Wednesday, June 6, 2007

കാണമെന്തിനു വില്‍ക്കണം?

കല്യാണം കഴിഞ്ഞാല്‍ കുറച്ചു മാസം വര്‍ഷം കാശിനു ആരും കുറച്ചു ഞെരുങ്ങും. കല്യാണം വെട്ടിയവനെ ഓണം കടിച്ചു എന്നു പറഞ്ഞ അവസ്ഥ ആയാലോ? കലേഷ് ഒരോണത്തെ കണ്ട് അന്തം വിട്ടപ്പോള്‍ ഇട്ട കമന്റ്:

കലേഷേ,
ബ്ലോഗ്ഗാന്തോറും കയറി ആശംസയിടാന്‍ നിന്നാല്‍ കറങ്ങിപ്പോകുകയേയുള്ളു അതോണ്ട്‌ മെയിലാശംസകള്‍ മതിയെന്ന് പ്രതിജ്ഞയെടുത്ത്‌ രാവിലേ പണിക്കു വന്നതാ..എന്നിട്ടും ഇവിടെ എത്തിപ്പെട്ടു. ആശംസിക്കാനല്ല, അതു മെയില്‍ അയച്ചിട്ടുണ്ട്‌. ഈ സൂചിക്കുഴകള്‍ പണ്ടു കടന്ന ഒരു മുതുക്കന്‍ ഒട്ടകമല്ലേ ഞാനും, എങ്ങനെ നൂഴണമെന്ന് ഞമ്മ രണ്ടു ടിപ്പ്‌ തരാമെന്നു വച്ചു:


1. ഇമ്മാതിരി പ്രതിസന്ധികള്‍ക്ക്‌ ഏറ്റവും യോജിച്ചത്‌ കഥകളാണ്‌. എന്റെ ഒരു പഴേ നമ്പര്‍
" ഡീ, നീ ഈ റോക്ക്‌ ഫെല്ലര്‍ റോക്ക്‌ ഫെല്ലര്‍ എന്ന പാറവീഴ്ത്തുകാരനെ കുറിച്ച്‌ കേട്ടിട്ടുണ്ടോ?
"ഉം. എതാണ്ടും അമേരിക്കന്‍ മില്ല്യണയറല്ലേ?"

"ഏതാണ്ടും അല്ല, സെക്കന്‍ഡ്‌ വേള്‍ഡ്‌ വാര്‍ സമയത്തെ ലോകത്തെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു, ഇന്ന് ബില്‍ ഗേറ്റ്സ്‌ പോലെ"
"ഉം. അയാളു ചത്തോ?."

"ഹ. അയാളു പണ്ടേ ചത്തു, പറഞ്ഞു വന്നത്‌ അതല്ല. അയാള്‍ സമ്പാദിച്ച്‌ സമ്പാദിച്ച്‌ വലിയ ബിസിനസ്സുകാരനായി, സമ്പാദിക്കുംതോറും പിശുക്കു കൂടി, ആധി കൂടി, വ്യാധി കൂടി, ഊണില്ല ഉറക്കമില്ല, ഭാര്യയോടും മക്കളോടും ദേഷ്യമായി, ബിസിനസ്സു കാര്യത്തിനിടയില്‍ ശല്യം ചെയ്യുന്നവരല്ലേ അവരൊക്കെ"

"എന്നിട്ട്‌?"
"എന്നിട്ട്‌ നാല്‍പ്പതു വയസ്സില്‍ അയാള്‍ക്ക്‌ പത്തിരുന്നൂറൂ അസുഖങ്ങള്‍ ഉണ്ണാന്‍ വയ്യാ, അപ്പിയിടാന്‍ വയ്യാ, ശ്വാസം വിടാന്‍ വയ്യാ, വേദന ,വേദന.. ലോകത്തെ മികച്ച വൈദ്യന്മാരെല്ലാം
കൈയ്യൊഴിഞ്ഞു, ആളിപ്പോ ചാകുമെന്നതില്‍ ഒരു ആശുപത്രിക്കും ഒരു സംശയവുമില്ല...

ഒടുക്കം പുള്ളി തന്നെ പോം വഴി കണ്ടെത്തി. തന്റെ ബിസിനസ്സ്‌ സാമ്ര്യാജ്യം വിറ്റു റോക്ക്‌ ഫെല്ലര്‍ കാശെല്ലാം പലര്‍ക്കായി കൊടുത്തു. ഒക്കെ ഉപേക്ഷിച്ച്‌ സുഖമായി ഉറങ്ങി. പിന്നെ ഇറങ്ങിപ്പോയി.. ഒരന്‍പതോളം വര്‍ഷം പൂര്‍ണ്ണാരോഗ്യവാനായി, സന്തോഷവാനായി, സകുടുംബം, സസന്തോഷം, സാകേതം, സാമോദം, സാമ്പാര്‍.. എന്തു മനസ്സിലായി?"
"ഇവിടെ കാശൊന്നുമില്ലെന്ന് മനസ്സിലായി"

ടിപ്പ്‌ രണ്ട്‌: മറ്റുവിന്‍ ചട്ടങ്ങളേ
ഓണത്തിനു പുടവ, കടുവാ ഒക്കെ വേണം എന്നത്‌ കണ്‍സ്യൂമര്‍ സംസ്കാരം നമ്മളില്‍ അടിച്ചേല്‍പ്പിച്ചതാണെന്നു ഒരു മണിക്കൂര്‍ പ്രസംഗിക്കുക. പിന്നെ ഒരു ചേയ്ഞ്ചുള്ള ഓണമെന്ന നിലക്ക്‌, ഒറ്റക്ക്‌ സംഘഗാനം പാടാം, പാര്‍ക്കില്‍ നടക്കാന്‍ പോകാം, കൂട്ടുകാരെയൊക്കെ ഫോണ്‍ ചെയ്യാം..

ടിപ്പ്‌ മൂന്ന്: പറയാതെ പറയുക
ഉദാ: "ഈ ഓണത്തിനു പാലോ മറ്റോ വാങ്ങിക്കണമെങ്കില്‍ ദേ ലുലുവില്‍ പോയി വാങ്ങാം കേട്ടോ, അവിടാകുമ്പോ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കാമല്ലോ താഴെ ഗ്രോസ്സറി നടത്തുന്ന അച്ചായനു കാര്‍ഡ്‌ മെഷീനില്ല"
(ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ്‌ ഉത്തരം ഓ സാരമില്ല ചേട്ടാ പൈസയില്ലേല്‍ നമുക്ക്‌ ബുദ്ധിമുട്ടി ഓണമൊന്നുമാഘോഷിക്കണ്ടാ.

ഇതു കേട്ട്‌:

"എന്നാ ശരി നമുക്ക്‌ ലുലുവില്‍ പോകാം അവിടാകുമ്പോ ചുരിദാറിനു റീഡക്ഷന്‍ സെയിലുമുണ്ടല്ലോ" എന്ന ഹൃദയഭേദകമായ നിരീക്ഷണം റീമ പറയില്ല എന്ന് പ്രതീക്ഷിക്കാം)

ടിപ്പ്‌ നാല്‌: ഗദ്ഗദം
ചേരുവ:
കിംഗ്‌ ഫിഷര്‍ ക്യാന്‍ ഒരെണ്ണം
മിഴുങ്ങസ്യാ നോട്ടം ഒരെണ്ണം
അനന്തത, ഒരു കിലോമീറ്റര്‍

ക്യാന്‍ കയ്യില്‍ ഫിറ്റ്‌ ചെയ്ത്‌ മിഴു. നോട്ടം അനതതയിലോട്ട്‌ തൊടുക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോ മെല്ലെ "എന്റേടോ, ഞാന്‍ ആലോചിക്കുവാ, എന്റെ കൂടെ കൂടി താനും കഷ്ടത്തിലായല്ലോ, ഓണമായിട്ട്‌ ഒരു ലാന്‍ഡ്‌ ക്രൂയിസര്‍ സമ്മാനമായി തരണമെന്നൊക്കെ സ്വപ്നം കണ്ടിരുന്ന എന്റെ‌ മോഹങ്ങള്‍ മരവിച്ചു മോതിരക്കൈ മുരടിച്ചു..."

അങ്കോം കാണാം ബീറും അടിക്കാം.

Friday, June 1, 2007

ബൂലോഗ ഫാം!

ബൂലോഗത്തിനു അസ്തിത്വചിന്ത അസ്ഥിക്കു പിടിച്ച നാളുകളില്‍ യാത്രാമൊഴി എഴുതിയ ഒരു ലേഖനത്തിലിട്ട കമന്റ്. ഇപ്പോള്‍ ഗന്ധര്‍വന്‍ മാഷിനു ഒരു കമന്റ് എഴുതിക്കൊണ്ടിരുന്നപ്പോള്‍ യാദൃശ്ചികമായി ഓര്‍ത്തു, ഓര്‍ത്തപാടെ കമന്ററയില്‍ അടക്കി.
മൊഴിയേ,
ബൂലോഗത്തെ ആനിമല്‍ ഫാമോടുപമിച്ച കാവ്യഭാവനയെ നമിച്ചു. ഒന്നൊന്നര ഉപമയായിപ്പോയി.

നമ്മള്‍ മനോര്‍ ഫാമിലെ ജീവികളെക്കാള്‍ ഊളന്മാരാണ്‌. കാരണം ഒരു കാടു കണ്ടിട്ട്‌ നമ്മള്‍ അത്‌ ഫാമായി തെറ്റിദ്ധരിച്ചു. ഒരു മേജറും നമുക്ക്‌ പൊതുലക്ഷ്യം കാട്ടിത്തന്നില്ല. ഒരു വര്‍ഗ്ഗശത്രുവും നമുക്കു മുന്നില്‍ ഇല്ലായിരുന്നു. എന്തിനാണു നമ്മള്‍ സംഘടനയെന്ന് സ്വയം ചിന്തിച്ചത്‌ പിന്നെ? എന്തിനാണ്‌ എന്നും രാവിലെ എഴുന്നേറ്റ്‌ ബൂലോഗസംഘഗാനം പാടുന്നത്‌? എന്തിനാണു നേതാവിനെയും ഗുരുവിനെയും താത്വികാചാര്യനെയും തിരയുന്നത്‌?

രാമദാസനും വിജയനും എയര്‍പ്പോര്‍ട്ടില്‍ "സാധനം കയ്യിലുണ്ട്‌" എന്നു പറഞ്ഞു നടക്കുമ്പോലെ ഞാന്‍ കുറേക്കാലമായി "കമ്യൂണിറ്റി നിലവിലില്ല" എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട്‌. ഫലമില്ലെന്ന് തോന്നിയതുകൊണ്ട്‌ ഒരു കവലപ്രസംഗം നടത്തിയിട്ടു പോകാം , മെഗഫോണ്‍ താ.

എത്രയും പ്രിയ- പെട്ടിരിക്കുന്ന ബ്ലോഗ്ഗെഴുത്തുകാരേ,
മലയാളം എഴുതുന്നു വായിക്കുന്നു എന്നല്ലാതെ നമുക്ക്‌ പൊതുവായി ഒരു ലക്ഷ്യമോ മാര്‍ഗ്ഗമോ ഉദ്ദേശമോ ഇല്ല. മലയാളം എഴുതുന്നവരെല്ലാം മച്ചാന്മാര്‍ ആണെങ്കില്‍ സ്റ്റണ്ട്‌ മാസികയില്‍ എഴുതുന്നയാളും നമ്മളുടെ ഗുലാന്‍ അല്ലേ?

