Tuesday, March 20, 2007

കപോതവൃത്തം

ആറാം ക്ലാസ്സില്‍ പഠിക്കുമ്പ്പോള്‍ രണ്ടു രൂപ മുപ്പതു പൈസാ വിലക്ക്‌ സഹപാഠി റുഡോള്‍ഫ്‌ എന്നിക്കൊരുജോടി പ്രാവിനെ തന്നു. എന്റെ സന്തതികളായി ഞാന്‍ എഡനില്‍ വിട്ടവരെ ഞാന്‍ ആദവും അവ്വയുമെന്നു വിളിച്ചു.

പീഞ്ഞപ്പെട്ടി കൊണ്ട്‌ പൊന്നന്‍ മേശിരി കൂടു പണിതു തന്നു. ഇരു ചിറകിലേയും മുമ്മൂന്നു ക്വില്‍ തൂവല്‍ ഊരി മാറ്റി ഞാന്‍ അവരെ താല്‍ക്കാലികമായി ഊരുതടങ്കലിലാക്കി. അവര്‍ക്കു പറക്കാറായപ്പോഴേക്ക്‌ ഇണങ്ങിക്കഴിഞ്ഞു.

ആദവും അവ്വയും പരമശക്തനായ എന്നോടു വിധേയപ്പെട്ട്‌ സ്നേഹത്തിലും സമാധാനത്തിലും ജീവിച്ചു. ഞാനവര്‍ക്ക്‌ ആഹാരവും വെള്ളവും മുടങ്ങാതെ കൊടുത്തു പോന്നു. എന്റെ ചൂളം വിളി കേട്ടാല്‍ എവിടെയായാലും അവര്‍ പറന്നെത്തിയിരുന്നു.

പ്രാവുകളുടെ പ്രണയം ഒരു ബാലേ പോലെ രസകരമാണ്‌ കാണാന്‍. പൂവേട്ടന്‍ പാടി പാടി കരഞ്ഞു കൂക്കി പിടക്കു ചുറ്റും നൃത്തം ചെയ്യും. അവളോ "ഈ ചെറുക്കന്‌ ഞരമ്പു രോഗമാണോ ദൈവമേ?" എന്നൊരു പുശ്ച ഭാവത്തില്‍ നോക്കിയിരിക്കും . അവന്‍ തകിട തധിമി വയ്ക്കുമ്പ്പോള്‍ അവള്‍ "ഛീ പോടാ" എന്നു മൊഴിഞ്ഞ്‌ പറന്ന് ദൂരെപ്പോകും (ശ്രീകുമാരന്‍ തമ്പിയുടെ നിന്‍ പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം എന്ന പാട്ട്‌ പ്രാപ്രണയത്തിനു യോജിച്ച പശ്ചാത്തലമാണ്‌.) ഒന്നുരണ്ടു ദിവസം നീളുന്ന മരം ചുറ്റി പ്രേമത്തിനവസാനം അവള്‍ വഴങ്ങുന്നു. ഹോളിവൂഡ്‌ ചൂടുള്ള ചുംബരംഗങ്ങള്‍ ഈ സമയത്ത്‌ കാണാം.

ഒരു സീസണില്‍ പ്രാവ്‌ രണ്ടു മുട്ടയിടും. ഊഴം വച്ച്‌ പൂവനും പിടയും അടയിരിക്കും. അടയിരിക്കാത്ത സമയം രണ്ടും ഇരതേടും. മുട്ട വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം പകുതി ദഹിച്ച പാലായി ചുണ്ടിലിറ്റിച്ചു കൊടുക്കും. ഇത്രയും അദ്ധ്വാനഭാരം കാരണം മിക്കവാറും തള്ളയും തന്തയും മെലിഞ്ഞും പ്രാവിന്‍കുഞ്ഞ്‌ ഷക്കീലയെപ്പോലെയും ആയിരിക്കും ആ സമയത്തൊക്കെ.

വളര്‍ന്നവര്‍ വളര്‍ന്നവര്‍ അടുത്ത കൂടു കെട്ടുന്നു. അപ്പോഴേക്കും അടുത്ത സീസണായി. പ്രാവുകള്‍ എക പത്നീ വ്രതം നോല്‍ക്കുന്നവര്‍ ആണ്‌ (monogamous) എങ്കിലും ഓരോ സീസണിലും അവര്‍ ആഞ്ഞു പ്രേമിക്കും- ഓണാഘോഷ നോട്ടീസിലൊക്കെ പറയുമ്പോലെ മുന്‍ വര്‍ഷത്തെക്കാള്‍‍ പരിപാടി ഗംഭീരമാക്കും.

