Saturday, March 31, 2007

ഭക്തിയോ യുക്തിയോ കര്‍മ്മമോ വേണ്ടൂ?

കാളിയന്റെ ഈ പോസ്റ്റില്‍ മൂര്‍ത്തി ചോദിക്കുന്നു, ലോകം തന്നെ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അതിനെക്കുറിച്ച് അറിയുകയും പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ഇടപെടുകയും ചെയ്യുന്നതിനുപകരം അദ്വൈതത്തിലും ബ്രഹ്മനിലുമൊക്കെ ഒരു പരിധിയില്‍കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഒരു തരം ‘എസ്കെയ്പ്പിസം’ അല്ലേ?

ആണോ? എന്താണ്‌ ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങള്‍?
ഒന്നാമത്തെ പ്രശ്നം
എറ്റവും വലിയ പ്രശ്നം പട്ടിണിയാണ്. ലോകത്തെ സര്‍വ്വ മനുഷ്യനും ഒരു ദിവസം ആറു നേരം ഭക്ഷണം കഴിക്കാനുള്ള റിസോര്‍സ്‌ നമുക്ക്‌ മൊത്തത്തിലുണ്ട്‌, പക്ഷേ 80 കോടി ആളുകള്‍ക്ക്‌ ദിവസം ഒരു നേരം പോലും തിന്നാനില്ല. ലോകത്താകെ 220 കോടി കുട്ടികള്‍ ഉണ്ട്‌ അതില്‍ 100 കോടിക്കും ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നീ അടിസ്ഥാന സൌകര്യങ്ങളില്ലാത്തവരാണ്‌, ആയുധ നിര്‍മ്മാണത്തിനു ലോകരാഷ്ട്രങ്ങള്‍ ചിലവിടുന്ന പണത്തിന്റെ അഞ്ചു ശതമാനം കൊണ്ട്‌ ഇവരുടെ ഈ ആവശ്യങ്ങള്‍ നിറവേട്ടി കൊടുക്കാം.

രണ്ടാമത്തെ പ്രശ്നം
രാഷ്ട്രങ്ങളുടെയും മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും പേരില്‍ മനുഷ്യന്‍ പരസ്പരം കൊല്ലുന്നു. അതിനും പുറമേ സമൂഹത്തിനുള്ളില്‍ തന്നെ മറ്റു പല രീതിയില്‍ പരസ്പരം ദ്രോഹിക്കുന്നു.

മൂന്നാമത്തെ പ്രശ്നം
പരിസ്ഥിതി- പ്രധാനമായും വെള്ളം, വായു, കാലാവസ്ഥ എന്നിവയ്ക്ക്‌- നാളെ ഭൂമിയുടെ മനുഷ്യന്റെയും മറ്റ്‌ ജീവജാലങ്ങളുടെയും നിലനില്‍പ്പ്‌ തന്നെ ഇല്ലാതെ ആകുന്ന രീതിയില്‍ മനുഷ്യന്‍ നാശം ചെയ്യുന്നു.

എന്തു പ്രശ്നത്തോടും രണ്ടു തരം അപ്പ്രോച്ച്‌ ഉണ്ട്‌. ഒന്ന് പ്രശ്ന പരിഹാരവും പ്രശ്നകാരണ പരിഹാരവും.
എന്റെയൊരു ഭാഷയില്‍ പറഞ്ഞാല്‍ allopathic approach & lifestyle approach അതായത്‌ ഒരുത്തന്റെ ഹൃദയധമനികള്‍ അടഞ്ഞു പോയാല്‍ അതൊരു പ്രശ്നമായി. ആശുപത്രിയില്‍ ചെന്ന് ബലൂണ്‍ കത്തീറ്റര്‍ കടത്തി അതു തുറന്നാല്‍ പ്രശ്നത്തിനു പരിഹാരമായി. കുറച്ചു കാലം കഴിയുമ്പോള്‍ അത്‌ വീണ്ടും അടയും കാരണം പ്രശ്ന കാരണം പരിഹരിക്കപ്പെട്ടില്ലല്ലോ, പ്രശ്നമൂലം അവന്റെ ഭക്ഷണ രീതിയിലും വ്യായാമ രീതിയിലും ഉള്ള പാളിച്ചയാണ്‌. അതിനെ പരിഹരിക്കുന്ന മാര്‍ഗ്ഗം lifestyle approach. ശരിയായ രീതിയില്‍ ഇതിനെ അവതരിപ്പിക്കാന്‍ എന്റെ ഭാഷാപരമമായ പരിമിതി അനുവദിക്കാത്തതുകൊണ്ട്‌ അപ്പ്രോച്ചുകളെ ഇങ്ങനെ വിശദീകരിക്കേണ്ടി വന്ന ഗതികേട്‌ ക്ഷമിക്കുക, എന്നാലും ആ ഐഡിയ എനിക്കു പറയാന്‍ കഴിഞ്ഞെന്നു വിചാരിക്കുന്നു.

ആദ്യത്തെ പ്രശ്നം റിസ്രോര്‍സ്‌ നിറയെ ഉള്ളപ്പോള്‍ പട്ടിണി- അതായത്‌ വെല്‍ത്ത്‌, വിതരണം നടക്കുന്നതിലെ അസന്തുലിതാവസ്ഥ. ഒരു allopathic approach വെല്‍ത്ത്‌ ആഗോള തലത്തില്‍ ഗവര്‍ണ്മെന്റുകള്‍ പിടിച്ചെടുത്ത്‌ എല്ലാവര്‍ക്കും കിട്ടുന്ന രീതിയില്‍ കൈകാര്യം ചെയ്യുക എന്നതല്ലേ? അപ്പോള്‍ കമ്യൂണിസ്റ്റ്‌ അപ്പ്രോച്ച്‌ . അതു ലോകത്ത്‌ നടക്കുമോ പ്രായോജികമാണോ, എന്നൊക്കെയുള്ള കാര്യം അവിടെ നില്‍ക്കട്ടെ. അത്‌ ശാശ്വത പരിഹാരമാണോ? ഉത്തരം ബാക്കി രണ്ട്‌ ചോദ്യങ്ങളും കൂടി കഴിഞ്ഞിട്ട്‌.

രണ്ടാമത്തേത്‌- മതത്തിന്റെ പേരില്‍ കൊല്ലുന്നു, രാഷ്ട്രങ്ങളുടെ പേരില്‍ കൊല്ലുന്നു. അല്ലോപതിക്ക്‌ അപ്പ്രോച്ച്‌- കൊലയാളി രാഷ്ട്രങ്ങളെയും മത സംഘടനകളെയും മറ്റുള്ളവര്‍ അതായത് അന്ത്രാരാഷ്ട്ര സമൂഹം എതിരിട്ട് തോല്‍പ്പിക്കുക. ഇത്‌ ശാശ്വതമാണോ?

മൂന്നാമത്തേത്‌ പരിസ്ഥിതി. അതിനു നാശമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവരെ കണ്ടു പിടിച്ച്‌ ശിക്ഷിക്കുക.

എളുപ്പം എല്ലാറ്റിനും പരിഹാരം നിര്‍ദ്ദേശിച്ചു കഴിഞ്ഞു നമ്മള്‍ അല്ലേ? ഇത്രയും എളുപ്പത്തില്‍ പരിഹാരം, ഉണ്ടെങ്കില്‍ അത്‌ എന്നേ നടന്നു കഴിഞ്ഞേനെ!

ഒരു സ്ഥലത്ത്‌ ബലം കൊണ്ട്‌ വെല്‍ത്ത്‌ വിതരണം ചെയ്യപ്പെട്ടാല്‍ അവിടെ അടുത്ത ഇംബാലന്‍സ്‌ ഉണ്ടാകും. അല്ലെങ്കില്‍ മറ്റൊരു റിസോര്‍സ്‌ പൂഴ്ത്തിവയ്ക്കപ്പെടും ഇവിടെയാണ്‌ ഗാന്ധിജി പറഞ്ഞതിന്റെ പ്രസക്തി
"ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസ്വമത്വം എന്താണ്‌? മനുഷ്യന്റെ മനസ്സിലെ തിന്മ. തോക്കിന്‍ കുഴലിലൂടെ ആ അന്തരം ശാശ്വതമായി പരിഹരിക്കപ്പെടുന്നില്ല, കാരണം സമൂഹ മനസ്സില്‍ നിന്നും അതിനെ മായ്ച്ചു കളയാന്‍ തോക്കിനു കഴിവില്ല." (ഹരിജന്‍ മാസികയില്‍ 1938ല്‍ എഴുതിയ ലേഖനം)
ശാശ്വതമായ പരിഹാരം. അവിടെയാണു പ്രശ്നം. എന്താണ്‌ പട്ടിണിയുടെ, ഹിംസയുടെ, പാരിസ്ഥിതിക ദ്രോഹത്തിന്റെ അതുപോലെയുള്ള അടിസ്ഥാന പ്രശ്നങ്ങളുടെ മൂലഹേതു? എന്തിനു മനുഷ്യന്‍ പൂഴ്തിവയ്ക്കാനും കൊന്ന് എന്തോ നേടാനും നശിപിച്ച്‌ പുരോഗമിക്കാനും ശ്രമിക്കുന്നു? ഉത്തരം ലളിതമല്ലേ- സ്വാര്‍ത്ഥത.

സ്വാര്‍ത്ഥത, അതെന്താണാവോ? സ്വ: + അര്‍ത്ഥ എനിക്കു വേണ്ടി മാത്രം കാര്യങ്ങള്‍ ചെയ്യുകയും ചിന്തിക്കുകയും ചെയ്യല്‍. ആരാണു ഞാന്‍? എന്തിനാണു ഞാന്‍? ഞാന്‍ എത്രമാത്രം മറ്റുള്ളവരില്‍ നിന്നും വേറിട്ട സ്വതം ഉള്ളയാളാണ്‌, എന്തു തരം ബന്ധം ഞാന്‍ മറ്റുള്ളവരുമായി, അതായത്‌ മറ്റു "ഞാന്‍"മാരുമായി പുലര്‍ത്തേണ്ടതുണ്ട്‌. ഈ "ഞാന്‍" ഞ്ജാനം കൂടുന്നതനുസരിച്ച്‌ "ഞാന്‍" ബോധത്തിലെ അബദ്ധ ധാരണകളും ഞാനിന്റെ പ്രോഡക്റ്റ്‌ അല്ലെങ്കില്‍ വിര്‍ച്വല്‍ റീയാലിറ്റി ആയ മനസ്സിലെ തിന്മകളും (കടപ്പാട്‌ ഗാന്ധിജിക്ക്‌) കുറയും. ഞാനിന്റെ ദ്വൈതഭാവം മൂര്‍ച്ഛിക്കുമ്പോഴെല്ലാം ഞാന്‍ മറ്റു ഞാനുകളോട്‌ താദാത്മ്യം പുലര്‍ത്താനാവാതെ ലോകത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്‌ വലിപ്പം കൂട്ടും.