നിങ്ങള്‍ക്ക്‌ ബ്ലോഗ്ഗെഴുതി അഞ്ചോ അമ്പതോ കൂട്ടുകാരെ കിട്ടിക്കാണും, ആരെയും കിട്ടിക്കാണില്ല, അതെല്ലാം ഓരോരുത്തരുടെ കാര്യം, എന്നാല്‍ ബ്ലോഗ്‌ എഴുതുന്നവരെല്ലാം ഒരു കൊടിക്കീഴില്‍ നില്‍ക്കുന്നവരല്ല, അവരെ ചൊല്‍പ്പടിക്കു നിര്‍ത്തേണ്ടതില്ല, നയിക്കാന്‍ നേതാവു വേണ്ടാ, സാധിക്കാന്‍ പൊതു താല്‍പ്പര്യവുമൊന്നുമില്ല. കുറെയേറെ അംഗീകാരം കിട്ടും എന്നു കരുതിയാണ്‌ അപരിചിതരെയെല്ലാം കെട്ടിപ്പിടിച്ചു നില്‍ക്കുന്നതെങ്കില്‍ അതിന്റെ വിലയും കൊടുക്കേണ്ടിവരും. റിസ്ക്‌ എടുത്താല്‍ എല്ലായ്പ്പോഴും നല്ല ഫലം തന്നെ കിട്ടണമെന്നില്ല.

ഒരു ബ്ലോഗ്‌ ഉണ്ടാക്കാന്‍, നാലാള്‍ വായിക്കാന്‍, ഇഷ്ടപ്പെട്ടവന്‍ കമന്റിടാന്‍ ഒരു കമ്യൂണിറ്റി വേണ്ട. ഒരു കമ്യൂണിറ്റിയും ഇതുവരെ ഇവിടെ നിലവില്‍ ഉണ്ടായിട്ടില്ല താനും. ഉണ്ടെന്ന് ചിലര്‍ മിഥ്യാ‍ധാരണ പുലര്‍ത്തുന്നു - ബ്ലോഗ്ഗസത്യം സമൂഹമിഥ്യ ബ്രായും ബ്രെസ്റ്റും കണക്കിനെ (ക്രെഡിറ്റ് കുഞുണ്ണിമാസ്റ്റര്‍ക്ക് ). ഇനി സമൂഹം ഒന്നുണ്ടാക്കേണ്ട സാഹചര്യവും ഇല്ല.

നിങ്ങള്‍ സംഘം ചേരണമെങ്കില്‍ ചേര്‍ന്നോളൂ, ഒത്തു കൂടാന്‍ താല്‍പ്പര്യമുള്ളവര്‍ എന്തെങ്കിലും അങ്ങനെ ചെയ്തോളൂ എന്നാല്‍ ഒരു അഖില ബ്ലോഗ്‌ നേതാവില്ല, തത്വശാസ്ത്രമില്ല, ലക്ഷ്യമില്ല, അജെന്‍ഡയില്ല, വാര്‍ഷിക പദ്ധതിയില്ല, വരിക്കണക്കില്ല എന്നും കൂടെ അറിയുക. ഇതുണ്ടാവില്ല, ഉണ്ടായില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുകയും ഇല്ല ("ഡേയ്‌, ഒരു സോഡ താഡേ")

ആരെങ്കിലും നടന്നു പോകുന്നതു കണ്ടാല്‍ സിന്ദാബാദ്‌ വിളിച്ച്‌ പുറകേ പോകരുത്‌, അയാള്‍ ജാഥ നയിക്കുകയൊന്നുമായിരിക്കില്ല, കക്കൂസില്‍ പോകാന്‍ ധൃതിയില്‍ പോകുന്നയാളായിരിക്കും. അയാള്‍ക്ക്‌ പിറകേ പോയി
അപ്രതീക്ഷിതമായത്‌ കണ്ട്‌ ഹാര്‍ട്ട്‌ പൊട്ടരുത്‌, അയാളുടെ പാട്ടിനു വിട്ടേക്കുക.

വായിച്ചോ, എഴുതിക്കോ, അഭിപ്രായം പറഞ്ഞോ, കൂട്ടുകാരെ ഉണ്ടാക്കിക്കോ, പക്ഷേ "ഒരേ രാഗപല്ലവി നമ്മള്‍" പാടരുത്‌. "പത്തല്ല പതിനായിരമല്ല ഒറ്റക്കെട്ടായ്‌" മുഴക്കരുത്‌. എല്ലാവരും ഒന്നാണെങ്കില്‍ ഒറ്റ ബ്ലോഗ്‌ അല്ലേ വേണ്ടൂ, എല്ലാവര്‍ക്കും ഓരോന്ന് എന്തിനാണ്‌? ഓരോ ബ്ലോഗും ഓരോരുത്തരുടേതാണ്‌ ഓരോ ആവശ്യങ്ങള്‍ക്കായുള്ളതാണ്‌, രണ്ടെണ്ണത്തിനു പൊതുവായി ഒരു ലക്ഷ്യമുണ്ടെങ്കില്‍ അതൊരു ഗ്രൂപ്പാണ്‌. എല്ലാറ്റിനും കൂടി പൊതുവായ ലക്ഷ്യം എന്നൊന്ന് ഇല്ലാത്തതിനാല്‍ ബൂലോഗം ഒരു ഗ്രൂപ്പല്ല.

ഇത്രയും പറഞ്ഞുകൊണ്ട്‌ ഞാനെന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു. ഈ വേദിയില്‍ നിന്നും ഞാന്‍ ഇറങ്ങി പോകുമ്പോള്‍ ജനം അവനവന്റെ പാടു നോക്കി പിരിഞ്ഞു പോകാതെ "ധീരാ വീരാ ദേവാ..." എന്നു വിളിച്ച്‌ പിറകേ നടക്കാന്‍ ശ്രമിച്ചാല്‍ അമ്മച്ചിയാണേ ഞാന്‍ കല്ലെടുത്ത്‌ കീച്ചും. നമസ്കാരം

Monday, May 28, 2007

മനസ്സില്‍ പാട്ടുകള്‍ കുറിച്ചവര്‍

യാമശംഖൊലി വാനിലുയര്‍ന്നു സോമശേഖര ബിംബമുയര്‍ന്നു
നിറുകയില്‍ തൊഴുകൈ താഴികക്കുടമേന്തി
ദേവാലയം പോലും ധ്യാനിച്ചു നിന്നു
"ശരിക്കും കാണാന്‍ പറ്റുന്നുണ്ട് അത്‌. ആരെഴുതിയതാണോ?" വിദ്യ ചോദിച്ചു.
ബിച്ചു തിരുമല.

പാട്ടെന്നു കേള്‍ക്കുമ്പോള്‍ വയലാര്‍, ശ്രീകുമാരന്‍ തമ്പി, ഓ എന്‍ വി, യൂസഫ് അലി കേച്ചേരി. ബാക്കിയെല്ലാവരും എങ്ങനെയോ നമ്മുടെ മനസ്സില്‍ നിന്നും പോയി.

ഒരുപാടു നല്ല പാട്ടെഴുതിയിട്ടും നമ്മളോര്‍ക്കാത്തവരെയും ഒരുപാട്ട്‌ മാത്രമെഴുതിയിട്ടും അത് മനസ്സില്‍ പതിപ്പിച്ചവരെയും ഒക്കെ നന്ദിയോടെ ഓര്‍ക്കാനൊരവസരം കിരണിന്റെ പോസ്റ്റ് തന്നു.

ചില ഗാനരചയിതാക്കളും അവരുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളും
൧. മങ്കൊമ്പ് - താലിപ്പൂ പീലിപ്പൂ
൨. പൂവച്ചല്‍ ഖാദര്‍- മൗനമേ നിറയും മൗനമേ
൩.മുല്ലനേഴി - പകലിന്റെ വിരിമാറില്‍ നിഴലു നീ
൪- പാപ്പനം കോട് ലക്ഷ്മണന്‍- ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍
൫- കാനം ഈ. ജെ.- തിരയും തീരവും ചുംബിച്ചുറങ്ങി
൬.എം. ഡി രാജേന്ദ്രന്‍- ഹിമശൈല സൈകത ഭൂമിയില്‍
൭. ഖാന്‍ സാഹിബ്- ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക
൮. സത്യന്‍ അന്തിക്കാട്- താരകേ മിഴിയിതളില്‍ കണ്ണീരുമായി
൯. കാവാലം- ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളില്‍
൧൦- ഭരണിക്കാവ് ശിവകുമാര്‍- സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ
൧൧- അപ്പന്‍ തച്ചേത്ത് ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ
൧൨. പി. രവീന്ദ്രന്‍- ദേവീ ക്ഷേത്ര നടയില്‍
൧൩- കൈതപ്രം- ദേവ ദുന്ദുഭീ സാന്ദ്രലയം

ഒറ്റയടിക്ക് എന്റെ ഓര്‍മ്മയില്‍ വരാത്തവരുണ്ട്,വരൊക്കെ മോശമാണെന്നല്ല, എന്തോ എന്റെ മനസ്സില്‍ പതിഞ്ഞു കിടപ്പില്ല അവരുടെ വരികളൊന്നും, പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍ക്കും..

Sunday, May 27, 2007

തുപ്പുസ്വാമീ, സ്തോത്രം

രാജേഷ് വര്‍മ്മയുടെ ഈ എം എസ് സ്തോത്രവും അതിനു ഉമേഷുഗുരു എഴുതിയ വ്യാഖ്യാനവും ബൂലോഗത്തിനിയാരും എടുത്തിട്ടു ചര്‍ച്ച ചെയ്യാന്‍ ബാക്കി കാണില്ല. അതില്‍ ഞാനിട്ട (പലതില്‍) ഒരു കമന്റ്. സീയെസ്സ് ഓര്‍മ്മിപ്പിച്ച രണ്ടാമത്തെ കമന്റ്.

രാജേഷ്‌ വര്‍മ്മ എഴുതിയ സംഭവത്തിന്റെ പെര്‍ഫെക്ഷനോട്‌ കട്ടക്ക്‌ കട്ട നില്‍ക്കുന്നു ഗുരുക്കളുടെ വ്യാഖ്യാനവും. എല്ലാം കണ്ട്‌ നമിച്ച്‌ കുത്തിയിരിക്കുന്നു. ഒരു മാതിരിപ്പെട്ട ഒരാള്‍ക്കും ഇങ്ങനെ ഒന്നു “കെട്ടാന്‍” പറ്റില്ല എന്നത്‌ മൂന്നര തരം.

പക്ഷേ ഈ മനോഹരമായ മുത്തുമണികള്‍ കെട്ടിയിരിക്കുന്ന നൂല്‍ എനിക്കു മനസ്സിലായില്ല. ഫോറമെഴുതിയിരുന്ന കാലത്ത്‌ ഇടത്‌ അല്ലെങ്കില്‍ വിമതയുള്ളവരെയെല്ലാം “ഈ എം എസ്‌ ഭഗവാന്റെ ഭക്തര്‍” എന്ന് ചിലര്‍ പരിഹസിച്ചു വിളിച്ചു പോന്നിരുന്നു. അതിനാല്‍ എനിക്കു മനസ്സിലായ വര്‍മ്മ അങ്ങനെ ഒരാളല്ലെങ്കിലും ഈ കൃതിയുടെ തലക്കെട്ട്‌ കണ്ട മാത്രയില്‍ ഒരു മുന്വിധിയോടെ ഇതിനെ സമീപിച്ച്‌ ആദ്യം കുറേ നേരം ഞാന്‍ ആവശ്യമില്ലാത്ത കണ്‍ഫ്യൂ അടിച്ചോ എന്നും സംശയം.

