Wednesday, September 5, 2007
മറ്റൊരു കൂട്ടായ്മ ദുരന്തം.
എന്റെ ബ്ലോഗില്‍ വരുന്നവര്‍ക്കു മുന്നില്‍ ഞാന്‍ പ്രസാധകനും ഞാന്‍ കണ്ടെത്തി പോകുന്ന ബ്ലോഗുകളില്‍ ഞാന്‍ വായനക്കാരനും എന്നതിനപ്പുറം ഒരു ബന്ധവും ബൂലോഗവും ഞാനുമായി ഇല്ല എന്ന രീതിയാണ് ആശാസ്യം. ഏറ്റവും നല്ല കമന്റുകള്‍ ഇട്ട് എന്റെ പോസ്റ്റുകളൂടെ കുറ്റവും പിഴയും പതിവായി തീര്‍ക്കുന്നവരില്‍ മിക്കവരേയും ഞാന്‍ പതിവായി വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ബ്ലോഗുകളുടെ ഉടമകളില്‍ മിക്കവരേയും എനിക്കൊരു പരിചയവുമില്ല, ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുമില്ല.
പക്ഷേ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്കവരും എന്തെങ്കിലും രീതിയില്‍ ആളുകളെ പരിചയപ്പെടും, ചിലര്‍ സുഹൃത്തുക്കളാകും.
1998ല്‍ ഞാന്‍ പരിചയപ്പെടുകയും ശേഷം ഏതാണ്ട് പത്തു കൊല്ലത്തോളം എന്റെ സുഹൃത്തുക്കളായി ബൂലോഗം വരെ ഒപ്പമുണ്ടായിരുന്നവരും ആണ് കണ്ണൂസും തഥാഗതനും. ഇക്കാലയളവില്‍ ഞാന്‍ ജോലിസ്ഥലത്തും ട്രെയിനിലും വഴിയിലും മദ്യശാലയിലും ബ്ലോഗിലും ബുള്ളറ്റിന്‍ ഫോറങ്ങളിലുമൊക്കെയായി ഒരുപാടു പേരെ പരിചയപ്പെട്ടിട്ടുമുണ്ട്, എന്നതിനാല്‍ പത്തുവര്‍ഷത്തെ പരിചയം എന്നതിനപ്പുറം ആകെ ഉണ്ടായിരുന്ന പ്രത്യേകത തഥാഗതനെ ഞാന്‍ ഈ വര്‍ഷം വരെ കണ്ടിട്ടേയില്ലായിരുന്നു എന്നതു മാത്രം.
കൈപ്പള്ളി എന്നയാളെ ബ്ലോഗര്‍ എന്ന രീതിയിലാണ് ഞാന്‍ പരിചയപ്പെട്ടത്. ശേഷം ഞങ്ങള്‍ എല്ലാ വാരാന്ത്യങ്ങളിലും ഒരുമിച്ചു മദ്യപിക്കാറുണ്ടെന്ന് വയ്ക്കുക, ഈയാഴ്ച്ച മദ്യപിക്കാന്‍ കൂടിയപ്പോള്‍ ഇയാളുമായി തര്‍ക്കത്തിലായി എന്റെ കൊരവള്ളിക്ക് കയറി പിടിച്ചെന്നും പിടിച്ചു മാറ്റാന്‍ വന്ന എന്റെ മൂന്നു കൂട്ടുകാരെ തല്ലി എന്നും വയ്ക്കുക. അത് ഒരു ബൂലോഗ പ്രശ്നമായോ? ആയെന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ അത് കൂട്ടായ്മ, കുടുംബം എന്നൊക്കെയുള്ള മിഥ്യാധാരണകളുടെ ഫലം. കൈപ്പള്ളി തല്ലിയെങ്കില്‍ (തല്ലിയാല്‍ വിവരം അറിയും) അത് വ്യക്തിതലത്തില്‍ ഓഫ് ലൈനില്‍ സംഭവിക്കുന്ന ഒരു കാര്യം. ബ്ലോഗില്‍ നിന്നും ഒരാളിനെ ചില സ്ത്രീകള്‍ പരിചയപ്പെട്ടെന്നും വര്‍ഷങ്ങളോളം എന്നും ചാറ്റ് ചെയ്തശേഷം അയാള്‍ അവരെക്കുറിച്ച് അപഖ്യാതി
പറഞ്ഞു പരത്തി (slander) എന്നതും കൈപ്പള്ളി തല്ലി എന്നു പറയുന്നതുപോലെ ഒരു വ്യക്തിതല പ്രശ്നം തന്നെ- ബ്ലോഗില്‍ വന്ന് അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ആ സ്ത്രീകളെക്കുറിച്ച് എഴുതുകയോ അവരുടെ ബ്ലോഗില്‍ കമന്റിട്ട് ശല്യപ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍.
മറ്റൊരു പരാതി ഒരു സ്ത്രീ ബ്ലോഗറുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി അവരോട് സംസാരിച്ചു എന്നതാണ്. തീര്‍ച്ചയായും അത് തെറ്റായ കാര്യം. ഫോണ്‍ ചെയ്തപ്പോള്‍ അത് ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞ് ഡിസ്കണക്റ്റ് ചെയ്തുകാണും എന്ന് വിചാരിക്കുന്നു.
എന്റെ അടുത്ത സുഹൃത്തുക്കള്‍ പോകട്ടെ കെട്ടിയ പെമ്പ്രന്നോരോടു പോലും ദിവസേന ഒരുമണിക്കൂര്‍ സംസാരിക്കാന്‍ വിഷയം ഉള്ള ദിവസങ്ങള്‍ കുറവാണെന്ന അവസ്ഥയാണ് എനിക്ക്. അതുകൊണ്ടുതന്നെ ദൈനം ദിനം ഇരുപതു മെയില്‍ അയക്കുകയും അഞ്ചും എട്ടും മണിക്കൂര്‍ മാസങ്ങളോളം ചാറ്റ് ചെയ്യുകയും ചെയ്യുന്നവര്‍ പരസ്പരം എത്രമാത്രം ആശയ പൊരുത്തം അല്ലെങ്കില്‍ തീവ്രസൌഹൃദം ഉള്ളവരാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ശേഷകാലം അവരെല്ലാം തങ്ങളിലൊരാള്‍ ബാക്കിയുള്ളവരെല്ലാം മോശമായ വ്യക്തിത്വമുള്ളവര്‍ ആണെന്ന് പറഞ്ഞു നടപ്പാണെന്ന് വേറേ ആരോ ചിലര്‍ പറഞ്ഞറിയുന്നു. സ്വാഭാവികമായും വേറൊരാളിനോട് "എടോ, എക്സ് ചീത്തയാണ്" എന്നു പറഞ്ഞാല്‍ അയാള്‍ ഞെട്ടിയേക്കും, എന്നാല്‍ "വൈയും ചീത്തയാണ്, സീയും ചീത്തയാണ്, എന്തിന് ഇരുപത്താറക്ഷരവും ചീത്തയാണ്" എന്നു പറഞ്ഞാല്‍ വെളിവുള്ള ഒരു വേറൊരാളും അത് വിശ്വസിക്കുകയില്ലല്ലോ. അത് പോകട്ടെ,ഓണ്‍ ലൈനിലോ ഓഫ് ലൈനിലോ ആളുകളെ പരിചയപ്പെടുന്നവര്‍ പരിചയത്തിനു പരിധി നിര്‍ണ്ണയിക്കുക എന്നതാണ് ഇത്തരം സ്കൂള്‍ കുട്ടി പിണക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ടത്. പിന്നെ ആരോ എല്ലാവര്‍ക്കും ഇതൊരു പാഠം ആയിരിക്കട്ടെ എന്നുദ്ദേശിച്ചാണ് എഴുതുന്നതെന്ന് പറഞ്ഞു കേട്ടു. അതേ, എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ- ബൂലോഗ കൂട്ടായ്മ എന്നൊന്നില്ലെന്നും ഉണ്ടാക്കേണ്ട ആവശ്യമേയില്ലെന്നും ഉണ്ടാക്കുന്ന കൂട്ടുകള്‍ക്ക് മറ്റാരും ഉത്തരവാദിയല്ലെന്നുമുള്ള പാഠം.
അനോണിമസ് ആയി വരുന്നവരുടെ കമന്റെഴുത്ത് കാണുമ്പോള്‍ മറ്റൊരു കൂട്ടായ്മ ആണ് ഓര്‍മ്മ വരുന്നത്. പുരാതന റോമിലെ ആംഫിതീയറ്ററിലെ കാണികളുടേത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും , സിനിമയും റിക്കോര്‍ഡ് പാട്ടും വീഡിയോ ഗെയിമും , സ്ട്രിപ്പ് ടീസര്‍മാരും, എല്‍ എസ് ഡിയും ഒക്കെ വന്നിട്ടും മനുഷ്യന്റെ വിനോദത്വരകള്‍ ഇപ്പോഴും റോമന്‍ കാണിക്കൂട്ടായ്മയുടേതു തന്നെ. ഗ്ലേഡിയേറ്ററേ, അടിമേ, സിംഹമേ, വഴിയേ പോയ മനുഷ്യാ, അനോണിക്കൂട്ടായ്മ വിരല്‍ മേല്പ്പോട്ടും താഴോട്ടും ചലിപ്പിക്കുന്നു. വെട്ട്, കൊല്ല്, ചാക്!
വാല്‍ക്കഷണം- നല്ല ബ്ലോഗുകള്‍ അല്ലാതെ നല്ല ബ്ലോഗര്‍മാരെ ഞാന്‍ തിരയാറില്ല. നല്ല പോസ്റ്റ് ഇടുന്നയാളിനു മകളെ കെട്ടിച്ചു കൊടുക്കാനും ഉദ്ദേശിക്കുന്നില്ല. "എഴുതാനുള്ള കഴിവെന്ന് വച്ചാല്‍ ഇതാണ്" എന്ന് എനിക്ക് ജാക്ക് ലണ്ടന്റെ മിക്ക കഥകളും വായിച്ചു തീരുമ്പോള്‍ തോന്നിയിട്ടുണ്ട്. ഒരുകാലത്ത് ലണ്ടന്‍ കടല്‍ക്കൊള്ളക്കാരനായിരുന്നിട്ടുണ്ട്, അതുകൊണ്ട് എനിക്കെന്ത്? ഞാന്‍ അയാളുടെ കഥകള്‍ മാത്രമേ കാണുന്നുള്ളു.
അറിയിപ്പ്: ഈ പോസ്റ്റ് ഒരു കമന്റ് ആയതുകൊണ്ട് ഇതിനു കമന്റ് ഓപ്ഷന്‍ തുറന്നിട്ടില്ല. കമന്റിനു കമന്റ് എന്ന കമന്റ് രാജ് മാ1റി പോസ്റ്റ് രാജ് ഉണ്ടാകാനാണു പിന്മൊഴിയില്‍ നിന്നും ഞാന്‍ പിന്മാറിയത്.
