Thursday, August 23, 2007

ബ്രിജ്‌ വിഹാരം

വാള്‍പ്പാറയില്‍ നിന്നും തിരിച്ചു നാട്ടിലേക്ക് പോകാനുള്ള വഴിതെറ്റിപ്പോയില്ലെങ്കില്‍ ഒരുപക്ഷേ ഒരിക്കലും ഞാന്‍ ഷോളയാര്‍ എന്ന മനോഹരമായ വനത്തിലൂടെയുള്ള ഡ്രൈവ് ആസ്വദിക്കില്ലായിരുന്നു.

മനുവിന്റെ ബ്ലോഗ്ഗ് വായിക്കാറുണ്ട്, ചിലപ്പോഴൊക്കെ കമന്റും ഇടാറുണ്ട്. ഈ അടുത്ത സമയത്ത് മനു എനിക്കിട്ട ഒരു കമന്റില്‍ വെറും മനു എന്നല്ല ജി. മനു എന്നു കണ്ടു. മൂപ്പരുടെ ഒറ്റക്കോടന്‍ മുത്തപ്പനും പഴയന്‍ജലീ ഭഗവതിയും വാഴുന്ന പ്രൊഫൈല്‍ അപ്ഡേറ്റ് ആയ കൂട്ടത്തിലാവും പേരും പരിഷ്കരിച്ചതെന്നും എന്നാല്‍ പുനപ്രതിഷ്ഠ ഒന്നു കണ്ട് തൊഴുതേച്ചു പോകാമെന്ന് കരുതി ക്‍ളിക്കി. വഴി തെറ്റി. സേലത്തോട്ടു തിരിച്ച ഞാന്‍ ഷോളയാറ് കൊടും കാട്ടിലെത്തിയപോലെ നേരേ ബ്രിജ്‌വിഹാരത്തിനകത്ത് ചെന്നു കേറി. അപ്പോഴാണു ഞാനറിയുന്ന മനു അല്ല ജീ മനു എന്നു മനസ്സിലായത്.


ബ്രിജ് വിഹാരം എന്ന ഡെല്‍ഹി‌മലയാളി കോളനിയിലെ തമാശ സംഭവങ്ങളാണു ബ്ലോഗിന്റെ നട്ടെല്ല്. പുറം ലോക കഥകളും ചിലതുണ്ട്. പോസ്റ്റുകള്‍ മിക്കതും സ്റ്റാന്‍ഡ് എലോണ്‍ എപ്പിസോഡുകള്‍ ആണ്‌. ബ്രിജ് വിഹാരത്തിലെ ഒരുപാട് അന്തേവാസികളെ കഥാപാത്രങ്ങളാക്കിയിട്ടുണ്ടെങ്കില്‍ അവരെയൊക്കെ വായനക്കാരന്റെ മനസ്സില്‍ പതിപ്പിച്ചു വയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളതുകൊണ്ട് എണ്ണം വായനക്കാരന്റെ വഴിയിലെ മുള്ളാകുന്നതേയില്ല.

ഇതുവരെ ഇരുപത്താറു പോസ്റ്റുകള്‍ ആയ ബ്രിജ്‌വിഹാരം ഫുള്‍ ഫീഡ് തരാന്‍ സന്മനസ്സു കാട്ടുന്നയിടം ആയതുകൊണ്ട് ഗൂഗിള്‍ റീഡറില്‍ തന്നെ ഒരു ഈ ബുക്ക് പോലെ ഒറ്റ മണിക്കൂറില്‍ വായിച്ചു തീര്‍ത്തു, ഒരു കമന്റും ഞാന്‍ കണ്ടില്ല, അങ്ങനെ എന്റെ മാത്രം മനസ്സിലാണ്‌ ഞാന്‍ ഈ ബ്ലോഗ് മുഴുവന്‍ ഒറ്റയടിക്കു തീര്‍ത്തത്. ചെലവഴിച്ച സമയം മുതലായി!

