Friday, April 13, 2007

ആദ്യ സെഞ്ച്വറിയും കാല്‍കുലസ്സും.

ആകെ പത്തമ്പത്‌ ബ്ലോഗര്‍മാരുള്ള കാലത്താണ്‌ ആദ്യമായി ഒരു പോസ്റ്റ്‌ കമന്റ്‌ സെഞ്ചുറിയടിച്ചത്‌. ചില്ലറക്കാര്യമാണോ, ചെത്തുന്നതിലും കൂടുതല്‍ കള്ള്‌ വിറ്റ കേരളത്തിലെ ഷാപ്പുകള്‍ ഒഴികെ വേറേയാരും കാണിക്കാത്ത ഈ സര്‍ക്കസ്‌ സാധിച്ചത്‌ കുട്ട്യേടത്തിയാണ്‌. എങ്ങനെ? ഒരു വിവാദ ചര്‍ച്ചക്ക്‌ തുടക്കം ഇട്ടു, പിന്നല്ല! ചര്‍ച്ചയങ്ങനെ ഇടക്കിടക്ക്‌ ഗുണ്ട്‌ ഇട്ട്‌ കെട്ടിയ മാലപ്പടക്കം പോലെ എരിഞ്ഞു കേറുമ്പോള്‍ ഞാന്‍ പുരോഗതി ഇങ്ങനെ വിലയിരുത്തി :>

സാദാ കാല്‍കുലേറ്ററിലേ ആറു ക്രിയക്കപ്പുറത്തെ കണക്കിനു പ്രാവീണ്യം കുറഞ്ഞെന്നു തോന്നിയപ്പോള്‍ ഞങ്ങളൊരിക്കല്‍ ഉണ്ണിത്താന്‍ സാറിന്റെയടുത്ത്‌ ട്യൂഷനു പോയി (കൊല്ലേതരേ, ഉണ്ണിത്താന്‍ സാര്‍ ആണ്‌ ഈ ഭാഗത്ത്‌ എന്റ്രന്‍സ്‌ കോച്ചിംഗ്‌ വഴി കാര്‍ അസ്സംബ്ലി പോലെ വന്‍ തോതില്‍ എഞ്ചിനീറുമാരെ സൃഷ്ടിക്കാമെന്ന് കണ്ടു പിടിച്ചവരില്‍ ഒരാള്‍). എന്റ്രന്‍സ്‌ ജ്വരം ബാധിച്ച്‌ നെട്ടോട്ടമോടുന്ന ശിമ്പിരി പിള്ളേരെ പഠിപ്പിച്ച്‌ ഭ്രാന്തു പിടിച്ച സാറിനു "പക്ക്വത പക്ക്വത എന്ന ക്വതയില്‍ കയറി നില്‍ക്കുന്നവരെന്ന് "സ്വയം വിശേഷിപിക്കുന്ന ഞങ്ങളെ പഠിപ്പിക്കാന്‍ ഇഷ്ടമായിരുന്നു.

അന്നൊരു ഇന്‍ന്റഗ്രല്‍ കാല്‍ക്കുലസ്‌ പ്രഭാതം. കണക്കിട്ടു സിഗററ്റും വലിച്ച്‌ കൊച്ചു സ്റ്റൂളിര്‍ലിുന്ന സാറിനു കാണാനായത്‌ അന്തം വിട്ട അഞ്ചു മോന്തയും കേള്‍ക്കാനായത്‌ പേപ്പറുകള്‍ മറിയുന്ന ഒച്ചയും മാത്രം.. സോള്‍വ്‌ ചെയ്തു ചെയ്ത്‌ സോള്‍വന്റ്‌ കുടിച്ച മൈക്കാടു പോലെയായ ഐവരുടെ ഇടയില്‍ നിന്നും പെട്ടെന്നൊരു പാട്ടുയര്‍ന്നു "എവിടെ നിന്നോ വന്നു ഞാന്‍.. എവിടേക്കോ പോണു ഞാന്‍..."
സാറു പാട്ടിന്റെ സ്രോതസ്സിലേക്ക്‌ നീട്ടി വിളിച്ചു "എന്താ ശ്രീജിത്തേ?"
"ഞാന്‍ ഈ കണക്കു മൂന്നു പേജു നിറയേ ചെയ്തു സാറേ" എന്നു ശ്രീജിത്ത്‌.
"എന്നിട്ടോ?"
"ഇപ്പോള്‍ ഉത്തരത്തില്‍ നിന്നും ചോദ്യത്തില്‍ നിന്നും ഞാന്‍ മൂന്നു പേജ്‌ കൂടുതല്‍ അകന്നു, അത്ര തന്നെ"

നമ്മളെല്ലാം കൂടെ ഉത്സാഹിച്ചിട്ട പത്തെഴുപത്‌ കമന്റ്‌ ശ്രീജിത്തിന്റെ മൂന്നു പേജ്‌ സൊല്യൂഷന്‍ പോലെ ആയോ?