Thursday, August 23, 2007
ബ്രിജ് വിഹാരം
മനുവിന്റെ ബ്ലോഗ്ഗ് വായിക്കാറുണ്ട്, ചിലപ്പോഴൊക്കെ കമന്റും ഇടാറുണ്ട്. ഈ അടുത്ത സമയത്ത് മനു എനിക്കിട്ട ഒരു കമന്റില്‍ വെറും മനു എന്നല്ല ജി. മനു എന്നു കണ്ടു. മൂപ്പരുടെ ഒറ്റക്കോടന്‍ മുത്തപ്പനും പഴയന്‍ജലീ ഭഗവതിയും വാഴുന്ന പ്രൊഫൈല്‍ അപ്ഡേറ്റ് ആയ കൂട്ടത്തിലാവും പേരും പരിഷ്കരിച്ചതെന്നും എന്നാല്‍ പുനപ്രതിഷ്ഠ ഒന്നു കണ്ട് തൊഴുതേച്ചു പോകാമെന്ന് കരുതി ക്‍ളിക്കി. വഴി തെറ്റി. സേലത്തോട്ടു തിരിച്ച ഞാന്‍ ഷോളയാറ് കൊടും കാട്ടിലെത്തിയപോലെ നേരേ ബ്രിജ്‌വിഹാരത്തിനകത്ത് ചെന്നു കേറി. അപ്പോഴാണു ഞാനറിയുന്ന മനു അല്ല ജീ മനു എന്നു മനസ്സിലായത്.
ബ്രിജ് വിഹാരം എന്ന ഡെല്‍ഹിമലയാളി കോളനിയിലെ തമാശ സംഭവങ്ങളാണു ബ്ലോഗിന്റെ നട്ടെല്ല്. പുറം ലോക കഥകളും ചിലതുണ്ട്. പോസ്റ്റുകള്‍ മിക്കതും സ്റ്റാന്‍ഡ് എലോണ്‍ എപ്പിസോഡുകള്‍ ആണ്. ബ്രിജ് വിഹാരത്തിലെ ഒരുപാട് അന്തേവാസികളെ കഥാപാത്രങ്ങളാക്കിയിട്ടുണ്ടെങ്കില്‍ അവരെയൊക്കെ വായനക്കാരന്റെ മനസ്സില്‍ പതിപ്പിച്ചു വയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളതുകൊണ്ട് എണ്ണം വായനക്കാരന്റെ വഴിയിലെ മുള്ളാകുന്നതേയില്ല.
ഇതുവരെ ഇരുപത്താറു പോസ്റ്റുകള്‍ ആയ ബ്രിജ്‌വിഹാരം ഫുള്‍ ഫീഡ് തരാന്‍ സന്മനസ്സു കാട്ടുന്നയിടം ആയതുകൊണ്ട് ഗൂഗിള്‍ റീഡറില്‍ തന്നെ ഒരു ഈ ബുക്ക് പോലെ ഒറ്റ മണിക്കൂറില്‍ വായിച്ചു തീര്‍ത്തു, ഒരു കമന്റും ഞാന്‍ കണ്ടില്ല, അങ്ങനെ എന്റെ മാത്രം മനസ്സിലാണ് ഞാന്‍ ഈ ബ്ലോഗ് മുഴുവന്‍ ഒറ്റയടിക്കു തീര്‍ത്തത്. ചെലവഴിച്ച സമയം മുതലായി!
പ്രസന്റേഷന്‍ സ്കില്‍ (എന്തരാണിതിന്റെ മലയാളം എന്ന് ഭാഷ പഠിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ പറഞ്ഞു താ) ആണു മനുവിന്റെ (മാഗ്നിഫൈയര്‍, സിജി, പ്രതിഭ എന്നിവരുടെയും) ശക്തി. അത് ഓരോ എപ്പിസോഡ് കഴിയും തോറും മെച്ചപ്പെടുന്നുമുണ്ട്. ഇംപ്രസ്സ് ചെയ്യാത്തത് പോസ്റ്റിന്റെ തലക്കെട്ടുകളും.
അക്ഷരത്തെറ്റിനു പഞ്ഞമില്ല എന്നു ഞാന്‍ പറഞ്ഞാല്‍ രണ്ടുകാലിലും മന്തുള്ളവന്‍ കുളത്തില്‍ ഇറങ്ങി നിന്നിട്ട് കാലില്‍ കുരുവുള്ളവനെ നോക്കി ചിരിക്കുന്നതുപോലെ ആകും.
സംഭാഷണങ്ങളുടെ ആധിക്യം കഥയ്ക്ക് നാടകത്തിന്റെ scriptന്റെ രുചി കൊടുക്കും. ആദ്യത്തെ ചില പോസ്റ്റില്‍ ഉണ്ടായിരുന്ന ഈ പ്രശ്നം പിന്നീട് മനു പരിഹരിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് ലേറ്റസ്റ്റ് പോസ്റ്റുകളാണ് എന്നതില്‍ നിന്നും എഴുത്ത് പുരോഗതിയുടെ വഴിയിലാണെന്ന് അനുമാനിക്കാം.
Thursday, August 9, 2007
ബ്രാഹ്മിയുടെ ഉദ്ഭവം- വിവിധ വാദങ്ങള്‍
പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും എന്ന ഡോ. എസ് ജെ മംഗലത്തിന്റെ പുസ്തകം മലയാള ലിപിയുടെ വികാസചരിത്രത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആധികാരികവും വസ്തുനിഷ്ഠവുമായ പഠനമാണ്‍`, ഗ്രന്ഥത്തിന്റെ മുഖ്യവിഷയം മൌര്യബ്രാഹ്മിയില്‍ നിന്നും രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ കൊണ്ട് ഇരുപതോളം സ്ക്രിപ്റ്റുകളിലൂടെ ചെറുതായി രൂപം മാറി മാറി ഓരോ അക്ഷരവും എങ്ങനെ ആധുനിക മലയാളം ലിപി ആയി എന്നതാണെന്നതിനാല്‍ ബ്രാഹ്മിയുടെ ഉല്‍പ്പത്തി വിഷയമാകുന്നില്ല. എന്നിരുന്നാലും ചെറിയൊരു പരാമര്‍ശം ബ്രാഹ്മിയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള വിവിധവാദങ്ങളെക്കുറിച്ച് വരുന്നുണ്ട് (രണ്ടാമദ്ധ്യായം പേജ് 16 മുതല്‍ 27 വരെ)
വിവിധവാദങ്ങളെ ഡോ മംഗലം ഇങ്ങനെ വിലയിരുത്തുന്നു.
1. ഗ്രീക്ക് ഉല്‍പ്പത്തി- അനുകൂലവാദികള്‍- Otfried Mueller, Emille Senart, Raoul Rochette, Gobelt de Alviella, Joseph Halevy. കാരണം- സ്ക്രിപ്റ്റ് സാമ്യം. മൌര്യകാലത്ത് ബുദ്ധമത പണ്ഡിതര്‍ ഗ്രീസില്‍ നിന്നും ലിപി കൈക്കൊണ്ടെന്ന് അനുമാനം.
എതിര്‍ക്കുന്നവര്‍- ഡോ. ബ്യൂളര്‍. കാരണം മൌര്യകാലത്തിനൂം മുന്നേ തന്നെ ബ്രഹ്മി സ്ക്രിപ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്, ലിപി സാമ്യം മറ്റു പല ഭാഷകളുമായി ബ്രഹ്മിക്കുണ്ട്. ഡോ മംഗലം എതിര്‍വാദത്തോട്
യോജിക്കുന്നു
2. അസീറിയന്‍ ഉല്‍പ്പത്തി- അസീറിയന്‍ ക്യുനിഫോം ദക്ഷിണ സെമിറ്റിക് ലിപിയിലേക്ക് പുരോഗമിക്കുന്നതിനിടലുള്ള ഒന്നാണ് ബ്രഹ്മിയെന്ന് Deeke, Taylor& Rhys Davids - Buddist India, p.114 .വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കു കഴിയാത്തതിനാല്‍ ഈ വാദം പ്രചാരത്തിലായില്ല
3. സെമിറ്റിക് ഉല്‍പ്പത്തി
3.1 ഫിനീഷ്യന്‍ ഉല്‍പ്പത്തി- സിദ്ധാന്തം Weber, Benfey, Jensen & Buhler ref: Indian Paleography. കാരണം 30 ശതമാനം അക്ഷരങ്ങള്‍ നല്ല സാമ്യവും 30 ശതമാനം അക്ഷരങ്ങള്‍ ചെറിയ സാമ്യവും പുലര്‍ത്തുന്നു ബ്രഹ്മിയും ഫിനീഷ്യനും താരതമ്യം ചെയ്യുമ്പൊള്‍. ബാക്കിയില്‍ 30 ശതമാനം വിരുദ്ധമെന്ന് സ്ഥാപിക്കാനുമാവില്ല. അക്ഷരം ഫിനീഷ്യയില്‍ നിന്നു ഇന്ത്യയിലേക്കു വന്നോ അതോ മറിച്ചോ എന്ന് ആദ്യത്തേത് പറയുന്നവരില്‍ പ്രമുഖന്‍Tyre- Herodotos Vol II പക്ഷേ ഋഗ്വേദത്തില്‍ (Vol VI.51 p14, VI.61 p1 VII6 p.3) എന്നിവയില്‍ പരാമര്‍ശിക്കപ്പെടുന്നത് ഭാരതീയരാണ് ഫിനീഷ്യയിലേക്ക് പോയവര്‍ എന്നാണെന്ന് മറ്റുചരിത്രകരന്മാര്‍ പറയുന്നു
3.2 ഉത്തര സെമിറ്റിക്ക് ഉത്ഭവം- പ്രചാരകന്‍ Sir William Jones ശേഷകാലം വളരെപ്പേര്‍ ഇതിന്റെ പിന്താങ്ങി കാരണം പ്രാചീനകാല അറമിയക്ക് ഫിനീഷ്യ മുതല്‍ മെസപ്പ്ട്ടോമിയ വരെ ഒരേ രൂപതിലാണ് കിട്ടിയിട്ടുള്ളത്. മേല്‍ പറഞ്ഞ 30% സാമ്യങ്ങള്‍ അറമയ ലിപിയുമായും ബ്രഹ്മിക്കുണ്ട് മാത്രമല്ല സെമിറ്റിക് വര്‍ഗ്ഗങ്ങളില്‍ ആദ്യമായി ഇന്ത്യയുമായി ബന്ധം പുലര്‍ത്തിയത് അരമായ വര്‍ഗ്ഗക്കാരാണ്.
