Saturday, March 31, 2007

ഭക്തിയോ യുക്തിയോ കര്‍മ്മമോ വേണ്ടൂ?

കാളിയന്റെ ഈ പോസ്റ്റില്‍ മൂര്‍ത്തി ചോദിക്കുന്നു, ലോകം തന്നെ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അതിനെക്കുറിച്ച് അറിയുകയും പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ഇടപെടുകയും ചെയ്യുന്നതിനുപകരം അദ്വൈതത്തിലും ബ്രഹ്മനിലുമൊക്കെ ഒരു പരിധിയില്‍കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഒരു തരം ‘എസ്കെയ്പ്പിസം’ അല്ലേ?

ആണോ? എന്താണ്‌ ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങള്‍?
ഒന്നാമത്തെ പ്രശ്നം
എറ്റവും വലിയ പ്രശ്നം പട്ടിണിയാണ്. ലോകത്തെ സര്‍വ്വ മനുഷ്യനും ഒരു ദിവസം ആറു നേരം ഭക്ഷണം കഴിക്കാനുള്ള റിസോര്‍സ്‌ നമുക്ക്‌ മൊത്തത്തിലുണ്ട്‌, പക്ഷേ 80 കോടി ആളുകള്‍ക്ക്‌ ദിവസം ഒരു നേരം പോലും തിന്നാനില്ല. ലോകത്താകെ 220 കോടി കുട്ടികള്‍ ഉണ്ട്‌ അതില്‍ 100 കോടിക്കും ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നീ അടിസ്ഥാന സൌകര്യങ്ങളില്ലാത്തവരാണ്‌, ആയുധ നിര്‍മ്മാണത്തിനു ലോകരാഷ്ട്രങ്ങള്‍ ചിലവിടുന്ന പണത്തിന്റെ അഞ്ചു ശതമാനം കൊണ്ട്‌ ഇവരുടെ ഈ ആവശ്യങ്ങള്‍ നിറവേട്ടി കൊടുക്കാം.

രണ്ടാമത്തെ പ്രശ്നം
രാഷ്ട്രങ്ങളുടെയും മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും പേരില്‍ മനുഷ്യന്‍ പരസ്പരം കൊല്ലുന്നു. അതിനും പുറമേ സമൂഹത്തിനുള്ളില്‍ തന്നെ മറ്റു പല രീതിയില്‍ പരസ്പരം ദ്രോഹിക്കുന്നു.

മൂന്നാമത്തെ പ്രശ്നം
പരിസ്ഥിതി- പ്രധാനമായും വെള്ളം, വായു, കാലാവസ്ഥ എന്നിവയ്ക്ക്‌- നാളെ ഭൂമിയുടെ മനുഷ്യന്റെയും മറ്റ്‌ ജീവജാലങ്ങളുടെയും നിലനില്‍പ്പ്‌ തന്നെ ഇല്ലാതെ ആകുന്ന രീതിയില്‍ മനുഷ്യന്‍ നാശം ചെയ്യുന്നു.

എന്തു പ്രശ്നത്തോടും രണ്ടു തരം അപ്പ്രോച്ച്‌ ഉണ്ട്‌. ഒന്ന് പ്രശ്ന പരിഹാരവും പ്രശ്നകാരണ പരിഹാരവും.
എന്റെയൊരു ഭാഷയില്‍ പറഞ്ഞാല്‍ allopathic approach & lifestyle approach അതായത്‌ ഒരുത്തന്റെ ഹൃദയധമനികള്‍ അടഞ്ഞു പോയാല്‍ അതൊരു പ്രശ്നമായി. ആശുപത്രിയില്‍ ചെന്ന് ബലൂണ്‍ കത്തീറ്റര്‍ കടത്തി അതു തുറന്നാല്‍ പ്രശ്നത്തിനു പരിഹാരമായി. കുറച്ചു കാലം കഴിയുമ്പോള്‍ അത്‌ വീണ്ടും അടയും കാരണം പ്രശ്ന കാരണം പരിഹരിക്കപ്പെട്ടില്ലല്ലോ, പ്രശ്നമൂലം അവന്റെ ഭക്ഷണ രീതിയിലും വ്യായാമ രീതിയിലും ഉള്ള പാളിച്ചയാണ്‌. അതിനെ പരിഹരിക്കുന്ന മാര്‍ഗ്ഗം lifestyle approach. ശരിയായ രീതിയില്‍ ഇതിനെ അവതരിപ്പിക്കാന്‍ എന്റെ ഭാഷാപരമമായ പരിമിതി അനുവദിക്കാത്തതുകൊണ്ട്‌ അപ്പ്രോച്ചുകളെ ഇങ്ങനെ വിശദീകരിക്കേണ്ടി വന്ന ഗതികേട്‌ ക്ഷമിക്കുക, എന്നാലും ആ ഐഡിയ എനിക്കു പറയാന്‍ കഴിഞ്ഞെന്നു വിചാരിക്കുന്നു.