പോസ്റ്റ്‌ ഇവിടെ
ത്രെഡിലെ എന്റെ ഓണ്‍ ടോപ്പിക്ക്‌ കമന്റുകളില്‍ ഒന്ന് :>
പൈലറ്റായോ ഡോക്റ്ററായോ തൊഴില്‍ നോക്കാം എന്നാല്‍ ഞാന്‍ തൊഴിലൊന്നുമെടുക്കില്ല എന്റെ തൊഴില്‍ നാട്ടുകാരെടുക്കട്ടെ എനിക്കു ശമ്പളം വേണമെന്നു തുടങ്ങിയാലോ?

പ്രജനനം തൊഴിലല്ല.ഒരു വിവാഹം കഴിക്കണോ മക്കള്‍ വേണോ മൂന്നു പേരെ ഒന്നിച്ചു വിവാഹം കഴിക്കണോ എന്നൊക്കെ അവനവനു തീരുമാനിക്കാം. എന്നാല്‍ ഞാന്‍ ഈ കോളനിയില്‍ താമസിക്കും പക്ഷേ ചപ്പു ചവര്‍ അടിച്ചു കളയില്ല ഗൂര്‍ഖക്കു പണവും കൊടുക്കില്ല എന്നു പറയുന്നതു പോലെ സാമൂഹ്യ വിരുദ്ധ പ്രവൃത്തിയാണ്‌ എനിക്കു കുട്ടിക്കലെ നോക്കി മിനക്കെടാന്‍ വയ്യാ എന്നു പറയുന്നത്‌. (വയ്യാത്തവനു കുട്ടി ഉണ്ടായാലെന്തു ചെയ്യുമെന്ന ചോദ്യത്തിനു ഈ ഭാഗത്ത്‌ പ്രസക്തിയില്ല). മണിച്ചിത്രത്താഴെന്ന സിനിമക്ക്‌ കഥയെഴുതിയ മധു മുട്ടം എനിക്കും എന്റമ്മക്കും കഷ്ടിച്ചു ജീവിക്കാനുള്ളതേ എനിക്കു ശമ്പളമുള്ളൂ അതുകൊണ്ട്‌ കല്യാണം കഴിക്കനും കുടുംബം നോക്കാനും കഴിഞ്ഞില്ല എന്ന് വിശദീകരിക്കുമ്പോള്‍ തോന്നുന്ന വികാരമല്ല കൊച്ച്‌ തൂറും അതുകൊണ്ട്‌ വേണ്ടാ എന്നു പറയുന്നത്‌ കേള്‍ക്കുമ്പോള്‍ തോന്നുന്നത്‌. കല്യാണമോ വെറും സഹശയനമോ എന്തുമാകാവുന്നതേയുള്ളൂ "ഈ ലോകം ദുരിതമാണ്‌ അതിലേക്കിനി എന്റെ കുഞ്ഞിനെ ഞാന്‍ സൃഷ്ടിക്കില്ല" എന്ന ജാതി നെടുങ്കന്‍ ഡയലോഗ്‌ കൂടി അതിന്റെ പുറത്തടിക്കാതെയിരുന്നാല്‍ പോരേ ഇത്തരക്കാര്‍ക്ക്‌?

അഗമ്യമായ പാതകള്‍ മാത്രം
തിരഞ്ഞെടുക്കുന്ന സാമൂഹ്യവിരുദ്ധര്‍ (സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കെതിരേ പ്രവൃത്തിക്കുന്നവരെന്ന അര്‍ത്ഥത്തില്‍) എല്ലാക്കാലത്തും വിചിത്ര തത്വവാദങ്ങള്‍ നിരത്തിയിട്ടുണ്ട്‌.

എക്സ്‌ നമ്പ്ര കുട്ടികള്‍ വൈ നമ്പ്ര വീടുകളില്‍ വളരുന്നതാണ്‌ രാജ്യത്തിനാവശ്യമെങ്കില്‍ x+5 കുട്ടികളെ ഉണ്ടാക്കുന്നതും 0x കുട്ടികള്‍ക്കായി റിസോര്ഴ്‌ പൂഴ്ത്തിവയ്ക്കുന്നതും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തന്നെ. ഇന്നലെ ഒരുത്തന്‍ ഗാര്‍ബേജ്‌
പൊതി ലിഫ്റ്റില്‍ ഉപേക്ഷിച്ചു പോയി- എനിക്കു കോഴി തിന്നണം പക്ഷേ പപ്പ്‌ കൊണ്ടോയി കുഴിച്ചിടാന്‍ വയ്യാ എന്നാവും..
ഗര്‍ഭസ്ഥ ശിശു ഒരു മനുഷ്യനാണ്‌. അതു ചിന്തിക്കുന്നു, വികാരം കൊള്ളൂന്നു കരയുന്നു ചിരിക്കുന്നു ജീവിക്കുന്നു. അത്നെ കൊല്ലുന്നത്‌ infanticide തന്നെ. അതുപോകട്ടെ. വളര്‍ത്താനാവാത്ത (സാമ്പത്തികമോ അതുപോലെ ഗൌരവമായൊരു പ്രശ്നമോ ഉണ്ടെങ്കില്‍ മാത്രം ) അതിനെ വളര്‍ത്താനൊരിടത്തേല്‍പ്പിക്കുന്നതല്ലേ വഴിയിലുപേക്ഷിക്കുന്നതിലും നല്ലത്‌?