അലോപ്പതിക്‌ അപ്പ്രോച്ച്‌ വേണ്ടെന്നാണോ അപ്പോള്‍? ഒരിക്കലുമല്ല. ഹൃദ്രോഗത്തിന്റെ ഉദാഹരണമാണല്ലോ മുകളില്‍ പറഞ്ഞത്‌, അതില്‍ തന്നെ തുടരാം. ഒരു ഹൃദയാഘാതമുണ്ടായാല്‍ എത്രയും വേഗം ഒരാംബുലന്‍സ്‌ വിളിച്ച്‌ ആശുപത്രിയില്‍ ചെല്ലണം. ഈ ആര്‍ പ്രൊസീഡ്യൂറുകള്‍ എത്ര വേഗം കിട്ടുമോ അത്ര വേഗം നടത്തണം, എമെര്‍ജെന്‍സി ആയി ചിലപ്പോ കത്തീറ്റര്‍ പ്രയോഗമോ ബൈപ്പാസ്‌ ഗ്രാഫ്റ്റ്‌ ചെയ്യലോ നടത്തേന്റി വരും. തിരിച്ച്‌ ഇറങ്ങി പോരുമ്പോള്‍(അതിലും ഉചിതമായി അങ്ങനെ ഒരു ക്രൈസിസ്‌ ഉണ്ടാകും മുന്നേ തന്നെ)ആലോചിക്കുക, എങ്ങനെ ഈ മുട്ടായി എനിക്കു കിട്ടി, ഇനിയൊരിക്കലും കിട്ടാതെയാകാന്‍ എന്തു വേണം? അതായത്‌ പലപ്പോഴും, പോട്ടെ മിക്കപ്പോഴും കോംബിനേഷന്‍ അപ്പ്രോച്ചാണ്‌ വേണ്ടത്‌.

ഞാനിന്റെ ദ്വൈതഭാവത്തെക്കുറിച്ചുള്ള ചിന്ത അസ്ഥാനത്തായില്ല, അതു കാലോചിതം തന്നെ.

വിവേകാനന്ദ സാഹിത്യ സര്‍വ്വം രണ്ടാം വോല്യത്തില്‍ (മൃഡാനന്ദസ്വാമി പരിഭാഷപ്പെടുത്തിയത്‌) നിന്ന് ഒരു ഭാഗം
"ആരാധനോപായങ്ങളും മത ചിന്തകളും മനുഷ്യ മനസ്സിന്റെ തൃപ്തവും സ്വസ്ഥവുമാക്കാനുള്ള ഉപാധികള്‍ എന്ന നിലയില്‍ വളരെ നല്ലതും ഒരുപക്ഷേ മാനസിക പുരോഗതിക്ക്‌ ഉപകാരപ്രദം പോലും ആയിരിക്കാം.

എന്നാല്‍ ഒരേസമയം യുക്തിശാലിയും ആത്മീയതല്‍പ്പരനും ആകണം ഒരുവനെങ്കില്‍ അത്‌ ഒട്ടും മതിയാവില്ല. അതിനെല്ലാം അപ്പുറം ചിന്തിക്കാനാവണം.

ദ്വൈതബോധം പരമകോടിയിലായിരുന്ന രണ്ടു കാലങ്ങളില്‍- ഇന്നത്തെപ്പോലെയല്ല, അതിഭീകരമായി തിന്മയൊഴുകിയ കാലങ്ങളില്‍ അദ്വൈതം ഭാരതത്തെ രക്ഷിച്ചിട്ടുണ്ട്‌. ആദ്യം ബുദ്ധന്‍ അവതരിച്ച്‌ അദ്വൈതത്തിന്റെ ധര്‍മ്മ സാരങ്ങള്‍ പരത്തി, ആയിരം സംവത്സരങ്ങള്‍ കഴിഞ്ഞ്‌ വീണ്ടും ആ അവസ്ഥ പുനര്‍ജ്ജനിച്ചപ്പോള്‍ ശങ്കരാചാര്യര്‍ അതിന്റെ യുക്തിഭാഗത്തെ ജനസമക്ഷം അവതരിപ്പിച്ചു."

വീണ്ടും ലോകത്തില്‍ ദ്വൈതബോധം വഷളാകുന്നു കപാലധാരികളും, നരബലിക്കാരും വിനാശകാരികളും ദൈവത്തിന്റെ ബന്ധുക്കളും ഏജന്റുമാരും അനുയായികളും ദൈവമാണെന്ന് അവകാശപ്പെടുന്നവരും എല്ലാം "ഞാന്‍ മാത്രം" "എന്റെ മാത്രം" "എനിക്കു മാത്രം" "ഞാനല്ലാതെയൊന്നുമില്ല" എന്നൊക്കെ അലറുന്നു. ചുറ്റുമുള്ളവരില്ലെല്ലാം ഉപഭോഗവസ്തുക്കളാണെന്ന് കരുതി ഞാന്‍ മാര്‍ പേയ്‌ പിടിച്ച്‌ പരക്കം പായുമ്പോള്‍ കാളിയന്‍ ചിന്തിക്കട്ടെ, യുക്തിപൂര്‍വ്വം ചിന്തിക്കട്ടെ. നല്ലതിനാണ്.

[പിന്‍ കുറിപ്പ്‌- അദ്വൈതം പലതില്‍ ഒരു തീയറി മാത്രമാണ്‌, വേദാന്തസാരമോ ഉപനിഷത്‌ സാരമോ അതു മാത്രമൊന്നുമല്ല. ആ രീതിയില്‍ പലരും, മുഖ്യമായും സുകുമാര്‍ അഴീക്കോടിന്റെ തത്വമസി പോലെയുള്ള പുസ്തകങ്ങളില്‍ എഴുതിയിട്ടുള്ളതിനോട്‌ എനിക്ക്‌ യോജിപ്പില്ല. പല ചിന്താസരണികളില്‍ ഏറെ പ്രത്യേകത അന്നത്തെ കാലത്ത്‌ ഉണ്ടായിരുന്ന ഒരു യുക്തിചിന്ത മാത്രമാണ്‌ അദ്വൈതം, അതിനപ്പുറമൊന്നും അതില്‍ എനിക്കു കാണാനയില്ല.]

Wednesday, March 28, 2007

ഭോജനം ദേഹി രാജേന്ദ്ര

മാവേലി നാടു ഭരിക്കും കാലം മാനുഷരെല്ലാരും ഒന്നു പോലെ കഞ്ഞീം കുടിച്ചു ആര്‍ഷഭാരതത്തിന്റെ പതാകയുമുടുത്തു നടപ്പായിരുന്നു. അപ്പോ ഒരു ചീനക്കാരന്‍ ചിന്നക്കടയില്‍ വന്നു ചായ ഉണ്ടാക്കി. പിന്നൊരറബി കാപ്പിയിട്ടു.

ബാര്‍ബര്‍, സോറി ബാബര്‍ എത്തിയപ്പോള്‍ ആകെ ഒരു എണ്ണമണം ഇന്ത്യയില്‍! മൂപ്പരുടെ തോളില്‍ ചാഞ്ചാടും മാറാപ്പില്‍ ബിരിയാണി (കുട്ടിയല്ല) ചപ്പാത്തി, റൊട്ടി (കപ്പടയും മഖാനിയും നമുക്ക്‌ പണ്ടേ ശീലമില്ല) സമോസ, കബാബ്‌, ഫലൂദ, ഐസ്‌ ക്രീം, ഹായ്‌!

പോര്‍ച്ചുഗീസുകപ്പലില്‍ കയറി കപ്പല്‍ മുളക്‌, പറങ്കി മുളക്‌, കൊല്ലമുളക്‌ ,പറങ്കിയണ്ടി, കപ്പലണ്ടി. പേരക്കാ, സപ്പോട്ട, ഉരുളക്കിഴങ്ങ്‌.. ഒക്കെ ഇറക്കി കഴിഞ്ഞപ്പോ ദേ ഉരുണ്ടു വരുന്നു ഒരൊന്നൊന്നര കായ. മുക്കണ്ണന്‍- പ്യാരു ത്യേങ്ങ്യാ (ത്യാക്കു ക്രെഡി. കൈപ്പള്ളിക്ക്‌)

ആപ്പിളു വെള്ളായി കൊണ്ടുവന്നു, വെള്ളേപ്പം ജൂതന്മാരെത്തിച്ചെന്ന് ഇപ്പോ കേട്ടു. പുട്ടു പോര്‍ച്ചുഗീസില്‍ നിന്ന്. ഒക്കെ തിന്നപ്പോഴാണ്‌ ആദ്യമായിട്ട്‌ ഒന്നു വെളിക്കിരിക്കണമെന്ന് തോന്നിയത്‌, കക്കൂസ്‌ ഡച്ചുകാര്‍ കൊണ്ടുവന്നു.

പ്രാചീനകാലത്ത്‌ നാടു മൊത്തം താടികളും ബുദ്ധഭിക്ഷുക്കളും ജൈന സന്യാസിമാരും 24x7 ധ്യാനത്തിലായിരുന്നെന്ന് ആരെങ്കിലും സഞ്ചാരികള്‍ എഴുതി വച്ചിട്ടുണ്ടെങ്കില്‍ അവര്‍ തെറ്റിദ്ധരിച്ചതാ. എന്നും കുന്നും പച്ചച്ചോറുണ്ട്‌ വട്ടു പിടിച്ച്‌ തലക്ക്‌ കൈ കൊടുത്തിരിക്കുന്ന നാട്ടുകാരെ കണ്ട്‌ തെറ്റിദ്ധരിച്ചതാവും.
ഡാലിയുടെ പോസ്റ്റില്‍ ഇട്ട കമന്റ്

Saturday, March 24, 2007

കവനത്തിനു കാശുവേണം പോല്‍,‍ ശിവനേ സാഹിതി ...

ബൂലോഗത്തിന്റെ ശൈശവദശയില്‍ ഹിന്ദു പത്രത്തില്‍ വന്ന ആക്ഷേപക്കുറിപ്പിനെപ്പറ്റി പെരിങ്ങോടന്‍ ഇട്ട പോസ്റ്റിലെ കമന്റ്. ശേഷം “അത് ഞമ്മളാണെന്ന്“ ഒരിംഗ്ലീഷ് ബ്ലോഗര്‍ കേറി ഏറ്റതുകാരണം കിര്‍മ്മീരവധം ആംഗലേയം ആയിപ്പോയി. പാപ്പാന്റെ കലക്കന്‍ കമന്റുകളും അവിടെ കിടപ്പുണ്ട്

അരിമേടിക്കാനാണ്‍ വേണ്ടി മാത്രമാണു രശ്മി ജൈമോന്‍ പേനാ തൊടുന്നതെന്ന് "പണം തിരിച്ചു തരാത്തതിനാല്‍ ബ്ലോഗിനെ കുടുംബാംഗങ്ങള്‍ അംഗീകരിക്കാറില്ല" എന്ന പ്രസ്താവനയില്‍ നിന്നും മനസ്സിലായി. എല്ലാവര്‍ക്കും എന്തെങ്കില്‍ തൊഴില്‍ വേണമല്ലോ, ഇവര്‍ ഭാവിയിലും പേനായുന്തി നിത്യവൃത്തി കഴിച്ചോട്ടെ. എന്നാലത്‌ അറിയാത്ത കാര്യങ്ങളെക്കുറിച്ചു തന്നെ വേണം എന്നുണ്ടോ?