സെമിട്ടിക് ഉല്‍പ്പത്തി എതിര്‍ക്കുന്നവരില്‍ പ്രമുഖന്‍ ആയ ബി ആര്‍ പാണ്ഡെ ഉയര്‍ത്തുന്ന ചോദ്യങ്ങളും വളരെ പ്രസക്തമാണ്
ഒന്ന്: ബ്രാഹ്മി ലിപി എഴുതുന്നതുപോലെ ആണ് വായിക്കപ്പെടുന്നത്, എല്ലാ ശബ്ദത്തിനും വ്യക്താക്ഷരവും ഉണ്ട്, സെമിറ്റിക് ലിപികള്‍ക്ക് ഈ സ്വഭാവമില്ല
രണ്ട്: കണ്ഠ്യം ദന്ത്യം ഓഷ്ടം (ക ച ട ത പ ഓര്‍ഡര്‍) എന്ന് ഉച്ചാരണസ്ഥാനമനുസരിച്ചുള്ള എഴുത്ത് ബ്രഹ്മിയിലുണ്ട്
മൂന്ന് : മദ്ധ്യമസ്വരയോജനം (ക+ഉ = കു) ഉപയോഗിച്ച് സ്വരവും വ്യഞ്ജനവും കൂട്ടിയോജിപ്പിക്കുന്ന രീതിയാണ് ബ്രാഹ്മിയുടേത്
നാല്: ദീര്‍ഘവും ഹ്രസ്വവുമായ സ്വരങ്ങളുണ്ട് ബ്രാഹ്മിയില്‍-സെമിറ്റിക്ക് അക്ഷരമാലയില്‍ പതിനെട്ടു ശബ്ദങ്ങള്‍ക്ക് ഇരുപത്തിരണ്ട് ചിഹ്നങ്ങളാണുള്ളത്, അവയ്ക്ക് 64 സമ്പൂര്‍ണ ചിഹ്നമുള്ള ബ്രാഹ്മിയുടെതുപോലെ ഐക്യരൂപമോ ദീര്‍ഘഹ്രസ്വവിവേചനമോ സ്വരവ്യജ്ഞനവിവേചനമോ ലയനമോ ഉച്ചാരണസ്ഥാനമനുസരിച്ചുള്ള അടുക്കുചിട്ടയോ ഇല്ല. അക്ഷരങ്ങള്‍ തന്നെ മൂന്നിരട്ടിയോളം എണ്ണം ബ്രഹ്മിക്ക് സെമിറ്റിക് ലിപികളെക്കാളുണ്ട്
4. സിന്ധു തടോല്‍പ്പത്തി
ഹാരപ്പന്‍ സ്ക്രിപ്റ്റോ മറ്റു ലിപികളുമായോ സാമ്യമോ ഇടക്കാലത്ത് പ്രചാരത്തിലുള്ള ലിപികളോ കണ്ടെത്താനായിട്ടില്ല എന്നതിനാല്‍ ഈ വാദം പരിപൂര്‍ണ്ണമായും ഡോ. മംഗലം തള്ളി കളഞ്ഞിരിക്കുന്നു
5. വേദോല്‍പ്പത്തി
ബി ആര്‍ പാണ്ഡെയെപ്പോലുള്ളവര്‍ വേദകാലത്ത് ഉരുത്തിരിഞ്ഞതാണു ബ്രാഹ്മിയെന്നു വാദിക്കുന്നു. കാരണം വ്യക്തമായി പറയാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അതും വിലയ്ക്കെടുക്കാനാവില്ല
6. ദ്രാവിഡോല്‍പ്പത്തി
പ്രചാരകന്‍ Edward Thomas ref. Numismatic Chronicle 1883 . കാരണം ഈ ലിപി രൂപപ്പെട്ടെന്നു അദ്ദേഹം അനുമാനിച്ചിരുന്ന കാലത്ത് സാംസ്കാരികമായി ദ്രാവിഡര്‍ ആര്യരെയും സെമിറ്റിക്ക് വംശജരെയും കാള്‍ മുന്നോക്കമായിരുന്നു. എന്നാല്‍ അടുത്തകാലം വരെ ബ്രാഹ്മിലിപികള്‍ കൂടുതലും ഉത്തര്യേന്ത്യയില്‍ ലഭിക്കുകയും ദ്രാവിഡ സംസ്കാരം ദക്ഷിണേന്ത്യയില്‍ മാത്രമാണു അഭിവൃദ്ധിപ്പെട്ടിരുന്നതെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നതുകൊണ്ട് വിലപ്പോയിരുന്നില്ല. പക്ഷേ മൌര്യ ബ്രാഹ്മിയെക്കാള്‍ പഴക്കം വളരെയുള്ള സ്ക്രിപ്റ്റുകള്‍ ദക്ഷിണേന്ത്യയില്‍ കണ്ടെത്തുകയും അതേ സമയം തന്നെ ദ്രാവിഡ ഉപഭാഷകള്‍ നേപ്പാളിലും അഫ്ഗാനിസ്ഥാനിലും കണ്ടെത്തിയതോടെ ഈ വാദം വീണ്ടും ശ്രദ്ധേയമായി.
Tuesday, August 7, 2007
സായ്പ്പ് തിരിച്ചു വരണമെന്നോ?
രണ്ടു നൂറ്റാണ്ട് ഇന്ത്യയെന്ന കോളനി ഭരിച്ച് ബ്രിട്ടീഷുകാര്‍ പിടിവിടുന്ന കാലത്തായിരുന്നു നമ്മള്‍ ജനിച്ചതെങ്കില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് ഓര്‍ത്തിട്ടുണ്ടോ ആരെങ്കിലും (അച്ഛന്‍ സാമന്ത രാജാവ്, അമ്മാവന്‍ ദിവാന്‍ പേഷ്കാര്, ഏട്ടന്‍ പ്രവര്‍ത്യാര്, എന്നിങ്ങനെ ഉള്ളവര്‍ ഓര്‍ക്കേണ്ടതില്ല, ഇത് തൊണ്ണൂറ്റി ഏഴു ശതമാനം വരുന്ന ഇതരവര്‍ഗ്ഗത്തിനുള്ള എക്സര്‍സൈസ്)
൧. ഞാന്‍ ഇപ്പോള്‍ എവിടെ ആയിരിക്കും?
മിക്കവാറും മണ്ണടിസ്ഥാനില്‍ . ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തേഴിലും (പിറകോട്ടുള്ള ദശാബ്ദത്തിലും) ശരാശരി ജീവിത ദൈര്‍ഘ്യം ഇരുപത്തെട്ടു വയസ്സ് ആയിരുന്നു. ഇന്ന് അത് അറുപതു കടന്നിരിക്കുന്നു
൨.ഞാന്‍ എന്തു തൊഴില്‍ ചെയ്യുകയായിരിക്കും?
റിക്ഷാവലി? കൂലിപ്പണി? തോന്നുന്നില്ല. ശരാശരി സാക്ഷരത പതിന്നാലു ശതമാനം ആയിരുന്നു. റിക്ഷയും കൂലിപ്പണിയും ഓവര്‍ ക്രൗഡഡ് മാന്‍ പവര്‍ കാരണം നിങ്ങള്‍ ഒരു തെണ്ടക്കാരന്‍ ആകാനാണു സാദ്ധ്യത ! അവസാനത്തെ അമ്പതു വര്‍ഷത്തിലും പ്രതിശീര്‍ഷവരുമാനം കുറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ഇന്ത്യയുടെ ബ്രിട്ടീഷ് രാജില്‍.
൩. അല്ലാ വല്ല കൃഷിയോ മറ്റോ ചെയ്ത് ജീവിക്കാമല്ലോ? ഇന്നിപ്പോള്‍ കൃഷി തുലഞ്ഞില്ലേ?
ഉവ്വോ? ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് ഇരുപത് ബില്യണ്‍ ആയിരുന്നു ഇന്ന് ഒരു ട്രില്യണ്‍ ആണ്.
൪. അല്ലാ ഈ പ്രതിശീര്‍ഷവരുമാനം എന്നൊക്കെ പറയുന്നത് ശരാശരിക്കണക്കുകള്‍ അല്ലേ? പട്ടിണിക്കാരന്റെയും പണക്കാരന്റെയും സമ്പത്ത് കൂട്ടി തലകൊണ്ട് ഭാഗിക്കുന്ന കളി?
ശരി, സമ്പന്നനെ കളഞ്ഞു പട്ടിണിക്കാരനെ മാത്രം എടുക്കാം. ബ്രിട്ടണ്‍ നമ്മളെ ഭരിച്ച ഇരുന്നൂരു വര്‍ഷത്തില്‍ മഹാക്ഷാമങ്ങള്‍ ഇല്ലാത്ത രണ്ടു ദശാബ്ദങ്ങള്‍ അടുത്തടുത്ത് ഉണ്ടായിട്ടേയില്ല. പതിനൊന്നര കോടി ആളുകള്‍ ക്ഷാമത്തില്‍ ഇക്കാലത്ത് വിശന്നു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ എത്രയോ അധികം ആയിരിക്കാനാണു സാദ്ധ്യത) സ്വാതന്ത്ര്യശേഷം ഒരൊറ്റ മഹാക്ഷാമം പോലും സംഭവിച്ചിട്ടില്ല രണ്ടു ചെറുക്ഷാമങ്ങള്‍ അറുപതിന്റെ ഒടുക്കവും എഴുപതിന്റെ തുടക്കവുമായി ബീഹാറിലും മഹാരാഷ്ട്രയിലും ഉണ്ടായെങ്കിലും സര്‍ക്കാര്‍ അന്താരാഷ്ട്ര സമിതികളുടെ അടിയന്തിര സഹായം നേടി വന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കി.
൫. മതസൗഹാര്‍ദ്ദം വര്‍ഷാവര്‍ഷം മോശമായി വരികയല്ലേ? പണ്ടിങ്ങനെ ഉണ്ടായിരുന്നോ?
വിഭജന കാലത്ത് എന്തോ നടന്നെന്നല്ലാതെ വര്‍ഗ്ഗീയത ഇത്ര മോശമായിരുന്നോ?
ആയിരുന്നല്ലോ. വിഭജനകാലത്തെ വിട്ടാല്‍ തന്നെ ആയിരത്തി തൊള്ളായിരത്തിനും തൊള്ളായിരത്തി ഇരുപത്തിരണ്ടിനും ഇടയില്‍ പതിനാറും ശേഷം ഇരുപത്തിരണ്ടുവരെ ഉള്ള ആറു വര്‍ഷത്തില്‍ എഴുപത്തിരണ്ടും വര്‍ഗ്ഗീലഹളകളുണ്ടായെന്ന് "വൈസ് റോയലിറ്റി ഓഫ് ലോര്‍ഡ് ഇര്‌വിന്‍ എന്ന പുസ്തകത്തില്‍" (ക്വോട്ടിയെന്നേയുള്ളൂ, ഞാന്‍ വായിച്ചിട്ടില്ല). ഇന്ത്യയില്‍ ബ്രിട്ടീധ് ഭരണകാലം വരെ കാണാത്ത പ്രകോപനപരമായ വര്‍ഗ്ഗീയത (മിക്ക ലഹളകളും ഒന്നുകില്‍ അമ്പലത്തിനു മുന്നില്‍ പശുക്കളെ കെട്ടിയിട്ടു കശാപ്പു ചെയ്തോ നമാസ് സമയത്ത് പള്ളിക്കു ചുറ്റും കൂടി നിന്ന് ഉറക്കെ ഭജനകള്‍ വിളിച്ചുപറഞ്ഞോ മന:പൂര്വ്വം തുടക്കം ഇട്ടവ ആണെന്ന് മേല്പ്പറഞ്ഞ പുസ്തകം) സായിപ്പുഭരണത്തോടെ തുടങ്ങി കിട്ടുകയും സ്വാതന്ത്ര്യകാലത്തോടെ വളരെയേറേ ഒടുങ്ങുകയും ചെയ്തു.
൬. ദളിതര്‍ക്ക് വളരെ സഹായകമായിരുന്നു ബ്രിട്ടീഷ് രാജ് എന്നു കേള്‍ക്കുന്നല്ലോ?