സിനിമാ നിര്‍മ്മാതാവും മറ്റുമായ ആര്‍ കെ സരസനായ ഒരു വ്യവസായിയാണ്‌. സങ്കീര്‍ണ്ണമായ ഒരു പ്രശ്നം കണ്ടാല്‍ അതിനെ ലളിതവല്‍ക്കരിച്ച്‌ ഒരു കെട്ടുകഥയുണ്ടാക്കി ഫേസറ്റഡ്‌ അനാലിസിസ്‌ (വക്കാരി കളിയാക്കല്ലേ, ഇം മ മ ഡിക്ഷണറി കയ്യിലില്ല, ഞാന്‍ ആപ്പീസിലാ) നടത്തുന്നതില്‍ പ്രഗത്ഭനാണ്‌ പുള്ളി.

കഴിഞ്ഞ ലീവില്‍ നാട്ടില്‍ പോയ വഴി മൂപ്പരോടൊപ്പം കുറച്ച്‌ സമയം ചിലവിട്ടു. ഭയങ്കര താടി ഒരെണ്ണം അണ്ഡകടാഹമായ ഒരു കാര്യം പറഞ്ഞപ്പോ “ഇതാണോ താന്‍ പറഞ്ഞു വരുന്നത്‌?” എന്ന ചോദ്യത്തോടെ ആര്‍ കെ ഒരു സിമ്പ്ലിഫൈഡ്‌
കെട്ടു കഥ പറഞ്ഞു.

“കുറേ വര്‍ഷം മുന്നേ ഉത്തര്‍ പ്രദേശില്‍ ഒരു വലിയ തത്വ ചിന്തകന്‍ ജനിച്ചു. അദ്ദേഹം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അതിന്റെ പേരിലുള്ള തിന്മകള്‍ എന്നിവയ്ക്കെതിരേ ജനങ്ങളോട്‌ സംസാരിച്ച്‌ തെരുവുകളിലൂടെ നടന്നു.

പൊട്ടന്മാരായ ആളുകള്‍ക്ക്‌ ഒന്നും മനസ്സിലായില്ല, ഇങ്ങേര്‍ എന്തോ വലിയ മനുഷ്യനാണെന്നു മാത്രം മനസ്സിലായി. ഒരു മനുഷ്യന്‍ മുന്നോട്ട്‌ ചെന്നു തൊഴുതു. “സ്വാമീ ഞാന്‍ ഒരു ധനികന്‍ ആകാന്‍ അനുഗ്രഹിക്കണം”

ആചാര്യനു ഭയങ്കര സങ്കടവും ദേഷ്യവും വന്നു. ഇത്രയും കാലം പറഞ്ഞതൊക്കെ പൊട്ടന്റെ മുന്നില്‍ ചെന്ന് ശംഖൂതിയത്‌ പോലെ ആയല്ലോ! അയാള്‍ വന്നവന്റെ മുഖത്ത്‌ ഒരൊറ്റ തുപ്പ്‌ “ഭൂ പോടാ!”

അപ്പോഴല്ലേ ഗ്രാമീണര്‍ക്ക്‌ ആചാര്യന്‍ എന്തെന്നു മനസ്സിലായത്‌. “ഓടിവാടാ, തുപ്പി അനുഗ്രഹിക്കുന്ന ഒരു സ്വാമി വന്നിരിക്കുന്നു” തൊഴു കയ്യോടെ ജനം ആയിരക്കണക്കിനു കൂടി. ആചാര്യന്‍ അഞ്ചാറു തുപ്പു കൂടെ തുപ്പി, അപ്പോഴേക്ക്‌ ജന്മം പാഴായ വിഷമത്തില്‍ സ്ട്രോക്ക്‌ വന്ന് മരിച്ചും പോയി. ആളുകള്‍ തുപ്പുസ്വാമി ഭൂസമാധിയായ മണ്ണില്‍ ഒരു ആശ്രമവും കെട്ടി അദ്ദേഹത്തെ ആരാധിച്ചു പോരുന്നു.”

ആര്‍ കെ പറഞ്ഞ ഈ തമാശക്കഥയും വര്‍മ്മയുടെ നൂറിനുപുറത്തെട്ടും തമ്മില്‍ ഒരു പാരലല്‍ ഉണ്ടോ? ഇല്ലെങ്കില്‍ എനിക്കു സംഭവം ഇനിയും മനസ്സിലായില്ല.

Saturday, May 26, 2007

ഹൈദരാബാദിലെ ഒരു വിചിത്ര ജീവി

ആഷയുടെ പെലിക്കന്‍ റേസ്‌ പോസ്റ്റില്‍ ഇട്ടത്‌. . സീയെസ്സ്‌ ഓര്‍മ്മിപ്പിച്ച കമന്റ്‌ # 1

പണ്ട്‌ ഞാന്‍ ഗാരു ഹൈദരാബാദിലു ജോലിയുലു ചെയ്യാലു ഒസ്തിനാരു. ( ആ കഥയൊന്നും പറയണ്ടാ ...) എന്തായലും പോയ വഴി സൂ പാര്‍ക്കിലും കയറി.

കരടി, ചെന്നായ, പുള്ളിപ്പുലി, ഓരോ കൂടു താണ്ടി അങ്ങനെ പോകുമ്പോള്‍ ഒരു തെലുങ്കാന ഒരിടത്തു നിന്നു മക്കളോടു കൂവുന്നു.. "ലുക്ക്‌, ലുക്ക്‌ ജെബ്ര ജെബ്ര."

ഇതേതാണപ്പാ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ജീവി എന്നറിയാന്‍ അയാളുടെ പിള്ളേരോടൊപ്പം ഞാനും ഓടിപ്പോയി ജെബ്രയെ നോക്കി. കുതിരമുഖം, കറുത്തവരകള്‍, വെളുത്ത വരകള്‍, കുഞ്ചിരോമം .. അയ്യേ ഇതാരുന്നോ.

(കടുവ വെള്ളത്തില്‍ മീന്‍ പിടിക്കുന്നത്‌ നേരില്‍ കണ്ടതും ഹൈദരാബാദ്‌ ജൂ പാര്‍ക്കിലാണ്‌, അസ്സല്‍ കാഴ്ച്ച.)

Sunday, May 20, 2007

ഒരു വെല്ലു ഞാന്‍ വിളിച്ചപ്പോള്‍

ആദിയില്‍ ബൂലോഗത്ത്‌ ഒരു കുമാറും ഒരു തുളസിയും ഒക്കെ മാത്രമായിരുന്നു ചിത്രങ്ങളെടുത്തിരുന്നത്‌.

വല്ലപ്പോഴും സീയെസ്സ്‌ ഒരു പടമിടും. കൈപ്പള്ളി അന്നു യൂണിക്കോടന്‍ മുത്തപ്പനെ (ക്രെഡിറ്റ്‌ മനുവിന്‌ ) ധ്യാനിച്ച്‌ ഹത്ത മലയില്‍ തപസ്സിരിപ്പായിരുന്നെങ്കിലും ബ്ലോഗ്‌ ഉണ്ടായിരുന്നില്ല.

അമേരിക്കയില്‍ മഞ്ഞു കാരണം തനിമലയാളത്തിനു പനി പിടിച്ചെന്ന് പറഞ്ഞപ്പോ അതൊന്നു കാണാന്‍ മരുഭൂമിക്കാര്‍ക്കു വേണ്ടി ഞാന്‍ ഒരു വിക്കി സ്റ്റൈല്‍ ചലെഞ്ജ്‌ നടത്തി ദാ ലങ്ങനെ:-
"ഒരു വെല്ലങ്ങോട്ട് വിളിക്കു കലേഷേ. മരിച്ചുപോയ ചൊരിമണലിലെ എലിപ്പത്തായം പോലത്തെ ഫ്ളാറ്റിൽ താമസിക്കുന്ന, സ്പ്രിങ്ങെന്നാൽ ബോൾ പേനക്കകത്തെ സൂത്രമെന്നും ഫാളെന്നാൽ പഴത്തൊലിയിൽ ചവിട്ടുമ്പോൾ സംഭവിക്കുന്നതെന്നും മാത്രമറിഞ്ഞ, 365 ദിവസവും എരിതീവെയിൽ മാത്രം നാലു ചുറ്റിനും കാണുന്ന പാവം ഗൾഫുകാരമ്മാർരെടുക്കുന്ന ഫോട്ടോയെ വെല്ലാവുന്ന പടങൾ ഈ അമേരിക്കക്കാരിടാൻ! (അവരു നളനെയിറക്കിയാൽ അപ്പോഴേ പോയി നിഷാദിനെ ഇങ്ങോട്ട് വലിച്ചോണേ )ഇടിവാള് പങ്ങളെടുക്കുന്ന സീയെസ്സ് എവിടെത്തുകാരനാണാവോ..)"

അതങ്ങോട്ട്‌ ഏറ്റു. സിബു, ഗുരു, ഏവൂരാന്‍ തുടങ്ങി സകല അമേരിക്കക്കാരും പടമിടീല്‍ ശക്തമാക്കി, അന്നു തൊട്ട്‌ ഇന്നു വരെ. യാത്രാമൊഴി, നളന്‍ തുടങ്ങിയവരെ അങ്ങനെ അരിച്ചു പെറുക്കി അമേരിക്കരു മലയാളവേദിയില്‍ നിന്നും ആവാഹിച്ചു കൊണ്ടിരുത്തിയതാണെന്നും ഒരു വാദമുണ്ട്‌.എന്തായാലും ആ ചാലെഞ്ജ്‌ ഇല്ലായിരുന്നെങ്കില്‍ സീയെസ്സിന്റെ ഈ മനോഹരമായ പടം ജനിക്കില്ലായിരുന്നു.

Saturday, May 19, 2007

അബുദാബിയിലെ ഇരണ്ട അറ്റാക്ക്

ദില്‍ബാസുരന്റെ ആദ്യ പോസ്സ്റ്റുകളില്‍ ഒന്ന് ആയ ഒരു ഗള്‍ഫ് കഥയില്‍ ഇട്ട കമന്റ്

ഗള്‍ഫുകാരൊക്കെ കള്ളം പറയുന്നവരാണെന്ന് പൈലിക്കുട്ടി ഒരു കമന്റ്‌ ഇട്ടതു വഴി വന്നു നോക്കിയപ്പോഴാ ഇതു കണ്ടത്‌.

ഇത്രയും വലിയൊരു സത്യം സത്യത്തില്‍ പ്രതീക്ഷിച്ചില്ല കേട്ടോ. ചിരിച്ചു പണ്ടം കലങ്ങിപ്പോയി ദില്‍ബാ.

പകരം തരാന്‍ ഒന്നുമില്ല എന്റെ കയ്യില്‍, ഓണമായിട്ട്‌ ഓട്ടക്കൈയ്യും ഒഴിഞ്ഞ തലയുമാ.. ഹ്ം... പണ്ടാരാണ്ടും ഒരു കേരളീയന്‍ പറഞ്ഞ ഒരു പാര്‍ട്ടി തമാശ മതിയോ?