ബ്ലോഗ്‌ എന്താണെന്നോ ബ്ലോഗ്ഗില്‍ എന്തൊക്കെ നടക്കുന്നുണ്ടെന്നോ ഒരു ഗ്രാഹ്യവും ഇല്ലാത്ത, ഇന്റര്‍നെറ്റ്‌ എന്നാല്‍ അശ്ലീലപ്പടം കാണാനും ജോലിക്കപേക്ഷ അയക്കാനും ഉള്ള സംവിധാനമെന്നു മാത്രമറിയുന്ന ഒന്നു രണ്ട്‌ പത്രപ്രവര്‍ത്തകരെ ഞാന്‍ കാണാനിടയായിട്ടുണ്ട്‌. രശ്മി ജൈമോന്റെ വീക്ഷണം അതില്‍ നിന്നും വളരെ വത്യസ്ഥമാണെന്ന് തോന്നുന്നില്ല.ഇന്നു രാവിലെ സാബിന്‍ മൂന്ന് എന്ന മരുന്നിനെക്കുറിച്ച്‌ ഒരു സംഘടനക്ക്‌ കത്തെഴുതിയപ്പോള്‍ അവര്‍ മറുപടിയായി തന്നത്‌ ഒരു ബ്ലോഗ്ഗിന്റെ യു ആര്‍ എല്‍ ആയിരുന്നു. (ന്യായമായും ഞാന്‍ പബ്‌ മെഡ്‌ പോലെ എന്തെങ്കിലും കമ്പനിയുടെ പുസ്തകങ്ങള്‍ക്ക്ക്‌ എഴുതാന്‍ ഒരു നിര്‍ദ്ദേശമാണു പ്രതീക്ഷിച്ചിരുന്നത്‌) ബ്ലോഗിന്റെ ശക്തി അത്ര വലുതാണിന്ന്. കാര്‍ഡിയോളജിസ്റ്റുകളുടെ ഒരു സിന്‍ഡികേറ്റ്‌ ബ്ലോഗ്ഗിനെ വെല്ലാന്‍ ഒരു വ്യക്തിയോ സംഘടനയോ യൂനിവേര്‍സിറ്റിയോ എഴുതുന്ന പുസ്തകത്തിനാവില്ല.

എന്തിനാണു ബ്ലോഗ്‌ എഴുതുന്നതെന്ന് ഇവര്‍ക്ക്‌ മനസ്സിലാകാത്തതുകൊണ്ടാണ്‌ പണമുണ്ടാക്കല്‍, രഹസ്യവേഴ്ച്ച എന്നിവയുമായൊക്കെ ബ്ലോഗ്ഗിങ്ങിനെ ചേര്‍ത്തു വായിച്ചത്‌. ശ്രീമതി രശ്മി ആത്മ സാക്ഷാത്കാരം self actualization എന്ന മാസ്‌ലോയുടെ പിരമിഡിന്റെ മുന കണ്ടിട്ടുണ്ടാവുമോ? ബ്ലോഗിംഗ്‌ ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയാണ്‌. അവിടെ പണത്തിനും സുഖത്തിനും സൌഹൃദത്തിനും, പ്രേമത്തിനും ദ്വേഷത്തിനും സ്ഥാനമൊന്നുമില്ല. അതിനെല്ലാം മറ്റുപാതകള്‍ കണ്ടെത്തുന്നു.

പേരു പറയുന്നില്ല, ഇന്നലെ ഒരു വാരിക വാങ്ങി. വിരേചനത്തിനിരുന്ന അഞ്ചു മിനുട്ട്‌ വായിക്കാന്‍ പോലും തികയുന്ന ഒന്നും അതിലില്ലായിരുന്നു. കൊടികെട്ടിയ വിലാസമുള്ള പത്രമാസികകല്‍ കൂടി ഇത്തരം ചപ്പുചവറു കൂമ്പാരം ആകാന്‍ കാരണം ഇമ്മാതിരി അറിയാതെഴുത്തുകാരാണ്‌. കേസരി ബാലകൃഷ്ണപിള്ള എഴുതിയിരുന്ന നഗരത്തില്‍ ഇരുന്ന് ഇതെല്ലാം പടച്ചു വിടാന്‍ എങ്ങനെ തോന്നുന്നു? കഷ്ടം.

Friday, March 23, 2007

വായില്‍ വരുന്നത് കോതക്കും കുട്ട്യേടത്തിക്കും എനിക്കും..

പാട്ടുകാര്യത്തില്‍ ഞാനും ചവിട്ടി മെതിക്കപെട്ടവനാണ്‌. ഞാന്‍ ഒരു വരി പാടാന്‍ വായ്‌ തുറന്നാല്‍ വിദ്യ "ഒച്ചവക്കല്ലേ" " ഒന്നു ചുമ്മാതിരി" "വൃത്തികേട്‌" എന്നൊക്കെ പറഞ്ഞ്‌ എന്റെ ജന്മവാസ്നകളെ പുച്ഛിച്ച്‌ നശിപ്പിക്കുന്നു.

എന്റെ പബ്ലിക്കില്‍ പാട്ടു ചത്തു പോയതും ഒരു ചതിക്കഥയാണേ. ചെറുപ്പത്തില്‍ ഞാന്‍ കുറേശ്ശെയൊക്കെ പാടുമായിരുന്നു. ജയചന്ദ്രന്‍ ആള്‍ ഇന്ത്യാ റേഡിയോക്കു വേണ്ടി പാടിയ ഒരു ക്രിസ്ത്യന്‍ ഭക്തിഗാനം എന്റെ മാസ്റ്റര്‍ പീസ്‌ ആയിരുന്നു. ഞാനതു പാടുമ്പോള്‍ ആരും കയ്യടിച്ചിട്ടില്ലെങ്കിലും ശ്രോതാക്കള്‍ കൂകാതെയും ചിരിക്കാതെയും ഇരുന്നിരുന്നു.

അഞ്ചാം ക്ലാസ്സ്‌ ആയപ്പോള്‍ ഞാന്‍ ക്രേവന്‍ എന്ന വലിപ്പം കൂടിയ സ്കൂളിലായി. ജോയിന്‍ ചെയ്ത്‌ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സ്കൂള്‍ യൂത്ത്‌ ഫെസ്റ്റിവലും ആയി. എന്റെ സ്വരവും എസ്‌ ജാനകിയുടേതും നല്ല സാമ്യമുണ്ടെന്ന് ഞാന്‍ തന്നെ കണ്ടെത്തിയത്‌ ആയിടക്കായിരുന്നു. അന്നത്തെ ഹിറ്റ്‌ പാട്ടായ “മൌനമേ നിറയും മൌനമേ“ എന്ന തകരപ്പാട്ട്‌ പഠിച്ചു. എന്നുവച്ചാല്‍ വരികളൊക്കെ കാണാതെ പഠിച്ചു അത്രേയുള്ളൂ.

ഞാനൊരുങ്ങി അരങ്ങൊരുങ്ങി (കാണാന്‍) ആയിരം കൊരങ്ങൊരുങ്ങി. അങ്ങനെ തയാറെടുത്തു നില്‍ക്കുമ്പോള്‍
"ചെസ്റ്റ്‌ ബാഡ്ജ്‌ 30 വീ എസ്‌ സുജിത്ത്‌" എന്നു വിളി വരുന്നു - മുട്ടന്‍ തലയും കുയില്‍ ബോഡിയും ഉള്ള ഒരു ചെക്കന്‍ സ്റ്റേജില്‍ കയറി.
"മൌനമേ......." ഒരൊറ്റ കയറ്റം.. എന്നുവച്ചാല്‍ എഫ്‌ നൂറ്റിപ്പതിനേഴ്‌ നൈറ്റ്‌ ഹോക്ക്‌ നെട്ടനെ പാറിക്കേറുമ്പോലെ ഒരൊറ്റ പോക്ക്‌.

സുജിത്തിന്റെ പാട്ട്‌ കഴിഞ്ഞു. കയ്യടി, ആറപ്പോ വിളി.

"ചെസ്റ്റ്‌ നമ്പര്‍ മുപ്പത്തൊന്ന് ദേവന്‍"
"നമ്പര്‍ മുപ്പത്തൊന്ന് ദേവന്‍ സെക്കന്‍ഡ്‌ കാള്‍
"ദേവന്‍. ഫൈനല്‍ കാള്‍"
ആരും വന്നില്ല.
(ഈ സുജിത്ത്‌ ആണ്‌ ഇന്നത്തെ സംഗീത സംവിധായകന്‍ ശരത്ത്‌)

പാട്ടുകാരും വീട്ടുകാരും നാട്ടുകാരും മൊതലാളിമാരും കീഴ്‌ ജീവനക്കാരും അപമാനിച്ചും നിന്ദിച്ചും അവഗണിച്ചും ഭീഷണിപ്പെടുത്തിയും ആരുമല്ലാതെയാക്കിയ നമുക്ക്‌ സംഘടിക്കാം. നഷ്ടപ്പെടുവാന്‍ ആരോഹണത്തിലെ വെള്ളിയും അവരോഹണത്തിലെ കാറ്റും മാത്രം. കിട്ടാനുള്ളതോ? നാദബ്രഹ്മം. വരിക വരിക സഹജരേ..

അല്‍. ടോ.പൊതുസ്ഥലത്ത്‌ പാട്ട്‌, അതും സന്ദര്‍ഭോഭൊചിതമായ പാട്ട്‌ ഒരു കല തന്നെയാണെങ്കില്‍ കലൈപ്പുലി താന്‍ എന്നോട്‌ തോഴന്‍ മോഹനന്‍.

കപ്പലണ്ടി കൊറിച്ച്‌ ഞങ്ങള്‍ ആള്‍ത്തിരക്കേറിയ കൊല്ലം ബീച്ചില്‍ ഇരിക്കുമ്പോള്‍ അഞ്ചെട്ടു വയസ്സുള്ള മൂത്ത രണ്ടു കുട്ടികളും ഇളയ ട്രിപ്‌ലെറ്റുകളും ഉന്തിത്തള്ളി വലിച്ച്‌ ഒരു സ്ത്രീയേ കോട്ടണ്‍ ക്യാന്‍ഡി വില്‍ക്കുന്നവന്റെ അടുത്തേക്ക്‌ അവരുടെ സമ്മതമില്ലാതെ നയിക്കുന്ന നയനാനന്ദകരമായ കാഴ്ച്ച കണ്ടു.

ഉറുമ്പുകള്‍ റൊട്ടിക്കഷണം എടുത്തുകൊണ്ട്‌ പോകുമ്പോലെ ഈ അഞ്ചു പിള്ളേരും തള്ളയെയും വലിച്ചിഴച്ച്‌ ഞങ്ങളുടെ
അടുത്തെത്തിയതും മോഹനന്‍ ഒരൊറ്റ പാട്ട്‌ "പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ"... ബീച്ചില്‍ കൂട്ടച്ചിരി.
കുട്ട്യേടത്തിയുടെ ബ്ലോഗിലിട്ടത്

Wednesday, March 21, 2007

ഥിര്‍വാഥിറ 2000

റ്റീവില്‍ മാത്രം ഈ പേക്കൂത്തു കണ്ടവര്‍ ഭാഗ്ഗ്യവാന്മാര്‍. പുതു ഗള്‍ഫനായിരുന്ന ഞാന്‍ അറിയാതെ പൊന്നോണം 2000 എന്ന ആഭാസത്തില്‍ കുടുങ്ങി..

50000 വാട്ട്‌ സൌണ്ടും 75000 വാട്ട്‌ ലൈറ്റും ഘടിപ്പിച്ചോരു കളിയരങ്ങ്‌ .സോപ്പ്‌ ചീപ്പ്‌ കണ്ണാടി വില്‍പ്പനക്കരുടെയും പാല്‍ കച്ചവടക്കാരുടെയും വാടകക്ക്‌ കാര്‍ ഓടിക്കന്‍ കൊടുക്കുന്നവന്റെയും മുതല്‍ ഇന്റെലിന്റെയും മെര്‍സിഡസിന്റേയും വരെ പരസ്യം കൊണ്ടു തോരണം. ഇടയില്‍പെട്ടുപോയ ഞാന്‍ കണ്ട കസേര പൃഷ്ഠസ്തമാക്കി. പെട്ടെന്ന് അകവാള്‍ വെട്ടിപ്പോകുന്ന ഒച്ചയില്‍ ഒരു സിംഹ ഗര്‍ജ്ജനം
"ലേഡീസ്‌ ആന്‍ഡ്‌ ജെന്റ്ലെമെന്‍ ഗിവ്‌ എ ബിഗ്‌ ഹാന്‍ഡ്‌ റ്റു ഔര്‍ തിര്‍വ്വവതിറ റ്റീം"

തിരുവാതിരക്കു കളിക്കാര്‍ മത്രമല്ല കൈ കൊട്ടേണ്ടതെന്ന തിരിചറിവില്‍ ഞാന്‍ റ്റക്സഡോ നിറഞ്ഞു തുളുംബുന്ന കളേബരങ്ങള്‍ക്കൊപ്പം കൈകൊട്ടി.