ഇന്ത്യക്കാരന്‍ മൊത്തത്തില്‍ പിന്നോക്കക്കാരന്‍ ആയെന്നത് ശരി. ദലിത് ഉന്നമനം ബ്രിട്ടീഷുകാരുടെ ക്രെഡിറ്റല്ല, ദളിതരുടെ ഇടയിലെ തന്നെ സാംസ്കാരിക നവോത്ഥാനത്തിന്റെയും വിപ്ലവങ്ങളുറ്റെയും ഫലമായിരുന്നു. ബ്രിട്ടീഷ് രാജിനു മുന്നേയുള്ള ഇന്ത്യയിലെക്കാള്‍ ഭേദമായിരുന്നു വിവേചനത്തിന്റെ കാര്യത്തില്‍ ദളിതര്‍ക്ക് ബ്രിട്ടീഷ് റൂള്‍. സ്വാന്തന്ത്ര്യാനന്തരകാലത്തും ആ പുരോഗതി തുടരുന്നു. അതൊരു ഡെമോഗ്രഫിക്ക് പ്രോഗ്രസ്സ് ആണ്, അയ്യന്‍ കാളിക്കും അബേഡ്കര്‍ക്കും ശ്രീനാരായണഗുരുവിനും തന്തൈ പെരിയാറിനും കൊടുക്കേണ്‍റ്റ ക്രെഡിറ്റും ബ്രിട്ടീഷുകാരനായെന്നോ? പിന്നെ എല്ലാവരും തെണ്ടുന്ന കാലത്ത് ദളിതര്‍ക്ക് മാത്രം ഉന്നതി ഉണ്ടായെന്ന വാദത്തിന്‍ എന്തോ ഒരക്ഷരപ്പിശക് കാണുന്നില്ലേ?
൭. അപ്പോള്‍ നമ്മുടെ ഇന്ത്യ തിളങ്ങുകയാണല്ലേ?
അല്ല കൂവേ, നമ്മള്‍ ഇതിലും നന്നാക്കാമായിരുന്നു കാര്യങ്ങള്‍, ഇനിയും എത്രയോ. എവിടെയൊക്കെ എത്താമായിരുന്നു ഈ അമ്പതു വര്‍ഷം കൊണ്ട്. പക്ഷേ കൊളോണിയല്‍ കൊള്ളയടിയാണു ഭേദമെന്ന് അതിനെ വ്യാഖ്യാനിക്കരുതെന്ന്. ഏത്?
Wednesday, June 6, 2007
കാണമെന്തിനു വില്‍ക്കണം?
കലേഷേ,
ബ്ലോഗ്ഗാന്തോറും കയറി ആശംസയിടാന്‍ നിന്നാല്‍ കറങ്ങിപ്പോകുകയേയുള്ളു അതോണ്ട് മെയിലാശംസകള്‍ മതിയെന്ന് പ്രതിജ്ഞയെടുത്ത് രാവിലേ പണിക്കു വന്നതാ..എന്നിട്ടും ഇവിടെ എത്തിപ്പെട്ടു. ആശംസിക്കാനല്ല, അതു മെയില്‍ അയച്ചിട്ടുണ്ട്. ഈ സൂചിക്കുഴകള്‍ പണ്ടു കടന്ന ഒരു മുതുക്കന്‍ ഒട്ടകമല്ലേ ഞാനും, എങ്ങനെ നൂഴണമെന്ന് ഞമ്മ രണ്ടു ടിപ്പ് തരാമെന്നു വച്ചു:
1. ഇമ്മാതിരി പ്രതിസന്ധികള്‍ക്ക് ഏറ്റവും യോജിച്ചത് കഥകളാണ്. എന്റെ ഒരു പഴേ നമ്പര്‍
" ഡീ, നീ ഈ റോക്ക് ഫെല്ലര്‍ റോക്ക് ഫെല്ലര്‍ എന്ന പാറവീഴ്ത്തുകാരനെ കുറിച്ച് കേട്ടിട്ടുണ്ടോ?
"ഉം. എതാണ്ടും അമേരിക്കന്‍ മില്ല്യണയറല്ലേ?"
"ഏതാണ്ടും അല്ല, സെക്കന്‍ഡ് വേള്‍ഡ് വാര്‍ സമയത്തെ ലോകത്തെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു, ഇന്ന് ബില്‍ ഗേറ്റ്സ് പോലെ"
"ഉം. അയാളു ചത്തോ?."
"ഹ. അയാളു പണ്ടേ ചത്തു, പറഞ്ഞു വന്നത് അതല്ല. അയാള്‍ സമ്പാദിച്ച് സമ്പാദിച്ച് വലിയ ബിസിനസ്സുകാരനായി, സമ്പാദിക്കുംതോറും പിശുക്കു കൂടി, ആധി കൂടി, വ്യാധി കൂടി, ഊണില്ല ഉറക്കമില്ല, ഭാര്യയോടും മക്കളോടും ദേഷ്യമായി, ബിസിനസ്സു കാര്യത്തിനിടയില്‍ ശല്യം ചെയ്യുന്നവരല്ലേ അവരൊക്കെ"
"എന്നിട്ട്?"
"എന്നിട്ട് നാല്‍പ്പതു വയസ്സില്‍ അയാള്‍ക്ക് പത്തിരുന്നൂറൂ അസുഖങ്ങള്‍ ഉണ്ണാന്‍ വയ്യാ, അപ്പിയിടാന്‍ വയ്യാ, ശ്വാസം വിടാന്‍ വയ്യാ, വേദന ,വേദന.. ലോകത്തെ മികച്ച വൈദ്യന്മാരെല്ലാം
കൈയ്യൊഴിഞ്ഞു, ആളിപ്പോ ചാകുമെന്നതില്‍ ഒരു ആശുപത്രിക്കും ഒരു സംശയവുമില്ല...
ഒടുക്കം പുള്ളി തന്നെ പോം വഴി കണ്ടെത്തി. തന്റെ ബിസിനസ്സ് സാമ്ര്യാജ്യം വിറ്റു റോക്ക് ഫെല്ലര്‍ കാശെല്ലാം പലര്‍ക്കായി കൊടുത്തു. ഒക്കെ ഉപേക്ഷിച്ച് സുഖമായി ഉറങ്ങി. പിന്നെ ഇറങ്ങിപ്പോയി.. ഒരന്‍പതോളം വര്‍ഷം പൂര്‍ണ്ണാരോഗ്യവാനായി, സന്തോഷവാനായി, സകുടുംബം, സസന്തോഷം, സാകേതം, സാമോദം, സാമ്പാര്‍.. എന്തു മനസ്സിലായി?"
"ഇവിടെ കാശൊന്നുമില്ലെന്ന് മനസ്സിലായി"
ടിപ്പ് രണ്ട്: മറ്റുവിന്‍ ചട്ടങ്ങളേ
ഓണത്തിനു പുടവ, കടുവാ ഒക്കെ വേണം എന്നത് കണ്‍സ്യൂമര്‍ സംസ്കാരം നമ്മളില്‍ അടിച്ചേല്‍പ്പിച്ചതാണെന്നു ഒരു മണിക്കൂര്‍ പ്രസംഗിക്കുക. പിന്നെ ഒരു ചേയ്ഞ്ചുള്ള ഓണമെന്ന നിലക്ക്, ഒറ്റക്ക് സംഘഗാനം പാടാം, പാര്‍ക്കില്‍ നടക്കാന്‍ പോകാം, കൂട്ടുകാരെയൊക്കെ ഫോണ്‍ ചെയ്യാം..
ടിപ്പ് മൂന്ന്: പറയാതെ പറയുക
ഉദാ: "ഈ ഓണത്തിനു പാലോ മറ്റോ വാങ്ങിക്കണമെങ്കില്‍ ദേ ലുലുവില്‍ പോയി വാങ്ങാം കേട്ടോ, അവിടാകുമ്പോ ക്രെഡിറ്റ് കാര്‍ഡ് കൊടുക്കാമല്ലോ താഴെ ഗ്രോസ്സറി നടത്തുന്ന അച്ചായനു കാര്‍ഡ് മെഷീനില്ല"
(ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ് ഉത്തരം ഓ സാരമില്ല ചേട്ടാ പൈസയില്ലേല്‍ നമുക്ക് ബുദ്ധിമുട്ടി ഓണമൊന്നുമാഘോഷിക്കണ്ടാ.
ഇതു കേട്ട്:
"എന്നാ ശരി നമുക്ക് ലുലുവില്‍ പോകാം അവിടാകുമ്പോ ചുരിദാറിനു റീഡക്ഷന്‍ സെയിലുമുണ്ടല്ലോ" എന്ന ഹൃദയഭേദകമായ നിരീക്ഷണം റീമ പറയില്ല എന്ന് പ്രതീക്ഷിക്കാം)
ടിപ്പ് നാല്: ഗദ്ഗദം
ചേരുവ:
കിംഗ് ഫിഷര്‍ ക്യാന്‍ ഒരെണ്ണം
മിഴുങ്ങസ്യാ നോട്ടം ഒരെണ്ണം
അനന്തത, ഒരു കിലോമീറ്റര്‍
ക്യാന്‍ കയ്യില്‍ ഫിറ്റ് ചെയ്ത് മിഴു. നോട്ടം അനതതയിലോട്ട് തൊടുക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോ മെല്ലെ "എന്റേടോ, ഞാന്‍ ആലോചിക്കുവാ, എന്റെ കൂടെ കൂടി താനും കഷ്ടത്തിലായല്ലോ, ഓണമായിട്ട് ഒരു ലാന്‍ഡ് ക്രൂയിസര്‍ സമ്മാനമായി തരണമെന്നൊക്കെ സ്വപ്നം കണ്ടിരുന്ന എന്റെ മോഹങ്ങള്‍ മരവിച്ചു മോതിരക്കൈ മുരടിച്ചു..."
അങ്കോം കാണാം ബീറും അടിക്കാം.
Friday, June 1, 2007
ബൂലോഗ ഫാം!
മൊഴിയേ,
ബൂലോഗത്തെ ആനിമല്‍ ഫാമോടുപമിച്ച കാവ്യഭാവനയെ നമിച്ചു. ഒന്നൊന്നര ഉപമയായിപ്പോയി.
നമ്മള്‍ മനോര്‍ ഫാമിലെ ജീവികളെക്കാള്‍ ഊളന്മാരാണ്. കാരണം ഒരു കാടു കണ്ടിട്ട് നമ്മള്‍ അത് ഫാമായി തെറ്റിദ്ധരിച്ചു. ഒരു മേജറും നമുക്ക് പൊതുലക്ഷ്യം കാട്ടിത്തന്നില്ല. ഒരു വര്‍ഗ്ഗശത്രുവും നമുക്കു മുന്നില്‍ ഇല്ലായിരുന്നു. എന്തിനാണു നമ്മള്‍ സംഘടനയെന്ന് സ്വയം ചിന്തിച്ചത് പിന്നെ? എന്തിനാണ് എന്നും രാവിലെ എഴുന്നേറ്റ് ബൂലോഗസംഘഗാനം പാടുന്നത്? എന്തിനാണു നേതാവിനെയും ഗുരുവിനെയും താത്വികാചാര്യനെയും തിരയുന്നത്?
രാമദാസനും വിജയനും എയര്‍പ്പോര്‍ട്ടില്‍ "സാധനം കയ്യിലുണ്ട്" എന്നു പറഞ്ഞു നടക്കുമ്പോലെ ഞാന്‍ കുറേക്കാലമായി "കമ്യൂണിറ്റി നിലവിലില്ല" എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട്. ഫലമില്ലെന്ന് തോന്നിയതുകൊണ്ട് ഒരു കവലപ്രസംഗം നടത്തിയിട്ടു പോകാം , മെഗഫോണ്‍ താ.