ആദ്യത്തെ പ്രശ്നം റിസ്രോര്‍സ്‌ നിറയെ ഉള്ളപ്പോള്‍ പട്ടിണി- അതായത്‌ വെല്‍ത്ത്‌, വിതരണം നടക്കുന്നതിലെ അസന്തുലിതാവസ്ഥ. ഒരു allopathic approach വെല്‍ത്ത്‌ ആഗോള തലത്തില്‍ ഗവര്‍ണ്മെന്റുകള്‍ പിടിച്ചെടുത്ത്‌ എല്ലാവര്‍ക്കും കിട്ടുന്ന രീതിയില്‍ കൈകാര്യം ചെയ്യുക എന്നതല്ലേ? അപ്പോള്‍ കമ്യൂണിസ്റ്റ്‌ അപ്പ്രോച്ച്‌ . അതു ലോകത്ത്‌ നടക്കുമോ പ്രായോജികമാണോ, എന്നൊക്കെയുള്ള കാര്യം അവിടെ നില്‍ക്കട്ടെ. അത്‌ ശാശ്വത പരിഹാരമാണോ? ഉത്തരം ബാക്കി രണ്ട്‌ ചോദ്യങ്ങളും കൂടി കഴിഞ്ഞിട്ട്‌.

രണ്ടാമത്തേത്‌- മതത്തിന്റെ പേരില്‍ കൊല്ലുന്നു, രാഷ്ട്രങ്ങളുടെ പേരില്‍ കൊല്ലുന്നു. അല്ലോപതിക്ക്‌ അപ്പ്രോച്ച്‌- കൊലയാളി രാഷ്ട്രങ്ങളെയും മത സംഘടനകളെയും മറ്റുള്ളവര്‍ അതായത് അന്ത്രാരാഷ്ട്ര സമൂഹം എതിരിട്ട് തോല്‍പ്പിക്കുക. ഇത്‌ ശാശ്വതമാണോ?

മൂന്നാമത്തേത്‌ പരിസ്ഥിതി. അതിനു നാശമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവരെ കണ്ടു പിടിച്ച്‌ ശിക്ഷിക്കുക.

എളുപ്പം എല്ലാറ്റിനും പരിഹാരം നിര്‍ദ്ദേശിച്ചു കഴിഞ്ഞു നമ്മള്‍ അല്ലേ? ഇത്രയും എളുപ്പത്തില്‍ പരിഹാരം, ഉണ്ടെങ്കില്‍ അത്‌ എന്നേ നടന്നു കഴിഞ്ഞേനെ!