അതാ വരുന്നു റ്റീം. പണ്ടു കണ്ട ഭാരത്‌ സര്‍ക്കസ്സിലെ കുതിരകലുടെ മാര്‍ച്ച്‌ പാസ്റ്റ്‌ പോലെ. സിന്ധുരേന്ദ്രഗമനകള്‍ ആഗമിക്കവേ മിക്കവരും വി ഐ പി തറക്ലാസ്സുവരെയുള്ള ടിക്കറ്റ്‌ എടുത്ത്‌ ആസ്ത്രേലിയ്റ്റയിലെ മുന്തിയ വാറ്റുകാരന്റേ പേരടിച്ച കുമ്പീളില്‍ ചാരായവുമേന്തി മണിക്കൂറുകല്‍ കാത്തിരുന്ന നരകേസരികളുടെ ഭാര്യമാരെന്നു ഞാന്‍ തിരിച്ചറിഞ്ഞത്‌ നീളത്തിന്റെയും തടിയുടെയും ഏറ്റക്കുറച്ചില്‍ ഒന്നുകൊണ്ട്‌ മാത്രമാണ്‌. പാന്‍ കേക്ക്‌ മേക്കപ്പ്‌ ഇട്ടു ഫ്ലഡ്‌ ലൈറ്റിലേക്കു കയറി വരുന്ന എല്ലാവര്‍ക്കും ഒരേ നിറം,
ഭാവം, മുഖം, സോഷ്യലിസം ...

കലിയുഗത്തിലെ രതീദേവിക്ക്‌ കോന്തിത്തോഴിമാര്‍. ഭഗവാനെ പൊറുക്കണേ, ആഫ്രിക്കന്‍ മസായി വര്‍ഗ്ഗക്കരികളുടെയത്ര വണ്ണം. മരുഭൂമിയില്ലെ താമസത്തിനു മാച്ച്‌ ചെയ്യാന്‍ ശരീരമാസകലം മടക്കുകള്‍ മണല്‍ത്തിരകള്‍ പോലെ. കെന്റക്കി ചിക്കന്റെ മിനുസ്സമുള്ള ചര്‍മ്മം. ഒക്കെ നിറഗര്‍ഭിണികളാണൊ എന്ന സംശയം ഗള്‍ഫിണി മലയാളികളേ കണ്ടിട്ടില്ലാത്തവര്‍ സംശയിച്ചുപോകും, ഒടുക്കത്തെ കുടവയര്‍ കണ്ടാല്‍.പാട്ടുകാരില്ല ഭാഗ്യം. പക്ഷേ ടേപ്പ്‌ കേട്ടപ്പോല്‍ നല്ല പരിചയം. ഇനി സിനിമാ പിന്നണിഗായകര്‍ വല്ലതും പാട്ടും കളിയും അടങ്കല്‍ പിടിച്ചതാണോആവൊ...

"ഹിസ്‌ ഷൂസ്‌ ഷോണ്‍ ബ്രൈറ്റ്‌ ഇന്‍ ഷാര്‍പ്‌ കൊണ്ട്രാസ്റ്റ്‌ വിത്ത്‌ ഹിസ്‌ പെഴ്സൊനലിറ്റി" എന്നു വോടൌസ്‌ പറഞ്ഞ മാതിരി സെറ്റുമുണ്ടിന്റെ കസവുകള്‍ സ്പോട്ട്‌ ലൈറ്റില്‍ മിന്നല്‍ പോലെ തിളങ്ങി, വൈരൂപ്യങ്ങള്‍ കുറെയൊക്കെ ആ ശോഭക്കു മറക്കാനും ആയി. ഒരു പടുകൂട്ടന്‍ നിലവിളക്കിരിപ്പുണ്ടു നടുക്കു പക്ഷെ പ്രകാശ പ്രളയതില്‍ അതു കത്തീട്ടാണോ അണഞ്ഞാണോ
ഇരിപ്പെന്നു മനസ്സിലായില്ല.

തുദങ്ങി കൈയ്യാങ്കളി. ഒരെണ്ണം തിരിയുമ്പോള്‍ മറ്റൊന്നു മറിയും, ഒന്നു ഒന്നു കൊച്ചിക്കു പോകുമ്പോള്‍ രണ്ടാമത്തവള്‍ കൊയിലാണ്ടിക്ക്‌, മൂന്നാമത്തത്‌ കോതമംഗലത്തിനും. ഇതിലിപ്പോ എന്താ കൈകൊട്ടി കളി ഇങ്ങനെയേ പാടുള്ളൂ
എന്നു ഭരത മുനി എഴുത്യ്‌ വചിടുണ്ടൊ എന്നു ചോദിച്ചാല്‍ ഉത്തരമില്ലെനിക്ക്‌ . എന്നാലും അശേഷം ലാസ്യമില്ലാതെ നൃത്തമാണോ കരാട്ടേയാണൊ എന്നു തിരിചറിയാമ്മേലാതെ... അതു പോട്ടെ, ഇടുപ്പനങ്ങണ്ടേ കുറഞ്ഞപക്ഷം? ചിലര്‍ക്കു അത്യാവശ്യം ബി പി ഉണ്ടോന്നു സംശയം ആയാസം കണ്ടിട്ട്‌, ചെരുപ്പുകള്‍ ഹാളിന്റെ തടി പാകിയ തറയിലടിച്ചിട്ട്‌ ടാപ്‌ ഡാന്‍സ്‌ പോലെ ശബ്ദം, അതാണെങ്കില്‍ താളവുമില്ലാതെ ആശാരിയുടെ ആല പോലെ..

ഒരു പുകവലിക്കാനെന്ന വ്യാജേന തലയൂരാന്‍ തുടങ്ങിയപ്പോള്‍ ബാഡ്‌ജര്‍ ഒരെണ്ണം വന്നിട്ട്‌ ഹാളില്‍ തന്നെ അതു സാധിക്കാവുന്നതേയുള്ളെന്ന് ധരിപ്പിച്ചു. എനിക്കൊന്നു ഒഴിക്കുകയും കൂടി വേണമെന്നു പറഞ്ഞു പുറത്തു ചാടി. ഇപ്പൊ തിരുവാതിര എന്നു കേട്ടാല്‍ അറപ്പാണ്‌ ഫ്രീസര്‍ കണ്ടൈനര്‍ തുറക്കുമ്പോള്‍ പടുകൂറ്റന്‍ ഇറച്ചിക്കഷണങ്ങള്‍ കിടന്നാടുന്നതു കണ്ടുണ്ടായ അറപ്പുപോലെ.

ഈ കമന്റ്‌ ചേതനയുടെ ബ്ലോഗ്ഗിലിട്ടത്‌

(ഒറിജിനല്‍ കമന്റപ്പടി അച്ചരപിശാചായിരുന്നു, തിരുത്താനൊരു ശ്രമം ഇവീടെ നടത്തി)

Tuesday, March 20, 2007

കപോതവൃത്തം

ആറാം ക്ലാസ്സില്‍ പഠിക്കുമ്പ്പോള്‍ രണ്ടു രൂപ മുപ്പതു പൈസാ വിലക്ക്‌ സഹപാഠി റുഡോള്‍ഫ്‌ എന്നിക്കൊരുജോടി പ്രാവിനെ തന്നു. എന്റെ സന്തതികളായി ഞാന്‍ എഡനില്‍ വിട്ടവരെ ഞാന്‍ ആദവും അവ്വയുമെന്നു വിളിച്ചു.

പീഞ്ഞപ്പെട്ടി കൊണ്ട്‌ പൊന്നന്‍ മേശിരി കൂടു പണിതു തന്നു. ഇരു ചിറകിലേയും മുമ്മൂന്നു ക്വില്‍ തൂവല്‍ ഊരി മാറ്റി ഞാന്‍ അവരെ താല്‍ക്കാലികമായി ഊരുതടങ്കലിലാക്കി. അവര്‍ക്കു പറക്കാറായപ്പോഴേക്ക്‌ ഇണങ്ങിക്കഴിഞ്ഞു.

ആദവും അവ്വയും പരമശക്തനായ എന്നോടു വിധേയപ്പെട്ട്‌ സ്നേഹത്തിലും സമാധാനത്തിലും ജീവിച്ചു. ഞാനവര്‍ക്ക്‌ ആഹാരവും വെള്ളവും മുടങ്ങാതെ കൊടുത്തു പോന്നു. എന്റെ ചൂളം വിളി കേട്ടാല്‍ എവിടെയായാലും അവര്‍ പറന്നെത്തിയിരുന്നു.

പ്രാവുകളുടെ പ്രണയം ഒരു ബാലേ പോലെ രസകരമാണ്‌ കാണാന്‍. പൂവേട്ടന്‍ പാടി പാടി കരഞ്ഞു കൂക്കി പിടക്കു ചുറ്റും നൃത്തം ചെയ്യും. അവളോ "ഈ ചെറുക്കന്‌ ഞരമ്പു രോഗമാണോ ദൈവമേ?" എന്നൊരു പുശ്ച ഭാവത്തില്‍ നോക്കിയിരിക്കും . അവന്‍ തകിട തധിമി വയ്ക്കുമ്പ്പോള്‍ അവള്‍ "ഛീ പോടാ" എന്നു മൊഴിഞ്ഞ്‌ പറന്ന് ദൂരെപ്പോകും (ശ്രീകുമാരന്‍ തമ്പിയുടെ നിന്‍ പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം എന്ന പാട്ട്‌ പ്രാപ്രണയത്തിനു യോജിച്ച പശ്ചാത്തലമാണ്‌.) ഒന്നുരണ്ടു ദിവസം നീളുന്ന മരം ചുറ്റി പ്രേമത്തിനവസാനം അവള്‍ വഴങ്ങുന്നു. ഹോളിവൂഡ്‌ ചൂടുള്ള ചുംബരംഗങ്ങള്‍ ഈ സമയത്ത്‌ കാണാം.

ഒരു സീസണില്‍ പ്രാവ്‌ രണ്ടു മുട്ടയിടും. ഊഴം വച്ച്‌ പൂവനും പിടയും അടയിരിക്കും. അടയിരിക്കാത്ത സമയം രണ്ടും ഇരതേടും. മുട്ട വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം പകുതി ദഹിച്ച പാലായി ചുണ്ടിലിറ്റിച്ചു കൊടുക്കും. ഇത്രയും അദ്ധ്വാനഭാരം കാരണം മിക്കവാറും തള്ളയും തന്തയും മെലിഞ്ഞും പ്രാവിന്‍കുഞ്ഞ്‌ ഷക്കീലയെപ്പോലെയും ആയിരിക്കും ആ സമയത്തൊക്കെ.

വളര്‍ന്നവര്‍ വളര്‍ന്നവര്‍ അടുത്ത കൂടു കെട്ടുന്നു. അപ്പോഴേക്കും അടുത്ത സീസണായി. പ്രാവുകള്‍ എക പത്നീ വ്രതം നോല്‍ക്കുന്നവര്‍ ആണ്‌ (monogamous) എങ്കിലും ഓരോ സീസണിലും അവര്‍ ആഞ്ഞു പ്രേമിക്കും- ഓണാഘോഷ നോട്ടീസിലൊക്കെ പറയുമ്പോലെ മുന്‍ വര്‍ഷത്തെക്കാള്‍‍ പരിപാടി ഗംഭീരമാക്കും.

