില്ല.

ചോദ്യം: കലാകൗമുദി കത്തിച്ച കൈപ്പള്ളി അക്ഷരത്തെ നശിപ്പിക്കുകയല്ലേ?
കൈപ്പള്ളി പേപ്പറേ കത്തിച്ചുള്ളു, അതിലെ അക്ഷരങ്ങള്‍ അതിനും മുന്നേ മരിച്ചു കഴിഞ്ഞു. ദേശാഭിമാനി പത്രത്തില്‍ എസ് ആര്‍ ശക്തിധരന്‍ എഴുതിയ വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി(ഇതെഴുതിയത് ജി. ശക്തിധരനാണ്, എസ് ആര്‍ അല്ല- മാരീചന്റെ കമന്റ് കാണുക) എനിക്ക് ഒന്നുകൂടി വായിച്ചാല്‍ കൊള്ളാമെന്നുണ്ട്, അത് ഓണ്‍ ലൈനിലോ യൂണിക്കോഡിലോ അല്ലാത്തതിനാല്‍ ഇനിയെനിക്ക് വായിക്കാനാവില്ല. ദേശാഭിമാനി ആര്‍ക്കൈവ്സ് യൂണിക്കോഡിലായിരുന്നെങ്കില്‍ ഞാന്‍ പണം നല്‍കി സബ്സ്ക്രിപ്ഷന്‍ എടുത്തേനെ. പേപ്പറിലായതുകൊണ്ട് ആ അക്ഷരങ്ങള്‍ മരിച്ചു.


ചോദ്യം: ബ്ലോഗ് വായിക്കുന്ന സാധാരണക്കാര്‍ അധികമില്ല, ആ നിലയ്ക്ക് പ്രിന്റ് അല്ലേ കേമന്‍?
പ്രിന്റോ ബ്ലോഗോ കേമന്‍ എന്ന് ചോദിക്കരുതെന്ന് നേരത്തേ പറഞ്ഞു. എങ്കിലും, മുകളിലത്തെ കമന്റ് ഒന്നു വായിക്കുക, മലയാളം യൂണിക്കോഡില്‍ എഴുതുന്നവ കാലത്തെ താണ്ടി ദേശത്തേയും താണ്ടി ആയിരം വര്‍ഷം അപ്പുറത്തേക്കും ആയിരം കാതം ദൂരത്തേക്കും പോയിക്കോണ്ടേയിരിക്കുന്നു, പത്രത്തിലടിച്ചത് അന്നു വൈകുന്നേരത്തോടെ ഉമിക്കരി പൊതിയാനെടുത്തു പോയി.

ചോദ്യം: ബ്ലോഗല് വരുന്ന സാഹിത്യമാണോ അപ്പോള്‍ പ്രിന്റിലുള്ളതിനെക്കാള്‍ മെച്ചം?
ബ്ലോഗ് സാഹിത്യത്തിനു വേണ്ടി ഉഴിഞ്ഞു വച്ചതൊന്നുമല്ല, ഫിഫ്ത് എസ്റ്റേറ്റ് എന്നു വിളിക്കാവുന്ന ഒരു മാദ്ധ്യമമാണ്‌. മലയാളത്തില്‍ മാത്രമായിരിക്കും വാരികയും ബ്ലോഗുമാണ്‌ സാഹിത്യത്തെ വളര്‍ത്താന്‍ ബാദ്ധ്യതയുള്ളവര്‍ എന്നു കരുതുന്നത്.

ചോദ്യം: ഇവിടെ കിടന്നു പ്രതിഷേധിച്ചാല്‍ ആരെങ്കിലും അറിയുമോ?
അറിയുമോന്നു നോക്കാം, ഇല്ലെങ്കില്‍ അറിയുന്നേടത്തേക്ക് പോകാം

ചോദ്യം: ഞാന്‍ പ്രതിഷേധിക്കണോ വേണ്ടയോ?
നിങ്ങളുടെ കാര്യം എനിക്കെങ്ങനെ അറിയാന്‍? തോന്നുന്നത് ചെയ്യൂ.

Friday, February 1, 2008

നെറ്റ്‌ കിട്ടാത്ത ഒരുത്തന്റെ പ്രതിഷേധം

ബ്ലഗാക്കളേ,
മൂന്നു ദിവസമായി ദുബായില്‍ കാറ്റും തിരയും ഒക്കെയായിട്ട്‌ ഇന്റര്‍നെറ്റ്‌ ആക്സസ്‌ നാശമാക്കിയതിനാല്‍ ബൂലോഗ ക്ലബ്ബില്‍ അഞ്ചല്‍ക്കാരന്‍ തുടങ്ങിയ ത്രെഡ്‌ മൊത്തം ലോഡ്‌ ആകുകയോ ഒരു കമന്റ്‌ ഇടാന്‍ എന്നെ അനുവദിക്കുകയോ ചെയ്യുന്നില്ല. എന്നുവച്ച്‌ മിണ്ടാതിരിക്കാന്‍ പറ്റുമോ, ആരെങ്കിലും ഇതൊന്നു അങ്ങോട്ട്‌ ലിങ്ക്‌ ചെയ്യൂ, അല്ലേല്‍ കോപ്പി പേസ്റ്റൂ.

കഴിഞ്ഞ പല ലക്കങ്ങളായി കലാകൌമുദി ബ്ലോഗിനെയും ബ്ലോഗര്‍മാരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ലേഖനമെന്നും കവിതയെന്നും പേരിട്ട്‌ ആക്ഷേപങ്ങള്‍ അച്ചടിക്കുന്നുണ്ട്‌, ഇതില്‍ ഒരു ബ്ലോഗറെന്ന നിലയിലും ബ്ലോഗ്‌ വായനക്കാരനെന്ന നിലയിലും എനിക്കുള്ള ശക്തിയായ പ്രതിഷേധം അപ്പപ്പോള്‍ ബ്ലോഗില്‍ തന്നെ എഴുതുകയും ചെയ്യുന്നുമുണ്ട്‌. ഇത്‌ ഒരു തുടര്‍ പരിപാടിയാക്കാന്‍ കൌമുദി തീരുമാനിച്ച സ്ഥിതിക്ക്‌ ഇനിമേലില്‍ ഞാന്‍ കലാകൌമുദി എന്ന പ്രസിദ്ധീകരണം വാങ്ങുകയോ വായിക്കുകയോ ചെയ്യില്ല എന്ന തീരുമാനത്തിലെത്തി നില്‍ക്കുകയാണ്‌. അടുത്ത കാലത്ത്‌ വാങ്ങിയ ലക്കങ്ങളിലൊന്നും ബ്ലോഗ്‌ പോസ്റ്റുകളുടെ പോയിട്ട്‌ മറ്റു ആനുകാലിക പ്രിന്റ്‌ പ്രസിദ്ദീകരണങ്ങളില്‍ ഉള്ളയത്ര നിലവാരം പുലര്‍ത്തുന്നതൊന്നും കലാകൌമുദിയില്‍ കാണാനാവാത്ത സ്ഥിതിക്ക്‌ ഈ തീരുമാനം ഒരു സമരമെന്നതിനപ്പുറം പാഴ്ചെലവ്‌ ഒഴിവാക്കലായും ഞാന്‍ കാണുന്നു.

എം കെ
ഹരികുമാറിന്റെ കോളം ഞാന്‍ വായിക്കാറില്ലാത്തതുകൊണ്ട്‌ അദ്ദേഹത്തെക്കുറിച്ച്‌ ഒന്നുമെഴുതുന്നില്ല, അദ്ദേഹത്തിന്റെ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നുമില്ല.