ഒരു സ്ഥലത്ത്‌ ബലം കൊണ്ട്‌ വെല്‍ത്ത്‌ വിതരണം ചെയ്യപ്പെട്ടാല്‍ അവിടെ അടുത്ത ഇംബാലന്‍സ്‌ ഉണ്ടാകും. അല്ലെങ്കില്‍ മറ്റൊരു റിസോര്‍സ്‌ പൂഴ്ത്തിവയ്ക്കപ്പെടും ഇവിടെയാണ്‌ ഗാന്ധിജി പറഞ്ഞതിന്റെ പ്രസക്തി
"ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസ്വമത്വം എന്താണ്‌? മനുഷ്യന്റെ മനസ്സിലെ തിന്മ. തോക്കിന്‍ കുഴലിലൂടെ ആ അന്തരം ശാശ്വതമായി പരിഹരിക്കപ്പെടുന്നില്ല, കാരണം സമൂഹ മനസ്സില്‍ നിന്നും അതിനെ മായ്ച്ചു കളയാന്‍ തോക്കിനു കഴിവില്ല." (ഹരിജന്‍ മാസികയില്‍ 1938ല്‍ എഴുതിയ ലേഖനം)
ശാശ്വതമായ പരിഹാരം. അവിടെയാണു പ്രശ്നം. എന്താണ്‌ പട്ടിണിയുടെ, ഹിംസയുടെ, പാരിസ്ഥിതിക ദ്രോഹത്തിന്റെ അതുപോലെയുള്ള അടിസ്ഥാന പ്രശ്നങ്ങളുടെ മൂലഹേതു? എന്തിനു മനുഷ്യന്‍ പൂഴ്തിവയ്ക്കാനും കൊന്ന് എന്തോ നേടാനും നശിപിച്ച്‌ പുരോഗമിക്കാനും ശ്രമിക്കുന്നു? ഉത്തരം ലളിതമല്ലേ- സ്വാര്‍ത്ഥത.

സ്വാര്‍ത്ഥത, അതെന്താണാവോ? സ്വ: + അര്‍ത്ഥ എനിക്കു വേണ്ടി മാത്രം കാര്യങ്ങള്‍ ചെയ്യുകയും ചിന്തിക്കുകയും ചെയ്യല്‍. ആരാണു ഞാന്‍? എന്തിനാണു ഞാന്‍? ഞാന്‍ എത്രമാത്രം മറ്റുള്ളവരില്‍ നിന്നും വേറിട്ട സ്വതം ഉള്ളയാളാണ്‌, എന്തു തരം ബന്ധം ഞാന്‍ മറ്റുള്ളവരുമായി, അതായത്‌ മറ്റു "ഞാന്‍"മാരുമായി പുലര്‍ത്തേണ്ടതുണ്ട്‌. ഈ "ഞാന്‍" ഞ്ജാനം കൂടുന്നതനുസരിച്ച്‌ "ഞാന്‍" ബോധത്തിലെ അബദ്ധ ധാരണകളും ഞാനിന്റെ പ്രോഡക്റ്റ്‌ അല്ലെങ്കില്‍ വിര്‍ച്വല്‍ റീയാലിറ്റി ആയ മനസ്സിലെ തിന്മകളും (കടപ്പാട്‌ ഗാന്ധിജിക്ക്‌) കുറയും. ഞാനിന്റെ ദ്വൈതഭാവം മൂര്‍ച്ഛിക്കുമ്പോഴെല്ലാം ഞാന്‍ മറ്റു ഞാനുകളോട്‌ താദാത്മ്യം പുലര്‍ത്താനാവാതെ ലോകത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്‌ വലിപ്പം കൂട്ടും.

അലോപ്പതിക്‌ അപ്പ്രോച്ച്‌ വേണ്ടെന്നാണോ അപ്പോള്‍? ഒരിക്കലുമല്ല. ഹൃദ്രോഗത്തിന്റെ ഉദാഹരണമാണല്ലോ മുകളില്‍ പറഞ്ഞത്‌, അതില്‍ തന്നെ തുടരാം. ഒരു ഹൃദയാഘാതമുണ്ടായാല്‍ എത്രയും വേഗം ഒരാംബുലന്‍സ്‌ വിളിച്ച്‌ ആശുപത്രിയില്‍ ചെല്ലണം. ഈ ആര്‍ പ്രൊസീഡ്യൂറുകള്‍ എത്ര വേഗം കിട്ടുമോ അത്ര വേഗം നടത്തണം, എമെര്‍ജെന്‍സി ആയി ചിലപ്പോ കത്തീറ്റര്‍ പ്രയോഗമോ ബൈപ്പാസ്‌ ഗ്രാഫ്റ്റ്‌ ചെയ്യലോ നടത്തേന്റി വരും. തിരിച്ച്‌ ഇറങ്ങി പോരുമ്പോള്‍(അതിലും ഉചിതമായി അങ്ങനെ ഒരു ക്രൈസിസ്‌ ഉണ്ടാകും മുന്നേ തന്നെ)ആലോചിക്കുക, എങ്ങനെ ഈ മുട്ടായി എനിക്കു കിട്ടി, ഇനിയൊരിക്കലും കിട്ടാതെയാകാന്‍ എന്തു വേണം? അതായത്‌ പലപ്പോഴും, പോട്ടെ മിക്കപ്പോഴും കോംബിനേഷന്‍ അപ്പ്രോച്ചാണ്‌ വേണ്ടത്‌.