പ്രാവുകള്‍ തികഞ്ഞ ഗാന്ധിയരാണ്‌. മുട്ടയോ കുഞ്ഞുങ്ങളോ കൂടെയുള്ളപ്പോള്‍ മിക്ക ജീവികളും അതിക്രമിച്ചു കടക്കുന്ന്നവരെ ഉപദ്രവിക്കും, പ്രാവുകള്‍ അപ്പോള്‍ക്കൂടി സൌമ്യരാണ്‌.

അതിശയകരമാണ്‌ പ്രാവിന്റെ സമയബോധവും ദിശാബോധവും . 3.55 നു വരുന്ന എന്റെ സ്കൂള്‍ ബസ്സിനെ സ്വീകരിക്കാന്‍ പ്രാവുകള്‍ എന്നും 3.50 നു ബസ്‌ സ്റ്റോപ്പില്‍ വരും . 4.00 മണി വരെ ബസ്സ്‌ കണില്ലെങ്കില്‍ നിലവിളിച്ചുകൊണ്ട്‌ എന്നെ അന്വേഷിച്ചു പറക്കാന്‍ തുടങ്ങും - ശനിയും ഞായറും എനിക്കു സ്കൂളില്ലെന്നും അവര്‍ക്കറിയാം. കൊട്ടാരക്കരയില്‍ കൊണ്ട്‌
പറത്തി വിട്ട ആദവും ചാത്തന്നൂര്‍ തുറന്നു വിട്ട ഹൌവ്വയും ഒരു മണിക്കര്‍ കൊണ്ട്‌ 25 കിലോമീറ്റര്‍ താണ്ടി തിരിച്ച്‌ വീട്ടിലെത്തി!

ഒരു സമൂഹമെന്ന നിലക്ക്‌ പ്രാവുകള്‍ മനുഷ്യരെക്കാള്‍ ഉയര്‍ന്നവരാണ്‌. ആ സമൂഹത്തില്‍ അക്രമമില്ല, സാമൂഹ്യ വിരുദ്ധരില്ല, കുറ്റവാളികളും കൊലപാതകികളുമില്ല. അനാഥരില്ല, ചതിയും വഞ്ചനയുമില്ല. പരാതിക്കാരും സ്വാര്‍ത്ഥരുമില്ല. പ്രാവുകള്‍ സ്നേഹം മാത്രമറിയുന്ന മാലാഖമാര്‍.
വള്ളുവനാടന്റെ പോസ്റ്റില്‍ ഇട്ടത്

Monday, March 19, 2007

ഉമേഷ്‌ ഗുരുക്കളും ഞാനും തെറിയും!

ബൂലോഗത്ത്‌ വന്ന് ഒന്നു രണ്ടു ദിവസത്തിനകം ഇട്ടതാണീ കമന്റ്‌ . ഇതിലാണു ഞാനും ഉമേഷ്‌ ഗുരുക്കളും പരിചയപ്പെട്ടത്‌. വിഷയം- തെറിയുടെ മാഹാത്മ്യം!
ഒരു തെറിക്ക്‌ രണ്ടു വശമുണ്ട്‌, ഞെട്ടിക്കുന്ന അശ്ലീലപദങ്ങളും (മിക്കവാറും ശ്രോതാവിന്‌ വൃത്തികെട്ട സ്ത്രീകളുമായി ബന്ധുത്വമുണ്ടെന്നു ദ്യോതിപ്പിക്കുന്ന ബഹുവ്രീഹീ സമാസ സംബോധനകള്‍) പിന്നെ ശബ്ദത്തിലും ഭാവത്തിലും മൌനത്തിലും ദ്യോതിക്കുന്ന ക്രോധവും പരിഹാസവും പുച്ഛവും കൂടിക്കലര്‍ത്തിയുള്ള എക്സ്‌പ്രഷനും.
...
എതുഭാഷയുടേയും അന്തസ്സത്ത അതിന്റെ തെറികളിലടങ്ങിയിരിക്കുന്നു. മലയാളിത്തതിന്റെ ഹൃദയം കിളിപ്പാട്ടിലായിരിക്കാം പക്ഷേ അതിന്റെ ആത്മാവ്‌ തെറിപ്പാട്ടിലാണ്‌. എല്ലവരും കൂടെ എന്നെ ചാടിക്കടിക്കാന്‍ വരട്ടെ, ഞാന്‍ പറഞ്ഞു തീര്‍ന്നില്ല.

നിഘണ്ടൂവോ റ്റ്യൂഷന്‍ മാസ്റ്റെറോ ഉണ്ടെങ്കില്‍ ഉണ്ണായി വാര്യരുടെ നളചരിതമോ സീ വീ യുടെ ധര്‍മ്മരാജാവോ ഏതു സായിപ്പിനും കാപ്പിരിക്കും പഠിക്കാം, പക്ഷേ ഒരാട്ടോക്കാരന്റെ കോളറില്‍ കയറി പിടിച്ച്‌ എന്താണ്‌ "ഹേ ഏഭ്യാ താന്‍
പ്രകോപിതനായത്‌?" എന്നു ചോദിക്കാനേ അങ്ങനെ പഠിച്ചവനു കഴിയൂ.

മുഖം മുറുക്കി കണ്ണും തുരിപ്പിച്ച്‌ കവിളീലെ മാംസപേശികള്‍ കടുപ്പിച്ച്‌ "ന്ത്രാ ..... ചെറയുന്നെ" എന്നു ചോദിക്കുന്നവന്‍ കൊല്ലത്തുകാരന്‍ മലയാളി, ആ മണ്ണിന്റെ മകന്‍, ആ നാട്ടിലെ നിരത്തിലൂടെ ടയര്‍ ഉരുട്ടി ഓടിക്കല്‍ളിച്ചവന്‍, അവിടത്തുകാരുടെ അവകാശത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കിയവന്‍, അവിടത്തെ കച്ചിത്തുറുവിന്റെ പിറകിലൊളിച്ചിരുന്നു പ്രേമലേഖനമെഴുതിയവന്‍.. ആ വിളിയില്‍ അവന്റെ മളയാളിത്തമത്രയും അടങ്ങിയിട്ടുണ്ട്‌. അതുപോലെ ഈ ഭൂലോകത്തെ ഓരോ നാടിനും ഗ്രാമത്തിനും മുക്കിനും മൂലക്കും അതിന്റെ സിഗ്നേച്ചര്‍ തെറിപ്രയോഗങ്ങളുണ്ട്‌. മറ്റൊരാള്‍ക്കും അനുകരിക്കനാവാത്ത കടംകൊള്ളാനാവാത്ത ആ നാടിന്റെ ആത്മാവതാണ്‌.

ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരവലിയിലില്ലാത്ത ആ പദങ്ങള്‍ എണ്ണയ്ക്കാട്ടുതമ്പുരാന്റെ അലങ്കാരദീപികയിലില്ലാത്ത്‌ പൊടിപ്പും തൊങ്ങളും ചേര്‍ന്ന് വീര്യമുള്ള പ്രയോഗങ്ങളായി സ്കൂളില്‍ അടക്കത്തിലും മൂന്നുംകൂടിയ മുക്കില്‍ ഉറക്കെയും മദ്യശാലയില്‍ പദ്യരൂപത്തിലും പ്രയോഗിക്കപ്പ്പ്പെടുന്നിടത്തോളം കാലമേ മലയാളമോ മറ്റേതുഭാഷയുമോ നിലനില്‍ക്കൂ.. അച്ചടിച്ച മാസികയും പാഠപുസ്തകവും ഭാഷാരഘുവംശവും മാത്രമായി ചുരുങ്ങുന്ന ദിവസം ദേവനാഗരി പോലെ മലയാളവും നശിക്കും..

ഇന്ന് എന്റെ നാടിന്റെ പച്ചത്തെറികള്‍ സുരേഷ്‌ ഗോപിയുടെ ഷിറ്റടിയില്‍ മുങ്ങിച്ചാകുന്നു. ചൊറിച്ചുമല്ലി തകര്‍ത്ത കൊളെജ്‌ ക്യാന്റീനില്‍ ഇന്നു യോര്‍ മാമ്മ ജോക്സ്‌ എന്ന അറുവളിപ്പന്‍ കുരിപ്പുകള്‍ പൊട്ടുന്നു. തിരുമുല്ലവാരം ഷാപ്പില്‍ ചാളക്കാര്‍ പാടിയ തിക്കുറിശ്ശി ശ്ലോകങ്ങള്‍ക്ക്‌ പകരം എന്റെ അടുത്ത തലമുറക്ക്‌ ജാസ്സി ഗിഫ്റ്റിന്റെ ലെജ്ജവതിയേ നിന്റെ ഗ്ഗള്ളഗ്ഗഡഗ്ഗ്ഗ്ഗണ്ണില്‍ എന്ന ഖരാതിഖരരഹിത ഗാനമേയുള്ളൂ...

പച്ചത്തെറി മരിക്കുന്നു... മലയാളവും. ആ സംസ്കാര സമ്പത്ത്‌ നശിക്കും മുന്‍പേ ആരെങ്കിലും ഒരു പുസ്തകമെഴുതിയിരുന്നെങ്കില്‍ ...

http://devaragam.blogspot.com/2005/10/blog-post_17.html

Sunday, March 18, 2007

വാല്യം 1

1. Stealth
http://bahuvarnakuda.blogspot.com/2006/05/blog-post.html

പറഞ്ഞു കേട്ട കഥയാണേ. ഞങ്ങളുടെ ആസ്ഥാന മോഷ്ടാവ്‌ പൂച്ച പ്രഭാകരന്റെ പരമപൂജനീയ ഗുരുനാഥന്‍ മൂന്നെന്‍ മൂപ്പന്‍ ( ഈ പേര്‍ ബോണി എം പോലെയല്ല, മുകുന്ദന്‍ ലോപിച്ചതാണു മൂന്നെന്‍) ഇതുപോലെ ഒരു രാത്രി നാളീകേര സംഭരണ വേളയില്‍ തെങ്ങില്‍ വച്ചു പറമ്പിന്റെ ഓണര്‍ നാഗേന്ദ്ര അണ്ണാച്ചിയാല്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ടു. കിട്ടനോളം മിടുക്കനല്ലാതിരുന്നതിനാല്‍ പിടികൊടുത്ത്‌ നിലത്തിറങ്ങി. നെല്ലിമരത്തേല്‍ ബന്ധിതനായി. ഓണര്‍ ഇടി തുടങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ പുരയിടത്തിന്റെ ഉടമക്കു പിന്തുണ പ്രഖ്യാപിച്ച്‌ കൂട്ടയിടി തുടങ്ങി. മാലപ്പടക്കം എരിഞ്ഞു കേറുന്നതുപോലെ കുമ്മന്‍ ഇടി പൊട്ടവേ മൂന്നെന്‍ മൂപ്പന്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"പാണ്ടിച്ചിയുമായി ഒളിസേവ നടത്തിയതിനു നാഗേന്ദ്രന്‍ അണ്ണാച്ചി ഇടിക്കുന്നതെനിക്കു മനസ്സിലാക്കാം, ഈ നാട്ടുകാര്‍ എന്തിനാ കൂടെക്കയറി അടിക്കുന്നത്‌? നിങ്ങക്കെന്താ ഇതില്‍ കാര്യം?"

