Saturday, December 22, 2007

ദുര്യോധനന്റെ കണ്ണട

മുന്നത്തേത് കമന്റ് ആയതുകാരണം അതിലെ കമന്റുകള്‍ ശ്രദ്ധിച്ചില്ലായിരുന്നു ഇപ്പോഴാ വായിച്ചത് ത്രിശങ്കുവേ. കമന്റിന്റെ കമന്റിന്റെ കമന്റുകള്‍ അടുത്ത കമന്റു പോസ്റ്റാക്കുന്നു.

സമ്മതിച്ചു, ഒരു അണ്ഡവും ഒരു ബീജവും കൂടിച്ചേരുമ്പോള്‍ ഒരു സൈഗോട്ട് ഉണ്ടാകും. അങ്ങനെ 101 സൈഗോട്ട് ഉണ്ടായിരുന്നോ ഗാന്ധാരിയമ്മയുടെ വയറ്റില്‍?
ഇല്ലല്ലോ, വായിച്ചു തീരും മുന്നേ ചോദ്യം ചോദിച്ചു തൃശങ്കു, എവിടെ വച്ചാണു സെല്‍ ഡിഫറന്‍ഷ്യേഷന്‍ നടക്കുന്നതെന്ന് മാത്രമാണു പറഞ്ഞു വന്നത്, അവിടെ ഇങ്ങനെ ഒരു ചോദ്യം എന്തിനാണ്‌?

(ആ കോശം സ്വയം പിളരുന്നതിനു പല പല ഫേസസ് ഉണ്ട്, വിശദീകരിക്കുന്നില്ല.)
വേണ്ട, വര്‍ഷം കുറെയായെങ്കിലും, ഞാനും ബയോളജി പഠിച്ചിട്ടുണ്ട്. :)
ദേ വീണ്ടും അതു തന്നെ ചെയ്തു. അടുത്ത വരി കൂടെ വായിക്കെന്നേ, the statement means I have skipped those phases that are not very relevant. ഞാന്‍ ബയോളജിയെന്നല്ല, സ്പെഷലൈസ് ചെയ്ത ശാസ്ത്രേതര വിഷയം അല്ലാതെ മറ്റൊന്നും കൂടുതല്‍ പഠിച്ചിട്ടില്ല. ബ്ലോഗില്‍ എഴുതുന്നത് പൊതുജനസമക്ഷം ആയതുകാരണം ബയോളജി പഠിച്ചിട്ടുള്ളവരെ മാത്രം മുന്നില്‍ കാണാന്‍ വയ്യല്ലോ.

അതുകൊണ്ട് ടിഷ്യൂകള്‍ മനുഷ്യശരീരത്തില്‍ വളര്‍ന്നാലും പുറത്ത് ടെസ്റ്റ് റ്റ്യൂബിലോ ഘടത്തിലോ ഓട്ടുരുളിയിലോ വളര്‍ന്നാലും അതേ ടിഷ്യൂകള്‍ ആകുമെന്നല്ലാതെ കിഡ്ണിയിലുള്ള ടിഷ്യൂവിനു കണ്ണോ മൂക്കോ രോമമോ ആകാന്‍ കഴിയില്ല- അങ്ങനെ തീര്‍ത്ത് പറയാമോ. മൃഗങ്ങളിലോ മനുഷ്യരിലോ ഇത്തരത്തില്‍ ഇതു വരെ സാധിച്ചിട്ടില്ല എന്നതല്ലേ ശരി. സസ്യങ്ങളുടെ ടിഷ്യൂകള്‍ (തളിര്‍ ഭാഗം) പ്രത്യേക ലായനിയില്‍ വളര്‍ത്തുമ്പോള്‍ പൂര്‍ണ്ണ സസ്യാമായാണല്ലോ വളരുന്നത്. ഓരോ സെല്ലിനും പൂര്‍ണ്ണ സസ്യം /ജന്തു ആകാനുള്ള കഴിവുണ്ട്. അതിനെയാണ് totipotency എന്ന് പറയുന്നത്. പക്ഷേ അതിനെ stimulate ചെയ്യുവാനും അതിനു വളരുവാനുമുള്ള പരിതസ്ഥിതി ഉണ്ടായിരിക്കണമെന്ന് മാത്രം. ജന്തുക്കളില്‍ ഇതിന് വളരെ സങ്കീര്‍ണ്ണമായ സാഹചര്യം ഒരുക്കേണ്ടതുണ്ട്.

