Tuesday, May 8, 2007

അരിയോര!

കൈപ്പള്ളിയുടെ ഫ്ലാമിംഗോ വഴി നളന്റെ ഫ്ലാമിംഗോയില്‍ എത്തിയപ്പോഴാ അവിടൊരു ഓഫ്‌ കിടക്കുന്നത്‌ കണ്ടത്‌.. ഇങ്ങോട്ട്‌ എടുത്തു.കൊല്ലത്തൊക്കെ കാര്‍ത്തിക നാളില്‍ കുട്ടികള്‍ പുല്‍തൈലമുണ്ടാക്കുന്ന പുല്ലിന്റെ തോട്ടി പോളെ നീണ്ട തണ്ടില്‍ പന്തം കെട്ടി ഓടുന്ന ഒരാഘോഷം- അരിയോര.


അരിയോര അരിയോര" എന്നു കൂവി പായുന്നത്‌ വയലിലാണെങ്കിലും അരിയുമായോ നെല്ലുമായോ ഈെ വിളിക്ക്‌ ബന്ധമില്ല "ഹരഹരോ ഹരഹര" (മ്മടെ കടോ നടേ ശിവാ എന്ന്) എന്ന വിളി പിള്ളേരു നൂറ്റാണ്ടുകളായി വിളിച്ചു വിളിച്ച്‌ അരിയോര ആയതാണ്‌.

കാര്‍ത്തിക സമയത്താണു നമ്മുടെ ഏലകളില്‍ നെല്ലു കതിരിടുന്നത്‌. പന്തം കൊളുത്തിപ്പട അതും വീശി വയലില്‍ ഓടുമ്പോള്‍ ഒരു പരാമറും ഇല്ലാതെ ചാഴി ചത്തു പോകും, എല്ലാ വയലിലും ഒരു സമയത്താകുമ്പോള്‍ ചാഴി ശല്യം ഏതാണ്ട്‌ മൊത്തത്തില്‍ ഒടുങ്ങി കിട്ടും, അതുകൊണ്ട്‌ ഇതിനു സന്ധ്യാ സമയം തന്നെ തിരഞ്ഞെടുത്തു.

പിള്ളേരാകുമ്പോള്‍ അവര്‍ക്കതൊരു രസമുള്ള ആചാരം, കൂലി കൊടുത്ത്‌ ആളെ വയലേ ഓടിക്കണമെങ്കില്‍ കാശെത്ര ചിലവാകും! ഈ കാര്‍ന്നോമ്മാരുടെ ഒരു.. ഇതാകുമ്പോ പിള്ളേര്‍ക്കു വല്ല കാച്ചിലോ നനകിഴങ്ങോ ചെറുകിഴങ്ങോ മധുരക്കിഴങ്ങോ ചേനയോ മഴച്ചേമ്പോ പറമ്പിലുള്ളത്‌ പുഴുങ്ങിക്കൊടുത്താല്‍ മതി.

പുല്‍ത്തൈലം കത്തുന്ന മണം കൊണ്ട്‌ കൊതുകു പോകുമെന്നതിനാലാണ്‌ അരിയോരക്കമ്പേല്‍ പന്തം കെട്ടുന്നത്‌- ഒരു വെടിക്ക്‌ ചാഴീം കൊതുകും! അതില്ലേല്‍ മരച്ചീനിയുടെ കമ്പില്‍ ചൂട്ടു കെട്ടിയാല്‍ ഒന്നാന്തരം കുന്തം പോലെ പന്തം ഉണ്ടാക്കാം . അതിനു പേരില്ലാത്തതിനാല്‍ "കുന്തപ്പന്തം" എന്ന് നമുക്ക്‌ വിളിക്കാം?

ത്രേ അറിയാവൂ....

ഇന്നു കാര്‍ത്തികയെന്നാല്‍ 5 മണ്‍ ചിരാതു വാങ്ങിച്ച്‌ വീടിന്റെ പടിയേല്‍ വച്ചു കത്തിക്കും എന്നിട്ട്‌ വന്നിരുന്നു "സ്ത്രീ ഒരു ജ്വാല" കാണും. അപ്പോള്‍ ബ്ലേഡുകാരന്‍ ഡെയിലി പിരിവിനു വരും. വിളക്കിന്റെ കാര്യമോര്‍ക്കാതെ കൊച്ചമ്മ ഇറങ്ങി പടിയില്‍ നില്‍ക്കും അവര്‍ "ജ്വാലയായ്‌...."

14 comments:

ദേവന്‍ said...