കറണ്ടു പോയ റൈസ്‌ മില്ലു പോലേ സര്‍വ്വം നിശബ്ദം നിശ്ചലം. പിന്നെ ചക്ക വീഴുമ്പോലെ ഒരു ശബ്ദം. അതു നാഗന്റെ നെഞ്ചാങ്കൂട്‌ പൊട്ടിയതാണെന്നു മനസ്സിലാക്കാന്‍ ആളുകള്‍ കുറേ സമയം എടുത്തു.

വിമോചിതനായ മൂന്നെന്‍ മൂപ്പന്‍ ഉടുമ്പു ലേഹ്യത്തില്‍ നിന്നൊരു തവി എടുത്തു സേവിച്ച്‌ ഒരേമ്പക്കവും വിട്ട്‌ ശിഷ്യന്‍ പൂച്ചയോട്‌ നടന്ന കാര്യങ്ങള്‍ ഒറ്റവാക്യത്തില്‍ വിവരിച്ചു "ആ നാഗേന്ദ്രന്‍ അണ്ണാച്ചി എന്റെ കൂമ്പു കലക്കി, ഞാന്‍ അവന്റെ മാനവും കലക്കി. ത്രേള്ളു."

2. Bus journey
http://swarthavicharam.blogspot.com/2006/01/3.html
മൂപ്പത്തീടെ മൂപ്പന്റേ യാത്ര ഇത്തിരികൂടെ വടക്കോട്ടായിരുന്നു..

ബസ്സൊരിടത്തെത്തി..
"പൊങ്ങണം പൊങ്ങണം പൊങ്ങണം.. " കിളി അടുത്തുവന്ന് ഒരേ ചെലപ്പ്‌
"പണ്ടാറക്കാലന്‍ ഞാന്‍ ഇവിടെ ഇറിക്കാനും സമ്മതിക്കില്ലല്ലോ " മൂപ്പരു സീറ്റില്‍ന്നു എഴുന്നേറ്റ്‌ നിന്നു
വണ്ടി കുറച്ചുകൂടെ പോയി,അപ്പോഴല്ലേ
കിളിയുടെ അടുത്ത കല്‍പ്പന വന്നത്‌
"മുണ്ടൂരു മുണ്ടൂര്‌ മുണ്ടൂര്‌"

തിറുമല്‍ മഹാദേവാ പറസ്യമായിട്ട്‌ ആക്ഷേപിക്കാന്‍ കൊടുക്കുന്നോ.
"അതു നിന്റപ്പനോട്‌ പറയാന്‍ കൊടുത്താല്‍ മതി, അയാള്‍ ഊരും മുണ്ട്‌." മൂപ്പന്‍ വീണ്ടും ഇരുന്നു.
--------------
വെള്ളിയാഴ്ച്ചകളില്‍ മുടങ്ങാതെ ജായിന്റെഴുത്തുണ്ടല്ലേ, നന്നായി.. അങ്ങനെ ഒരോന്നു പോരട്ടേ യാത്രക്കിടയിലും വന്നു വായിച്ചോളാം..

3. Abortion
http://kuttyedathi.blogspot.com/2006/03/blog-post_26.html
സുനിലേ,
ഞാന്‍ പറയണോ വേണ്ടേയെന്നു ശങ്കിച്ചു നിന്ന കാര്യം സുനില്‍ പറഞ്ഞ സ്ഥിതിക്ക്‌ ഇനിയൊന്നും നോക്കാനില്ല.

നമ്മളുടെ തലമുറക്ക്‌ ഒരു പ്രത്യേകതയുണ്ട്‌ : കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ നമ്മളായിരുന്നു വീട്ടില്‍ എറ്റവും പ്രധാനപ്പെട്ടവര്‍. അച്ഛനുമമ്മയും അപ്പൂപ്പനും അമ്മൂമ്മയും അമ്മാവനും അമ്മായിയും വീട്ടുവേലക്കാരന്‍ കൂടി, നമുക്കു ചുറ്റും ഉപഗ്രഹങ്ങളായി പ്രദക്ഷിണം വച്ചിട്ടേയുള്ളു. സ്വാഭാവിക പരിണാമമെന്ന നിലക്ക്‌ നമ്മുടെ തലമൂറയിലെ മഹാഭൂരിഭാഗം വെറും സ്വാര്‍ത്ഥരായി, തന്നിഷ്ടക്കാരും താന്തോന്നികളുമായി വളര്‍ന്നു. തനിക്കു ചുറ്റുമുള്ളത്‌ ഒരു വിലയും തിരിചു കൊടുക്കാതെ ആഹരിക്കാനും ഭോഗിക്കാനും വെറും വിനോദത്തിനു തച്ചുടക്കാനുമുള്ളതെന്നവര്‍ വിശസിച്ചു. വയസ്സായി പ്രയോജനമില്ലാതായ അച്ഛനമ്മമാരെ അനാഥാലയത്തിലോ പുറമ്പോക്കിലോ കൊണ്ടു തള്ളി. പൊതുജനം കൊടുത്ത ചുങ്കത്തില്‍ നിന്നു ശമ്പളം സ്വീകരിക്കുന്ന കസേരയില്‍ കയറിയിരുന്ന് അവരെയുപദ്രവിച്ചു. കണ്ട അതിരുകള്‍ മുഴുവന്‍ കല്ലു നാട്ടി സ്വന്തമാക്കി. വഴിയേ പോകുന്ന സ്കൂള്‍ കുട്ടികളേയും പിടിച്ചു ഭോഗിച്ചു. ചോദ്യം ചെയ്യാന്‍ വന്നവരെ അടിച്ചോടിച്ചു. മണല്‍ വാരി വിറ്റു തടി വെട്ടി വിറ്റു. സ്വത്തു വീതിച്ചു തരാന്‍ ഭയന്ന അപ്പനെ കത്തി കാട്ടി വിരട്ടി അതുമെഴുതി വാങ്ങി വിറ്റു.

ഇതാ നമ്മള്‍!!
ഇരുപതൊന്നാം നൂറ്റണ്ടിന്റെ യുവത്വം! ചീഫ്‌ സീയറ്റില്‍ കണ്ടു വേദനിച്ച ആ ലോകം തിന്നു മുടിക്കുന്ന ചിതല്‍പുറ്റുമനുഷ്യര്‍, നമ്മള്‍!!

നമുക്ക്‌, നാമെന്ന സ്വാര്‍ത്ഥതാമൂര്‍ത്തികള്‍ക്ക്‌ കുഞ്ഞിനെ പെറാനാവില്ല. കുഞ്ഞിനു കൈയില്‍ വെറും നിഷ്കളങ്കതയല്ലാതെ ഒന്നുമില്ല. ബാങ്ക്‌ ബാലന്‍സോ വറുത്ത ചെമ്മീനോ അയലത്തെ സുന്ദരിയേയോ ഒരു കുപ്പി മദ്യമോ വരുത്തിത്തരാന്‍ കുഞ്ഞിനാവില്ല. തുണി കഴുകിത്തരാനോ പാചകം ചെയ്തു തരാനോ ചെരുപ്പു തുടച്ചു തരാനോ കഴിവില്ലയതിന്‌ അല്ലേ?

എന്നാല്‍ നമുക്ക്‌ സുഖം മാത്രം ഊറ്റിയെടുക്കാം അതില്‍ നിന്ന് ബാദ്ധ്യതകളെയും ഉത്തരവാധിത്തങ്ങളേയും അരിച്ചു മാറ്റാം. ഈ സമൂഹത്തോടും നാം ചെയ്യുന്നതതു തന്നെയല്ലേ? മുന്‍ തലമുറയേയും വരും തലമുറയേയും ഒരുപോലെ മുടിച്ച്‌ നമുക്ക്‌ മാന്യനും സംസ്കൃതനും പരിഷ്കാരിയും ആധുനികനുമാവാം. ഞാന്‍ ജയിക്ക, എന്നുദരം ജയിക്ക എന്നിന്ദ്രിയങ്ങല്‍ ജയിക്കാ എന്‍ സുഖം വാഴ്ക. എനിക്കു ശേഷം പ്രളയമായാലെന്ത്‌ ആണവ ശിശിരമായാലെന്ത്‌?

4. Lost baggage
http://kuttyedathi.blogspot.com/2006/03/blog-post.html
മനസ്സിലായി. നാടകക്കാരുടെ സ്റ്റേജും സര്‍ക്കസ്സുകാരുടെ ടെന്റും കത്തി ബാങ്ക്‌ ബാലന്‍സ്‌ കൂടുന്നതുപോലെ. എസ്‌ എസ്‌ ഐ യൂണിറ്റ്‌ ഗോഡൌണിനു തീപ്പിടിച്ച്‌ മകളെ കെട്ടിക്കാനുള്ള സ്വര്‍ണ്ണമായി മാറുന്ന മായാജാലം പോലെ..

ഉലഹം ചുറ്റും പെട്ടികളുടെ ജീവിതം വലിയ കഷ്ടമാ. ഒരു സേമ്പിള്‍:

ദുബയില്‍ പാറപ്പന്‍ ചേട്ടനു ലീവ്‌ ഡ്യൂ ആകുന്നു. മഴക്കാലമായതുകൊണ്ട്‌ ഹോള്‍സെയില്‍ കടയില്‍ പോയി ഒരമ്പത്‌ മടക്കു കുട വാങ്ങി വച്ചു, കോളനിയില്‍ എല്ലാവരും ആവശ്യപ്പെടും. വീട്ടില്‍ വിളിച്ച്‌ എന്തു വാങ്ങണമെന്ന് തിരക്കി. മകള്‍
"ഡാഡീ, ഡാഡീ എനിക്കാ അപ്പിയിട്ടപോലത്തെ പാപ്പം വാങ്ങിച്ചോണ്ട്‌ വരണേ" എന്ന് അവളുടെ ഇഷ്ടഭോജ്യമാവശ്യപ്പെട്ടുപ്പെട്ടതിന്‍ പ്രകാരം ഒരു ബണ്ടില്‍ സോസേജ്‌ വാങ്ങി. പൊട്ടിയൊലിക്കാരിതിരിക്കാന്‍ എല്ലാംകൂടി അപ്പനു വാങ്ങിയ ജപ്പാന്‍ കൈലിമുണ്ടുകളില്‍ പൊതിഞ്ഞു. പുത്തന്‍ 'ഡെത്സീ' ഒരെണ്ണം വാങ്ങിച്ചു- കാര്‍ട്ടനില്‍ ഇതെല്ലാം അടച്ചുകൊണ്ട്‌ ചെന്നിറങ്ങിയാല്‍ കണ്‍സ്റ്റ്രക്ഷന്‍ വര്‍ക്കറാണെന്ന് എല്ലാരും വിചാരിക്കത്തില്ലിയോ കൂവേ.

റൂമിലെ മറ്റു നാലുപേരും ചേര്‍ന്ന് ഡെത്സീയെയും പാറപ്പായിയുടെ മറ്റു മൂന്നു പെട്ടിയേയും പാക്കിംഗ്‌ സ്റ്റ്രാപ്പിട്ട്‌ വരിഞ്ഞുകെട്ടി. മാസ്കിംഗ്‌ ടേപ്പാലെ ഒരു ചുറ്റും ചുറ്റി പാറപ്പന്‍ ഡി എക്സ്‌ ബി - ടി ആര്‍ വി എന്ന് മാര്‍ക്കര്‍ പേനകോണ്ട്‌ നാലുവശവും എഴുതി. ഉറുമ്പ്‌ ബ്രെഡ്ഡ്‌ എടുത്തുകൊന്റു പോകുമ്പോലെ റൂമില്‍ മേറ്റുന്നവരും അയലത്തു
മേറ്റുന്നവരും കൂടെ പെട്ടി താങ്ങി ഒരു പിക്കപ്പിലിട്ട്‌ എയര്‍പ്പോര്‍ട്ടിലിറക്കി. പോലീസുകാരന്റെ ഷൂ നക്കിത്തുവര്‍ത്തി ഐവര്‍ സംഘം എയര്‍പ്പോര്‍ട്ടിന്റെ ഉള്ളില്‍ കയറി ബാഗ്ഗേജ്‌ ചെക്ക്‌ ഇന്‍ ചെയ്തു പോര്‍ട്ടര്‍ക്കുള്ള പത്തു രൂപാ ലാഭിച്ച്‌ കൃതാര്‍ത്ഥരായി.