പ്രസന്റേഷന്‍ സ്കില്‍ (എന്തരാണിതിന്റെ മലയാളം എന്ന് ഭാഷ പഠിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ പറഞ്ഞു താ) ആണു മനുവിന്റെ (മാഗ്നിഫൈയര്‍, സിജി, പ്രതിഭ എന്നിവരുടെയും) ശക്തി. അത് ഓരോ എപ്പിസോഡ് കഴിയും തോറും മെച്ചപ്പെടുന്നുമുണ്ട്. ഇംപ്രസ്സ് ചെയ്യാത്തത് പോസ്റ്റിന്റെ തലക്കെട്ടുകളും.
അക്ഷരത്തെറ്റിനു പഞ്ഞമില്ല എന്നു ഞാന്‍ പറഞ്ഞാല്‍ രണ്ടുകാലിലും മന്തുള്ളവന്‍ കുളത്തില്‍ ഇറങ്ങി നിന്നിട്ട് കാലില്‍ കുരുവുള്ളവനെ നോക്കി ചിരിക്കുന്നതുപോലെ ആകും.

സംഭാഷണങ്ങളുടെ ആധിക്യം കഥയ്ക്ക് നാടകത്തിന്റെ scriptന്റെ രുചി കൊടുക്കും. ആദ്യത്തെ ചില പോസ്റ്റില്‍ ഉണ്ടായിരുന്ന ഈ പ്രശ്നം പിന്നീട് മനു പരിഹരിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് ലേറ്റസ്റ്റ് പോസ്റ്റുകളാണ്‌ എന്നതില്‍ നിന്നും എഴുത്ത് പുരോഗതിയുടെ വഴിയിലാണെന്ന് അനുമാനിക്കാം.

Thursday, August 9, 2007

ബ്രാഹ്മിയുടെ ഉദ്ഭവം- വിവിധ വാദങ്ങള്‍

ഹൈപ്പോതിസീസുകളെ മോസ്റ്റ്‌ അഡെപ്റ്റ്‌ തീയറിയുമായി അലൈന്‍ ചെയ്യണം എന്നുണ്ട്‌ എന്ന് സിബു പറഞ്ഞപ്പോള്‍ മൊത്തത്തില്‍ എത്ര തീയറി ആരുണ്ടാക്കി എന്നൊന്ന് എണ്ണിപ്പെറുക്കി- കിട്ടിയതില്‍ കൊള്ളാവുന്ന ഒരു പുസ്തകത്തില്‍ നിന്ന്

പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും എന്ന ഡോ. എസ്‌ ജെ മംഗലത്തിന്റെ പുസ്തകം മലയാള ലിപിയുടെ വികാസചരിത്രത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ആധികാരികവും വസ്തുനിഷ്ഠവുമായ പഠനമാണ്‍`, ഗ്രന്ഥത്തിന്റെ മുഖ്യവിഷയം മൌര്യബ്രാഹ്മിയില്‍ നിന്നും രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ കൊണ്ട്‌ ഇരുപതോളം സ്ക്രിപ്റ്റുകളിലൂടെ ചെറുതായി രൂപം മാറി മാറി ഓരോ അക്ഷരവും എങ്ങനെ ആധുനിക മലയാളം ലിപി ആയി എന്നതാണെന്നതിനാല്‍ ബ്രാഹ്മിയുടെ ഉല്‍പ്പത്തി വിഷയമാകുന്നില്ല. എന്നിരുന്നാലും ചെറിയൊരു പരാമര്‍ശം ബ്രാഹ്മിയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള വിവിധവാദങ്ങളെക്കുറിച്ച്‌ വരുന്നുണ്ട്‌ (രണ്ടാമദ്ധ്യായം പേജ്‌ 16 മുതല്‍ 27 വരെ)

വിവിധവാദങ്ങളെ ഡോ മംഗലം ഇങ്ങനെ വിലയിരുത്തുന്നു.
1. ഗ്രീക്ക്‌ ഉല്‍പ്പത്തി- അനുകൂലവാദികള്‍- Otfried Mueller, Emille Senart, Raoul Rochette, Gobelt de Alviella, Joseph Halevy. കാരണം- സ്ക്രിപ്റ്റ്‌ സാമ്യം. മൌര്യകാലത്ത്‌ ബുദ്ധമത പണ്ഡിതര്‍ ഗ്രീസില്‍ നിന്നും ലിപി കൈക്കൊണ്ടെന്ന് അനുമാനം.