പണ്ടു പണ്ട്‌, ഓയില്‍ ബൂമിന്റെ "ബൂം" മുഴങ്ങിക്കേട്ട്‌ വളരെ ഇമ്മിണി വര്‍ഷം കഴിഞ്ഞ്‌ ഒരു വിന്റേജു വിന്റര്‍ കാലം. അബുദാബിപ്പട്ടണത്തില്‍ ഇരണ്ട (sea gull) പട്ടമായി വരാന്‍ തുടങ്ങി. തുടങ്ങിയിട്ടു തീരുന്നില്ല, ഒന്ന്, പത്ത്‌ ഒരു കോടി, ശതകോടി.

പക്ഷികള്‍ ഇടിച്ച്‌ വിമാനങ്ങള്‍ കേടായി, ആയിരക്കണക്കിനു ചത്തു വീണ്‌ പാര്‍ക്കും ബീച്ചും നാറിപ്പുഴുത്തു, ഒന്നും ചെയ്യാന്‍ വയ്യ, പകര്‍ച്ച വ്യാധികള്‍ പൊട്ടി പുറപ്പെടുമെന്ന അവസ്ഥയായി.

അപ്പോ എത്തി ഒരു മാലിക്കാരന്‍. അവന്‍ ഷേഖിനെ ചെന്നു കണ്ടു. കടല്‍ക്കാക്കകളെ എല്ലാം ഞാന്‍ ഓടിക്കാം, ഫ്ലാറ്റ്‌ റേറ്റ്‌, ഒരു മില്ല്യണ്‍. പണി കഴിഞ്ഞു കാശു തന്നാല്‍ മതി. ഡീല്‍.

മുങ്ങിച്ചാവാന്‍ തുടങ്ങുന്നവന്റെ കച്ചിത്തുരുമ്പായ ഏലിമാലി നേരേ തന്റെ പെട്ടി തുറന്നു. പത്ത്‌ ചുവന്ന ഇമല്‍ഷന്‍ പെയിന്റ്‌ അടിച്ച സീ ഗള്ളുകളെ തുറന്ന് അബുദാബി കോര്‍ണിഷിലേക്ക്‌ പറത്തി. എന്തൊരതിശയം, ചുവന്ന
കിളിയെക്കണ്ട്‌ സകല പക്ഷികളും പറന്നു രക്ഷപ്പെട്ടുകളഞ്ഞു!

ആ രാജാവ്‌ സന്തോഷം കൊണ്ട്‌ കരഞ്ഞുപോയി. പിന്നെ മാലിക്കാരനെ വിളിച്ചു മെല്ലെ ചോദിച്ചു . "ഒരു ഉപകാരം കൂടി.. നിന്റെ കയ്യില്‍ ചുവന്ന മലയാളി ഉണ്ടോ? എത്ര പണം വേണമെങ്കിലും തരാം ഞാന്‍."

Tuesday, May 8, 2007

അരിയോര!

കൈപ്പള്ളിയുടെ ഫ്ലാമിംഗോ വഴി നളന്റെ ഫ്ലാമിംഗോയില്‍ എത്തിയപ്പോഴാ അവിടൊരു ഓഫ്‌ കിടക്കുന്നത്‌ കണ്ടത്‌.. ഇങ്ങോട്ട്‌ എടുത്തു.കൊല്ലത്തൊക്കെ കാര്‍ത്തിക നാളില്‍ കുട്ടികള്‍ പുല്‍തൈലമുണ്ടാക്കുന്ന പുല്ലിന്റെ തോട്ടി പോളെ നീണ്ട തണ്ടില്‍ പന്തം കെട്ടി ഓടുന്ന ഒരാഘോഷം- അരിയോര.


അരിയോര അരിയോര" എന്നു കൂവി പായുന്നത്‌ വയലിലാണെങ്കിലും അരിയുമായോ നെല്ലുമായോ ഈെ വിളിക്ക്‌ ബന്ധമില്ല "ഹരഹരോ ഹരഹര" (മ്മടെ കടോ നടേ ശിവാ എന്ന്) എന്ന വിളി പിള്ളേരു നൂറ്റാണ്ടുകളായി വിളിച്ചു വിളിച്ച്‌ അരിയോര ആയതാണ്‌.

കാര്‍ത്തിക സമയത്താണു നമ്മുടെ ഏലകളില്‍ നെല്ലു കതിരിടുന്നത്‌. പന്തം കൊളുത്തിപ്പട അതും വീശി വയലില്‍ ഓടുമ്പോള്‍ ഒരു പരാമറും ഇല്ലാതെ ചാഴി ചത്തു പോകും, എല്ലാ വയലിലും ഒരു സമയത്താകുമ്പോള്‍ ചാഴി ശല്യം ഏതാണ്ട്‌ മൊത്തത്തില്‍ ഒടുങ്ങി കിട്ടും, അതുകൊണ്ട്‌ ഇതിനു സന്ധ്യാ സമയം തന്നെ തിരഞ്ഞെടുത്തു.

പിള്ളേരാകുമ്പോള്‍ അവര്‍ക്കതൊരു രസമുള്ള ആചാരം, കൂലി കൊടുത്ത്‌ ആളെ വയലേ ഓടിക്കണമെങ്കില്‍ കാശെത്ര ചിലവാകും! ഈ കാര്‍ന്നോമ്മാരുടെ ഒരു.. ഇതാകുമ്പോ പിള്ളേര്‍ക്കു വല്ല കാച്ചിലോ നനകിഴങ്ങോ ചെറുകിഴങ്ങോ മധുരക്കിഴങ്ങോ ചേനയോ മഴച്ചേമ്പോ പറമ്പിലുള്ളത്‌ പുഴുങ്ങിക്കൊടുത്താല്‍ മതി.

പുല്‍ത്തൈലം കത്തുന്ന മണം കൊണ്ട്‌ കൊതുകു പോകുമെന്നതിനാലാണ്‌ അരിയോരക്കമ്പേല്‍ പന്തം കെട്ടുന്നത്‌- ഒരു വെടിക്ക്‌ ചാഴീം കൊതുകും! അതില്ലേല്‍ മരച്ചീനിയുടെ കമ്പില്‍ ചൂട്ടു കെട്ടിയാല്‍ ഒന്നാന്തരം കുന്തം പോലെ പന്തം ഉണ്ടാക്കാം . അതിനു പേരില്ലാത്തതിനാല്‍ "കുന്തപ്പന്തം" എന്ന് നമുക്ക്‌ വിളിക്കാം?

ത്രേ അറിയാവൂ....

ഇന്നു കാര്‍ത്തികയെന്നാല്‍ 5 മണ്‍ ചിരാതു വാങ്ങിച്ച്‌ വീടിന്റെ പടിയേല്‍ വച്ചു കത്തിക്കും എന്നിട്ട്‌ വന്നിരുന്നു "സ്ത്രീ ഒരു ജ്വാല" കാണും. അപ്പോള്‍ ബ്ലേഡുകാരന്‍ ഡെയിലി പിരിവിനു വരും. വിളക്കിന്റെ കാര്യമോര്‍ക്കാതെ കൊച്ചമ്മ ഇറങ്ങി പടിയില്‍ നില്‍ക്കും അവര്‍ "ജ്വാലയായ്‌...."

Sunday, April 29, 2007

കാട്ടുപോത്തെന്നെയൊരു വാനരനാക്കിയപ്പോള്‍

പോസ്റ്റുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരോഫ് കമന്റ്. കയ്യോടെ കല്ലറയിലടക്കി.

ക്രോധമെന്നാല്‍ കാട്ടുപോത്തിന്റെയാണെന്നാണു വയ്പ്പ്‌. അവന്‍ ചാര്‍ജ്ജ്‌ ചെയ്താല്‍ ബ്രഹ്മനും തടുക്കില്ല, നാലുകാലേല്‍ നില്‍ക്കാന്‍ ആവതുള്ള കാട്ടുപോത്തിനെക്കണ്ടാല്‍ കടുവ പ്രാണനും കൊണ്ടോടുമെന്ന് ഫോ. ഓഫീസര്‍ പറഞ്ഞു

പക്ഷേ ഞാന്‍ ഇവന്റെ ആക്ഷന്‍ സീന്‍ ഒന്നും കണ്ടിട്ടില്ല, എങ്കിലും ഓടി . കൂട്ടാറിലെ ഏറുമാടത്തില്‍ ആദവും അവ്വയുമായി ഞാനും പെമ്പ്രന്നോരും ഹണിമൂണുന്ന ദിവസങ്ങളിലൊന്നില്‍ രാവിലേ ഒരു തോര്‍ത്തും ഉടുത്ത്‌ അരയ്ക്കൊപ്പം വെള്ളത്തില്‍ പല്ലും തേച്ച്‌ മുഖപ്രക്ഷാളനവും അതിനു മുന്നേ നടത്തേണ്ട മറ്റേ പ്രക്ഷാളനവും കഴിക്കാന്‍ ഇറങ്ങിയതായിരുന്നു . മരത്തോടു ചേര്‍ന്ന് ഒരു യമകണ്ടന്‍ പോത്ത്‌. ഒന്നിനെക്കണ്ടാല്‍ ഫ്രണ്ട്സ്‌ ആ എരിയയിലെല്ലാം ഉണ്ടെന്ന് കൂട്ടിക്കോളണം.

ഞാന്‍ ഫ്രീസ്‌ ഷോട്ടിലെ ജയനെ പോലെ നിന്നു, അതാണു ബുദ്ധി. പക്ഷേ ലവന്‍ കുളമ്പുകൊണ്ട്‌ നിലത്തിട്ടു രണ്ടു മാന്ത്‌ റണ്ണപ്പിനു മുന്നേ ബൌളര്‍ ചെയ്യുമ്പോലെ. നിന്തിരുവടീ കാപ്പാത്തുങ്കോ ഞാനോടി, പിറകില്‍ ഇലയനങ്ങുന്ന ശബ്ദമാണോ എനിക്കു തോന്നിയതാണോ എന്തോ, നോക്കാതോടി.

ഏറുമാടത്തിലേക്ക്‌ ഓടിക്കേറും വഴി തോര്‍ത്ത്‌ വള്ളിയേല്‍ ഉടക്കി നിന്നു. സില്‍ക്ക്‌ സ്മിതയെപ്പോലെ തോര്‍ത്തുടുത്ത്‌ നീരാട്ടിനു പോയ ഞാന്‍ സ്റ്റ്രീക്കിംഗ്‌ നടത്തി വരുന്നതു കണ്ട്‌ ഉറക്കപ്പിച്ചില്‍ മാടത്തിനകത്തിരുന്ന് എന്റെ മണവാട്ടി "അയ്യോ ആള്‍ക്കുരങ്ങ്‌ കേറിയേ" എന്നു വിളിച്ചെന്ന് ഒരു കഥയുണ്ടാക്കി നാട്ടിലെല്ലാം വിളമ്പിയത്‌ സമ്പാദ്യം. എന്തായാലും തടി തവിടുപൊടി ആയില്ല. ലവന്റെ കയ്യിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ ഞാന്‍ മുറുക്കാന്‍ ചവച്ച ചണ്ടി പോലെ അവിടെ കിടന്നേനെ.

Thursday, April 26, 2007

കുറ്റകൃത്യങ്ങളേറുന്നു..

ദുബൈ/ ഷാര്‍ജ്ജയിലുള്ളവര്‍ വളരെ സൂക്ഷിക്കുക:

1. രണ്ടുമൂന്ന് ആളുകള്‍ ചേര്‍ന്ന് നിങ്ങളുടെ ഡോര്‍ ബെല്ലടിക്കുന്നു, ആരുമില്ലെന്ന് കണ്ടാല്‍ വീടു പൊളിച്ച്‌ അകത്തു കേരുന്നു..