ഗാന്ധാരി ഒരു ചെടിയല്ലല്ലോ (കാന്താരി അല്ലേ ചെടി). എഴുതിവന്ന കോണ്ടക്സ്റ്റ് നോക്കണ്ടേ, ചെടിക്ക് കണ്ണുമില്ലല്ലോ. ടോട്ടിപൊട്ടന്‍സി പോസ്റ്റ് ഡിഫറന്‍സിയേഷന്‍ സ്റ്റേജിലുള്ള ജന്തുകോശങ്ങള്‍ക്ക് പോയി കിട്ടും എന്നും ഈ ഡീജെനറേറ്റീവ് പ്രോപ്പര്‍ട്ടിയെ റിവേര്‍സ് ചെയ്യാനുള്ള തന്ത്രം (ഇന്നത്തെ) ശാസ്ത്രത്തിനില്ല എന്നും ആണ്‌ പറഞ്ഞുവന്നത്. സങ്കീര്‍ണ്ണമായ എന്തു സാഹചര്യമാണ്‌ ൧൦൧ നെയ് കുടങ്ങളില്‍ ഒരുക്കിയതെന്ന് വ്യാസന്‍ വിശദീകരിട്ടുമില്ല.

സ്റ്റെം സെല്‍ ഗവേഷണങ്ങള്‍ ഇതിന്റെ ചുവടു പിടിച്ചാണ്‌.

അതെ potency കൂടുതലുള്ള കോശമാണ് സ്റ്റെം സെല്‍ - ഉദാഹരണത്തിന് പൊക്കിള്‍‌കൊടിയിലെ രക്തം. ഈ (Pluripotent) കോശങ്ങള്‍ ഉപയോഗിച്ച് പല അവയങ്ങളും വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പ്ലൂറിപൊട്ടന്‍സിയും ടോട്ടിപൊട്ടന്‍സിയും ഒന്നല്ലല്ലോ. എന്റെ കയ്യില്‍ അമ്പതിനായിരം രൂപ ഉണ്ടെന്ന് (ഉദാഹരണമാണ്‌, സത്യത്തില്‍ അഞ്ചിന്റെ തുട്ടു പോലും ഇല്ല) പറയുന്നതും ലോകത്തിലെ പണം മുഴുവന്‍ എന്റെ കയ്യില്‍ ആണെന്നു പറയുന്നതും ഒന്നല്ലാത്തതുപോലെ.

അഡല്‍റ്റ് സെല്ലുകള്‍ക്ക് പ്രീ ഗാസ്ട്രുലേഷന്‍ ഫേസിലേക്ക് മടങ്ങിപ്പോകാന്‍ ആകാത്തതുകൊണ്ടാണ്‌ ക്ലോണിങ്ങ് ചെയ്യുമ്പോള്‍ അഡല്‍റ്റ് സെല്ലിലെ ഡീ എന്‍ ഏ വേര്‍തിരിച്ച് ഡീ എന്‍ ഏ നശിപ്പിച്ച ഒരണ്ഡത്തില്‍ സന്നിവേശിപ്പിക്കുന്നത്.

അഡല്‍റ്റ് സെല്ലുകളുടെ potency കുറവാണെന്നത് ശരിയാണ്.
ചില സെല്ലുകള്‍ അനിയന്ത്രിതമായി വിഭജിക്കുന്നതെന്തെന്നും (കാന്‍സര്‍) വ്യക്തമായി നമുക്കറിയില്ല.

അനിയന്ത്രിമ്മായി വിഭജിക്കുമ്പോഴും അതിനു ടോട്ടിപൊട്ടന്‍സിയില്ലല്ലോ. അപ്പോ അതിനിവിടെ എന്തു പ്രസക്തി?