എതിര്‍ക്കുന്നവര്‍- ഡോ. ബ്യൂളര്‍. കാരണം മൌര്യകാലത്തിനൂം മുന്നേ തന്നെ ബ്രഹ്മി സ്ക്രിപ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്‌, ലിപി സാമ്യം മറ്റു പല ഭാഷകളുമായി ബ്രഹ്മിക്കുണ്ട്‌. ഡോ മംഗലം എതിര്‍വാദത്തോട്‌
യോജിക്കുന്നു

2. അസീറിയന്‍ ഉല്‍പ്പത്തി- അസീറിയന്‍ ക്യുനിഫോം ദക്ഷിണ സെമിറ്റിക്‌ ലിപിയിലേക്ക്‌ പുരോഗമിക്കുന്നതിനിടലുള്ള ഒന്നാണ്‌ ബ്രഹ്മിയെന്ന് Deeke, Taylor& Rhys Davids - Buddist India, p.114 .വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കു കഴിയാത്തതിനാല്‍ ഈ വാദം പ്രചാരത്തിലായില്ല

3. സെമിറ്റിക്‌ ഉല്‍പ്പത്തി
3.1 ഫിനീഷ്യന്‍ ഉല്‍പ്പത്തി- സിദ്ധാന്തം Weber, Benfey, Jensen & Buhler ref: Indian Paleography. കാരണം 30 ശതമാനം അക്ഷരങ്ങള്‍ നല്ല സാമ്യവും 30 ശതമാനം അക്ഷരങ്ങള്‍ ചെറിയ സാമ്യവും പുലര്‍ത്തുന്നു ബ്രഹ്മിയും ഫിനീഷ്യനും താരതമ്യം ചെയ്യുമ്പൊള്‍. ബാക്കിയില്‍ 30 ശതമാനം വിരുദ്ധമെന്ന് സ്ഥാപിക്കാനുമാവില്ല. അക്ഷരം ഫിനീഷ്യയില്‍ നിന്നു ഇന്ത്യയിലേക്കു വന്നോ അതോ മറിച്ചോ എന്ന് ആദ്യത്തേത്‌ പറയുന്നവരില്‍ പ്രമുഖന്‍Tyre- Herodotos Vol II പക്ഷേ ഋഗ്വേദത്തില്‍ (Vol VI.51 p14, VI.61 p1 VII6 p.3) എന്നിവയില്‍ പരാമര്‍ശിക്കപ്പെടുന്നത്‌ ഭാരതീയരാണ്‌ ഫിനീഷ്യയിലേക്ക്‌ പോയവര്‍ എന്നാണെന്ന് മറ്റുചരിത്രകരന്മാര്‍ പറയുന്നു

3.2 ഉത്തര സെമിറ്റിക്ക്‌ ഉത്ഭവം- പ്രചാരകന്‍ Sir William Jones ശേഷകാലം വളരെപ്പേര്‍ ഇതിന്റെ പിന്താങ്ങി കാരണം പ്രാചീനകാല അറമിയക്ക്‌ ഫിനീഷ്യ മുതല്‍ മെസപ്പ്ട്ടോമിയ വരെ ഒരേ രൂപതിലാണ്‌ കിട്ടിയിട്ടുള്ളത്‌. മേല്‍ പറഞ്ഞ 30% സാമ്യങ്ങള്‍ അറമയ ലിപിയുമായും ബ്രഹ്മിക്കുണ്ട്‌ മാത്രമല്ല സെമിറ്റിക്‌ വര്‍ഗ്ഗങ്ങളില്‍ ആദ്യമായി ഇന്ത്യയുമായി ബന്ധം പുലര്‍ത്തിയത്‌ അരമായ വര്‍ഗ്ഗക്കാരാണ്‌.