2. കുറച്ച്‌ മെക്സിക്കോക്കാര്‍ വന്ന് ബെല്ലടിക്കുന്നു ഏവിയന്‍ ഫ്ലൂ വാക്സിനേഷന്‍ തരാനെന്നു പറഞ്ഞ്‌ ഇഞ്ജെക്ഷനെടുക്കുന്നു- മയക്കം തീര്‍ന്ന് ബോധം തെളിയുമ്പോ വീട്ടില്‍ കര്‍പ്പൂര പാട്ടയുമില്ല, ഉപ്പുചിരട്ടയുമില്ല.

3. സെന്‍സസ്‌ എന്യൂമറേറ്റര്‍ എന്നു പറഞ്ഞ്‌ ഒരുത്തന്‍ വീട്ടിലോട്ടു കയറുന്നു, വീട്ടുകാരിയുടെ ആറു സെന്‍സസും പോകുന്ന ടൈപ്പ്‌ ഒറ്റയടി തലക്കിട്ട്‌.

അതുല്യയുടെ ബ്ലോഗിലിട്ടത്

Friday, April 13, 2007

ആദ്യ സെഞ്ച്വറിയും കാല്‍കുലസ്സും.

ആകെ പത്തമ്പത്‌ ബ്ലോഗര്‍മാരുള്ള കാലത്താണ്‌ ആദ്യമായി ഒരു പോസ്റ്റ്‌ കമന്റ്‌ സെഞ്ചുറിയടിച്ചത്‌. ചില്ലറക്കാര്യമാണോ, ചെത്തുന്നതിലും കൂടുതല്‍ കള്ള്‌ വിറ്റ കേരളത്തിലെ ഷാപ്പുകള്‍ ഒഴികെ വേറേയാരും കാണിക്കാത്ത ഈ സര്‍ക്കസ്‌ സാധിച്ചത്‌ കുട്ട്യേടത്തിയാണ്‌. എങ്ങനെ? ഒരു വിവാദ ചര്‍ച്ചക്ക്‌ തുടക്കം ഇട്ടു, പിന്നല്ല! ചര്‍ച്ചയങ്ങനെ ഇടക്കിടക്ക്‌ ഗുണ്ട്‌ ഇട്ട്‌ കെട്ടിയ മാലപ്പടക്കം പോലെ എരിഞ്ഞു കേറുമ്പോള്‍ ഞാന്‍ പുരോഗതി ഇങ്ങനെ വിലയിരുത്തി :>

സാദാ കാല്‍കുലേറ്ററിലേ ആറു ക്രിയക്കപ്പുറത്തെ കണക്കിനു പ്രാവീണ്യം കുറഞ്ഞെന്നു തോന്നിയപ്പോള്‍ ഞങ്ങളൊരിക്കല്‍ ഉണ്ണിത്താന്‍ സാറിന്റെയടുത്ത്‌ ട്യൂഷനു പോയി (കൊല്ലേതരേ, ഉണ്ണിത്താന്‍ സാര്‍ ആണ്‌ ഈ ഭാഗത്ത്‌ എന്റ്രന്‍സ്‌ കോച്ചിംഗ്‌ വഴി കാര്‍ അസ്സംബ്ലി പോലെ വന്‍ തോതില്‍ എഞ്ചിനീറുമാരെ സൃഷ്ടിക്കാമെന്ന് കണ്ടു പിടിച്ചവരില്‍ ഒരാള്‍). എന്റ്രന്‍സ്‌ ജ്വരം ബാധിച്ച്‌ നെട്ടോട്ടമോടുന്ന ശിമ്പിരി പിള്ളേരെ പഠിപ്പിച്ച്‌ ഭ്രാന്തു പിടിച്ച സാറിനു "പക്ക്വത പക്ക്വത എന്ന ക്വതയില്‍ കയറി നില്‍ക്കുന്നവരെന്ന് "സ്വയം വിശേഷിപിക്കുന്ന ഞങ്ങളെ പഠിപ്പിക്കാന്‍ ഇഷ്ടമായിരുന്നു.

അന്നൊരു ഇന്‍ന്റഗ്രല്‍ കാല്‍ക്കുലസ്‌ പ്രഭാതം. കണക്കിട്ടു സിഗററ്റും വലിച്ച്‌ കൊച്ചു സ്റ്റൂളിര്‍ലിുന്ന സാറിനു കാണാനായത്‌ അന്തം വിട്ട അഞ്ചു മോന്തയും കേള്‍ക്കാനായത്‌ പേപ്പറുകള്‍ മറിയുന്ന ഒച്ചയും മാത്രം.. സോള്‍വ്‌ ചെയ്തു ചെയ്ത്‌ സോള്‍വന്റ്‌ കുടിച്ച മൈക്കാടു പോലെയായ ഐവരുടെ ഇടയില്‍ നിന്നും പെട്ടെന്നൊരു പാട്ടുയര്‍ന്നു "എവിടെ നിന്നോ വന്നു ഞാന്‍.. എവിടേക്കോ പോണു ഞാന്‍..."
സാറു പാട്ടിന്റെ സ്രോതസ്സിലേക്ക്‌ നീട്ടി വിളിച്ചു "എന്താ ശ്രീജിത്തേ?"
"ഞാന്‍ ഈ കണക്കു മൂന്നു പേജു നിറയേ ചെയ്തു സാറേ" എന്നു ശ്രീജിത്ത്‌.
"എന്നിട്ടോ?"
"ഇപ്പോള്‍ ഉത്തരത്തില്‍ നിന്നും ചോദ്യത്തില്‍ നിന്നും ഞാന്‍ മൂന്നു പേജ്‌ കൂടുതല്‍ അകന്നു, അത്ര തന്നെ"

നമ്മളെല്ലാം കൂടെ ഉത്സാഹിച്ചിട്ട പത്തെഴുപത്‌ കമന്റ്‌ ശ്രീജിത്തിന്റെ മൂന്നു പേജ്‌ സൊല്യൂഷന്‍ പോലെ ആയോ?

പോസ്റ്റ്‌ ഇവിടെ
ത്രെഡിലെ എന്റെ ഓണ്‍ ടോപ്പിക്ക്‌ കമന്റുകളില്‍ ഒന്ന് :>
പൈലറ്റായോ ഡോക്റ്ററായോ തൊഴില്‍ നോക്കാം എന്നാല്‍ ഞാന്‍ തൊഴിലൊന്നുമെടുക്കില്ല എന്റെ തൊഴില്‍ നാട്ടുകാരെടുക്കട്ടെ എനിക്കു ശമ്പളം വേണമെന്നു തുടങ്ങിയാലോ?

പ്രജനനം തൊഴിലല്ല.ഒരു വിവാഹം കഴിക്കണോ മക്കള്‍ വേണോ മൂന്നു പേരെ ഒന്നിച്ചു വിവാഹം കഴിക്കണോ എന്നൊക്കെ അവനവനു തീരുമാനിക്കാം. എന്നാല്‍ ഞാന്‍ ഈ കോളനിയില്‍ താമസിക്കും പക്ഷേ ചപ്പു ചവര്‍ അടിച്ചു കളയില്ല ഗൂര്‍ഖക്കു പണവും കൊടുക്കില്ല എന്നു പറയുന്നതു പോലെ സാമൂഹ്യ വിരുദ്ധ പ്രവൃത്തിയാണ്‌ എനിക്കു കുട്ടിക്കലെ നോക്കി മിനക്കെടാന്‍ വയ്യാ എന്നു പറയുന്നത്‌. (വയ്യാത്തവനു കുട്ടി ഉണ്ടായാലെന്തു ചെയ്യുമെന്ന ചോദ്യത്തിനു ഈ ഭാഗത്ത്‌ പ്രസക്തിയില്ല). മണിച്ചിത്രത്താഴെന്ന സിനിമക്ക്‌ കഥയെഴുതിയ മധു മുട്ടം എനിക്കും എന്റമ്മക്കും കഷ്ടിച്ചു ജീവിക്കാനുള്ളതേ എനിക്കു ശമ്പളമുള്ളൂ അതുകൊണ്ട്‌ കല്യാണം കഴിക്കനും കുടുംബം നോക്കാനും കഴിഞ്ഞില്ല എന്ന് വിശദീകരിക്കുമ്പോള്‍ തോന്നുന്ന വികാരമല്ല കൊച്ച്‌ തൂറും അതുകൊണ്ട്‌ വേണ്ടാ എന്നു പറയുന്നത്‌ കേള്‍ക്കുമ്പോള്‍ തോന്നുന്നത്‌. കല്യാണമോ വെറും സഹശയനമോ എന്തുമാകാവുന്നതേയുള്ളൂ "ഈ ലോകം ദുരിതമാണ്‌ അതിലേക്കിനി എന്റെ കുഞ്ഞിനെ ഞാന്‍ സൃഷ്ടിക്കില്ല" എന്ന ജാതി നെടുങ്കന്‍ ഡയലോഗ്‌ കൂടി അതിന്റെ പുറത്തടിക്കാതെയിരുന്നാല്‍ പോരേ ഇത്തരക്കാര്‍ക്ക്‌?

അഗമ്യമായ പാതകള്‍ മാത്രം
തിരഞ്ഞെടുക്കുന്ന സാമൂഹ്യവിരുദ്ധര്‍ (സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കെതിരേ പ്രവൃത്തിക്കുന്നവരെന്ന അര്‍ത്ഥത്തില്‍) എല്ലാക്കാലത്തും വിചിത്ര തത്വവാദങ്ങള്‍ നിരത്തിയിട്ടുണ്ട്‌.

എക്സ്‌ നമ്പ്ര കുട്ടികള്‍ വൈ നമ്പ്ര വീടുകളില്‍ വളരുന്നതാണ്‌ രാജ്യത്തിനാവശ്യമെങ്കില്‍ x+5 കുട്ടികളെ ഉണ്ടാക്കുന്നതും 0x കുട്ടികള്‍ക്കായി റിസോര്ഴ്‌ പൂഴ്ത്തിവയ്ക്കുന്നതും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തന്നെ. ഇന്നലെ ഒരുത്തന്‍ ഗാര്‍ബേജ്‌
പൊതി ലിഫ്റ്റില്‍ ഉപേക്ഷിച്ചു പോയി- എനിക്കു കോഴി തിന്നണം പക്ഷേ പപ്പ്‌ കൊണ്ടോയി കുഴിച്ചിടാന്‍ വയ്യാ എന്നാവും..
ഗര്‍ഭസ്ഥ ശിശു ഒരു മനുഷ്യനാണ്‌. അതു ചിന്തിക്കുന്നു, വികാരം കൊള്ളൂന്നു കരയുന്നു ചിരിക്കുന്നു ജീവിക്കുന്നു. അത്നെ കൊല്ലുന്നത്‌ infanticide തന്നെ. അതുപോകട്ടെ. വളര്‍ത്താനാവാത്ത (സാമ്പത്തികമോ അതുപോലെ ഗൌരവമായൊരു പ്രശ്നമോ ഉണ്ടെങ്കില്‍ മാത്രം ) അതിനെ വളര്‍ത്താനൊരിടത്തേല്‍പ്പിക്കുന്നതല്ലേ വഴിയിലുപേക്ഷിക്കുന്നതിലും നല്ലത്‌?