എന്റെ വിരല്‍ മുറിച്ച് അതില്‍ നിന്നും അടുത്ത ദേവനെ ഉണ്ടാക്കാന്‍ കഴിയില്ല
ദേവന്റെ കാര്യമറിയില്ല. പല രാക്ഷസന്മാര്‍ക്കും ഈ കഴിവുണ്ടായിരുന്നു എന്ന് കേട്ടിരിന്നു. :)
അനേറോബിക്ക് ബിക്ക് യൂണിസെല്ലുലര്‍ ഓര്‍ഗാനിസം പോലും ജീവിച്ചിരുന്നതിനു തെളിവുള്ള ഇന്നത്തെ മനുഷ്യനു അവര്‍ എന്നു ജീവിച്ചിരുന്നെന്നും എങ്ങനെ അന്യം നിന്നെന്നും അറിയാന്‍ പാടില്ലാതെ പോയതെന്തേ?

ഇനി വ്യാസന്റെ ദിവ്യദൃഷ്ടിയാല്‍ ഈ സൂക്ഷ്മവസ്തു കണ്ടെന്നും ദിവ്യായുത്താല്‍ അതിനെ ഛേദിച്ചെന്നും വയ്ക്കുക. അപ്പോള്‍ കൗരവന്‍ നൂറ്റൊന്ന് ഐഡന്റിക്കല്‍ സഹോദരരായി. ഗാന്ധാരി ദുര്യോധനനെയും ദുശ്ശാസനനെയും വിന്ദനെയും ഒക്കെ തിരിച്ചറിയാന്‍ വയ്യാതെ നടന്നേനെ. അങ്ങനെ അല്ലല്ലോ കൗരവര്‍?

ഈ സംശയമാണ് ഞാനും ആദ്യമേ പ്രകടിപ്പിച്ചത്. ദുശ്ശള ദുരൂഹമായിരിക്കുന്നുവെന്ന്. 101 എംബ്രിയോകളായിരുന്നോ പ്രത്യേകം ഘടത്തില്‍ വളര്‍ത്തിയത്? പക്ഷേ അതൊക്കെ വളരാനുള്ള സാഹചര്യം എങ്ങനെ
?
അതേ, അതിന്റെ കണ്‍ക്ലൂഷന്‍ ആയാണ്‌ ഞാന്‍ പറഞ്ഞത് ഇതിഹാസങ്ങള്‍ ഫിക്ഷന്‍ ആണെന്ന്. കഥയില്‍ ചോദ്യമില്ലല്ലോ.



ഇതിഹാസങ്ങള്‍ ഫിക്ഷന്‍ മാത്രമാണ്‌.

ആഹ്, അങ്ങനെ തന്നെ വിശ്വസിക്കാം. :)


ഒരു ഭ്രൂണം ഛേദിച്ചത് നൂറ്റൊന്നാക്കി എന്നെഴുതിയ വ്യാസന്‍ അര്‍ജ്ജുനനു ഒഴിയാത്ത തൂണീരം കൊടുത്തിട്ടുണ്ട്. അതേതുശാസ്ത്രപ്രകാരം ന്യായീകരിക്കും ? വ്യാസന്റെ അമ്മ മല്‍സ്യഗന്ധി മീന്‍ ബീജം വിഴുങ്ങിയപ്പോ ജനിച്ച കഥയോ? വ്യാസന്‍ ജനിക്കാനായി കാളിന്ദിക്കു നടുവില്‍ മന്ത്രശക്തിയാല്‍ പരാശരമഹര്‍ഷി ദ്വീപ് ഉണ്ടാക്കിയതോ? അങ്ങനെ ആയിരം ചോദ്യം ഉയര്‍ത്താന്‍ ബുദ്ധിമുട്ടൊന്നുമില്ല.

ജോജു ചോദിച്ചതുപോലെ ബ്രെയിന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തി വിജയിക്കുമ്പോള്‍ അത് ബാലരമ കാര്‍ട്ടൂണിസ്റ്റിനു കൊടുക്കാമോ?