ബാഗ്ഗേജ്‌ കണ്വെയറിന്റെ പാളങ്ങള്‍ തുറക്കുകയും അടയുകയും ചേരുകയും പിളരുകയും നൂറ്റൊന്നു തവണ ചെയ്തു. ഓരോ യൂ ടേണിലും ഡെത്സീ കരണം മറിഞ്ഞ്നുകൊണ്ടേയിരുന്നു. കുഴഞ്ഞുപോയ അവള്‍ കണ്‍വെയറില്‍ ഒരിടത്ത്‌ പറ്റിപ്പിടിച്ചു നിന്നു. ബാക്കി പെട്ടികള്‍ റൂട്ട്‌ ബോര്‍ഡിന്‍പടി തിരുവന്തോരത്തിനു പൊയി. ഡെത്സീ വഴിയരികില്‍ കിടക്കുമ്പോള്‍ ഒരു വലിയ സാംസണൈറ്റ്‌ വന്ന് അവളെ ഇടിച്ചു നിലത്തിട്ടു. അവന്‍ വലിച്ചിഴച്ച വഴിയേ അവള്‍ പോയി. ലണ്ടന്‍ ഹീത്രുവിലെ ബാഗ്ഗേജ്‌ ചെക്കൌട്ടില്‍ അനാഥയായി അനന്തകോടി വട്ടം ചുറ്റി. ഒടുക്കം ഒരുത്തന്‍ അവളെ പിടികൂടി നിലത്തിട്ടു. ഫോര്‍ക്ക്ലിഫ്റ്റില്‍ കയറ്റി ഒരു ജെയിലിലടച്ചു.

പാറപ്പന്‍ രണ്ടു മണിക്കൂര്‍ തിരുവനന്തപുരത്ത്‌ കാത്തു നിന്നിട്ട്‌ ഒരു ക്ലെയിം ഫോം ഫില്ല് ചെയ്തിട്ട്‌ വീട്ടില്‍ പോയി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ എല്ലാ ആളുകളും ആ മണ്‍സൂൊണ്‍ കാലത്ത്‌ മഴ നനഞ്ഞു പനി പിടിച്ചു. പാറപ്പന്റപ്പന്‍ ചേറപ്പന്‍ കിബ്സ്‌ മാര്‍ക്ക്‌ ലുങ്കി ഉടുത്തു. മോള്‍ അപ്പിപ്പാപ്പം കിട്ടാതെ വാശി പിടിച്ച്‌ കരഞ്ഞ്‌ അടി വാങ്ങി. ആഴ്ചയില്‍ ഒരിക്കല്‍ പാറപ്പന്‍ എയര്‍ലൈനില്‍ വിളിച്ച്‌ പെട്ടിയുടെ കാര്യം തിരക്കി. അവസ്സാനം അസ്സെസ്സ്‌ ചെയ്ത്‌ കിട്ടിയ 75 ഡോളര്‍ മതിയെന്ന് ഒപ്പിട്ടു കൊടുത്തു. പിന്നെ ലീവ്‌ കഴിഞ്ഞ്‌ ദുബായിക്ക്‌ തിരിച്ചു പോയി.

3 മാസത്തിനു ശേഷം ഡെത്സീ അനാഥരായ മറ്റു പല പെട്ടികളുടെയും കൂടെ വിമാനത്തിന്റെ ബേസ്‌ സ്റ്റേഷനായ ദുബായില്‍ തിരിച്ചെത്തി. പാറപ്പന്റെ മോളുടെ വാക്ക്‌ അറം പറ്റിയെന്നോണം ഡെത്സീന്‍റെ ഉള്ളില്‍ നിറയുന്ന പാപ്പം അപ്പിയുടെ നിറവും മണവും ആയിക്കഴിഞ്ഞിരുന്നു. ആ മണം പരിചയമില്ലാത്ത പോലീസ്‌ പട്ടി അവളെ മണത്ത്‌ പ്രാണനും കൊണ്ടോടി കൂട്ടില്‍ കയറി. വിമാനത്താവളത്തില്‍ ഒരു പട്ടാണി പ്ലാസ്റ്റിക്‌ ബാഗ്ഗില്‍ അവളെ പൊതിഞ്ഞു. ഫര്‍ണസിലേക്‌ അവളെ എടുക്കുമ്പോളേക്ക്‌ പാറപ്പന്‍ പോലുമവളെ മറന്നിരുന്നു.

(സ്റ്റൈല്‍ ക്രെഡിറ്റ്‌ - വി ഡി രാജപ്പേട്ടന്‍!)

5. മത്സ്യബന്ധനം.
http://nilapaatu.blogspot.com/2005/12/blog-post.html

ശ്രീഭൂതകാലമില്ലായിരുന്നെൻകിൽ നമ്മൾ ബ്ലോഗ്ഗർ പണ്ടേ തെണ്ടിപ്പോയേനെ സിദ്ധാർത്ഥോ.

ഞങളും കൈ നനയാതെ മീൻ പിടിച്ചു. ഒരു കൂട്ടുകാരന്റേ വീട്ടിൽ പോയപ്പോൾ. അവന്റെ ചേട്ടൻ തോട്ടിൽ തോട്ടയെറിഞ്ഞു മീൻ പിടിക്കുന്നതിൽ എക്സ്പർട്ട് ആണെന്നു കേട്ട ഞങ്ങൾ ബോംബേറ് കാണണമെന്നു വാശി പിടിച്ചു. പാവം ചേട്ടായി “തോട്ടാ രാത്രിയിലേ എറിയാവൂ ആരെൻകിലും കുളിക്കടവിലോ മറ്റോ ഉണ്ടെൻകിൽ കൂമ്പു കലങ്ങിച്ചാകുമെടാ” എന്നൊക്കെ ഒഴിയാൻ നോക്കിയെൻകിലും അവസാനം നിർബ്ബന്ധത്തിനു വഴങ്ങി.

ഉച്ച തിരിഞ്ഞ നേരം. ഞങ്ങൾ ഒരു കിലോമീറ്ററോളം രംഗവീക്ഷണം നടത്തി. പുഴയിൽ ഒരു മാനും മയിൽജാതിയുംകൂടി ഇറങ്ങിയിട്ടില്ല. സേഫ്. തോമാച്ചന്റെ ചേട്ടൻ തോട്ട കത്തിച്ചു. ഞങ്ങൾ ശ്വാസം പിടിച്ചു നോക്കി.

ഠേ എന്ന ശബ്ദത്തോടെ പുഴയിൽ ന്യൂക്ലിയർ മഷ്റൂം പോലെ വെള്ളം ഉയർന്നു. അതിന്നപ്പുറത്ത് “അയ്യോ” എന്ന ശബ്ദത്തോടെ നാലു തലകളും. വെള്ളത്തിനു നടുവിലെ പാറയിടുക്കിനകത്തിരുന്ന് നാലു തടിമാടന്മാര് വെള്ളമടിക്കുന്നുണ്ടായിരുന്നെന്ന് ഞങ്ങളെങനെ അറിയാൻ!

ചാരായക്കുപ്പിയുമോങ്ങി അവർ മരമടി മത്സരത്തിലേ കാളകളെപ്പോലെ വെള്ളം ചീറ്റി തെറുപ്പിച്ച് അവർ ഞങളെപ്പിടിക്കാൻ ഓടി വരവു തുടങ്ങി.

ഞങളൊടിയെൻകിലും തോമാച്ചന്റേട്ടൻ കുലുങ്ങിയില്ല.
“അടുക്കരുത് തോട്ടയാണെന്റെ കയ്യിൽ“
ബോംബു ഭീഷണിയിൽ ഭയന്ന അവർ പല തരം ബഹുവ്രീഹീ സമാസങ്ങളാലെ ഞങ്ങള്ക്ക് വിശേഷണങളും ചാർത്തി മടങ്ങി.

തോട്ടാ ഓങ്ങി അടുക്കരുത് എന്നു പറഞ്ഞു നിൽക്കുന്ന ചേട്ടച്ചാരുടെ രൂപം സുദർശനമോങ്ങി നിൽക്കുന്ന കൃഷ്ണന്റെ ചിത്രം പോലെ ഇന്നും തെളിഞു നിൽപ്പുണ്ട് ഇങ്ങനെ ഓൺ ഡിമാന്റായി ഭൂതം ചികയുമ്പോ പുറത്തുവരാനായി.

6. ആരാകണം?
http://chintyam.blogspot.com/2006/03/blog-post_22.html

കുട്ടിക്കാലത്തും ചെറുപ്പത്തിലും എനിക്കു പ്രത്യേകിച്ച്‌ ആരും ആകണമെന്ന് തോന്നിയില്ല. അതുകൊണ്ടാണോ എന്തോ ഞാന്‍ പ്രത്യേകിച്ച്‌ ആരുമായതുമില്ല.

എഞ്ചിനീയര്‍-ഡോക്റ്റര്‍ ഭ്രമം ഇത്രയുമില്ലാതിരുന എന്നാല്‍ ഉപരിപഠനമെന്നാല്‍ ഇതു രണ്ടില്‍ ഒന്നാണെന്ന പൊതു ജനാഭിപ്രായം നില നിന്നിരുന്ന സമയത്ത്‌ ഇതൊന്നുമാകാന്‍ തീരെ താല്‍പര്യമില്ലാതെ ഞാന്‍ ഓടിക്കളഞ്ഞു. ഐയ്യേ എസ്‌ എന്ന സൂപ്പര്‍ ക്ലാര്‍ക്കു പരീക്ഷയോ (ക്രെഡിറ്റ്‌ വീക്കെയെന്നിന്‌) സാദാ ബാങ്ക്‌ ക്ലാര്‍ക്ക്‌ പരീക്ഷയോ ഞാന്‍ എഴുതിയില്ല. തൊഴിലില്ലായ്മ വേതനവും വാങ്ങിയില്ല. യാദൃശ്ചികമായി തുറന്നുവന്ന വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.മഞ്ജിത്ത്‌ പറഞ്ഞതുപോലെ സാഹചര്യം എന്നെ ഇതൊക്കെയാക്കിയതാവും ആക്കിതീര്‍ത്തത്‌.

ആരാകണം? ചെറുപ്പത്തില്‍ ആരും എന്നോടു ചോദിച്ചിട്ടില്ലാത്ത ചോദ്യം, ഞാന്‍ ഇന്നെന്നോടു ചോദിക്കുന്നു. ഉത്തരമില്ല. ഇനിയിപ്പോ ആരെങ്കിലും ആകാന്‍ ? ആവശ്യങ്ങളേറി. ജോലി വേണം, വീടു വേണം, വണ്ടി, കിണ്ടി, ടെലിഫോണ്‍, മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്‌- ഇതെല്ലാം സമ്പാദിക്കുന്നതിനിടയില്‍ ആരെങ്കിലുമാകാന്‍ പറ്റുമോ?