ഞാനിന്റെ ദ്വൈതഭാവത്തെക്കുറിച്ചുള്ള ചിന്ത അസ്ഥാനത്തായില്ല, അതു കാലോചിതം തന്നെ.

വിവേകാനന്ദ സാഹിത്യ സര്‍വ്വം രണ്ടാം വോല്യത്തില്‍ (മൃഡാനന്ദസ്വാമി പരിഭാഷപ്പെടുത്തിയത്‌) നിന്ന് ഒരു ഭാഗം
"ആരാധനോപായങ്ങളും മത ചിന്തകളും മനുഷ്യ മനസ്സിന്റെ തൃപ്തവും സ്വസ്ഥവുമാക്കാനുള്ള ഉപാധികള്‍ എന്ന നിലയില്‍ വളരെ നല്ലതും ഒരുപക്ഷേ മാനസിക പുരോഗതിക്ക്‌ ഉപകാരപ്രദം പോലും ആയിരിക്കാം.

എന്നാല്‍ ഒരേസമയം യുക്തിശാലിയും ആത്മീയതല്‍പ്പരനും ആകണം ഒരുവനെങ്കില്‍ അത്‌ ഒട്ടും മതിയാവില്ല. അതിനെല്ലാം അപ്പുറം ചിന്തിക്കാനാവണം.

ദ്വൈതബോധം പരമകോടിയിലായിരുന്ന രണ്ടു കാലങ്ങളില്‍- ഇന്നത്തെപ്പോലെയല്ല, അതിഭീകരമായി തിന്മയൊഴുകിയ കാലങ്ങളില്‍ അദ്വൈതം ഭാരതത്തെ രക്ഷിച്ചിട്ടുണ്ട്‌. ആദ്യം ബുദ്ധന്‍ അവതരിച്ച്‌ അദ്വൈതത്തിന്റെ ധര്‍മ്മ സാരങ്ങള്‍ പരത്തി, ആയിരം സംവത്സരങ്ങള്‍ കഴിഞ്ഞ്‌ വീണ്ടും ആ അവസ്ഥ പുനര്‍ജ്ജനിച്ചപ്പോള്‍ ശങ്കരാചാര്യര്‍ അതിന്റെ യുക്തിഭാഗത്തെ ജനസമക്ഷം അവതരിപ്പിച്ചു."

വീണ്ടും ലോകത്തില്‍ ദ്വൈതബോധം വഷളാകുന്നു കപാലധാരികളും, നരബലിക്കാരും വിനാശകാരികളും ദൈവത്തിന്റെ ബന്ധുക്കളും ഏജന്റുമാരും അനുയായികളും ദൈവമാണെന്ന് അവകാശപ്പെടുന്നവരും എല്ലാം "ഞാന്‍ മാത്രം" "എന്റെ മാത്രം" "എനിക്കു മാത്രം" "ഞാനല്ലാതെയൊന്നുമില്ല" എന്നൊക്കെ അലറുന്നു. ചുറ്റുമുള്ളവരില്ലെല്ലാം ഉപഭോഗവസ്തുക്കളാണെന്ന് കരുതി ഞാന്‍ മാര്‍ പേയ്‌ പിടിച്ച്‌ പരക്കം പായുമ്പോള്‍ കാളിയന്‍ ചിന്തിക്കട്ടെ, യുക്തിപൂര്‍വ്വം ചിന്തിക്കട്ടെ. നല്ലതിനാണ്.

[പിന്‍ കുറിപ്പ്‌- അദ്വൈതം പലതില്‍ ഒരു തീയറി മാത്രമാണ്‌, വേദാന്തസാരമോ ഉപനിഷത്‌ സാരമോ അതു മാത്രമൊന്നുമല്ല. ആ രീതിയില്‍ പലരും, മുഖ്യമായും സുകുമാര്‍ അഴീക്കോടിന്റെ തത്വമസി പോലെയുള്ള പുസ്തകങ്ങളില്‍ എഴുതിയിട്ടുള്ളതിനോട്‌ എനിക്ക്‌ യോജിപ്പില്ല. പല ചിന്താസരണികളില്‍ ഏറെ പ്രത്യേകത അന്നത്തെ കാലത്ത്‌ ഉണ്ടായിരുന്ന ഒരു യുക്തിചിന്ത മാത്രമാണ്‌ അദ്വൈതം, അതിനപ്പുറമൊന്നും അതില്‍ എനിക്കു കാണാനയില്ല.]