കൈപ്പള്ളിയുടെ ഫ്ലാമിംഗോ വഴി നളന്റെ ഫ്ലാമിംഗോയില്‍ എത്തിയപ്പോഴാ അവിടൊരു ഓഫ്‌ കിടക്കുന്നത്‌ കണ്ടത്‌.. ഇങ്ങോട്ട്‌ എടുത്തു.കൊല്ലത്തൊക്കെ കാര്‍ത്തിക നാളില്‍ കുട്ടികള്‍ പുല്‍തൈലമുണ്ടാക്കുന്ന പുല്ലിന്റെ തോട്ടി പോ ലെ നീണ്ട തണ്ടില്‍ പന്തം കെട്ടി ഓടുന്ന ഒരാഘോഷം- അരിയോര.

ഗുപ്തന്‍ said...

ബ്ളോഗുകളിലാകെ നൊസ്റ്റാള്‍ജിയ ആണല്ലോ ദേവേട്ടാ.. എടുപ്പുകുതിര.. ഇന്നു ഡാലിയുടെ വക കുട്ടിക്കളികള്‍.. ഇപ്പോള്‍ അരിയോരയും...
But who will give us back the snows of yesteryears... (നെടുവീര്‍പ്പ്....)

സാജന്‍| SAJAN said...

ദേവേട്ടാ.. ഞാനിത് ആദ്യമായാ കേള്‍ക്കുന്നത് (പറയുന്നത് നാണക്കേടാ അല്ലേ).. എന്തായാലും ഇങ്ങനൊരു സംഭവ്മുണ്ടായിരുന്നത്.. അറിയാനിടയായല്ലൊ..നന്ദീംണ്ട്:)

റീനി said...

ഞാന്‍ ആദ്യമായിട്ടാണ്‌ 'അരിയോര' എന്ന്‌ കേള്‍ക്കുന്നത്‌. അത്‌ എന്റെ കുഴപ്പം അല്ലല്ലോ, ഞാന്‍ കൊല്ലംകാരിയല്ലല്ലോ.

myexperimentsandme said...

അരിയോ ആരാ എന്നല്ലേ?

ലെവര് ഫിലിപ്പൈന്‍‌സിലെ പ്രസിഡണ്ട്.

ദോ ചിരിച്ചോണ്ട് നില്‍ക്കുന്നു.

nalan::നളന്‍ said...

ദേവാ,
നേരത്തെ പറഞ്ഞ പോലെ, അരിയോരക്കമ്പ് ഉപയോഗിച്ചിട്ടില്ല, പകരം മരച്ചീനി കമ്പിന്റെ അറ്റത്തു ചൂട്ടുകെട്ടി, പന്തം കൊളുത്തിയായിരുന്നു.

അതും വീശി അരിയോര വിളിച്ചു നടന്നതോര്‍ത്തപ്പോല്‍ കുറച്ചു കാര്യങ്ങളും കൊടി കിട്ടി.

വീട്ടീന്ന് : അരിയോരരിയോര (ഉച്ചത്തില്‍)
അയല്‍ വീട്ടീന്നു മറുവിളി : അരിയോരരിയോര (അതിലും ഉച്ചത്തില്‍)
വീട്ടീന്ന് : അരി വച്ച കലത്തില്‍ പറ്റുണ്ടോ ?
മറുപടി : കഞ്ഞിക്കുപ്പില്ല.

ഒരരിയോര വിളിച്ച സുഖം.
ഇനി പോയി കാച്ചിലും ചേമ്പും പുഴിങ്ങിയത് മുളകുചമ്മന്തിയും കൂട്ടി അടിച്ചിട്ടു വരാം :)

Visala Manaskan said...

അരിയോര കര്‍ണ്ണപടത്തിന് പുതിയത്. രസം പരിപാടി.:)

ദേവന്റെ ഭാഷക്ക് നൂറ് മാര്‍ക്കിന്റെ മിഴിവാ..!

G.MANU said...

wow....devetta

തമനു said...

ദേവേട്ടാ, വയലില്‍ കൂടിയാണൊ ഓടുന്നത്‌ .. അതോ വരമ്പത്തൂടെയോ..? (വയലിലൂടെ ഓടിയാല്‍ നെല്ലെല്ലാം നശിക്കൂല്ലേ..?)

ഞാനും ആദ്യമായാ ഇത്‌ കേള്‍ക്കുന്നേ..!!

അപ്പൂസ് said...

ആദ്യമായാണ് ഇങ്ങനെയൊന്ന് കേള്‍ക്കുന്നത്.
അല്ലെങ്കിലും പാടവും നെല്‍കൃഷിയുമൊക്കെ ‘അമ്മാത്തെ’ കാഴ്ചകളായിരുന്ന അപ്പൂസ് എങ്ങനെ ഇതൊക്കെ കേള്‍ക്കാന്‍? :)
അങ്ങനെ ഒന്ന് അരിയോര വിളിച്ച് ഓടാന്‍ തോന്നുന്നു ദേവേട്ടാ..