കേരളത്തില്‍ ഇന്ന് ആരുമാകാന്‍ കഴിയില്ല. എന്റ്രന്‍സ്‌ എഴുതുന്ന കുട്ടികളെക്കാള്‍ സീറ്റുകളുണ്ട്‌ എഞ്ജി-ഡോക്‌ മേഖലകളില്‍. ഇതിന്റെ ഫീസ്‌ കൊടുക്കാന്‍ ശേഷി മാത്രം മതി! അതിനു കഴിയാത്തവരുടേയെല്ലാം ജീവിതം 12 അം ക്ലാസ്സില്‍ വച്ചു തന്നെ തീര്‍ന്നു!

കൊല്ലം ഗവേര്‍ണ്‍മന്റ്‌ സ്കൂള്‍ വിട്ടിറങ്ങി പോകുന്ന +2 കുട്ടികളെ ഞാന്‍ ഈയിടെ കുറേ നേരം നോക്കി നിന്നു. അവരെല്ലാം നാരാകാന്‍പോകുന്നവര്‍? ഇവരില്‍ ദേവരാജന്‍ മാസ്റ്റര്‍ എവിടെ? ലളിതാംബിക? സി കേശവന്‍? കുമ്പളത്തു ശങ്കുപ്പിള്ളയുണ്ടോ? ഇളം കുളം? ശ്രീകണ്ഠന്‍ നായര്‍? ജയന്‍? എവിടെ സ്റ്റേജില്‍ "എനിക്കുകൂടെ ആ ചെങ്കൊടിയൊന്നു തരിന്‍ മക്കളെ ഞാനൊരാണായി നട്ടെല്ലു വിവര്‍ത്തി ഇങ്കുലാബ്‌ വിളിക്കട്ടേ" എന്ന ഡയലോഗാലെ ഒരു പുരുഷാരത്തെ മുഴുവന്‍ പൊട്ടിക്കരയിച്ച കാമ്പിശ്ശേരി?


7. കാലും ബ്രാലും
http://kodakarapuranams.blogspot.com/2006/06/blog-post_24.html
ക്ലൈമാക്സ്‌ കലക്കി വിശാലാ.അല്ലെങ്കിലും ആത്മാര്‍ത്ഥതക്ക്‌ ഈ നാട്ടില്‍ ഒരു വിലയുമില്ല.

എല്ലാ നാട്ടിലും കുറേയൊക്കെ കാര്യങ്ങള്‍ ഒരുപോലാന്നു തോന്നുന്നു. പണ്ടൊരു കര്‍ക്കിടകരാത്രി കറുത്തകുഞ്ഞു വേലത്താനും മോനും പുതുവെള്ളത്തില്‍ ഊത്തപിടിക്കാന്‍ പോയി. തോട്ടുവരമ്പിന്റെ പൊത്തുകളില്‍ പരതിക്കോണ്ടിരുന്ന മോന്‍സ്റ്റര്‍ "അപ്പാ ദേ ഒര്‌ മുട്ടന്‍ ബ്രാല്‍" എന്നു പറഞ്ഞ്‌" ചെളിയില്‍ നിന്നൊന്നിനെ ഊരിയതും അപ്പന്‍ മലര്‍ന്ന് തോട്ടില്‍ കിടക്കുന്നു.

ആ കിടപ്പില്‍ കറുത്ത മാനം നോക്കി കറുത്ത കുഞ്ഞ്‌ ഇങ്ങനെ ആത്മഗതം ചെയ്തുപോലും "ബ്രാലും കാലും തിരിച്ചറിയാന്‍ മേലാത്ത കുരിപ്പാണല്ലോ ദൈവേ എനിക്കു പൊടിച്ചത്‌"

8. റിഫ്ലക്സ്‌ ആക്ഷന്‍
http://kodakarapuranams.blogspot.com/2006/06/blog-post.html
തിരുവല്ല ശ്രീവല്ലഭന്റെ ഗരുഡനെ വീതുളിയെറിഞ്ഞു നിലത്തിരുത്തിയ ഉളിയന്നൂര്‍ പെരുന്തച്ചനോളം കേമി തന്നെ അരിവാളെറിഞ്ഞ്‌ തക്ഷകനെ കൊടകരത്തോട്ടില്‍ താഴ്ത്തിയ കാര്‍ത്ത്യേച്ചി.

ഈ തരം റിഫ്ലക്സ്‌ ആക്ഷന്‍ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളതുകൊണ്ട്‌ ഭംഗിയായി വിഷ്വലൈസ്‌ ചെയ്തു വിശാലാ. ഒരിക്കല്‍ ഒരു വെരുക്‌ ഹൈക്കൌണ്ട്‌ പൈപ്പ്‌ ഫാക്റ്ററിയില്‍ പെട്ടുപോയി. വെരുകിനെ പിടിച്ചു വിറ്റാല്‍ കുറഞ്ഞത്‌ പതിനായിരം രൂപാ ബ്ലാക്ക്‌ മാര്‍ക്കറ്റില്‍ കിട്ടും (വെരുകിന്‍ പുഴുക്‌ 10 ഗ്രാമിനു വില അഞ്ഞൂറാ, വെരുകിനെ വളര്‍ത്തുന്നത്‌ സ്വര്‍ണ്ണമുട്ടയിടുന്ന താറാവിനെ വളര്‍ത്തുന്നതിലും ലാഭമത്രേ).

ഞങ്ങള്‍ പത്തിരുപതു പേര്‍ കയ്യില്‍ കിട്ടിയ പുളിമുട്ടം, ചാക്ക്‌, ബോട്ടുവല, അയയില്‍ കിടന്ന ലുങ്കി , കോഴിക്കൂടിന്റെ പട്ടിയേല്‍, ഇലവാങ്ക്‌ ഒക്കെ എടുത്ത്‌ വെരുകിനെ ഓടിച്ചു. മൃഗശ്രേഷ്ഠനോ ചൂണ്ട വിഴുങ്ങിയ വരാലിനെപ്പോലെ ഫാക്റ്ററിക്കോമ്പൌണ്ടില്‍ പരക്കം പാഞ്ഞു. ഒടുവില്‍ ഒരു കാര്‍ഷെഡില്‍ കോര്‍ണേര്‍ഡ്‌ ആയി.

ഞങ്ങള്‍ കൂട്ടം കൂടി ചാക്കും വടിയും നീട്ടി അരച്ചുവടുകള്‍ മാത്രം അഡ്വാന്‍സ്‌ ചെയ്തു പതിയേ നീങ്ങി. തൊട്ടു തൊട്ടില്ല തൊട്ടൂ തൊട്ടില്ല എന്ന ദൂരം വരെ നോ പ്രോബ്ലം.

അള മുട്ടിയാല്‍ വെരുകും കടിക്കുമെന്ന് അപ്പോ കണ്ടു. പമ്മിയിരുന്ന അവന്‍ പെട്ടെന്ന് സിംഹം തോല്‍ക്കുന്ന ഒരലര്‍ച്ചയും ഞങ്ങളുടെ നേര്‍ക്ക്‌ ഒരു ചാട്ടവും. ആ ചാട്ടം സ്റ്റാര്‍ട്ട്‌ ചെയ്തു മൂന്നു
നാനോ സെക്കന്‍ഡ്‌ കൊണ്ട്‌ ഡ്രൈവന്‍ രാധാകൃഷ്ണന്‍ കയ്യിലിരുന്ന ഇരുമ്പു പൈപ്പുകൊണ്ട്‌ കൃഷ്ണമാചാരി ശ്രീകാന്തിന്റെ ഹൂക്കിംഗ്‌ മാതിരി
ഒരടി. ചക്കപോലെ വെരു നിലത്ത്‌. പച്ച ജീവനില്‍ വായുവിലോട്ടു കുതിച്ച ജന്തു കുമാരപിള്ളസ്സാറോ മറ്റോ "ഒരുനേര്‍ത്ത ചലനത്തില്‍ നിഴല്‍ പോലുമേശാത്തൊരവസാന നിദ്രയില്‍ ആണ്ടുപോയി" എന്നെഴുതിയിട്ടില്ലേ ആ പരുവത്തില്‍ ലാന്‍ഡ്‌ ചെയ്തു. രൂപാ പതിനായിരം തീപ്പിടിച്ചു പോകുന്നതായിട്ടാണ്‌ ഞങ്ങള്‍ മിക്കവരും ആ കാഴ്ച്ചയെ കണ്ടത്‌.

"ഹേ ശ്‌മശ്രുവേ, അഗമ്യ ഗാമീ, പിതൃത്വം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലാത താങ്കള്‍ ആ ജന്തുവെ വധിച്ചുവോ" എന്ന് ജനം പ്രാകൃതമായ വേരിയന്റുകളില്‍ രാധാകൃഷ്ണനോട്‌ അലറി.

രാ കൃ. അവിശ്വസനീയതയോടെ സ്വന്തം കൈയിലെ പൈപ്പില്‍ പുരണ്ട ചോരയില്‍ നോക്കി
"അയ്യോ ഞാനാണോ അടിച്ചേ? സോറി. സത്യമായും ഞാന്‍ അറിഞ്ഞപോലും.."
(ഓ വി വിജയന്റെ വെള്ളായിയച്ചനോട്‌ മോന്‍ പറഞ്ഞതും നമ്മുടെ രാധ ഞങ്ങളോട്‌ പറഞ്ഞതു തന്നെയല്ലേ?)

അതു തന്നെ അല്ലെ ചാണകക്കുട്ടയുമായി തുള്ളിനടക്കുന്ന കൊടകരയുടെ സൌന്ദര്യധാമം കാര്‍ത്ത്യേച്ചിയും ചെയ്തുപോയത്‌. റിഫ്ല്കസാല്‍ ചെയ്യുന്ന കര്‍മ്മം തടുക്കാവതല്ല ( യോഹന്നാന്‍ ചേട്ടന്‍ ഈ പാമ്പിനെ കണ്ട്‌ ഉള്‍പ്രേരണ ഉണ്ടായി ഒന്നും ചെയ്തില്ലേ? ആശ്ചര്യം!)

നന്നായെന്നു ഇനി പ്രത്യേകം പറയാനില്ല. പ്രത്യേകം പറയേണ്ടത്‌ അങ്ങേത്തല ഗോപാലകൃഷ്ണനും ഇങ്ങേത്തല ഗോപാലകൃഷ്ണനും എന്ന റെയിഞ്ച്‌ അളക്കല്‍ ആണ്‌!

9. Rathod @ Doha Games
http://swarthavicharam.blogspot.com/2006/12/blog-post.html
സംഭവം ഇങ്ങനെയായിരിക്കും സപ്താ.
R. A. റ്റോഡ്‌ സഞ്ചീം കുന്തോം ആയി ഹോട്ടലില്‍ വന്നു കേറി. അവിടെ ഇരിക്കുന്ന ലെബനോണി പെണ്ണിനോട്‌
"ഹലോ, ഐം സുരേന്ദ്ര റാത്തോഡ്‌, ഷൂട്ടിംഗ്‌ കോണ്ടസ്റ്റന്റ്‌"

"ഷൂ ഹാദാ?"
" മീ, റാത്തോഡ്‌! മീ, ഡിഷൂം ഡിഷൂം ഡിഷൂം!"
ശും! ഡെസ്ക്‌ കാലി, ലോബിയും.

റാത്തോടന്‍ ഗസ്റ്റ്‌ ബുക്കില്‍ ഇങ്ങനെ എഴുതി " സ്റ്റാഫ്‌ വേര്‍ അണ്‍ അറ്റന്‍ഡീവ്‌ . ഗേവ്‌ മീ അ കോള്‍ഡ്‌ ഷോള്‍ഡര്‍”