14 comments:

ദേവന്‍ said...

കപാലധാരികളും, നരബലിക്കാരും വിനാശകാരികളും ദൈവത്തിന്റെ ബന്ധുക്കളും ഏജന്റുമാരും അനുയായികളും ദൈവമാണെന്ന് അവകാശപ്പെടുന്നവരും എല്ലാം "ഞാന്‍ മാത്രം" "എന്റെ മാത്രം" "എനിക്കു മാത്രം" "ഞാനല്ലാതെയൊന്നുമില്ല" എന്നൊക്കെ അലറുന്നു. ചുറ്റുമുള്ളവരില്ലെല്ലാം ഉപഭോഗവസ്തുക്കളാണെന്ന് കരുതി “ഞാന്‍“ മാര്‍ പേയ്‌ പിടിച്ച്‌ പരക്കം പായുമ്പോള്‍ കാളിയന്‍ ചിന്തിക്കട്ടെ, യുക്തിപൂര്‍വ്വം ചിന്തിക്കട്ടെ. നല്ലതിനാണ്.
-ഇന്നെഴുതിയ കമന്റ് നേരിട്ട് ആര്‍ക്കൈവില്‍ പ്രസിദ്ധീകരിക്കുന്നു

കണ്ണൂസ്‌ said...

ദേവാ, മനസ്സിലായി. സ്വാര്‍ത്ഥത എന്ന ദോഷം മനുഷ്യമനസ്സുകളില്‍ നിന്ന് അകറ്റാന്‍ അല്ലെങ്കില്‍ കുറക്കാന്‍ അദ്വൈത സങ്കല്‍പ്പങ്ങളും അതിലുള്ള ചര്‍ച്ചയും ഒക്കെ സഹായിക്കും. പക്ഷേ എന്റെ സംശയം കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍, അതിന്റെ ഗുണഫലത്തില്‍ ഉള്ളതാണ്‌. അതായത്‌ വ്യക്തിയുടെ മാനസികോന്നതിക്ക്‌, മോക്ഷപ്രാപ്തിക്ക്‌ എന്നൊക്കെയുള്ള രീതിയില്‍ അദ്വൈതത്തെ വ്യാഖ്യാനിക്കുന്നതും, പഠിപ്പിക്കുന്നതും ഗുണം ചെയ്യുമോ? ദേവന്‍ തന്നെ പറഞ്ഞപോലെ മിക്ക കാര്യങ്ങളിലും കാണേണ്ട "കോംപിനേഷന്‍ അപ്പ്രോച്ച്‌" ഈ കാര്യത്തില്‍ ഉണ്ടാവുന്ന കാര്യം കൂടി പഠനങ്ങളിലും ചര്‍ച്ചയിലും വേണ്ടതല്ലേ?

Unknown said...

കിടിലം!

chithrakaran ചിത്രകാരന്‍ said...

കൂടുതല്‍ മനസ്സിലാകുന്ന നല്ല അവതരണം. സാങ്കേതിക പദങ്ങളുടെ ദഹനക്കേടുണ്ടാക്കുന്ന വേര്‍ത്തിരിവില്ലാതെ അനുഭവ സാക്ഷ്യങ്ങളിലൂടെയുള്ള ആത്മജ്ഞാനം. നന്നായിരിക്കുന്നു ദേവന്‍.

പരാജിതന്‍ said...

ദേവാ, ഈ കുറിപ്പും വളരെ നന്നായി.