എവിടെയൊിക്കേയോ ആരൊക്കെയോ ആവര്‍ത്തിച്ച കഥ:
ഇന്നിന്റെ ശരികള്‍ പണ്ടുണ്ടായിരുന്നെങ്കില്‍ കുടിച്ച്‌ കുട്ടികളെ തല്ലുന്ന പിതാവിന്റെയും ലൈംഗികരോഗം ബാധിച്ച അമ്മക്കും ചേര്‍ന്ന് ദാരിദ്ര്യത്തിന്റെ നടുവിലേക്ക്‌ ജനിപ്പിക്കാനിരിക്കുന്ന ഭ്രൂണം - ജനിച്ചാല്‍ എറേ വൈകാതെ രോഗിയായി തീരുന്ന ഗര്‍ഭം നശിപ്പിച്ചു കളഞ്ഞേനേ. ഇന്നിന്റെ ശരി അന്നു തെറ്റായിരുന്ന്നതുകൊണ്ട്‌ ആ കുട്ടി - ബീഥോവനെന്ന മഹാത്ഭുതം- ജനിച്ചു.

സുനിലേ,
വാനരവംശജനായ മനുഷ്യനു പ്രാവിനെയും പ്രെയറിപ്പൂച്ചയേയും പോലെ എകഭാര്യാവ്രതം സഹജമല്ല, എന്നാല്‍ അന്യവുമല്ല. ബുദ്ധിമാനായ മനുഹ്യന്‍ ഒറ്റ ഇണയില്‍ തീര്‍ത്ത ദാമ്പത്യം കുട്ടികള്‍ക്ക്‌ നല്‍കുന്ന സുരക്ഷിതത്വം -ശാരീരികവും മാനസികവും സാമ്പത്തികവും സമൂഹത്തിനുള്ളിലെ സബ്‌ യൂൊണിറ്റ്‌ ആയ കുടുംബത്തിലേക്കും കുടുംബത്തിന്റെ മെമോറാന്‍ഡം ഓഫ്‌ അസ്സോസിയേഷനായ വിവാഹത്തിലേക്കും നയിച്ചു. നരവംശത്തിന്റെ വികസനത്തില്‍ അതായത്‌
ഒറാങ്ങ്‌ ഉട്ടാന്റെ കൂടെ മരംവിട്ടു മരം ചാടി കളിച്ച നമ്മുടെ വല്യപ്പൂപ്പനില്‍ നിന്നും I will put out the light and then I will put out the light എന്നെഴുതിയ ഷേക്‌ പീര്‍ (ഉവ്വാ, മൂപ്പര്‍ ഒരു ഷേക്ക്‌ ആയിരുന്നു)ആയി പരിണമിച്ചതിലെ എറ്റവും വലിയ contributing factor കല്യാണമായിരുന്നെന്ന് തോന്നുന്നു. എന്തായാലും പതിനായിരക്കണക്കിനു വര്‍ഷം സമൂഹത്തില്‍ വിവാഹമെന്ന established organization നില നില്‍ക്കാന്‍ കാരണം കുട്ടികളാണ്‌.

ആ നിലക്ക്‌ പ്രജനനം ആജീവനാന്ത ഇണക്കത്തിലേക്കും [pair bonding] വിവാഹത്തിലേക്കും [monogamy] ലൈംഗിക ത്വര കൂട്ടപ്പുലയാട്ട്‌ [polygyny]-ലേക്കും നയിക്കുമെന്നാണ്‌ എന്റെ അനുമാനം.
ശരിതെറ്റുകളില്ല ഇതിലൊന്നും സാമൂഹ്യ നീതിയുടെ ചോദ്യമേയുള്ളൂ. 4-5 വര്‍ഷം മുന്നേ ഡെല്‍ഹിയില്‍ ഒരു സഹോദരനും സഹോദരിയും വിവാഹിതരായി. ശരിതെറ്റുകള്‍ അതിലുമില്ല.

Friday, April 6, 2007

രൂപം പ്രതീകാസനായ

ജീവന്‍ എന്നത്‌ കെടുത്തിയാല്‍ കൊളുത്താനാവാത്ത ഒരു തരം അഗ്നി. അതിനിപ്പോ എന്താ? കെടുത്താന്‍‍ പോലും പറ്റാത്ത അഗ്നികള്‍ എവിടെയെല്ലാം, എന്തിലെല്ലാം ഈ ലോകത്ത്‌.മാംസം മജ്ജ കൊഴുപ്പ്‌ അസ്ഥി കുറേ തരം ഓര്‍ഗാനിക്ക്‌ കോമ്പൌണ്ടുകള്‍ ഉണ്ടാകുന്നു നശിക്കുന്നു. വീണ്ടുമുണ്ടാവുന്നു. ഈ അഗ്നി തന്നെ പ്രപഞ്ചമൂലശക്തി വിഘടിച്ചും കൂട്ടിയോജിച്ചും സൂര്യനില്‍ നിന്നുണ്ടാവുന്നത്‌. സൂര്യനോ ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഊര്‍ജ്ജമുണ്ടാക്കുന്നു. ഞാന്‍, നളന്‍, ലോ ലവന്‍, പട്ടി പൂച്ച, ആഞ്ഞിലി മരം എല്ലാം കാര്‍ബണ്‍ സൈക്കീല്‍ ചവിട്ടുന്നു, ഹിമാലയം, അറബിക്കടല്‍ ഒക്കെ സാന്‍ഡ്‌ സൈക്കില്‍ ചവിട്ടുന്നു . എന്താപ്പോ വത്യാസം. മഡോണ തന്നെ സെഡോണ. എലിയെയും മലയെയും വെട്ടിയാല്‍ ഒരു ലെവല്‍ കഴിഞ്ഞാല്‍ മൊളിക്യൂള്‍, ആറ്റം, പ്രോട്ടോണാദി, ക്വാര്‍ക്ക്‌ എന്നിങ്ങനെ കീഴോട്ടു എവിടെയോ വത്യാസമില്ലാതാകും. കണ്‍സോളിഡേഷന്‍ നടത്തിയാല്‍ ഭൂമി, സൌരയൂധം, നക്ഷത്രസമൂഹം അങ്ങനെ എവിടെ വരെയോ പോകുന്ന്ന പോക്കിലും വത്യാസമില്ലല്ലോ. എന്തരു ഞാന്‍? എനിക്കു മാത്രമായി എതു ജീവന്‍? രൂപം രൂപം പ്രതിരൂപോ ഭുവ:, തദ്‌ അസ്യ രൂപം പ്രതീകാസനായ (ബൃഹദ്‌ ആര്യണകോപനിഷത്ത്‌)(എല്ലാ രൂപത്തിലും പ്രതിരൂപമായി ഭവിക്കുന്നതും അതിനാല്‍ എല്ലാ രൂപങ്ങളുടെയും പ്രതീകമായി നമ്മള്‍ കാണുന്നതും . മച്ചാനെ തന്നെന്ന്)ഈ “ഞാന്‍” എതാണ്ട്‌ വലിയ കുണാണ്ടര്‍ ആണെന്ന നമ്മുടെ വിശ്വാസം കൊണ്ടാണു ഈ വളരുന്നതും കാലില്‍ നടക്കുന്നതും മഹാ കേമത്തമായി വിചാരിക്കുന്നത്‌. സത്യത്തില്‍ കാര്‍ബണ്‍ സൈക്കിള്‍ എന്നത്‌ കോസ്മിക്ക്‌ നൃത്തത്തിലെ നിസ്സാരമായ ഒരു വേഷം മാത്രം. നമ്മളോ ആ എക്സ്റ്റ്രാ നടിയുടെ ഒരു മുടിച്ചുരുള്‍ പോലെ..ജീവന്‍ ഉണ്ടായാലെന്തര്‌? ഒണ്ടായില്ലേലെന്തര്‌ എന്നാലോചിക്കുമ്പോ . ചീളു കേസുകള്‍ നമ്മളെ ഏതു പയലിനു വേണം എന്നാലോയിച്ച്‌ പോണ്‌. പോക്കണക്കേട്‌, അയ്യം.

നളന്റെ “കാറ്റ്” എന്ന ബ്ലോഗില്‍ ഇട്ട കമന്റ്

Saturday, March 31, 2007

ഭക്തിയോ യുക്തിയോ കര്‍മ്മമോ വേണ്ടൂ?

കാളിയന്റെ ഈ പോസ്റ്റില്‍ മൂര്‍ത്തി ചോദിക്കുന്നു, ലോകം തന്നെ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അതിനെക്കുറിച്ച് അറിയുകയും പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ഇടപെടുകയും ചെയ്യുന്നതിനുപകരം അദ്വൈതത്തിലും ബ്രഹ്മനിലുമൊക്കെ ഒരു പരിധിയില്‍കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഒരു തരം ‘എസ്കെയ്പ്പിസം’ അല്ലേ?

ആണോ? എന്താണ്‌ ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങള്‍?
ഒന്നാമത്തെ പ്രശ്നം
എറ്റവും വലിയ പ്രശ്നം പട്ടിണിയാണ്. ലോകത്തെ സര്‍വ്വ മനുഷ്യനും ഒരു ദിവസം ആറു നേരം ഭക്ഷണം കഴിക്കാനുള്ള റിസോര്‍സ്‌ നമുക്ക്‌ മൊത്തത്തിലുണ്ട്‌, പക്ഷേ 80 കോടി ആളുകള്‍ക്ക്‌ ദിവസം ഒരു നേരം പോലും തിന്നാനില്ല. ലോകത്താകെ 220 കോടി കുട്ടികള്‍ ഉണ്ട്‌ അതില്‍ 100 കോടിക്കും ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നീ അടിസ്ഥാന സൌകര്യങ്ങളില്ലാത്തവരാണ്‌, ആയുധ നിര്‍മ്മാണത്തിനു ലോകരാഷ്ട്രങ്ങള്‍ ചിലവിടുന്ന പണത്തിന്റെ അഞ്ചു ശതമാനം കൊണ്ട്‌ ഇവരുടെ ഈ ആവശ്യങ്ങള്‍ നിറവേട്ടി കൊടുക്കാം.

രണ്ടാമത്തെ പ്രശ്നം
രാഷ്ട്രങ്ങളുടെയും മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും പേരില്‍ മനുഷ്യന്‍ പരസ്പരം കൊല്ലുന്നു. അതിനും പുറമേ സമൂഹത്തിനുള്ളില്‍ തന്നെ മറ്റു പല രീതിയില്‍ പരസ്പരം ദ്രോഹിക്കുന്നു.

മൂന്നാമത്തെ പ്രശ്നം
പരിസ്ഥിതി- പ്രധാനമായും വെള്ളം, വായു, കാലാവസ്ഥ എന്നിവയ്ക്ക്‌- നാളെ ഭൂമിയുടെ മനുഷ്യന്റെയും മറ്റ്‌ ജീവജാലങ്ങളുടെയും നിലനില്‍പ്പ്‌ തന്നെ ഇല്ലാതെ ആകുന്ന രീതിയില്‍ മനുഷ്യന്‍ നാശം ചെയ്യുന്നു.