സെമിട്ടിക്‌ ഉല്‍പ്പത്തി എതിര്‍ക്കുന്നവരില്‍ പ്രമുഖന്‍ ആയ ബി ആര്‍ പാണ്ഡെ ഉയര്‍ത്തുന്ന ചോദ്യങ്ങളും വളരെ പ്രസക്തമാണ്‌
ഒന്ന്: ബ്രാഹ്മി ലിപി എഴുതുന്നതുപോലെ ആണ്‌ വായിക്കപ്പെടുന്നത്‌, എല്ലാ ശബ്ദത്തിനും വ്യക്താക്ഷരവും ഉണ്ട്‌, സെമിറ്റിക്‌ ലിപികള്‍ക്ക്‌ ഈ സ്വഭാവമില്ല

രണ്ട്‌: കണ്ഠ്യം ദന്ത്യം ഓഷ്ടം (ക ച ട ത പ ഓര്‍ഡര്‍) എന്ന് ഉച്ചാരണസ്ഥാനമനുസരിച്ചുള്ള എഴുത്ത്‌ ബ്രഹ്മിയിലുണ്ട്‌

മൂന്ന് : മദ്ധ്യമസ്വരയോജനം (ക+ഉ = കു) ഉപയോഗിച്ച്‌ സ്വരവും വ്യഞ്ജനവും കൂട്ടിയോജിപ്പിക്കുന്ന രീതിയാണ്‌ ബ്രാഹ്മിയുടേത്‌

നാല്‌: ദീര്‍ഘ‍വും ഹ്രസ്വവുമായ സ്വരങ്ങളുണ്ട്‌ ബ്രാഹ്മിയില്‍-സെമിറ്റിക്ക്‌ അക്ഷരമാലയില്‍ പതിനെട്ടു ശബ്ദങ്ങള്‍ക്ക്‌ ഇരുപത്തിരണ്ട്‌ ചിഹ്നങ്ങളാണുള്ളത്‌, അവയ്ക്ക്‌ 64 സമ്പൂര്‍ണ ചിഹ്നമുള്ള ബ്രാഹ്മിയുടെതുപോലെ ഐക്യരൂപമോ ദീര്‍ഘഹ്രസ്വവിവേചനമോ സ്വരവ്യജ്ഞനവിവേചനമോ ലയനമോ ഉച്ചാരണസ്ഥാനമനുസരിച്ചുള്ള അടുക്കുചിട്ടയോ ഇല്ല. അക്ഷരങ്ങള്‍ തന്നെ മൂന്നിരട്ടിയോളം എണ്ണം ബ്രഹ്മിക്ക്‌ സെമിറ്റിക്‌ ലിപികളെക്കാളുണ്ട്‌

4. സിന്ധു തടോല്‍പ്പത്തി
ഹാരപ്പന്‍ സ്ക്രിപ്റ്റോ മറ്റു ലിപികളുമായോ സാമ്യമോ ഇടക്കാലത്ത്‌ പ്രചാരത്തിലുള്ള ലിപികളോ കണ്ടെത്താനായിട്ടില്ല എന്നതിനാല്‍ ഈ വാദം പരിപൂര്‍ണ്ണമായും ഡോ. മംഗലം തള്ളി കളഞ്ഞിരിക്കുന്നു

5. വേദോല്‍പ്പത്തി
ബി ആര്‍ പാണ്ഡെയെപ്പോലുള്ളവര്‍ വേദകാലത്ത്‌ ഉരുത്തിരിഞ്ഞതാണു ബ്രാഹ്മിയെന്നു വാദിക്കുന്നു. കാരണം വ്യക്തമായി പറയാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അതും വിലയ്ക്കെടുക്കാനാവില്ല