പ്രാവുകള്‍ തികഞ്ഞ ഗാന്ധിയരാണ്‌. മുട്ടയോ കുഞ്ഞുങ്ങളോ കൂടെയുള്ളപ്പോള്‍ മിക്ക ജീവികളും അതിക്രമിച്ചു കടക്കുന്ന്നവരെ ഉപദ്രവിക്കും, പ്രാവുകള്‍ അപ്പോള്‍ക്കൂടി സൌമ്യരാണ്‌.

അതിശയകരമാണ്‌ പ്രാവിന്റെ സമയബോധവും ദിശാബോധവും . 3.55 നു വരുന്ന എന്റെ സ്കൂള്‍ ബസ്സിനെ സ്വീകരിക്കാന്‍ പ്രാവുകള്‍ എന്നും 3.50 നു ബസ്‌ സ്റ്റോപ്പില്‍ വരും . 4.00 മണി വരെ ബസ്സ്‌ കണില്ലെങ്കില്‍ നിലവിളിച്ചുകൊണ്ട്‌ എന്നെ അന്വേഷിച്ചു പറക്കാന്‍ തുടങ്ങും - ശനിയും ഞായറും എനിക്കു സ്കൂളില്ലെന്നും അവര്‍ക്കറിയാം. കൊട്ടാരക്കരയില്‍ കൊണ്ട്‌
പറത്തി വിട്ട ആദവും ചാത്തന്നൂര്‍ തുറന്നു വിട്ട ഹൌവ്വയും ഒരു മണിക്കര്‍ കൊണ്ട്‌ 25 കിലോമീറ്റര്‍ താണ്ടി തിരിച്ച്‌ വീട്ടിലെത്തി!

ഒരു സമൂഹമെന്ന നിലക്ക്‌ പ്രാവുകള്‍ മനുഷ്യരെക്കാള്‍ ഉയര്‍ന്നവരാണ്‌. ആ സമൂഹത്തില്‍ അക്രമമില്ല, സാമൂഹ്യ വിരുദ്ധരില്ല, കുറ്റവാളികളും കൊലപാതകികളുമില്ല. അനാഥരില്ല, ചതിയും വഞ്ചനയുമില്ല. പരാതിക്കാരും സ്വാര്‍ത്ഥരുമില്ല. പ്രാവുകള്‍ സ്നേഹം മാത്രമറിയുന്ന മാലാഖമാര്‍.
വള്ളുവനാടന്റെ പോസ്റ്റില്‍ ഇട്ടത്

8 comments:

ദേവന്‍ said...

ഒരു സമൂഹമെന്ന നിലക്ക്‌ പ്രാവുകള്‍ മനുഷ്യരെക്കാള്‍ ഉയര്‍ന്നവരാണ്‌. ആ സമൂഹത്തില്‍ അക്രമമില്ല, സാമൂഹ്യ വിരുദ്ധരില്ല, കുറ്റവാളികളും കൊലപാതകികളുമില്ല. അനാഥരില്ല, ചതിയും വഞ്ചനയുമില്ല. പരാതിക്കാരും സ്വാര്‍ത്ഥരുമില്ല

ബിന്ദു said...

പക്ഷേ.... വള്ളുവനാടന്‍ എവിടേ??? :)

ദേവന്‍ said...

ബിന്ദുവേ,
വള്ളുവന്‍ ജീവനോടെ ഉണ്ടോ സിദ്ധികൂടിയോ എന്ന് ഈയിടെ ഫോണ്‍ ചെയ്തു തിരക്കിയിരുന്നു ഞാന്‍. ജോലി മാറി ഉത്തരവാദിത്തമുള്ള ഒരു കസേരയിലായതിനു ശേഷം ബ്ലോഗ്ഗ് തീരെയെഴുതാന്‍ പറ്റുന്നില്ലെന്നു പറയുന്നു.

കണ്ണൂസ്‌ said...

ആ, ഇതു ഞാന്‍ വായിച്ചിട്ടില്ലല്ലോ.

വള്ളുവിന്റെ കാര്യം ഇരിക്കട്ടെ. ആദത്തിനും ഹവ്വക്കും എന്തു പറ്റി അവസാനം?

പരാജിതന്‍ said...