എന്തു പ്രശ്നത്തോടും രണ്ടു തരം അപ്പ്രോച്ച്‌ ഉണ്ട്‌. ഒന്ന് പ്രശ്ന പരിഹാരവും പ്രശ്നകാരണ പരിഹാരവും.
എന്റെയൊരു ഭാഷയില്‍ പറഞ്ഞാല്‍ allopathic approach & lifestyle approach അതായത്‌ ഒരുത്തന്റെ ഹൃദയധമനികള്‍ അടഞ്ഞു പോയാല്‍ അതൊരു പ്രശ്നമായി. ആശുപത്രിയില്‍ ചെന്ന് ബലൂണ്‍ കത്തീറ്റര്‍ കടത്തി അതു തുറന്നാല്‍ പ്രശ്നത്തിനു പരിഹാരമായി. കുറച്ചു കാലം കഴിയുമ്പോള്‍ അത്‌ വീണ്ടും അടയും കാരണം പ്രശ്ന കാരണം പരിഹരിക്കപ്പെട്ടില്ലല്ലോ, പ്രശ്നമൂലം അവന്റെ ഭക്ഷണ രീതിയിലും വ്യായാമ രീതിയിലും ഉള്ള പാളിച്ചയാണ്‌. അതിനെ പരിഹരിക്കുന്ന മാര്‍ഗ്ഗം lifestyle approach. ശരിയായ രീതിയില്‍ ഇതിനെ അവതരിപ്പിക്കാന്‍ എന്റെ ഭാഷാപരമമായ പരിമിതി അനുവദിക്കാത്തതുകൊണ്ട്‌ അപ്പ്രോച്ചുകളെ ഇങ്ങനെ വിശദീകരിക്കേണ്ടി വന്ന ഗതികേട്‌ ക്ഷമിക്കുക, എന്നാലും ആ ഐഡിയ എനിക്കു പറയാന്‍ കഴിഞ്ഞെന്നു വിചാരിക്കുന്നു.

ആദ്യത്തെ പ്രശ്നം റിസ്രോര്‍സ്‌ നിറയെ ഉള്ളപ്പോള്‍ പട്ടിണി- അതായത്‌ വെല്‍ത്ത്‌, വിതരണം നടക്കുന്നതിലെ അസന്തുലിതാവസ്ഥ. ഒരു allopathic approach വെല്‍ത്ത്‌ ആഗോള തലത്തില്‍ ഗവര്‍ണ്മെന്റുകള്‍ പിടിച്ചെടുത്ത്‌ എല്ലാവര്‍ക്കും കിട്ടുന്ന രീതിയില്‍ കൈകാര്യം ചെയ്യുക എന്നതല്ലേ? അപ്പോള്‍ കമ്യൂണിസ്റ്റ്‌ അപ്പ്രോച്ച്‌ . അതു ലോകത്ത്‌ നടക്കുമോ പ്രായോജികമാണോ, എന്നൊക്കെയുള്ള കാര്യം അവിടെ നില്‍ക്കട്ടെ. അത്‌ ശാശ്വത പരിഹാരമാണോ? ഉത്തരം ബാക്കി രണ്ട്‌ ചോദ്യങ്ങളും കൂടി കഴിഞ്ഞിട്ട്‌.

രണ്ടാമത്തേത്‌- മതത്തിന്റെ പേരില്‍ കൊല്ലുന്നു, രാഷ്ട്രങ്ങളുടെ പേരില്‍ കൊല്ലുന്നു. അല്ലോപതിക്ക്‌ അപ്പ്രോച്ച്‌- കൊലയാളി രാഷ്ട്രങ്ങളെയും മത സംഘടനകളെയും മറ്റുള്ളവര്‍ അതായത് അന്ത്രാരാഷ്ട്ര സമൂഹം എതിരിട്ട് തോല്‍പ്പിക്കുക. ഇത്‌ ശാശ്വതമാണോ?

മൂന്നാമത്തേത്‌ പരിസ്ഥിതി. അതിനു നാശമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവരെ കണ്ടു പിടിച്ച്‌ ശിക്ഷിക്കുക.

എളുപ്പം എല്ലാറ്റിനും പരിഹാരം നിര്‍ദ്ദേശിച്ചു കഴിഞ്ഞു നമ്മള്‍ അല്ലേ? ഇത്രയും എളുപ്പത്തില്‍ പരിഹാരം, ഉണ്ടെങ്കില്‍ അത്‌ എന്നേ നടന്നു കഴിഞ്ഞേനെ!

ഒരു സ്ഥലത്ത്‌ ബലം കൊണ്ട്‌ വെല്‍ത്ത്‌ വിതരണം ചെയ്യപ്പെട്ടാല്‍ അവിടെ അടുത്ത ഇംബാലന്‍സ്‌ ഉണ്ടാകും. അല്ലെങ്കില്‍ മറ്റൊരു റിസോര്‍സ്‌ പൂഴ്ത്തിവയ്ക്കപ്പെടും ഇവിടെയാണ്‌ ഗാന്ധിജി പറഞ്ഞതിന്റെ പ്രസക്തി
"ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസ്വമത്വം എന്താണ്‌? മനുഷ്യന്റെ മനസ്സിലെ തിന്മ. തോക്കിന്‍ കുഴലിലൂടെ ആ അന്തരം ശാശ്വതമായി പരിഹരിക്കപ്പെടുന്നില്ല, കാരണം സമൂഹ മനസ്സില്‍ നിന്നും അതിനെ മായ്ച്ചു കളയാന്‍ തോക്കിനു കഴിവില്ല." (ഹരിജന്‍ മാസികയില്‍ 1938ല്‍ എഴുതിയ ലേഖനം)
ശാശ്വതമായ പരിഹാരം. അവിടെയാണു പ്രശ്നം. എന്താണ്‌ പട്ടിണിയുടെ, ഹിംസയുടെ, പാരിസ്ഥിതിക ദ്രോഹത്തിന്റെ അതുപോലെയുള്ള അടിസ്ഥാന പ്രശ്നങ്ങളുടെ മൂലഹേതു? എന്തിനു മനുഷ്യന്‍ പൂഴ്തിവയ്ക്കാനും കൊന്ന് എന്തോ നേടാനും നശിപിച്ച്‌ പുരോഗമിക്കാനും ശ്രമിക്കുന്നു? ഉത്തരം ലളിതമല്ലേ- സ്വാര്‍ത്ഥത.

സ്വാര്‍ത്ഥത, അതെന്താണാവോ? സ്വ: + അര്‍ത്ഥ എനിക്കു വേണ്ടി മാത്രം കാര്യങ്ങള്‍ ചെയ്യുകയും ചിന്തിക്കുകയും ചെയ്യല്‍. ആരാണു ഞാന്‍? എന്തിനാണു ഞാന്‍? ഞാന്‍ എത്രമാത്രം മറ്റുള്ളവരില്‍ നിന്നും വേറിട്ട സ്വതം ഉള്ളയാളാണ്‌, എന്തു തരം ബന്ധം ഞാന്‍ മറ്റുള്ളവരുമായി, അതായത്‌ മറ്റു "ഞാന്‍"മാരുമായി പുലര്‍ത്തേണ്ടതുണ്ട്‌. ഈ "ഞാന്‍" ഞ്ജാനം കൂടുന്നതനുസരിച്ച്‌ "ഞാന്‍" ബോധത്തിലെ അബദ്ധ ധാരണകളും ഞാനിന്റെ പ്രോഡക്റ്റ്‌ അല്ലെങ്കില്‍ വിര്‍ച്വല്‍ റീയാലിറ്റി ആയ മനസ്സിലെ തിന്മകളും (കടപ്പാട്‌ ഗാന്ധിജിക്ക്‌) കുറയും. ഞാനിന്റെ ദ്വൈതഭാവം മൂര്‍ച്ഛിക്കുമ്പോഴെല്ലാം ഞാന്‍ മറ്റു ഞാനുകളോട്‌ താദാത്മ്യം പുലര്‍ത്താനാവാതെ ലോകത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്‌ വലിപ്പം കൂട്ടും.

അലോപ്പതിക്‌ അപ്പ്രോച്ച്‌ വേണ്ടെന്നാണോ അപ്പോള്‍? ഒരിക്കലുമല്ല. ഹൃദ്രോഗത്തിന്റെ ഉദാഹരണമാണല്ലോ മുകളില്‍ പറഞ്ഞത്‌, അതില്‍ തന്നെ തുടരാം. ഒരു ഹൃദയാഘാതമുണ്ടായാല്‍ എത്രയും വേഗം ഒരാംബുലന്‍സ്‌ വിളിച്ച്‌ ആശുപത്രിയില്‍ ചെല്ലണം. ഈ ആര്‍ പ്രൊസീഡ്യൂറുകള്‍ എത്ര വേഗം കിട്ടുമോ അത്ര വേഗം നടത്തണം, എമെര്‍ജെന്‍സി ആയി ചിലപ്പോ കത്തീറ്റര്‍ പ്രയോഗമോ ബൈപ്പാസ്‌ ഗ്രാഫ്റ്റ്‌ ചെയ്യലോ നടത്തേന്റി വരും. തിരിച്ച്‌ ഇറങ്ങി പോരുമ്പോള്‍(അതിലും ഉചിതമായി അങ്ങനെ ഒരു ക്രൈസിസ്‌ ഉണ്ടാകും മുന്നേ തന്നെ)ആലോചിക്കുക, എങ്ങനെ ഈ മുട്ടായി എനിക്കു കിട്ടി, ഇനിയൊരിക്കലും കിട്ടാതെയാകാന്‍ എന്തു വേണം? അതായത്‌ പലപ്പോഴും, പോട്ടെ മിക്കപ്പോഴും കോംബിനേഷന്‍ അപ്പ്രോച്ചാണ്‌ വേണ്ടത്‌.

ഞാനിന്റെ ദ്വൈതഭാവത്തെക്കുറിച്ചുള്ള ചിന്ത അസ്ഥാനത്തായില്ല, അതു കാലോചിതം തന്നെ.

വിവേകാനന്ദ സാഹിത്യ സര്‍വ്വം രണ്ടാം വോല്യത്തില്‍ (മൃഡാനന്ദസ്വാമി പരിഭാഷപ്പെടുത്തിയത്‌) നിന്ന് ഒരു ഭാഗം
"ആരാധനോപായങ്ങളും മത ചിന്തകളും മനുഷ്യ മനസ്സിന്റെ തൃപ്തവും സ്വസ്ഥവുമാക്കാനുള്ള ഉപാധികള്‍ എന്ന നിലയില്‍ വളരെ നല്ലതും ഒരുപക്ഷേ മാനസിക പുരോഗതിക്ക്‌ ഉപകാരപ്രദം പോലും ആയിരിക്കാം.

എന്നാല്‍ ഒരേസമയം യുക്തിശാലിയും ആത്മീയതല്‍പ്പരനും ആകണം ഒരുവനെങ്കില്‍ അത്‌ ഒട്ടും മതിയാവില്ല. അതിനെല്ലാം അപ്പുറം ചിന്തിക്കാനാവണം.

ദ്വൈതബോധം പരമകോടിയിലായിരുന്ന രണ്ടു കാലങ്ങളില്‍- ഇന്നത്തെപ്പോലെയല്ല, അതിഭീകരമായി തിന്മയൊഴുകിയ കാലങ്ങളില്‍ അദ്വൈതം ഭാരതത്തെ രക്ഷിച്ചിട്ടുണ്ട്‌. ആദ്യം ബുദ്ധന്‍ അവതരിച്ച്‌ അദ്വൈതത്തിന്റെ ധര്‍മ്മ സാരങ്ങള്‍ പരത്തി, ആയിരം സംവത്സരങ്ങള്‍ കഴിഞ്ഞ്‌ വീണ്ടും ആ അവസ്ഥ പുനര്‍ജ്ജനിച്ചപ്പോള്‍ ശങ്കരാചാര്യര്‍ അതിന്റെ യുക്തിഭാഗത്തെ ജനസമക്ഷം അവതരിപ്പിച്ചു."