ഓര്‍ഡിനറി അഡല്‍റ്റ് സെല്ലിനെ പ്ലൂറിപൊട്ടന്റ് ആക്കാമോ എന്ന കാര്യത്തില്‍ ഒരു ചുവട് ശാസ്ത്രം വച്ചിട്ടേയുള്ളു, നിശ്ചിതഫലങ്ങളൊന്നും ആയിട്ടില്ല. ഡി എന്‍ ഏ റീപ്രോഗ്രാമ്മിങ് വ്യാസന്‍ നടത്തിയത് കുടത്തിലടച്ച് മന്ത്രം ചൊല്ലിയിട്ടാണെന്ന് പറഞ്ഞാല്‍ സംഭവം ബുദ്ധിമുട്ടാകും.

നമ്മള്‍ ചിന്തിച്ച് ചിന്തിച്ച് ഡി എന്‍ ഏ റീപ്രോഗ്രാമിങ്ങ് വരെ എത്തി നില്‍ക്കുകയല്ലേ, ഒരു ബാലേയ്ക്ക് സ്ക്രിപ്റ്റ് എഴുതി നോക്കാം?
"ദുശ്ശളേ എന്റെ കണ്ണാടിയെവിടെ കുട്ടീ?" (ആരും കൂവരുത്, ഈ ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള മെഡിക്കല്‍ എയിഡാണു മൂക്കു കണ്ണട, ഡീ എന്‍ ഏ റീപ്രോഗ്രാം ചെയ്ത വ്യാസനു അതറിയില്ലെന്നോ?)
"അമ്മേ, ആ ലൈറ്റ് ഒന്നിട്ടേ, ഏട്ടന്റെ കണ്ണട നോക്കട്ടെ" (അണുശക്തി വരെ ലതിലുണ്ട്, പിന്നല്ലേ വൈദ്യുതി)
" ഒന്നു വേഗം ആകെട്ടെടീ, ഞാന്‍ വണ്ടി ഡബിള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാ‌" ( ഫോസില്‍ ഫ്യുവലിനു ചെരുപ്പേറോ?)
"ഏട്ടാ ദാ ഫോണും കണ്ണടയും. ഇതെവിടേയ്ക്കാ വെപ്രാളപ്പെട്ട് ഓടുന്നത്?"
"പാണ്ഡവരുമായി ചൂതു തുടങ്ങാന്‍ പോകുകയല്ലേ, കള്ളച്ചൂത് പ്രാക്റ്റീസ് ചെയ്യാന്‍ ഒരു സിമുലേറ്റര്‍ എന്റെ ലാപ്പ് ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തു തരാമെന്ന് ശകുനിസ്സാറു പറഞ്ഞിട്ടുണ്ട്."
കാണികള്‍ക്ക് വിവരമില്ലെങ്കില്‍ അവരെറിയും, അത് കാര്യമാക്കാനില്ല.

(അരവിന്ദേ, ഗ്രീക്ക് ഇതിഹാസങ്ങള്‍ അത്ര വായിച്ചിട്ടില്ല, പണ്ടെങ്ങാണ്ട് ബോര്‍ അടിച്ചടിച്ച് ഇലിയഡ് വാശിക്കു വായിച്ചു തീര്‍ത്തു. എന്റെ കുഴപ്പമാവും, എന്തോ എനിക്കിഷ്ടപ്പെട്ടില്ല. )

Tuesday, December 4, 2007

കൗരവരും ടിഷ്യൂ കള്‍ച്ചറും

കഴിഞ്ഞ പോസ്റ്റിനിട്ട കമന്റില്‍ വ്യാസനാണോ ആദ്യ ടിഷ്യൂ കള്‍ച്ചര്‍ നടത്തിയതെന്ന് ത്രിശങ്കു തമാശയ്ക്ക് ചോദിച്ചെന്ന് കരുതിയാണ്‌ ഞാന്‍ കോമഡി ഉത്തരം പറഞ്ഞത്. ഗൗരവമായിട്ടാണെങ്കില്‍ സീരിയസ്സ് ആയ ഉത്തരം ദാണ്ടേ:

ഗാന്ധാരി പ്രസവിച്ചത് ഒരു മാംസപിണ്ഡമായിരുന്നു (മൃത ടിഷ്യൂ ആയിരുന്നോ എന്ന് ഞാന്‍ ചോദിക്കുന്നില്ല)

