Sunday, May 27, 2007

തുപ്പുസ്വാമീ, സ്തോത്രം

രാജേഷ് വര്‍മ്മയുടെ ഈ എം എസ് സ്തോത്രവും അതിനു ഉമേഷുഗുരു എഴുതിയ വ്യാഖ്യാനവും ബൂലോഗത്തിനിയാരും എടുത്തിട്ടു ചര്‍ച്ച ചെയ്യാന്‍ ബാക്കി കാണില്ല. അതില്‍ ഞാനിട്ട (പലതില്‍) ഒരു കമന്റ്. സീയെസ്സ് ഓര്‍മ്മിപ്പിച്ച രണ്ടാമത്തെ കമന്റ്.

രാജേഷ്‌ വര്‍മ്മ എഴുതിയ സംഭവത്തിന്റെ പെര്‍ഫെക്ഷനോട്‌ കട്ടക്ക്‌ കട്ട നില്‍ക്കുന്നു ഗുരുക്കളുടെ വ്യാഖ്യാനവും. എല്ലാം കണ്ട്‌ നമിച്ച്‌ കുത്തിയിരിക്കുന്നു. ഒരു മാതിരിപ്പെട്ട ഒരാള്‍ക്കും ഇങ്ങനെ ഒന്നു “കെട്ടാന്‍” പറ്റില്ല എന്നത്‌ മൂന്നര തരം.

പക്ഷേ ഈ മനോഹരമായ മുത്തുമണികള്‍ കെട്ടിയിരിക്കുന്ന നൂല്‍ എനിക്കു മനസ്സിലായില്ല. ഫോറമെഴുതിയിരുന്ന കാലത്ത്‌ ഇടത്‌ അല്ലെങ്കില്‍ വിമതയുള്ളവരെയെല്ലാം “ഈ എം എസ്‌ ഭഗവാന്റെ ഭക്തര്‍” എന്ന് ചിലര്‍ പരിഹസിച്ചു വിളിച്ചു പോന്നിരുന്നു. അതിനാല്‍ എനിക്കു മനസ്സിലായ വര്‍മ്മ അങ്ങനെ ഒരാളല്ലെങ്കിലും ഈ കൃതിയുടെ തലക്കെട്ട്‌ കണ്ട മാത്രയില്‍ ഒരു മുന്വിധിയോടെ ഇതിനെ സമീപിച്ച്‌ ആദ്യം കുറേ നേരം ഞാന്‍ ആവശ്യമില്ലാത്ത കണ്‍ഫ്യൂ അടിച്ചോ എന്നും സംശയം.

സിനിമാ നിര്‍മ്മാതാവും മറ്റുമായ ആര്‍ കെ സരസനായ ഒരു വ്യവസായിയാണ്‌. സങ്കീര്‍ണ്ണമായ ഒരു പ്രശ്നം കണ്ടാല്‍ അതിനെ ലളിതവല്‍ക്കരിച്ച്‌ ഒരു കെട്ടുകഥയുണ്ടാക്കി ഫേസറ്റഡ്‌ അനാലിസിസ്‌ (വക്കാരി കളിയാക്കല്ലേ, ഇം മ മ ഡിക്ഷണറി കയ്യിലില്ല, ഞാന്‍ ആപ്പീസിലാ) നടത്തുന്നതില്‍ പ്രഗത്ഭനാണ്‌ പുള്ളി.

കഴിഞ്ഞ ലീവില്‍ നാട്ടില്‍ പോയ വഴി മൂപ്പരോടൊപ്പം കുറച്ച്‌ സമയം ചിലവിട്ടു. ഭയങ്കര താടി ഒരെണ്ണം അണ്ഡകടാഹമായ ഒരു കാര്യം പറഞ്ഞപ്പോ “ഇതാണോ താന്‍ പറഞ്ഞു വരുന്നത്‌?” എന്ന ചോദ്യത്തോടെ ആര്‍ കെ ഒരു സിമ്പ്ലിഫൈഡ്‌
കെട്ടു കഥ പറഞ്ഞു.

“കുറേ വര്‍ഷം മുന്നേ ഉത്തര്‍ പ്രദേശില്‍ ഒരു വലിയ തത്വ ചിന്തകന്‍ ജനിച്ചു. അദ്ദേഹം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അതിന്റെ പേരിലുള്ള തിന്മകള്‍ എന്നിവയ്ക്കെതിരേ ജനങ്ങളോട്‌ സംസാരിച്ച്‌ തെരുവുകളിലൂടെ നടന്നു.

പൊട്ടന്മാരായ ആളുകള്‍ക്ക്‌ ഒന്നും മനസ്സിലായില്ല, ഇങ്ങേര്‍ എന്തോ വലിയ മനുഷ്യനാണെന്നു മാത്രം മനസ്സിലായി. ഒരു മനുഷ്യന്‍ മുന്നോട്ട്‌ ചെന്നു തൊഴുതു. “സ്വാമീ ഞാന്‍ ഒരു ധനികന്‍ ആകാന്‍ അനുഗ്രഹിക്കണം”

ആചാര്യനു ഭയങ്കര സങ്കടവും ദേഷ്യവും വന്നു. ഇത്രയും കാലം പറഞ്ഞതൊക്കെ പൊട്ടന്റെ മുന്നില്‍ ചെന്ന് ശംഖൂതിയത്‌ പോലെ ആയല്ലോ! അയാള്‍ വന്നവന്റെ മുഖത്ത്‌ ഒരൊറ്റ തുപ്പ്‌ “ഭൂ പോടാ!”

അപ്പോഴല്ലേ ഗ്രാമീണര്‍ക്ക്‌ ആചാര്യന്‍ എന്തെന്നു മനസ്സിലായത്‌. “ഓടിവാടാ, തുപ്പി അനുഗ്രഹിക്കുന്ന ഒരു സ്വാമി വന്നിരിക്കുന്നു” തൊഴു കയ്യോടെ ജനം ആയിരക്കണക്കിനു കൂടി. ആചാര്യന്‍ അഞ്ചാറു തുപ്പു കൂടെ തുപ്പി, അപ്പോഴേക്ക്‌ ജന്മം പാഴായ വിഷമത്തില്‍ സ്ട്രോക്ക്‌ വന്ന് മരിച്ചും പോയി. ആളുകള്‍ തുപ്പുസ്വാമി ഭൂസമാധിയായ മണ്ണില്‍ ഒരു ആശ്രമവും കെട്ടി അദ്ദേഹത്തെ ആരാധിച്ചു പോരുന്നു.”

ആര്‍ കെ പറഞ്ഞ ഈ തമാശക്കഥയും വര്‍മ്മയുടെ നൂറിനുപുറത്തെട്ടും തമ്മില്‍ ഒരു പാരലല്‍ ഉണ്ടോ? ഇല്ലെങ്കില്‍ എനിക്കു സംഭവം ഇനിയും മനസ്സിലായില്ല.

1 comment:

ദേവന്‍ said...

രാജേഷ് വര്‍മ്മയുടെ ഈ എം എസ് സ്തോത്രവും അതിനു ഉമേഷുഗുരു എഴുതിയ വ്യാഖ്യാനവും ബൂലോഗത്തിനിയാരും എടുത്തിട്ടു ചര്‍ച്ച ചെയ്യാന്‍ ബാക്കി കാണില്ല. അതില്‍ ഞാനിട്ട (പലതില്‍) ഒരു കമന്റ്. സീയെസ്സ് ഓര്‍മ്മിപ്പിച്ച രണ്ടാമത്തെ കമന്റ്.