വീണ്ടും ലോകത്തില്‍ ദ്വൈതബോധം വഷളാകുന്നു കപാലധാരികളും, നരബലിക്കാരും വിനാശകാരികളും ദൈവത്തിന്റെ ബന്ധുക്കളും ഏജന്റുമാരും അനുയായികളും ദൈവമാണെന്ന് അവകാശപ്പെടുന്നവരും എല്ലാം "ഞാന്‍ മാത്രം" "എന്റെ മാത്രം" "എനിക്കു മാത്രം" "ഞാനല്ലാതെയൊന്നുമില്ല" എന്നൊക്കെ അലറുന്നു. ചുറ്റുമുള്ളവരില്ലെല്ലാം ഉപഭോഗവസ്തുക്കളാണെന്ന് കരുതി ഞാന്‍ മാര്‍ പേയ്‌ പിടിച്ച്‌ പരക്കം പായുമ്പോള്‍ കാളിയന്‍ ചിന്തിക്കട്ടെ, യുക്തിപൂര്‍വ്വം ചിന്തിക്കട്ടെ. നല്ലതിനാണ്.

[പിന്‍ കുറിപ്പ്‌- അദ്വൈതം പലതില്‍ ഒരു തീയറി മാത്രമാണ്‌, വേദാന്തസാരമോ ഉപനിഷത്‌ സാരമോ അതു മാത്രമൊന്നുമല്ല. ആ രീതിയില്‍ പലരും, മുഖ്യമായും സുകുമാര്‍ അഴീക്കോടിന്റെ തത്വമസി പോലെയുള്ള പുസ്തകങ്ങളില്‍ എഴുതിയിട്ടുള്ളതിനോട്‌ എനിക്ക്‌ യോജിപ്പില്ല. പല ചിന്താസരണികളില്‍ ഏറെ പ്രത്യേകത അന്നത്തെ കാലത്ത്‌ ഉണ്ടായിരുന്ന ഒരു യുക്തിചിന്ത മാത്രമാണ്‌ അദ്വൈതം, അതിനപ്പുറമൊന്നും അതില്‍ എനിക്കു കാണാനയില്ല.]

Wednesday, March 28, 2007

ഭോജനം ദേഹി രാജേന്ദ്ര

മാവേലി നാടു ഭരിക്കും കാലം മാനുഷരെല്ലാരും ഒന്നു പോലെ കഞ്ഞീം കുടിച്ചു ആര്‍ഷഭാരതത്തിന്റെ പതാകയുമുടുത്തു നടപ്പായിരുന്നു. അപ്പോ ഒരു ചീനക്കാരന്‍ ചിന്നക്കടയില്‍ വന്നു ചായ ഉണ്ടാക്കി. പിന്നൊരറബി കാപ്പിയിട്ടു.

ബാര്‍ബര്‍, സോറി ബാബര്‍ എത്തിയപ്പോള്‍ ആകെ ഒരു എണ്ണമണം ഇന്ത്യയില്‍! മൂപ്പരുടെ തോളില്‍ ചാഞ്ചാടും മാറാപ്പില്‍ ബിരിയാണി (കുട്ടിയല്ല) ചപ്പാത്തി, റൊട്ടി (കപ്പടയും മഖാനിയും നമുക്ക്‌ പണ്ടേ ശീലമില്ല) സമോസ, കബാബ്‌, ഫലൂദ, ഐസ്‌ ക്രീം, ഹായ്‌!

പോര്‍ച്ചുഗീസുകപ്പലില്‍ കയറി കപ്പല്‍ മുളക്‌, പറങ്കി മുളക്‌, കൊല്ലമുളക്‌ ,പറങ്കിയണ്ടി, കപ്പലണ്ടി. പേരക്കാ, സപ്പോട്ട, ഉരുളക്കിഴങ്ങ്‌.. ഒക്കെ ഇറക്കി കഴിഞ്ഞപ്പോ ദേ ഉരുണ്ടു വരുന്നു ഒരൊന്നൊന്നര കായ. മുക്കണ്ണന്‍- പ്യാരു ത്യേങ്ങ്യാ (ത്യാക്കു ക്രെഡി. കൈപ്പള്ളിക്ക്‌)

ആപ്പിളു വെള്ളായി കൊണ്ടുവന്നു, വെള്ളേപ്പം ജൂതന്മാരെത്തിച്ചെന്ന് ഇപ്പോ കേട്ടു. പുട്ടു പോര്‍ച്ചുഗീസില്‍ നിന്ന്. ഒക്കെ തിന്നപ്പോഴാണ്‌ ആദ്യമായിട്ട്‌ ഒന്നു വെളിക്കിരിക്കണമെന്ന് തോന്നിയത്‌, കക്കൂസ്‌ ഡച്ചുകാര്‍ കൊണ്ടുവന്നു.

പ്രാചീനകാലത്ത്‌ നാടു മൊത്തം താടികളും ബുദ്ധഭിക്ഷുക്കളും ജൈന സന്യാസിമാരും 24x7 ധ്യാനത്തിലായിരുന്നെന്ന് ആരെങ്കിലും സഞ്ചാരികള്‍ എഴുതി വച്ചിട്ടുണ്ടെങ്കില്‍ അവര്‍ തെറ്റിദ്ധരിച്ചതാ. എന്നും കുന്നും പച്ചച്ചോറുണ്ട്‌ വട്ടു പിടിച്ച്‌ തലക്ക്‌ കൈ കൊടുത്തിരിക്കുന്ന നാട്ടുകാരെ കണ്ട്‌ തെറ്റിദ്ധരിച്ചതാവും.
ഡാലിയുടെ പോസ്റ്റില്‍ ഇട്ട കമന്റ്

Saturday, March 24, 2007

കവനത്തിനു കാശുവേണം പോല്‍,‍ ശിവനേ സാഹിതി ...

ബൂലോഗത്തിന്റെ ശൈശവദശയില്‍ ഹിന്ദു പത്രത്തില്‍ വന്ന ആക്ഷേപക്കുറിപ്പിനെപ്പറ്റി പെരിങ്ങോടന്‍ ഇട്ട പോസ്റ്റിലെ കമന്റ്. ശേഷം “അത് ഞമ്മളാണെന്ന്“ ഒരിംഗ്ലീഷ് ബ്ലോഗര്‍ കേറി ഏറ്റതുകാരണം കിര്‍മ്മീരവധം ആംഗലേയം ആയിപ്പോയി. പാപ്പാന്റെ കലക്കന്‍ കമന്റുകളും അവിടെ കിടപ്പുണ്ട്

അരിമേടിക്കാനാണ്‍ വേണ്ടി മാത്രമാണു രശ്മി ജൈമോന്‍ പേനാ തൊടുന്നതെന്ന് "പണം തിരിച്ചു തരാത്തതിനാല്‍ ബ്ലോഗിനെ കുടുംബാംഗങ്ങള്‍ അംഗീകരിക്കാറില്ല" എന്ന പ്രസ്താവനയില്‍ നിന്നും മനസ്സിലായി. എല്ലാവര്‍ക്കും എന്തെങ്കില്‍ തൊഴില്‍ വേണമല്ലോ, ഇവര്‍ ഭാവിയിലും പേനായുന്തി നിത്യവൃത്തി കഴിച്ചോട്ടെ. എന്നാലത്‌ അറിയാത്ത കാര്യങ്ങളെക്കുറിച്ചു തന്നെ വേണം എന്നുണ്ടോ?

ബ്ലോഗ്‌ എന്താണെന്നോ ബ്ലോഗ്ഗില്‍ എന്തൊക്കെ നടക്കുന്നുണ്ടെന്നോ ഒരു ഗ്രാഹ്യവും ഇല്ലാത്ത, ഇന്റര്‍നെറ്റ്‌ എന്നാല്‍ അശ്ലീലപ്പടം കാണാനും ജോലിക്കപേക്ഷ അയക്കാനും ഉള്ള സംവിധാനമെന്നു മാത്രമറിയുന്ന ഒന്നു രണ്ട്‌ പത്രപ്രവര്‍ത്തകരെ ഞാന്‍ കാണാനിടയായിട്ടുണ്ട്‌. രശ്മി ജൈമോന്റെ വീക്ഷണം അതില്‍ നിന്നും വളരെ വത്യസ്ഥമാണെന്ന് തോന്നുന്നില്ല.ഇന്നു രാവിലെ സാബിന്‍ മൂന്ന് എന്ന മരുന്നിനെക്കുറിച്ച്‌ ഒരു സംഘടനക്ക്‌ കത്തെഴുതിയപ്പോള്‍ അവര്‍ മറുപടിയായി തന്നത്‌ ഒരു ബ്ലോഗ്ഗിന്റെ യു ആര്‍ എല്‍ ആയിരുന്നു. (ന്യായമായും ഞാന്‍ പബ്‌ മെഡ്‌ പോലെ എന്തെങ്കിലും കമ്പനിയുടെ പുസ്തകങ്ങള്‍ക്ക്ക്‌ എഴുതാന്‍ ഒരു നിര്‍ദ്ദേശമാണു പ്രതീക്ഷിച്ചിരുന്നത്‌) ബ്ലോഗിന്റെ ശക്തി അത്ര വലുതാണിന്ന്. കാര്‍ഡിയോളജിസ്റ്റുകളുടെ ഒരു സിന്‍ഡികേറ്റ്‌ ബ്ലോഗ്ഗിനെ വെല്ലാന്‍ ഒരു വ്യക്തിയോ സംഘടനയോ യൂനിവേര്‍സിറ്റിയോ എഴുതുന്ന പുസ്തകത്തിനാവില്ല.

എന്തിനാണു ബ്ലോഗ്‌ എഴുതുന്നതെന്ന് ഇവര്‍ക്ക്‌ മനസ്സിലാകാത്തതുകൊണ്ടാണ്‌ പണമുണ്ടാക്കല്‍, രഹസ്യവേഴ്ച്ച എന്നിവയുമായൊക്കെ ബ്ലോഗ്ഗിങ്ങിനെ ചേര്‍ത്തു വായിച്ചത്‌. ശ്രീമതി രശ്മി ആത്മ സാക്ഷാത്കാരം self actualization എന്ന മാസ്‌ലോയുടെ പിരമിഡിന്റെ മുന കണ്ടിട്ടുണ്ടാവുമോ? ബ്ലോഗിംഗ്‌ ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയാണ്‌. അവിടെ പണത്തിനും സുഖത്തിനും സൌഹൃദത്തിനും, പ്രേമത്തിനും ദ്വേഷത്തിനും സ്ഥാനമൊന്നുമില്ല. അതിനെല്ലാം മറ്റുപാതകള്‍ കണ്ടെത്തുന്നു.

പേരു പറയുന്നില്ല, ഇന്നലെ ഒരു വാരിക വാങ്ങി. വിരേചനത്തിനിരുന്ന അഞ്ചു മിനുട്ട്‌ വായിക്കാന്‍ പോലും തികയുന്ന ഒന്നും അതിലില്ലായിരുന്നു. കൊടികെട്ടിയ വിലാസമുള്ള പത്രമാസികകല്‍ കൂടി ഇത്തരം ചപ്പുചവറു കൂമ്പാരം ആകാന്‍ കാരണം ഇമ്മാതിരി അറിയാതെഴുത്തുകാരാണ്‌. കേസരി ബാലകൃഷ്ണപിള്ള എഴുതിയിരുന്ന നഗരത്തില്‍ ഇരുന്ന് ഇതെല്ലാം പടച്ചു വിടാന്‍ എങ്ങനെ തോന്നുന്നു? കഷ്ടം.