അണ്ഡവും ബീജവും കൂടിച്ചേരുമ്പോള്‍ ഒരു സൈഗോട്ട് ഉണ്ടാകും. ആ കോശം സ്വയം പിളരുന്നതിനു പല പല ഫേസസ് ഉണ്ട്, വിശദീകരിക്കുന്നില്ല വളരെ നീണ്ട പ്രോസസ്സ് ആണ്‌. നമ്മുടെ വിഷയം മാത്രം പറയാം ബീജസങ്കലനം നടന്ന് ഏതാണ്ട് രണ്ടാഴ്ച്ചകൊണ്ട് ഗാസ്ട്രുലേഷന്‍ എന്നൊരു പ്രോസസ്സ് സംഭവിക്കുന്നു. അതുവരെ ഒരേ രീതിയില്‍ പിരിഞ്ഞുകൊണ്ടിരുന്ന സെല്ലുകള്‍ ഡിഫറന്‍ഷ്യേഷന്‍ പ്രോസസ്സിലേക്ക് പോകുകയും പലതരം സെല്ലുകള്‍ ആകുകയും ചെയ്യുന്നു. ടിഷ്യൂ ഫോര്‍മേഷന്‍ അതിനു ശേഷം സംഭവിക്കുക്കതാണ്‌. അതുകൊണ്ട് ടിഷ്യൂകള്‍ മനുഷ്യശരീരത്തില്‍ വളര്‍ന്നാലും പുറത്ത് ടെസ്റ്റ് റ്റ്യൂബിലോ ഘടത്തിലോ ഓട്ടുരുളിയിലോ വളര്‍ന്നാലും അതേ ടിഷ്യൂകള്‍ ആകുമെന്നല്ലാതെ കിഡ്ണിയിലുള്ള ടിഷ്യൂവിനു കണ്ണോ മൂക്കോ രോമമോ ആകാന്‍ കഴിയില്ല. പരമാവധി (അത്രയും നമ്മള്‍ പോയിട്ടില്ല, തീയറിറ്റിക്കലി റീച്ചബിള്‍ പോയിന്റ്) അതുകൊണ്ട് കിഡ്ണിയുടെ ഭാഗങ്ങളുണ്ടാക്കാം. സ്റ്റെം സെല്‍ ഗവേഷണങ്ങള്‍ ഇതിന്റെ ചുവടു പിടിച്ചാണ്‌.

അഡല്‍റ്റ് സെല്ലുകള്‍ക്ക് പ്രീ ഗാസ്ട്രുലേഷന്‍ ഫേസിലേക്ക് മടങ്ങിപ്പോകാന്‍ ആകാത്തതുകൊണ്ടാണ്‌ ക്ലോണിങ്ങ് ചെയ്യുമ്പോള്‍ അഡല്‍റ്റ് സെല്ലിലെ ഡീ എന്‍ ഏ വേര്‍തിരിച്ച് ഡീ എന്‍ ഏ നശിപ്പിച്ച ഒരണ്ഡത്തില്‍ സന്നിവേശിപ്പിക്കുന്നത്. അപ്പോഴും അണ്ഡമില്ലാതെ പറ്റില്ല. എന്റെ വിരല്‍ മുറിച്ച് അതില്‍ നിന്നും അടുത്ത ദേവനെ ഉണ്ടാക്കാന്‍ കഴിയില്ല, കാരണം ഞാന്‍ ജനിക്കുന്നതിനും എത്രയോ മുന്നേ ഡിഫറന്‍ഷ്യേറ്റഡ് സെല്‍ ആയി കഴിഞ്ഞു.

പറഞ്ഞു വന്നത് ജൈവപിണ്ഡം ആയിരുന്നു ഗാന്ധാരി പ്രസവിച്ചതെങ്കില്‍ അതിനെ നൂറ്റൊന്നായി ഛേദിച്ച് ടിഷ്യൂകള്‍ വളര്‍ത്തിയാല്‍ നൂറ്റൊന്ന് സെറ്റ് അംഗങ്ങളുടെ ടിഷ്യൂ അല്ലാതെ ഒറ്റ മനുഷ്യനെ കിട്ടില്ല എന്നാണ്‌.