ദേവാ, ഇത്‌ വായിച്ചപ്പോള്‍ പഴയൊരോര്‍മ്മ. കൊല്ലത്ത്‌ ഞാന്‍ താമസിച്ചിരുന്ന ഒരു വീടിനോട്‌ ചേര്‍ന്നുള്ള ബന്ധുവിന്റെ വീട്ടില്‍ രണ്ട്‌ ഇണപ്രാവുകളുണ്ടായിരുന്നു. മക്കളുണ്ടായ ശേഷം പിട പൂച്ച പിടിച്ചോ മറ്റോ ചത്തു. വിഭാര്യനായ പൂവന്‌ മക്കളുടെ കാര്യത്തില്‍ തികഞ്ഞ ശ്രദ്ധയായിരുന്നു. പിള്ളേര്‍ വശപ്പിശകായി കിണറ്റുകരയിലൊക്കെ വന്നിരുന്നാല്‍ അപ്പന്‍ ശകാരിച്ചു കൂട്ടില്‍ കയറ്റും. വല്ലാത്തൊരാധിയും സ്നേഹവും അതിന്റെ മുഖത്തുണ്ടെന്നു തോന്നും എപ്പോഴും.

sandoz said...

ദേവേട്ടാ....ഇതൊരു കമന്റ്‌ മാത്രം ആയിരുന്നു എന്നു വിശ്വസിക്കാന്‍ പ്രയാസം......പഴയ കിടിലന്‍ കെട്ടുകള്‍ ഒക്കെ പൊടി തട്ടി അലക്കൂ......നല്ല രസമുണ്ട്‌ വായിക്കാന്‍.....ഇപ്പോള്‍ ആക്ടീവ്‌ അല്ലാത്ത പഴയ പ്രമുഖ ബ്ലോഗേര്‍സിനെ പരിചയപ്പെടുകയും ആവാം....

ദേവന്‍ said...

കണ്ണൂസേ,
കഥയുടെ "പരിമാണം" ഇങ്ങനെ.
ആദവും ഹവ്വയും ഏദനില്‍ സുഖമായി ചെറുപയര്‍, ഗോതമ്പ്‌, പച്ചരിശി, ഏറ്റവും പ്രിയപ്പെട്ട ഭക്ഷ കുടിക്കാന്‍ വെള്ളം തിളപ്പിച്ചതിലെ ജീരകവും മല്ലിയും ഒക്കെ കഴിച്ച്‌ ആര്‍മ്മാദിച്ച്‌ കാലം കഴിച്ചു.

"യൌവ്വനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം" എന്ന സമയത്ത്‌ ഹവ്വ രണ്ടു മുട്ടയിട്ടു. ഒരു ചോക്കളേറ്റ്‌ ബേബിയും ഒരു വെള്ളായിയും വിരിഞ്ഞു. ഞാനവര്‍ക്ക്‌ കായീന്‍ എന്നും ആബേല്‍ എന്നും പേരിട്ടു. ലവന്മാര്‍ വളര്‍ന്നപ്പോഴാണ്‌ രണ്ടും ലവള്‍ ആണെന്ന് മനസ്സിലായത്‌, എന്തായാലും ഇട്ട പേര്‍ മാറ്റിയില്ല. ആബേല്‍ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയിക്കളഞ്ഞു. കായീന്‍ ഒരു പൂവനെ വശീകരിച്ചുകൊണ്ടുവന്ന് ജനസംഖ്യ, സോറി പ്രാസംഖ്യ നിലനിര്‍ത്തി. വന്നു കിട്ടിയ ടീം ആയതുകൊണ്ട്‌ അവന്‍ കര്‍ണ്ണന്‍ ആയി.

അടുത്ത വര്‍ഷം ആദത്തിനും അവ്വക്കും ബോബന്‍ മോളി എന്നു രണ്ടു മക്കളും കായീനും കര്‍ണ്ണനും പാച്ചു കോവാലന്‍ എന്ന രണ്ടാണ്‍പിള്ളേരും ഉണ്ടായി.