എത്രയും പ്രിയ- പെട്ടിരിക്കുന്ന ബ്ലോഗ്ഗെഴുത്തുകാരേ,
മലയാളം എഴുതുന്നു വായിക്കുന്നു എന്നല്ലാതെ നമുക്ക് പൊതുവായി ഒരു ലക്ഷ്യമോ മാര്‍ഗ്ഗമോ ഉദ്ദേശമോ ഇല്ല. മലയാളം എഴുതുന്നവരെല്ലാം മച്ചാന്മാര്‍ ആണെങ്കില്‍ സ്റ്റണ്ട് മാസികയില്‍ എഴുതുന്നയാളും നമ്മളുടെ ഗുലാന്‍ അല്ലേ?
നിങ്ങള്‍ക്ക് ബ്ലോഗ്ഗെഴുതി അഞ്ചോ അമ്പതോ കൂട്ടുകാരെ കിട്ടിക്കാണും, ആരെയും കിട്ടിക്കാണില്ല, അതെല്ലാം ഓരോരുത്തരുടെ കാര്യം, എന്നാല്‍ ബ്ലോഗ് എഴുതുന്നവരെല്ലാം ഒരു കൊടിക്കീഴില്‍ നില്‍ക്കുന്നവരല്ല, അവരെ ചൊല്‍പ്പടിക്കു നിര്‍ത്തേണ്ടതില്ല, നയിക്കാന്‍ നേതാവു വേണ്ടാ, സാധിക്കാന്‍ പൊതു താല്‍പ്പര്യവുമൊന്നുമില്ല. കുറെയേറെ അംഗീകാരം കിട്ടും എന്നു കരുതിയാണ് അപരിചിതരെയെല്ലാം കെട്ടിപ്പിടിച്ചു നില്‍ക്കുന്നതെങ്കില്‍ അതിന്റെ വിലയും കൊടുക്കേണ്ടിവരും. റിസ്ക് എടുത്താല്‍ എല്ലായ്പ്പോഴും നല്ല ഫലം തന്നെ കിട്ടണമെന്നില്ല.
ഒരു ബ്ലോഗ് ഉണ്ടാക്കാന്‍, നാലാള്‍ വായിക്കാന്‍, ഇഷ്ടപ്പെട്ടവന്‍ കമന്റിടാന്‍ ഒരു കമ്യൂണിറ്റി വേണ്ട. ഒരു കമ്യൂണിറ്റിയും ഇതുവരെ ഇവിടെ നിലവില്‍ ഉണ്ടായിട്ടില്ല താനും. ഉണ്ടെന്ന് ചിലര്‍ മിഥ്യാധാരണ പുലര്‍ത്തുന്നു - ബ്ലോഗ്ഗസത്യം സമൂഹമിഥ്യ ബ്രായും ബ്രെസ്റ്റും കണക്കിനെ (ക്രെഡിറ്റ് കുഞുണ്ണിമാസ്റ്റര്‍ക്ക് ). ഇനി സമൂഹം ഒന്നുണ്ടാക്കേണ്ട സാഹചര്യവും ഇല്ല.
നിങ്ങള്‍ സംഘം ചേരണമെങ്കില്‍ ചേര്‍ന്നോളൂ, ഒത്തു കൂടാന്‍ താല്‍പ്പര്യമുള്ളവര്‍ എന്തെങ്കിലും അങ്ങനെ ചെയ്തോളൂ എന്നാല്‍ ഒരു അഖില ബ്ലോഗ് നേതാവില്ല, തത്വശാസ്ത്രമില്ല, ലക്ഷ്യമില്ല, അജെന്‍ഡയില്ല, വാര്‍ഷിക പദ്ധതിയില്ല, വരിക്കണക്കില്ല എന്നും കൂടെ അറിയുക. ഇതുണ്ടാവില്ല, ഉണ്ടായില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുകയും ഇല്ല ("ഡേയ്, ഒരു സോഡ താഡേ")
ആരെങ്കിലും നടന്നു പോകുന്നതു കണ്ടാല്‍ സിന്ദാബാദ് വിളിച്ച് പുറകേ പോകരുത്, അയാള്‍ ജാഥ നയിക്കുകയൊന്നുമായിരിക്കില്ല, കക്കൂസില്‍ പോകാന്‍ ധൃതിയില്‍ പോകുന്നയാളായിരിക്കും. അയാള്‍ക്ക് പിറകേ പോയി
അപ്രതീക്ഷിതമായത് കണ്ട് ഹാര്‍ട്ട് പൊട്ടരുത്, അയാളുടെ പാട്ടിനു വിട്ടേക്കുക.
വായിച്ചോ, എഴുതിക്കോ, അഭിപ്രായം പറഞ്ഞോ, കൂട്ടുകാരെ ഉണ്ടാക്കിക്കോ, പക്ഷേ "ഒരേ രാഗപല്ലവി നമ്മള്‍" പാടരുത്. "പത്തല്ല പതിനായിരമല്ല ഒറ്റക്കെട്ടായ്" മുഴക്കരുത്. എല്ലാവരും ഒന്നാണെങ്കില്‍ ഒറ്റ ബ്ലോഗ് അല്ലേ വേണ്ടൂ, എല്ലാവര്‍ക്കും ഓരോന്ന് എന്തിനാണ്? ഓരോ ബ്ലോഗും ഓരോരുത്തരുടേതാണ് ഓരോ ആവശ്യങ്ങള്‍ക്കായുള്ളതാണ്, രണ്ടെണ്ണത്തിനു പൊതുവായി ഒരു ലക്ഷ്യമുണ്ടെങ്കില്‍ അതൊരു ഗ്രൂപ്പാണ്. എല്ലാറ്റിനും കൂടി പൊതുവായ ലക്ഷ്യം എന്നൊന്ന് ഇല്ലാത്തതിനാല്‍ ബൂലോഗം ഒരു ഗ്രൂപ്പല്ല.
ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു. ഈ വേദിയില്‍ നിന്നും ഞാന്‍ ഇറങ്ങി പോകുമ്പോള്‍ ജനം അവനവന്റെ പാടു നോക്കി പിരിഞ്ഞു പോകാതെ "ധീരാ വീരാ ദേവാ..." എന്നു വിളിച്ച് പിറകേ നടക്കാന്‍ ശ്രമിച്ചാല്‍ അമ്മച്ചിയാണേ ഞാന്‍ കല്ലെടുത്ത് കീച്ചും. നമസ്കാരം
Monday, May 28, 2007
മനസ്സില്‍ പാട്ടുകള്‍ കുറിച്ചവര്‍
യാമശംഖൊലി വാനിലുയര്‍ന്നു സോമശേഖര ബിംബമുയര്‍ന്നു
നിറുകയില്‍ തൊഴുകൈ താഴികക്കുടമേന്തി
ദേവാലയം പോലും ധ്യാനിച്ചു നിന്നു
"ശരിക്കും കാണാന്‍ പറ്റുന്നുണ്ട് അത്. ആരെഴുതിയതാണോ?" വിദ്യ ചോദിച്ചു.
ബിച്ചു തിരുമല.
പാട്ടെന്നു കേള്‍ക്കുമ്പോള്‍ വയലാര്‍, ശ്രീകുമാരന്‍ തമ്പി, ഓ എന്‍ വി, യൂസഫ് അലി കേച്ചേരി. ബാക്കിയെല്ലാവരും എങ്ങനെയോ നമ്മുടെ മനസ്സില്‍ നിന്നും പോയി.
ഒരുപാടു നല്ല പാട്ടെഴുതിയിട്ടും നമ്മളോര്‍ക്കാത്തവരെയും ഒരുപാട്ട് മാത്രമെഴുതിയിട്ടും അത് മനസ്സില്‍ പതിപ്പിച്ചവരെയും ഒക്കെ നന്ദിയോടെ ഓര്‍ക്കാനൊരവസരം കിരണിന്റെ പോസ്റ്റ് തന്നു.
ചില ഗാനരചയിതാക്കളും അവരുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളും
൧. മങ്കൊമ്പ് - താലിപ്പൂ പീലിപ്പൂ
൨. പൂവച്ചല്‍ ഖാദര്‍- മൗനമേ നിറയും മൗനമേ
൩.മുല്ലനേഴി - പകലിന്റെ വിരിമാറില്‍ നിഴലു നീ
൪- പാപ്പനം കോട് ലക്ഷ്മണന്‍- ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍
൫- കാനം ഈ. ജെ.- തിരയും തീരവും ചുംബിച്ചുറങ്ങി
൬.എം. ഡി രാജേന്ദ്രന്‍- ഹിമശൈല സൈകത ഭൂമിയില്‍
൭. ഖാന്‍ സാഹിബ്- ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക
൮. സത്യന്‍ അന്തിക്കാട്- താരകേ മിഴിയിതളില്‍ കണ്ണീരുമായി
൯. കാവാലം- ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളില്‍
൧൦- ഭരണിക്കാവ് ശിവകുമാര്‍- സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ
൧൧- അപ്പന്‍ തച്ചേത്ത് ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ
൧൨. പി. രവീന്ദ്രന്‍- ദേവീ ക്ഷേത്ര നടയില്‍
൧൩- കൈതപ്രം- ദേവ ദുന്ദുഭീ സാന്ദ്രലയം
ഒറ്റയടിക്ക് എന്റെ ഓര്‍മ്മയില്‍ വരാത്തവരുണ്ട്,വരൊക്കെ മോശമാണെന്നല്ല, എന്തോ എന്റെ മനസ്സില്‍ പതിഞ്ഞു കിടപ്പില്ല അവരുടെ വരികളൊന്നും, പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍ക്കും..
Sunday, May 27, 2007
തുപ്പുസ്വാമീ, സ്തോത്രം
രാജേഷ് വര്‍മ്മ എഴുതിയ സംഭവത്തിന്റെ പെര്‍ഫെക്ഷനോട് കട്ടക്ക് കട്ട നില്‍ക്കുന്നു ഗുരുക്കളുടെ വ്യാഖ്യാനവും. എല്ലാം കണ്ട് നമിച്ച് കുത്തിയിരിക്കുന്നു. ഒരു മാതിരിപ്പെട്ട ഒരാള്‍ക്കും ഇങ്ങനെ ഒന്നു “കെട്ടാന്‍” പറ്റില്ല എന്നത് മൂന്നര തരം.
പക്ഷേ ഈ മനോഹരമായ മുത്തുമണികള്‍ കെട്ടിയിരിക്കുന്ന നൂല്‍ എനിക്കു മനസ്സിലായില്ല. ഫോറമെഴുതിയിരുന്ന കാലത്ത് ഇടത് അല്ലെങ്കില്‍ വിമതയുള്ളവരെയെല്ലാം “ഈ എം എസ് ഭഗവാന്റെ ഭക്തര്‍” എന്ന് ചിലര്‍ പരിഹസിച്ചു വിളിച്ചു പോന്നിരുന്നു. അതിനാല്‍ എനിക്കു മനസ്സിലായ വര്‍മ്മ അങ്ങനെ ഒരാളല്ലെങ്കിലും ഈ കൃതിയുടെ തലക്കെട്ട് കണ്ട മാത്രയില്‍ ഒരു മുന്വിധിയോടെ ഇതിനെ സമീപിച്ച് ആദ്യം കുറേ നേരം ഞാന്‍ ആവശ്യമില്ലാത്ത കണ്‍ഫ്യൂ അടിച്ചോ എന്നും സംശയം.