ഇനി ഒരു വാദത്തിനു പ്രീ ഗാസ്ട്രുലേഷന്‍ സ്റ്റേജില്‍ നിന്നും ഇവരുടെ ഗര്‍ഭം എംബ്രിയോ ആകാത്തപ്പോഴാണ്‌ പ്രസവിച്ചതെന്ന് വച്ചാല്‍
ഒന്നാമതായി അവര്‍ അത് അറിയില്ല ആര്‍ത്തവരക്തം ഒഴുകിപ്പോയെന്നല്ലാതെ അതില്‍ ഒരു ബ്ലാസ്റ്റോസൈറ്റ് ഉണ്ടെന്ന് കാണാനാവില്ലല്ലോ (കണ്ണു കെട്ടാത്തവര്‍ക്ക് പോലും)

ഇനി വ്യാസന്റെ ദിവ്യദൃഷ്ടിയാല്‍ ഈ സൂക്ഷ്മവസ്തു കണ്ടെന്നും ദിവ്യായുത്താല്‍ അതിനെ ഛേദിച്ചെന്നും വയ്ക്കുക. അപ്പോള്‍ കൗരവന്‍ നൂറ്റൊന്ന് ഐഡന്റിക്കല്‍ സഹോദരരായി. ഗാന്ധാരി ദുര്യോധനനെയും ദുശ്ശാസനനെയും വിന്ദനെയും ഒക്കെ തിരിച്ചറിയാന്‍ വയ്യാതെ നടന്നേനെ. അങ്ങനെ അല്ലല്ലോ കൗരവര്‍?

ഇതിഹാസങ്ങള്‍ ഫിക്ഷന്‍ മാത്രമാണ്‌. അതില്‍ അന്നുള്ള അമ്പും വില്ലും പിന്നെ ഭാവനയുമേയുള്ളു. ടിഷ്യൂ കള്‍ച്ചറില്ല, ക്ലോണിങ്ങില്ല, പാറ്റണ്‍ ടാങ്ക് ഇല്ല, യന്ത്രത്തോക്കില്ല, ന്യൂക്ലിയര്‍ ബോംബുമില്ല. പത്തു തലയുള്ള രാവണനെപ്പോലെ മനുഷ്യഭാവനയില്‍ ഒരു ഭ്രൂണം ഛേദിച്ചാല്‍ നൂറാകും, ഒരസ്ത്രം അയച്ചാല്‍ ബ്രഹ്മാണ്ഡം തകരും. അത്രേയുള്ളു. ഒരു ചെടി നുറുക്കി വച്ചാല്‍ പലതാകും അപ്പോള്‍ മന്ത്രം ചൊല്ലി ഒരു ഭ്രൂണം നുറുക്കിയാല്‍ പലമനുഷ്യര്‍ ആകില്ലേ എന്നേ അദ്ദേഹം കണ്ടുകാണൂ മനസ്സില്‍

Sunday, December 2, 2007

കൌരവര്‍

ആരും ഭയക്കണ്ട, എനിക്കൊന്നും പറ്റിയിട്ടില്ല. ഒരു കമന്റിന്റെ നീളം മര്യാദയ്ക്കാക്കാന്‍ കൌരവരുടെ ലിസ്റ്റ് ഇവിടാക്കിയതാണേ.