എവിടെയൊിക്കേയോ ആരൊക്കെയോ ആവര്‍ത്തിച്ച കഥ:
ഇന്നിന്റെ ശരികള്‍ പണ്ടുണ്ടായിരുന്നെങ്കില്‍ കുടിച്ച്‌ കുട്ടികളെ തല്ലുന്ന പിതാവിന്റെയും ലൈംഗികരോഗം ബാധിച്ച അമ്മക്കും ചേര്‍ന്ന് ദാരിദ്ര്യത്തിന്റെ നടുവിലേക്ക്‌ ജനിപ്പിക്കാനിരിക്കുന്ന ഭ്രൂണം - ജനിച്ചാല്‍ എറേ വൈകാതെ രോഗിയായി തീരുന്ന ഗര്‍ഭം നശിപ്പിച്ചു കളഞ്ഞേനേ. ഇന്നിന്റെ ശരി അന്നു തെറ്റായിരുന്ന്നതുകൊണ്ട്‌ ആ കുട്ടി - ബീഥോവനെന്ന മഹാത്ഭുതം- ജനിച്ചു.

സുനിലേ,
വാനരവംശജനായ മനുഷ്യനു പ്രാവിനെയും പ്രെയറിപ്പൂച്ചയേയും പോലെ എകഭാര്യാവ്രതം സഹജമല്ല, എന്നാല്‍ അന്യവുമല്ല. ബുദ്ധിമാനായ മനുഹ്യന്‍ ഒറ്റ ഇണയില്‍ തീര്‍ത്ത ദാമ്പത്യം കുട്ടികള്‍ക്ക്‌ നല്‍കുന്ന സുരക്ഷിതത്വം -ശാരീരികവും മാനസികവും സാമ്പത്തികവും സമൂഹത്തിനുള്ളിലെ സബ്‌ യൂൊണിറ്റ്‌ ആയ കുടുംബത്തിലേക്കും കുടുംബത്തിന്റെ മെമോറാന്‍ഡം ഓഫ്‌ അസ്സോസിയേഷനായ വിവാഹത്തിലേക്കും നയിച്ചു. നരവംശത്തിന്റെ വികസനത്തില്‍ അതായത്‌
ഒറാങ്ങ്‌ ഉട്ടാന്റെ കൂടെ മരംവിട്ടു മരം ചാടി കളിച്ച നമ്മുടെ വല്യപ്പൂപ്പനില്‍ നിന്നും I will put out the light and then I will put out the light എന്നെഴുതിയ ഷേക്‌ പീര്‍ (ഉവ്വാ, മൂപ്പര്‍ ഒരു ഷേക്ക്‌ ആയിരുന്നു)ആയി പരിണമിച്ചതിലെ എറ്റവും വലിയ contributing factor കല്യാണമായിരുന്നെന്ന് തോന്നുന്നു. എന്തായാലും പതിനായിരക്കണക്കിനു വര്‍ഷം സമൂഹത്തില്‍ വിവാഹമെന്ന established organization നില നില്‍ക്കാന്‍ കാരണം കുട്ടികളാണ്‌.

ആ നിലക്ക്‌ പ്രജനനം ആജീവനാന്ത ഇണക്കത്തിലേക്കും [pair bonding] വിവാഹത്തിലേക്കും [monogamy] ലൈംഗിക ത്വര കൂട്ടപ്പുലയാട്ട്‌ [polygyny]-ലേക്കും നയിക്കുമെന്നാണ്‌ എന്റെ അനുമാനം.
ശരിതെറ്റുകളില്ല ഇതിലൊന്നും സാമൂഹ്യ നീതിയുടെ ചോദ്യമേയുള്ളൂ. 4-5 വര്‍ഷം മുന്നേ ഡെല്‍ഹിയില്‍ ഒരു സഹോദരനും സഹോദരിയും വിവാഹിതരായി. ശരിതെറ്റുകള്‍ അതിലുമില്ല.

2 comments:

ദേവന്‍ said...

ആദ്യമായി കമന്റ്‌ സെഞ്ച്വറിയടിച്ച പോസ്റ്റിലിട്ട കമന്റ്‌(കള്‍)

Kiranz..!! said...

പോക്കറ്റടിക്കാരനെ പിടിക്കുമ്പോള്‍ റോഡില്‍ക്കൂടി പോകുന്ന പീച്ചക്കാരനായ വികലാംഗനും ചാടി ഒരടി പറ്റിംക്കും എന്ന് പറഞ്ഞത് പോലെയാ വിവാദപ്പോസ്റ്റുകളുടെ സെഞ്ച്വറി :)