സിനിമാ നിര്‍മ്മാതാവും മറ്റുമായ ആര്‍ കെ സരസനായ ഒരു വ്യവസായിയാണ്. സങ്കീര്‍ണ്ണമായ ഒരു പ്രശ്നം കണ്ടാല്‍ അതിനെ ലളിതവല്‍ക്കരിച്ച് ഒരു കെട്ടുകഥയുണ്ടാക്കി ഫേസറ്റഡ് അനാലിസിസ് (വക്കാരി കളിയാക്കല്ലേ, ഇം മ മ ഡിക്ഷണറി കയ്യിലില്ല, ഞാന്‍ ആപ്പീസിലാ) നടത്തുന്നതില്‍ പ്രഗത്ഭനാണ് പുള്ളി.
കഴിഞ്ഞ ലീവില്‍ നാട്ടില്‍ പോയ വഴി മൂപ്പരോടൊപ്പം കുറച്ച് സമയം ചിലവിട്ടു. ഭയങ്കര താടി ഒരെണ്ണം അണ്ഡകടാഹമായ ഒരു കാര്യം പറഞ്ഞപ്പോ “ഇതാണോ താന്‍ പറഞ്ഞു വരുന്നത്?” എന്ന ചോദ്യത്തോടെ ആര്‍ കെ ഒരു സിമ്പ്ലിഫൈഡ്
കെട്ടു കഥ പറഞ്ഞു.
“കുറേ വര്‍ഷം മുന്നേ ഉത്തര്‍ പ്രദേശില്‍ ഒരു വലിയ തത്വ ചിന്തകന്‍ ജനിച്ചു. അദ്ദേഹം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അതിന്റെ പേരിലുള്ള തിന്മകള്‍ എന്നിവയ്ക്കെതിരേ ജനങ്ങളോട് സംസാരിച്ച് തെരുവുകളിലൂടെ നടന്നു.
പൊട്ടന്മാരായ ആളുകള്‍ക്ക് ഒന്നും മനസ്സിലായില്ല, ഇങ്ങേര്‍ എന്തോ വലിയ മനുഷ്യനാണെന്നു മാത്രം മനസ്സിലായി. ഒരു മനുഷ്യന്‍ മുന്നോട്ട് ചെന്നു തൊഴുതു. “സ്വാമീ ഞാന്‍ ഒരു ധനികന്‍ ആകാന്‍ അനുഗ്രഹിക്കണം”
ആചാര്യനു ഭയങ്കര സങ്കടവും ദേഷ്യവും വന്നു. ഇത്രയും കാലം പറഞ്ഞതൊക്കെ പൊട്ടന്റെ മുന്നില്‍ ചെന്ന് ശംഖൂതിയത് പോലെ ആയല്ലോ! അയാള്‍ വന്നവന്റെ മുഖത്ത് ഒരൊറ്റ തുപ്പ് “ഭൂ പോടാ!”
അപ്പോഴല്ലേ ഗ്രാമീണര്‍ക്ക് ആചാര്യന്‍ എന്തെന്നു മനസ്സിലായത്. “ഓടിവാടാ, തുപ്പി അനുഗ്രഹിക്കുന്ന ഒരു സ്വാമി വന്നിരിക്കുന്നു” തൊഴു കയ്യോടെ ജനം ആയിരക്കണക്കിനു കൂടി. ആചാര്യന്‍ അഞ്ചാറു തുപ്പു കൂടെ തുപ്പി, അപ്പോഴേക്ക് ജന്മം പാഴായ വിഷമത്തില്‍ സ്ട്രോക്ക് വന്ന് മരിച്ചും പോയി. ആളുകള്‍ തുപ്പുസ്വാമി ഭൂസമാധിയായ മണ്ണില്‍ ഒരു ആശ്രമവും കെട്ടി അദ്ദേഹത്തെ ആരാധിച്ചു പോരുന്നു.”
ആര്‍ കെ പറഞ്ഞ ഈ തമാശക്കഥയും വര്‍മ്മയുടെ നൂറിനുപുറത്തെട്ടും തമ്മില്‍ ഒരു പാരലല്‍ ഉണ്ടോ? ഇല്ലെങ്കില്‍ എനിക്കു സംഭവം ഇനിയും മനസ്സിലായില്ല.
Saturday, May 26, 2007
ഹൈദരാബാദിലെ ഒരു വിചിത്ര ജീവി
പണ്ട് ഞാന്‍ ഗാരു ഹൈദരാബാദിലു ജോലിയുലു ചെയ്യാലു ഒസ്തിനാരു. ( ആ കഥയൊന്നും പറയണ്ടാ ...) എന്തായലും പോയ വഴി സൂ പാര്‍ക്കിലും കയറി.
കരടി, ചെന്നായ, പുള്ളിപ്പുലി, ഓരോ കൂടു താണ്ടി അങ്ങനെ പോകുമ്പോള്‍ ഒരു തെലുങ്കാന ഒരിടത്തു നിന്നു മക്കളോടു കൂവുന്നു.. "ലുക്ക്, ലുക്ക് ജെബ്ര ജെബ്ര."
ഇതേതാണപ്പാ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ജീവി എന്നറിയാന്‍ അയാളുടെ പിള്ളേരോടൊപ്പം ഞാനും ഓടിപ്പോയി ജെബ്രയെ നോക്കി. കുതിരമുഖം, കറുത്തവരകള്‍, വെളുത്ത വരകള്‍, കുഞ്ചിരോമം .. അയ്യേ ഇതാരുന്നോ.
(കടുവ വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് നേരില്‍ കണ്ടതും ഹൈദരാബാദ് ജൂ പാര്‍ക്കിലാണ്, അസ്സല്‍ കാഴ്ച്ച.)
Sunday, May 20, 2007
ഒരു വെല്ലു ഞാന്‍ വിളിച്ചപ്പോള്‍
വല്ലപ്പോഴും സീയെസ്സ് ഒരു പടമിടും. കൈപ്പള്ളി അന്നു യൂണിക്കോടന്‍ മുത്തപ്പനെ (ക്രെഡിറ്റ് മനുവിന് ) ധ്യാനിച്ച് ഹത്ത മലയില്‍ തപസ്സിരിപ്പായിരുന്നെങ്കിലും ബ്ലോഗ് ഉണ്ടായിരുന്നില്ല.
അമേരിക്കയില്‍ മഞ്ഞു കാരണം തനിമലയാളത്തിനു പനി പിടിച്ചെന്ന് പറഞ്ഞപ്പോ അതൊന്നു കാണാന്‍ മരുഭൂമിക്കാര്‍ക്കു വേണ്ടി ഞാന്‍ ഒരു വിക്കി സ്റ്റൈല്‍ ചലെഞ്ജ് നടത്തി ദാ ലങ്ങനെ:-
"ഒരു വെല്ലങ്ങോട്ട് വിളിക്കു കലേഷേ. മരിച്ചുപോയ ചൊരിമണലിലെ എലിപ്പത്തായം പോലത്തെ ഫ്ളാറ്റിൽ താമസിക്കുന്ന, സ്പ്രിങ്ങെന്നാൽ ബോൾ പേനക്കകത്തെ സൂത്രമെന്നും ഫാളെന്നാൽ പഴത്തൊലിയിൽ ചവിട്ടുമ്പോൾ സംഭവിക്കുന്നതെന്നും മാത്രമറിഞ്ഞ, 365 ദിവസവും എരിതീവെയിൽ മാത്രം നാലു ചുറ്റിനും കാണുന്ന പാവം ഗൾഫുകാരമ്മാർരെടുക്കുന്ന ഫോട്ടോയെ വെല്ലാവുന്ന പടങൾ ഈ അമേരിക്കക്കാരിടാൻ! (അവരു നളനെയിറക്കിയാൽ അപ്പോഴേ പോയി നിഷാദിനെ ഇങ്ങോട്ട് വലിച്ചോണേ )ഇടിവാള് പങ്ങളെടുക്കുന്ന സീയെസ്സ് എവിടെത്തുകാരനാണാവോ..)"
അതങ്ങോട്ട് ഏറ്റു. സിബു, ഗുരു, ഏവൂരാന്‍ തുടങ്ങി സകല അമേരിക്കക്കാരും പടമിടീല്‍ ശക്തമാക്കി, അന്നു തൊട്ട് ഇന്നു വരെ. യാത്രാമൊഴി, നളന്‍ തുടങ്ങിയവരെ അങ്ങനെ അരിച്ചു പെറുക്കി അമേരിക്കരു മലയാളവേദിയില്‍ നിന്നും ആവാഹിച്ചു കൊണ്ടിരുത്തിയതാണെന്നും ഒരു വാദമുണ്ട്.എന്തായാലും ആ ചാലെഞ്ജ് ഇല്ലായിരുന്നെങ്കില്‍ സീയെസ്സിന്റെ ഈ മനോഹരമായ പടം ജനിക്കില്ലായിരുന്നു.
Saturday, May 19, 2007
അബുദാബിയിലെ ഇരണ്ട അറ്റാക്ക്
ഗള്‍ഫുകാരൊക്കെ കള്ളം പറയുന്നവരാണെന്ന് പൈലിക്കുട്ടി ഒരു കമന്റ് ഇട്ടതു വഴി വന്നു നോക്കിയപ്പോഴാ ഇതു കണ്ടത്.
ഇത്രയും വലിയൊരു സത്യം സത്യത്തില്‍ പ്രതീക്ഷിച്ചില്ല കേട്ടോ. ചിരിച്ചു പണ്ടം കലങ്ങിപ്പോയി ദില്‍ബാ.
പകരം തരാന്‍ ഒന്നുമില്ല എന്റെ കയ്യില്‍, ഓണമായിട്ട് ഓട്ടക്കൈയ്യും ഒഴിഞ്ഞ തലയുമാ.. ഹ്ം... പണ്ടാരാണ്ടും ഒരു കേരളീയന്‍ പറഞ്ഞ ഒരു പാര്‍ട്ടി തമാശ മതിയോ?
പണ്ടു പണ്ട്, ഓയില്‍ ബൂമിന്റെ "ബൂം" മുഴങ്ങിക്കേട്ട് വളരെ ഇമ്മിണി വര്‍ഷം കഴിഞ്ഞ് ഒരു വിന്റേജു വിന്റര്‍ കാലം. അബുദാബിപ്പട്ടണത്തില്‍ ഇരണ്ട (sea gull) പട്ടമായി വരാന്‍ തുടങ്ങി. തുടങ്ങിയിട്ടു തീരുന്നില്ല, ഒന്ന്, പത്ത് ഒരു കോടി, ശതകോടി.
പക്ഷികള്‍ ഇടിച്ച് വിമാനങ്ങള്‍ കേടായി, ആയിരക്കണക്കിനു ചത്തു വീണ് പാര്‍ക്കും ബീച്ചും നാറിപ്പുഴുത്തു, ഒന്നും ചെയ്യാന്‍ വയ്യ, പകര്‍ച്ച വ്യാധികള്‍ പൊട്ടി പുറപ്പെടുമെന്ന അവസ്ഥയായി.