ദുര്യോധനന്‍
ദുശ്ശാസനന്‍
ദുസ്സഹന്‍
ദുശ്ശലന്‍
ജലഗന്ധന്‍
സമന്‍
സഹന്‍
വിന്ദന്‍
അനുവിന്ദന്‍
ദുര്‍ദ്ധര്‍ഷന്‍
സബാഹു
ദുഷ്‌പ്രധര്‍ഷണന്‍
ദുര്‍മ്മമര്‍ഷണന്‍
ദുര്‍മ്മുഖന്‍
ദുഷ്ക്കര്‍ഷന്‍
കര്‍ണ്ണന്‍ (മറ്റേ കര്‍ണ്ണനല്ല)
വികര്‍ണ്ണന്‍
ശലന്‍
സത്വന്‍
സുലോചനന്‍
ചിത്രന്‍
ഉപചിത്രന്‍
ചിത്രാക്ഷന്‍
ചാരുചിത്രന്‍
ശരാസനന്‍
ദുര്‍മ്മദന്‍
ദുര്‍വിഗ്രാഹന്‍
വിവിത്സു
വികടിനന്ദന്‍
ഊര്‍ണ്ണനാഭന്‍
സുനാഭന്‍
നന്ദന്‍ (ഗോപരല്ല)
ഉപനന്ദന്‍
ചിത്രബാണന്‍
ചിത്രവര്‍മ്മന്‍
സുവര്‍മ്മന്‍
ദുര്‍വിമോചന്‍
അയോബാഹു
മഹാബാഹു
ചിത്രാംഗദന്‍ (ലയാളല്ല)
ചിത്രകുണ്ഡലന്‍
ഭീമവേഗന്‍
ഭീമബലന്‍
വാലകി
ബലവര്‍ദ്ധനന്‍
ഉഗ്രായുധന്‍
സുഷേണന്‍ (ബ്ലോഗറല്ല)
കുണ്ഡധാരന്‍
മഹോദരന്‍ (രോഗിയല്ല)
ചിത്രായുധന്‍ (
നിഷംഗി (പെണ്ണല്ല)
പാശി (തോലന്‍ പറഞ്ഞതല്ല)
വൃന്ദാകരന്‍
ദൃഢവര്‍മ്മന്‍
ദൃഢക്ഷത്രന്‍
സോമകീര്‍ത്തി
അനൂദരന്‍
ദൃഢസന്ധന്‍
ജരാസന്ധന്‍
സത്യസന്ധന്‍
സദാസുവാക്ക്‌

ഉഗ്രശ്രവസ്സ്‌ (കുതിരയല്ല)
ഉഗ്രസേനന്‍
സേനാനി (റാങ്ക്‌ അല്ല)
ദുഷ്‌പരാജിതന്‍
അപരാജിതന്‍ (ബ്ലോഗറല്ല)
കുണ്ഡലശായി
വിശാലാക്ഷന്‍
ദുരാധരന്‍
ദൃഢഹസ്തന്‍
സുഹസ്തന്‍
വാതവേഗന്‍
സുവര്‍ച്ചന്‍
ആദിത്യകേതു
ബഹ്വാചി
നാഗദത്തന്‍
ഉഗ്രശായി
കവചി
ക്രഥനന്‍
കുണ്ഡി (അശ്ലീലമില്ല)
ഭീമവിക്രന്‍
ധനുര്‍ദ്ധരന്‍
വീരബാഹു
അലോലുപന്‍
അഭയന്‍
ദൃഢകര്‍മ്മാവ്‌
ദൃഢരഥാശ്രയന്‍
അനാധൃഷ്യന്‍
കുണ്ഡഭേദി
വിരാവി
ചിത്രകുണ്ഡലന്‍
പ്രമഥന്‍ (പായസമല്ല)
അപ്രമാഥി
ദീര്‍ഘരോമന്‍
സുവീര്യവാന്‍ (വാഹനമല്ല)
ദീര്‍ഘബാഹു
സുജാതന്‍
കാഞ്ചനധ്വജന്‍
കുണ്ഡാശി
വിരജസ്സ്‌
+
ദുശ്ശളപ്പെണ്ണ്‍
ഏത്തം തീര്‍ന്നു.
+
ധൃതരാഷ്ട്രര്‍ക്ക്‌ ഒരു വൈശ്യസ്ത്രീയില്‍ പിറന്ന മകന്‍ ആണ്‌ യുയുത്സു. TOTAL 102 M-101 & F1

കുരുവംശത്തില്‍ ഉണ്ടായ എവനെയും കൌരവന്‍ എന്നു പറയാമെങ്കിലും പ്രയോഗം കൊണ്ട്‌ ഇവര്‍ നൂറ്റിരണ്ടാണ്‌ കൌരവര്‍ എന്നത്രേ.
(വെട്ടം മാണിയുടെ പുരാണിക്ക്‌ എന്‍സൈക്ലോപ്പീഡിയ എടുത്തുവച്ച്‌ നോക്കിയടിച്ചത്‌)