ആ സമയത്താണ്‌ വീട്ടിലും ഒരു പ്രജ ഉണ്ടായത്‌. ചേച്ചിയുടെ മകള്‍ ലക്ഷ്മി. അവള്‍ നടന്നു തുടങ്ങിയപ്പോഴേക്ക്‌ വീട്ടില്‍ വന്നാല്‍ "വാവ്‌ ക്രൂ ക്രൂ.." എന്നു പറഞ്ഞ്‌ പ്രാവിന്റെ അടുത്തുനിന്നും മാറാതെയായി. പ്രാവുകള്‍ക്ക്‌ തൊലിപ്പുറത്ത്‌ ശല്‍ക്കങ്ങള്‍ (scales) ഉണ്ട്‌. അത്‌ ശ്വാസത്തിലൂടെ ഉള്ളില്‍ പോകാനും മറ്റെന്തെങ്കിലും അസുഖങ്ങള്‍ പകരാനും ഉള്ള റിസ്ക്‌
കണക്കിലെടുത്ത്‌ ഞാന്‍ ആദകുലത്തെ ഏദനില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു.


പൊന്നന്‍ മേശിരിയുടെ അനുജന്‍ ബാബുവിന്റെ വീട്ടിലേക്ക്‌ കൂടുകള്‍ സ്ഥലം മാറ്റി. എന്നാലും ഇവര്‍ തിരിച്ചു വരുമെന്ന് ഉറപ്പുള്ളതുകൊണ്ട്‌ ഒരിക്കല്‍ കൂടി ക്വില്‍ മുറിച്ചു വീട്ടുതടങ്കലിലാക്കി. പറക്കാനാവാതെ എന്റെ പിറകേ നടന്നു വരാന്‍ ഒരു ശ്രമം നടത്തിയ ആദത്തെ സല്‍മാന്‍ ഖാന്‍ സ്റ്റൈലില്‍ "കബൂത്തര്‍ ജാ ജാ ജാ" എന്ന് ആട്ടിയോടിക്കേണ്ടി വന്നത്‌ വലിയൊരു സങ്കടമായി... എന്തായാലും ഞാനവരെ ഉപേക്ഷിച്ചെന്ന് മനസ്സിലാക്കിയതില്‍ പിന്നെ പറന്നു തുടങ്ങിയിട്ടും വീട്ടില്‍ അങ്ങനെ വരാതായി. വല്ലപ്പോഴും വന്ന് മല്ലിയും ജീരകവും തൊടിയിലുണ്ടോ എന്നു നോക്കും, ഏറെ സമയം ചിലവിടാതെ തിരിച്ചും പോകും.

അപരാജിതാ,
ഇണ തട്ടിപ്പോയാല്‍ പ്രാവ്‌ കുടുംബം നടത്തുകയും തുടര്‍ന്ന് ജീവിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ആകെ ഡള്‍ ആയി പോകും. കൂട്ടില്‍ ഒരു കണ്ണാടി വച്ചാല്‍ ആ പാവം വീണ്ടും ഉഷാറാകും! ഒരു ചതി ആണ്‌, എങ്കിലും നല്ല കാര്യത്തിനല്ലേ, തന്റെ ഇണയല്ലാതെ മറ്റൊരു പ്രാവ്‌ കൂട്ടില്‍ വരില്ല എന്നു വിശ്വസിക്കുന്ന പ്രാവന്‍ അത്‌ ഭാര്യയാണെന്നു കരുതിക്കോളും. പെണ്‍ പ്രാവാണെങ്കില്‍ വീണ്ടും മുട്ടയും ഇടും. കാഞ്ചനസീത പ്രയോഗത്തിനു പേറ്റന്റ്‌ റുഡോള്‍ഫിന്‌.

സാന്‍ഡോസേ,
പല ബ്ലോഗുകളും ഉദാ. ക്ഷുരകവേദം, വെടിവട്ടം ഒക്കെ വടിയായിപ്പോയി. അവിടെയിട്ട
പോസ്റ്റുകളും കമന്റുകളും സ്വാഹിലി. അതൊഴികെ ബാക്കിയൊക്കെ നമുക്കു പൊക്കാം.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഈ കപോതവൃത്തവും, വായനക്കാരുടെ കുശലാന്വേഷണത്തിനു തന്ന കൌതുകകരമായ മറുപടിപ്രാക്കഥയും ചേര്‍ത്ത്‌ ഒരു കഥവട്ടം പോലെയുണ്ട്. ഒരു കഥയാക്കാമായിരുന്നു...

“അയ്യോ പ്രാവേ പോകരുതേ” എന്ന പാട്ടിനൊപ്പം ഒരുപ്രാക്കഥ കൂടി പ്രാവുകളോടു പറയാമായിരുന്നു.
:-)

qw_er_ty