അപ്പോ എത്തി ഒരു മാലിക്കാരന്‍. അവന്‍ ഷേഖിനെ ചെന്നു കണ്ടു. കടല്‍ക്കാക്കകളെ എല്ലാം ഞാന്‍ ഓടിക്കാം, ഫ്ലാറ്റ് റേറ്റ്, ഒരു മില്ല്യണ്‍. പണി കഴിഞ്ഞു കാശു തന്നാല്‍ മതി. ഡീല്‍.
മുങ്ങിച്ചാവാന്‍ തുടങ്ങുന്നവന്റെ കച്ചിത്തുരുമ്പായ ഏലിമാലി നേരേ തന്റെ പെട്ടി തുറന്നു. പത്ത് ചുവന്ന ഇമല്‍ഷന്‍ പെയിന്റ് അടിച്ച സീ ഗള്ളുകളെ തുറന്ന് അബുദാബി കോര്‍ണിഷിലേക്ക് പറത്തി. എന്തൊരതിശയം, ചുവന്ന
കിളിയെക്കണ്ട് സകല പക്ഷികളും പറന്നു രക്ഷപ്പെട്ടുകളഞ്ഞു!
ആ രാജാവ് സന്തോഷം കൊണ്ട് കരഞ്ഞുപോയി. പിന്നെ മാലിക്കാരനെ വിളിച്ചു മെല്ലെ ചോദിച്ചു . "ഒരു ഉപകാരം കൂടി.. നിന്റെ കയ്യില്‍ ചുവന്ന മലയാളി ഉണ്ടോ? എത്ര പണം വേണമെങ്കിലും തരാം ഞാന്‍."
Tuesday, May 8, 2007
അരിയോര!
അരിയോര അരിയോര" എന്നു കൂവി പായുന്നത് വയലിലാണെങ്കിലും അരിയുമായോ നെല്ലുമായോ ഈെ വിളിക്ക് ബന്ധമില്ല "ഹരഹരോ ഹരഹര" (മ്മടെ കടോ നടേ ശിവാ എന്ന്) എന്ന വിളി പിള്ളേരു നൂറ്റാണ്ടുകളായി വിളിച്ചു വിളിച്ച് അരിയോര ആയതാണ്.
കാര്‍ത്തിക സമയത്താണു നമ്മുടെ ഏലകളില്‍ നെല്ലു കതിരിടുന്നത്. പന്തം കൊളുത്തിപ്പട അതും വീശി വയലില്‍ ഓടുമ്പോള്‍ ഒരു പരാമറും ഇല്ലാതെ ചാഴി ചത്തു പോകും, എല്ലാ വയലിലും ഒരു സമയത്താകുമ്പോള്‍ ചാഴി ശല്യം ഏതാണ്ട് മൊത്തത്തില്‍ ഒടുങ്ങി കിട്ടും, അതുകൊണ്ട് ഇതിനു സന്ധ്യാ സമയം തന്നെ തിരഞ്ഞെടുത്തു.
പിള്ളേരാകുമ്പോള്‍ അവര്‍ക്കതൊരു രസമുള്ള ആചാരം, കൂലി കൊടുത്ത് ആളെ വയലേ ഓടിക്കണമെങ്കില്‍ കാശെത്ര ചിലവാകും! ഈ കാര്‍ന്നോമ്മാരുടെ ഒരു.. ഇതാകുമ്പോ പിള്ളേര്‍ക്കു വല്ല കാച്ചിലോ നനകിഴങ്ങോ ചെറുകിഴങ്ങോ മധുരക്കിഴങ്ങോ ചേനയോ മഴച്ചേമ്പോ പറമ്പിലുള്ളത് പുഴുങ്ങിക്കൊടുത്താല്‍ മതി.
പുല്‍ത്തൈലം കത്തുന്ന മണം കൊണ്ട് കൊതുകു പോകുമെന്നതിനാലാണ് അരിയോരക്കമ്പേല്‍ പന്തം കെട്ടുന്നത്- ഒരു വെടിക്ക് ചാഴീം കൊതുകും! അതില്ലേല്‍ മരച്ചീനിയുടെ കമ്പില്‍ ചൂട്ടു കെട്ടിയാല്‍ ഒന്നാന്തരം കുന്തം പോലെ പന്തം ഉണ്ടാക്കാം . അതിനു പേരില്ലാത്തതിനാല്‍ "കുന്തപ്പന്തം" എന്ന് നമുക്ക് വിളിക്കാം?
ത്രേ അറിയാവൂ....
ഇന്നു കാര്‍ത്തികയെന്നാല്‍ 5 മണ്‍ ചിരാതു വാങ്ങിച്ച് വീടിന്റെ പടിയേല്‍ വച്ചു കത്തിക്കും എന്നിട്ട് വന്നിരുന്നു "സ്ത്രീ ഒരു ജ്വാല" കാണും. അപ്പോള്‍ ബ്ലേഡുകാരന്‍ ഡെയിലി പിരിവിനു വരും. വിളക്കിന്റെ കാര്യമോര്‍ക്കാതെ കൊച്ചമ്മ ഇറങ്ങി പടിയില്‍ നില്‍ക്കും അവര്‍ "ജ്വാലയായ്...."
Sunday, April 29, 2007
കാട്ടുപോത്തെന്നെയൊരു വാനരനാക്കിയപ്പോള്‍
ക്രോധമെന്നാല്‍ കാട്ടുപോത്തിന്റെയാണെന്നാണു വയ്പ്പ്. അവന്‍ ചാര്‍ജ്ജ് ചെയ്താല്‍ ബ്രഹ്മനും തടുക്കില്ല, നാലുകാലേല്‍ നില്‍ക്കാന്‍ ആവതുള്ള കാട്ടുപോത്തിനെക്കണ്ടാല്‍ കടുവ പ്രാണനും കൊണ്ടോടുമെന്ന് ഫോ. ഓഫീസര്‍ പറഞ്ഞു
പക്ഷേ ഞാന്‍ ഇവന്റെ ആക്ഷന്‍ സീന്‍ ഒന്നും കണ്ടിട്ടില്ല, എങ്കിലും ഓടി . കൂട്ടാറിലെ ഏറുമാടത്തില്‍ ആദവും അവ്വയുമായി ഞാനും പെമ്പ്രന്നോരും ഹണിമൂണുന്ന ദിവസങ്ങളിലൊന്നില്‍ രാവിലേ ഒരു തോര്‍ത്തും ഉടുത്ത് അരയ്ക്കൊപ്പം വെള്ളത്തില്‍ പല്ലും തേച്ച് മുഖപ്രക്ഷാളനവും അതിനു മുന്നേ നടത്തേണ്ട മറ്റേ പ്രക്ഷാളനവും കഴിക്കാന്‍ ഇറങ്ങിയതായിരുന്നു . മരത്തോടു ചേര്‍ന്ന് ഒരു യമകണ്ടന്‍ പോത്ത്. ഒന്നിനെക്കണ്ടാല്‍ ഫ്രണ്ട്സ് ആ എരിയയിലെല്ലാം ഉണ്ടെന്ന് കൂട്ടിക്കോളണം.
ഞാന്‍ ഫ്രീസ് ഷോട്ടിലെ ജയനെ പോലെ നിന്നു, അതാണു ബുദ്ധി. പക്ഷേ ലവന്‍ കുളമ്പുകൊണ്ട് നിലത്തിട്ടു രണ്ടു മാന്ത് റണ്ണപ്പിനു മുന്നേ ബൌളര്‍ ചെയ്യുമ്പോലെ. നിന്തിരുവടീ കാപ്പാത്തുങ്കോ ഞാനോടി, പിറകില്‍ ഇലയനങ്ങുന്ന ശബ്ദമാണോ എനിക്കു തോന്നിയതാണോ എന്തോ, നോക്കാതോടി.
ഏറുമാടത്തിലേക്ക് ഓടിക്കേറും വഴി തോര്‍ത്ത് വള്ളിയേല്‍ ഉടക്കി നിന്നു. സില്‍ക്ക് സ്മിതയെപ്പോലെ തോര്‍ത്തുടുത്ത് നീരാട്ടിനു പോയ ഞാന്‍ സ്റ്റ്രീക്കിംഗ് നടത്തി വരുന്നതു കണ്ട് ഉറക്കപ്പിച്ചില്‍ മാടത്തിനകത്തിരുന്ന് എന്റെ മണവാട്ടി "അയ്യോ ആള്‍ക്കുരങ്ങ് കേറിയേ" എന്നു വിളിച്ചെന്ന് ഒരു കഥയുണ്ടാക്കി നാട്ടിലെല്ലാം വിളമ്പിയത് സമ്പാദ്യം. എന്തായാലും തടി തവിടുപൊടി ആയില്ല. ലവന്റെ കയ്യിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ ഞാന്‍ മുറുക്കാന്‍ ചവച്ച ചണ്ടി പോലെ അവിടെ കിടന്നേനെ.
Thursday, April 26, 2007
കുറ്റകൃത്യങ്ങളേറുന്നു..
1. രണ്ടുമൂന്ന് ആളുകള്‍ ചേര്‍ന്ന് നിങ്ങളുടെ ഡോര്‍ ബെല്ലടിക്കുന്നു, ആരുമില്ലെന്ന് കണ്ടാല്‍ വീടു പൊളിച്ച് അകത്തു കേരുന്നു..
2. കുറച്ച് മെക്സിക്കോക്കാര്‍ വന്ന് ബെല്ലടിക്കുന്നു ഏവിയന്‍ ഫ്ലൂ വാക്സിനേഷന്‍ തരാനെന്നു പറഞ്ഞ് ഇഞ്ജെക്ഷനെടുക്കുന്നു- മയക്കം തീര്‍ന്ന് ബോധം തെളിയുമ്പോ വീട്ടില്‍ കര്‍പ്പൂര പാട്ടയുമില്ല, ഉപ്പുചിരട്ടയുമില്ല.
3. സെന്‍സസ് എന്യൂമറേറ്റര്‍ എന്നു പറഞ്ഞ് ഒരുത്തന്‍ വീട്ടിലോട്ടു കയറുന്നു, വീട്ടുകാരിയുടെ ആറു സെന്‍സസും പോകുന്ന ടൈപ്പ് ഒറ്റയടി തലക്കിട്ട്.
അതുല്യയുടെ ബ്ലോഗിലിട്ടത്
Friday, April 13, 2007
ആദ്യ സെഞ്ച്വറിയും കാല്‍കുലസ്സും.
സാദാ കാല്‍കുലേറ്ററിലേ ആറു ക്രിയക്കപ്പുറത്തെ കണക്കിനു പ്രാവീണ്യം കുറഞ്ഞെന്നു തോന്നിയപ്പോള്‍ ഞങ്ങളൊരിക്കല്‍ ഉണ്ണിത്താന്‍ സാറിന്റെയടുത്ത് ട്യൂഷനു പോയി (കൊല്ലേതരേ, ഉണ്ണിത്താന്‍ സാര്‍ ആണ് ഈ ഭാഗത്ത് എന്റ്രന്‍സ് കോച്ചിംഗ് വഴി കാര്‍ അസ്സംബ്ലി പോലെ വന്‍ തോതില്‍ എഞ്ചിനീറുമാരെ സൃഷ്ടിക്കാമെന്ന് കണ്ടു പിടിച്ചവരില്‍ ഒരാള്‍). എന്റ്രന്‍സ് ജ്വരം ബാധിച്ച് നെട്ടോട്ടമോടുന്ന ശിമ്പിരി പിള്ളേരെ പഠിപ്പിച്ച് ഭ്രാന്തു പിടിച്ച സാറിനു "പക്ക്വത പക്ക്വത എന്ന ക്വതയില്‍ കയറി നില്‍ക്കുന്നവരെന്ന് "സ്വയം വിശേഷിപിക്കുന്ന ഞങ്ങളെ പഠിപ്പിക്കാന്‍ ഇഷ്ടമായിരുന്നു.