6. ദ്രാവിഡോല്‍പ്പത്തി
പ്രചാരകന്‍ Edward Thomas ref. Numismatic Chronicle 1883 . കാരണം ഈ ലിപി രൂപപ്പെട്ടെന്നു അദ്ദേഹം അനുമാനിച്ചിരുന്ന കാലത്ത്‌ സാംസ്കാരികമായി ദ്രാവിഡര്‍ ആര്യരെയും സെമിറ്റിക്ക്‌ വംശജരെയും കാള്‍ മുന്നോക്കമായിരുന്നു. എന്നാല്‍ അടുത്തകാലം വരെ ബ്രാഹ്മിലിപികള്‍ കൂടുതലും ഉത്തര്യേന്ത്യയില്‍ ലഭിക്കുകയും ദ്രാവിഡ സംസ്കാരം ദക്ഷിണേന്ത്യയില്‍ മാത്രമാണു അഭിവൃദ്ധിപ്പെട്ടിരുന്നതെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നതുകൊണ്ട്‌ വിലപ്പോയിരുന്നില്ല. പക്ഷേ മൌര്യ ബ്രാഹ്മിയെക്കാള്‍ പഴക്കം വളരെയുള്ള സ്ക്രിപ്റ്റുകള്‍ ദക്ഷിണേന്ത്യയില്‍ കണ്ടെത്തുകയും അതേ സമയം തന്നെ ദ്രാവിഡ ഉപഭാഷകള്‍ നേപ്പാളിലും അഫ്ഗാനിസ്ഥാനിലും കണ്ടെത്തിയതോടെ ഈ വാദം വീണ്ടും ശ്രദ്ധേയമായി.

Tuesday, August 7, 2007

സായ്പ്പ് തിരിച്ചു വരണമെന്നോ?

ജനാധിപത്യം കോഞ്ഞാട്ടയായി, നേതാക്കള്‍ക്ക് അഴിമതി മതി, ജനങ്ങള്‍ക്ക് മതിയേ മതി എന്നായി എന്നൊക്കെ ചര്‍ച്ചകളില്‍ വരുമ്പോള്‍ സാധാരണയായി ചിലര്‍ പറഞ്ഞുകേള്‍ക്കുന്നതാണ്‌ "ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലത് " എന്ന്. ബ്ലോഗിലിത് ഒന്നു രണ്ടു തവണ കമന്റായി കണ്ടപ്പോള്‍ വിഷമം തോന്നി.

രണ്ടു നൂറ്റാണ്ട് ഇന്ത്യയെന്ന കോളനി ഭരിച്ച് ബ്രിട്ടീഷുകാര്‍ പിടിവിടുന്ന കാലത്തായിരുന്നു നമ്മള്‍ ജനിച്ചതെങ്കില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് ഓര്‍ത്തിട്ടുണ്ടോ ആരെങ്കിലും (അച്ഛന്‍ സാമന്ത രാജാവ്, അമ്മാവന്‍ ദിവാന്‍ പേഷ്കാര്‌, ഏട്ടന്‍ പ്രവര്‍ത്യാര്‌, എന്നിങ്ങനെ ഉള്ളവര്‍ ഓര്‍ക്കേണ്ടതില്ല, ഇത് തൊണ്ണൂറ്റി ഏഴു ശതമാനം വരുന്ന ഇതരവര്‍ഗ്ഗത്തിനുള്ള എക്സര്‍സൈസ്)

൧. ഞാന്‍ ഇപ്പോള്‍ എവിടെ ആയിരിക്കും?
മിക്കവാറും മണ്ണടിസ്ഥാനില്‍ . ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തേഴിലും (പിറകോട്ടുള്ള ദശാബ്ദത്തിലും) ശരാശരി ജീവിത ദൈര്‍ഘ്യം ഇരുപത്തെട്ടു വയസ്സ് ആയിരുന്നു. ഇന്ന് അത് അറുപതു കടന്നിരിക്കുന്നു