Kumar Neelakandan © (Kumar NM) said...

അതേയ്, ഞാന്‍ ആണ് കൈപ്പള്ളിയുടെ പറമ്പില്‍ നളന്റെ ഫ്ലമിംഗോയെ കൊണ്ടുവന്ന് വിട്ടത്. അതിന്റെ ചുമട്ടുകൂലി കിട്ടിയിരുന്നെങ്കില്‍ ഉടനെ പോകാമായിരുന്നു.

അല്ലെങ്കില്‍ കൊണ്ടുവന്ന ഫ്ലമിംഗോയെ പിടിച്ച് ഉദയം പേരൂര്‍ ഷാപ്പില്‍ മപ്പാസ് വയ്ക്കാന്‍ കൊടുക്കും ഞാന്‍.

ദേവന്‍ said...

ലോകത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ അന്ത്രാരാഷ്ട്ര ഓണ്‍ലൈന്‍ അരിയോരയില്‍ പങ്കെടുത്തവര്‍ക്കും അതിനായി ഫ്ലാമിംഗോയെ പിടിച്ച കുമാറിനും നനകിഴങ്ങ്‌, ചെറുകിഴങ്ങ്‌, മധുരക്കിഴങ്ങ്‌, കാച്ചില്‍, ചേമ്പു പുഴുങ്ങിയത്‌- റ്റച്ചിന്‍സിനു കാന്ത്രാരിമുളകും ചുവന്നുള്ളിയും ഇടികല്ലില്‍ പഞ്ചറാക്കി വെളിച്ചെണ്ണയൊഴിച്ചത്‌, തേങ്ങാ ചട്ടിണി, അതെല്ലാം തീര്‍ന്നു വരുന്നവര്‍ പട്ടിണി.

തമനുവേ, വരമ്പിലൂടെ എന്നു പറഞ്ഞാല്‍ നടവരമ്പിലൂടെ മാത്രമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാലോ എന്നു വച്ചാണ്‌ വയലിലൂടെ എന്നു പറഞ്ഞത്‌, ഇടവരമ്പിലും കണ്ടം കോരിക്കുത്തിയതിലും തോട്ടുവരമ്പിലും ഒക്കെ ഓടും. വെള്ളം ചവിട്ടി തെറിപ്പിച്ച്‌ ചാലുകളിലൂടെ ഓടാനും നല്ല രസം.

നളാ, ഒരു ചെക്കന്‍ ഇറങ്ങി അതു കണ്ട്‌ അടുത്ത വീട്ടിലെ പയ്യന്‍സ്‌ വിളികേട്ട്‌ ചാടി കൂടെ കൂടി അങ്ങനെ അല്ലേ തീക്കളി പിള്ളേര്‍ വലിയൊരു ഗ്യാങ്ങ്‌ ആകുന്നത്‌. ചിലപ്പോ ഒരു വീട്ടില്‍ ഒന്നും റെഡിയായി കാണില്ല. അല്ലെങ്കില്‍ "തീ വച്ചുള്ള കളിക്കൊന്നും എന്റെ മോന്‍ പോണ്ടാ കേട്ടോ" എന്നു പറയുന്ന ഒരു മൂരാച്ചി അമ്മ ആ വീട്ടില്‍ കാണും.

ആ പടിക്കല്‍ ചെന്നിട്ട്‌
"അരിയോരാ!"
(ഒരു മറുവിളിയും ഇല്ല)
ഒച്ച പൊങ്ങി
"അരിയോരാ?!!?"
(ങേ ഹേ.)
"ഇവിടത്തെ കലത്തില്‍ അരിയില്ലേ?!!"
ഹല്ല പിന്നെ

ദേവന്‍ said...

വക്കാരി വിളിച്ച അരിയോര ദാ ഇവിടെ കേള്‍ക്കാം

പൊന്നപ്പന്‍ - the Alien said...

ദേവേട്ടാ.. ഇതു വക്കാരി വിളിച്ചതല്ല.. വക്കാരിയെ വിളിച്ചതാ..
നൊവാള്‍ജിയ തലക്കു കേറി ജപ്പാനിലെ ഏതോ പെട്രോള്‍ പമ്പിനു ചുറ്റും ഒരു കുടക്കമ്പിയില്‍ തുണി ചുറ്റി കത്തിച്ച് അരിയോര വിളിച്ചോടിയ വക്കാരിയെ സ്നേഹത്തോടെ ‘മ്വാനേ വക്കാരീ അരിയോര മതിയാക്കെടാ ചക്കരേ‘ ന്ന് ഒരമ്മച്ചി പറഞ്ഞതാണ് നമ്മള്‍ ആ ലിങ്ക് വഴി കേട്ടത്.