അന്നൊരു ഇന്‍ന്റഗ്രല്‍ കാല്‍ക്കുലസ് പ്രഭാതം. കണക്കിട്ടു സിഗററ്റും വലിച്ച് കൊച്ചു സ്റ്റൂളിര്‍ലിുന്ന സാറിനു കാണാനായത് അന്തം വിട്ട അഞ്ചു മോന്തയും കേള്‍ക്കാനായത് പേപ്പറുകള്‍ മറിയുന്ന ഒച്ചയും മാത്രം.. സോള്‍വ് ചെയ്തു ചെയ്ത് സോള്‍വന്റ് കുടിച്ച മൈക്കാടു പോലെയായ ഐവരുടെ ഇടയില്‍ നിന്നും പെട്ടെന്നൊരു പാട്ടുയര്‍ന്നു "എവിടെ നിന്നോ വന്നു ഞാന്‍.. എവിടേക്കോ പോണു ഞാന്‍..."
സാറു പാട്ടിന്റെ സ്രോതസ്സിലേക്ക് നീട്ടി വിളിച്ചു "എന്താ ശ്രീജിത്തേ?"
"ഞാന്‍ ഈ കണക്കു മൂന്നു പേജു നിറയേ ചെയ്തു സാറേ" എന്നു ശ്രീജിത്ത്.
"എന്നിട്ടോ?"
"ഇപ്പോള്‍ ഉത്തരത്തില്‍ നിന്നും ചോദ്യത്തില്‍ നിന്നും ഞാന്‍ മൂന്നു പേജ് കൂടുതല്‍ അകന്നു, അത്ര തന്നെ"
നമ്മളെല്ലാം കൂടെ ഉത്സാഹിച്ചിട്ട പത്തെഴുപത് കമന്റ് ശ്രീജിത്തിന്റെ മൂന്നു പേജ് സൊല്യൂഷന്‍ പോലെ ആയോ?
പോസ്റ്റ് ഇവിടെ
ത്രെഡിലെ എന്റെ ഓണ്‍ ടോപ്പിക്ക് കമന്റുകളില്‍ ഒന്ന് :>
പൈലറ്റായോ ഡോക്റ്ററായോ തൊഴില്‍ നോക്കാം എന്നാല്‍ ഞാന്‍ തൊഴിലൊന്നുമെടുക്കില്ല എന്റെ തൊഴില്‍ നാട്ടുകാരെടുക്കട്ടെ എനിക്കു ശമ്പളം വേണമെന്നു തുടങ്ങിയാലോ?
പ്രജനനം തൊഴിലല്ല.ഒരു വിവാഹം കഴിക്കണോ മക്കള്‍ വേണോ മൂന്നു പേരെ ഒന്നിച്ചു വിവാഹം കഴിക്കണോ എന്നൊക്കെ അവനവനു തീരുമാനിക്കാം. എന്നാല്‍ ഞാന്‍ ഈ കോളനിയില്‍ താമസിക്കും പക്ഷേ ചപ്പു ചവര്‍ അടിച്ചു കളയില്ല ഗൂര്‍ഖക്കു പണവും കൊടുക്കില്ല എന്നു പറയുന്നതു പോലെ സാമൂഹ്യ വിരുദ്ധ പ്രവൃത്തിയാണ് എനിക്കു കുട്ടിക്കലെ നോക്കി മിനക്കെടാന്‍ വയ്യാ എന്നു പറയുന്നത്. (വയ്യാത്തവനു കുട്ടി ഉണ്ടായാലെന്തു ചെയ്യുമെന്ന ചോദ്യത്തിനു ഈ ഭാഗത്ത് പ്രസക്തിയില്ല). മണിച്ചിത്രത്താഴെന്ന സിനിമക്ക് കഥയെഴുതിയ മധു മുട്ടം എനിക്കും എന്റമ്മക്കും കഷ്ടിച്ചു ജീവിക്കാനുള്ളതേ എനിക്കു ശമ്പളമുള്ളൂ അതുകൊണ്ട് കല്യാണം കഴിക്കനും കുടുംബം നോക്കാനും കഴിഞ്ഞില്ല എന്ന് വിശദീകരിക്കുമ്പോള്‍ തോന്നുന്ന വികാരമല്ല കൊച്ച് തൂറും അതുകൊണ്ട് വേണ്ടാ എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്നത്. കല്യാണമോ വെറും സഹശയനമോ എന്തുമാകാവുന്നതേയുള്ളൂ "ഈ ലോകം ദുരിതമാണ് അതിലേക്കിനി എന്റെ കുഞ്ഞിനെ ഞാന്‍ സൃഷ്ടിക്കില്ല" എന്ന ജാതി നെടുങ്കന്‍ ഡയലോഗ് കൂടി അതിന്റെ പുറത്തടിക്കാതെയിരുന്നാല്‍ പോരേ ഇത്തരക്കാര്‍ക്ക്?
അഗമ്യമായ പാതകള്‍ മാത്രം
തിരഞ്ഞെടുക്കുന്ന സാമൂഹ്യവിരുദ്ധര്‍ (സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കെതിരേ പ്രവൃത്തിക്കുന്നവരെന്ന അര്‍ത്ഥത്തില്‍) എല്ലാക്കാലത്തും വിചിത്ര തത്വവാദങ്ങള്‍ നിരത്തിയിട്ടുണ്ട്.
എക്സ് നമ്പ്ര കുട്ടികള്‍ വൈ നമ്പ്ര വീടുകളില്‍ വളരുന്നതാണ് രാജ്യത്തിനാവശ്യമെങ്കില്‍ x+5 കുട്ടികളെ ഉണ്ടാക്കുന്നതും 0x കുട്ടികള്‍ക്കായി റിസോര്ഴ് പൂഴ്ത്തിവയ്ക്കുന്നതും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തന്നെ. ഇന്നലെ ഒരുത്തന്‍ ഗാര്‍ബേജ്
പൊതി ലിഫ്റ്റില്‍ ഉപേക്ഷിച്ചു പോയി- എനിക്കു കോഴി തിന്നണം പക്ഷേ പപ്പ് കൊണ്ടോയി കുഴിച്ചിടാന്‍ വയ്യാ എന്നാവും..
ഗര്‍ഭസ്ഥ ശിശു ഒരു മനുഷ്യനാണ്. അതു ചിന്തിക്കുന്നു, വികാരം കൊള്ളൂന്നു കരയുന്നു ചിരിക്കുന്നു ജീവിക്കുന്നു. അത്നെ കൊല്ലുന്നത് infanticide തന്നെ. അതുപോകട്ടെ. വളര്‍ത്താനാവാത്ത (സാമ്പത്തികമോ അതുപോലെ ഗൌരവമായൊരു പ്രശ്നമോ ഉണ്ടെങ്കില്‍ മാത്രം ) അതിനെ വളര്‍ത്താനൊരിടത്തേല്‍പ്പിക്കുന്നതല്ലേ വഴിയിലുപേക്ഷിക്കുന്നതിലും നല്ലത്?
എവിടെയൊിക്കേയോ ആരൊക്കെയോ ആവര്‍ത്തിച്ച കഥ:
ഇന്നിന്റെ ശരികള്‍ പണ്ടുണ്ടായിരുന്നെങ്കില്‍ കുടിച്ച് കുട്ടികളെ തല്ലുന്ന പിതാവിന്റെയും ലൈംഗികരോഗം ബാധിച്ച അമ്മക്കും ചേര്‍ന്ന് ദാരിദ്ര്യത്തിന്റെ നടുവിലേക്ക് ജനിപ്പിക്കാനിരിക്കുന്ന ഭ്രൂണം - ജനിച്ചാല്‍ എറേ വൈകാതെ രോഗിയായി തീരുന്ന ഗര്‍ഭം നശിപ്പിച്ചു കളഞ്ഞേനേ. ഇന്നിന്റെ ശരി അന്നു തെറ്റായിരുന്ന്നതുകൊണ്ട് ആ കുട്ടി - ബീഥോവനെന്ന മഹാത്ഭുതം- ജനിച്ചു.
സുനിലേ,
വാനരവംശജനായ മനുഷ്യനു പ്രാവിനെയും പ്രെയറിപ്പൂച്ചയേയും പോലെ എകഭാര്യാവ്രതം സഹജമല്ല, എന്നാല്‍ അന്യവുമല്ല. ബുദ്ധിമാനായ മനുഹ്യന്‍ ഒറ്റ ഇണയില്‍ തീര്‍ത്ത ദാമ്പത്യം കുട്ടികള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വം -ശാരീരികവും മാനസികവും സാമ്പത്തികവും സമൂഹത്തിനുള്ളിലെ സബ് യൂൊണിറ്റ് ആയ കുടുംബത്തിലേക്കും കുടുംബത്തിന്റെ മെമോറാന്‍ഡം ഓഫ് അസ്സോസിയേഷനായ വിവാഹത്തിലേക്കും നയിച്ചു. നരവംശത്തിന്റെ വികസനത്തില്‍ അതായത്
ഒറാങ്ങ് ഉട്ടാന്റെ കൂടെ മരംവിട്ടു മരം ചാടി കളിച്ച നമ്മുടെ വല്യപ്പൂപ്പനില്‍ നിന്നും I will put out the light and then I will put out the light എന്നെഴുതിയ ഷേക് പീര്‍ (ഉവ്വാ, മൂപ്പര്‍ ഒരു ഷേക്ക് ആയിരുന്നു)ആയി പരിണമിച്ചതിലെ എറ്റവും വലിയ contributing factor കല്യാണമായിരുന്നെന്ന് തോന്നുന്നു. എന്തായാലും പതിനായിരക്കണക്കിനു വര്‍ഷം സമൂഹത്തില്‍ വിവാഹമെന്ന established organization നില നില്‍ക്കാന്‍ കാരണം കുട്ടികളാണ്.
ആ നിലക്ക് പ്രജനനം ആജീവനാന്ത ഇണക്കത്തിലേക്കും [pair bonding] വിവാഹത്തിലേക്കും [monogamy] ലൈംഗിക ത്വര കൂട്ടപ്പുലയാട്ട് [polygyny]-ലേക്കും നയിക്കുമെന്നാണ് എന്റെ അനുമാനം.
ശരിതെറ്റുകളില്ല ഇതിലൊന്നും സാമൂഹ്യ നീതിയുടെ ചോദ്യമേയുള്ളൂ. 4-5 വര്‍ഷം മുന്നേ ഡെല്‍ഹിയില്‍ ഒരു സഹോദരനും സഹോദരിയും വിവാഹിതരായി. ശരിതെറ്റുകള്‍ അതിലുമില്ല.