൨.ഞാന്‍ എന്തു തൊഴില്‍ ചെയ്യുകയായിരിക്കും?
റിക്ഷാവലി? കൂലിപ്പണി? തോന്നുന്നില്ല. ശരാശരി സാക്ഷരത പതിന്നാലു ശതമാനം ആയിരുന്നു. റിക്ഷയും കൂലിപ്പണിയും ഓവര്‍ ക്രൗഡഡ് മാന്‍ പവര്‍ കാരണം നിങ്ങള്‍ ഒരു തെണ്ടക്കാരന്‍ ആകാനാണു സാദ്ധ്യത ! അവസാനത്തെ അമ്പതു വര്‍ഷത്തിലും പ്രതിശീര്‍ഷവരുമാനം കുറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ഇന്ത്യയുടെ ബ്രിട്ടീഷ് രാജില്‍.

൩. അല്ലാ വല്ല കൃഷിയോ മറ്റോ ചെയ്ത് ജീവിക്കാമല്ലോ? ഇന്നിപ്പോള്‍ കൃഷി തുലഞ്ഞില്ലേ?
ഉവ്വോ? ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് ഇരുപത് ബില്യണ്‍ ആയിരുന്നു ഇന്ന് ഒരു ട്രില്യണ്‍ ആണ്‌.

൪. അല്ലാ ഈ പ്രതിശീര്‍ഷവരുമാനം എന്നൊക്കെ പറയുന്നത് ശരാശരിക്കണക്കുകള്‍ അല്ലേ? പട്ടിണിക്കാരന്റെയും പണക്കാരന്റെയും സമ്പത്ത് കൂട്ടി തലകൊണ്ട് ഭാഗിക്കുന്ന കളി?
ശരി, സമ്പന്നനെ കളഞ്ഞു പട്ടിണിക്കാരനെ മാത്രം എടുക്കാം. ബ്രിട്ടണ്‍ നമ്മളെ ഭരിച്ച ഇരുന്നൂരു വര്‍ഷത്തില്‍ മഹാക്ഷാമങ്ങള്‍ ഇല്ലാത്ത രണ്ടു ദശാബ്ദങ്ങള്‍ അടുത്തടുത്ത് ഉണ്ടായിട്ടേയില്ല. പതിനൊന്നര കോടി ആളുകള്‍ ക്ഷാമത്തില്‍ ഇക്കാലത്ത് വിശന്നു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ എത്രയോ അധികം ആയിരിക്കാനാണു സാദ്ധ്യത) സ്വാതന്ത്ര്യശേഷം ഒരൊറ്റ മഹാക്ഷാമം പോലും സംഭവിച്ചിട്ടില്ല രണ്ടു ചെറുക്ഷാമങ്ങള്‍ അറുപതിന്റെ ഒടുക്കവും എഴുപതിന്റെ തുടക്കവുമായി ബീഹാറിലും മഹാരാഷ്ട്രയിലും ഉണ്ടായെങ്കിലും സര്‍ക്കാര്‍ അന്താരാഷ്ട്ര സമിതികളുടെ അടിയന്തിര സഹായം നേടി വന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കി.

൫. മതസൗഹാര്‍ദ്ദം വര്‍ഷാവര്‍ഷം മോശമായി വരികയല്ലേ? പണ്ടിങ്ങനെ ഉണ്ടായിരുന്നോ?
വിഭജന കാലത്ത് എന്തോ നടന്നെന്നല്ലാതെ വര്‍ഗ്ഗീയത ഇത്ര മോശമായിരുന്നോ?


ആയിരുന്നല്ലോ. വിഭജനകാലത്തെ വിട്ടാല്‍ തന്നെ ആയിരത്തി തൊള്ളായിരത്തിനും തൊള്ളായിരത്തി ഇരുപത്തിരണ്ടിനും ഇടയില്‍ പതിനാറും ശേഷം ഇരുപത്തിരണ്ടുവരെ ഉള്ള ആറു വര്‍ഷത്തില്‍ എഴുപത്തിരണ്ടും വര്‍ഗ്ഗീലഹളകളുണ്ടായെന്ന് "വൈസ് റോയലിറ്റി ഓഫ് ലോര്‍ഡ് ഇര്‌വിന്‍ എന്ന പുസ്തകത്തില്‍" (ക്വോട്ടിയെന്നേയുള്ളൂ, ഞാന്‍ വായിച്ചിട്ടില്ല). ഇന്ത്യയില്‍ ബ്രിട്ടീധ് ഭരണകാലം വരെ കാണാത്ത പ്രകോപനപരമായ വര്‍ഗ്ഗീയത (മിക്ക ലഹളകളും ഒന്നുകില്‍ അമ്പലത്തിനു മുന്നില്‍ പശുക്കളെ കെട്ടിയിട്ടു കശാപ്പു ചെയ്തോ നമാസ് സമയത്ത് പള്ളിക്കു ചുറ്റും കൂടി നിന്ന് ഉറക്കെ ഭജനകള്‍ വിളിച്ചുപറഞ്ഞോ മന:പൂര്വ്വം തുടക്കം ഇട്ടവ ആണെന്ന് മേല്പ്പറഞ്ഞ പുസ്തകം) സായിപ്പുഭരണത്തോടെ തുടങ്ങി കിട്ടുകയും സ്വാതന്ത്ര്യകാലത്തോടെ വളരെയേറേ ഒടുങ്ങുകയും ചെയ്തു.

൬. ദളിതര്‍ക്ക് വളരെ സഹായകമായിരുന്നു ബ്രിട്ടീഷ് രാജ് എന്നു കേള്‍ക്കുന്നല്ലോ?
ഇന്ത്യക്കാരന്‍ മൊത്തത്തില്‍ പിന്നോക്കക്കാരന്‍ ആയെന്നത് ശരി. ദലിത് ഉന്നമനം ബ്രിട്ടീഷുകാരുടെ ക്രെഡിറ്റല്ല, ദളിതരുടെ ഇടയിലെ തന്നെ സാംസ്കാരിക നവോത്ഥാനത്തിന്റെയും വിപ്ലവങ്ങളുറ്റെയും ഫലമായിരുന്നു. ബ്രിട്ടീഷ് രാജിനു മുന്നേയുള്ള ഇന്ത്യയിലെക്കാള്‍ ഭേദമായിരുന്നു വിവേചനത്തിന്റെ കാര്യത്തില്‍ ദളിതര്‍ക്ക് ബ്രിട്ടീഷ് റൂള്‍. സ്വാന്തന്ത്ര്യാനന്തരകാലത്തും ആ പുരോഗതി തുടരുന്നു. അതൊരു ഡെമോഗ്രഫിക്ക് പ്രോഗ്രസ്സ് ആണ്‌, അയ്യന്‍ കാളിക്കും അബേഡ്കര്‍ക്കും ശ്രീനാരായണഗുരുവിനും തന്തൈ പെരിയാറിനും കൊടുക്കേണ്‍റ്റ ക്രെഡിറ്റും ബ്രിട്ടീഷുകാരനായെന്നോ? പിന്നെ എല്ലാവരും തെണ്ടുന്ന കാലത്ത് ദളിതര്‍ക്ക് മാത്രം ഉന്നതി ഉണ്ടായെന്ന വാദത്തിന്‍ എന്തോ ഒരക്ഷരപ്പിശക് കാണുന്നില്ലേ?

൭. അപ്പോള്‍ നമ്മുടെ ഇന്ത്യ തിളങ്ങുകയാണല്ലേ?
അല്ല കൂവേ, നമ്മള്‍ ഇതിലും നന്നാക്കാമായിരുന്നു കാര്യങ്ങള്‍, ഇനിയും എത്രയോ. എവിടെയൊക്കെ എത്താമായിരുന്നു ഈ അമ്പതു വര്‍ഷം കൊണ്ട്. പക്ഷേ കൊളോണിയല്‍ കൊള്ളയടിയാണു ഭേദമെന്ന് അതിനെ വ്യാഖ്യാനിക്കരുതെന്ന്. ഏത്?