"മദയാനയ്ക്കു മുന്നില്‍ അദ്വൈതി എന്തു ചെയ്യും?" എന്ന പ്രശ്നം യാതൊരു പ്രസക്തിയുമില്ലാത്തതാണെന്ന് പണ്ടേ തോന്നിയിട്ടുള്ളതാണ്‌. "സിദ്ധാര്‍ത്ഥരാജകുമാരന്റെ ഭാര്യ പട്ടിണിക്കാരിയായിരുന്നെങ്കില്‍ അങ്ങേര്‍ക്ക്‌ ലോകത്തിന്റെ ദുഃഖഹേതു തേടി വീടുപേക്ഷിച്ചു പോകാന്‍ പറ്റുമായിരുന്നോ?" എന്നു ചോദിക്കുന്ന പോലെ.

സ്വാര്‍ത്ഥതയെപ്പറ്റിയും മറ്റും പറഞ്ഞതിനോടെല്ലാം പൂര്‍ണ്ണമായും യോജിക്കുന്നു. ("ലോകത്തിന്റെ സ്വച്ഛത എന്റെയും സ്വച്ഛതയാണ്‌, അങ്ങനെ അത്‌ എന്റെയും ആവശ്യമായി വരുന്നു. അപ്പോള്‍ 'സ്വാര്‍ത്ഥത എന്നത്‌ പോസിറ്റീവ്‌ ആയ ഒരു ഗുണമാകുന്നു." എന്നും സ്വാര്‍ത്ഥതയെ വ്യാഖ്യാനിക്കാന്‍ പറ്റും!) വിവേകാനന്ദന്റെ വാക്കുകള്‍ എടുത്തു കാട്ടിയതിന്‌ നന്ദി.

പിന്നെ, ഇമ്മാതിരി കാര്യങ്ങളില്‍ പറയുന്നയാളിന്റെ ആര്‍ജ്ജവത്തെ കൂടി കണക്കിലെടുക്കാതെ പറ്റില്ലെന്നാണ്‌ എന്റെ പക്ഷം. "സര്‍വം ഖല്വിദം ബ്രഹ്മം" എന്നൊക്കെ കനത്തില്‍ പറയുകയും വരമ്പേല്‍ കൂടി നടക്കുമ്പോള്‍ താണ ജാതിക്കാരനെപ്പിടിച്ചു തോട്ടില്‍ കളയാന്‍ മൗനാനുവാദം കൊടുക്കുകയും ചെയ്തിരുന്ന പഴങ്കാല പണ്ഡിതന്മാരും തൊടുത്തിനു നൂറുവട്ടം വിവേകാനന്ദനെ ഉദ്ധരിക്കുകയും അതേ നാവു കൊണ്ട്‌ "അടിച്ചു പൊളിക്കെടാ പള്ളി!" എന്നു ആഹ്വാനിക്കുകയും ചെയ്യുന്ന പുത്തന്‍ അവതാരങ്ങളുമൊക്കെ ഹൈന്ദവദര്‍ശനങ്ങളുടെ ബ്രാന്‍ഡ്‌ അമ്പാസഡര്‍മാര്‍ തന്നെയല്ലേ? ഇക്കാലത്ത്‌, കമ്മ്യൂണിസത്തെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും എഴുതുന്നയാള്‍ പ്രായോഗികതലത്തില്‍ അതിന്‌ സംഭവിച്ച വീഴ്ചകളേയും അഭിസംബോധന ചെയ്യേണ്ടതുണ്ട്‌. അത്‌ പോലെ തന്നെ ഹൈന്ദവദര്‍ശനങ്ങളെക്കുറിച്ചെഴുതുന്ന ഒരാള്‍ക്ക്‌ ഇത്തരം പ്രശ്നങ്ങളെ പരാമര്‍ശിക്കാനുള്ള ബാധ്യതയുണ്ട്‌. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷേ, ചീട്ടുകളി പോലെയോ മുറുക്കിച്ചുവപ്പിച്ചിരുന്നുള്ള വെടിപറച്ചില്‍ പോലെയോ ഒരു വിനോദമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ.

ദേവന്‍ said...

കണ്ണൂസേ, ആശാന്റെ നെഞ്ചും കളരിയുടെ മതില്‍ക്കെട്ടുമല്ലാതെ മറ്റൊരിടവും നമുക്കു പത്ഥ്യമല്ല. കോംബിനേഷന്‍ അപ്പ്രോച്ച്‌ ആരും എടുത്തതായി അറിയില്ല. ചെറിയ രീതിയിലെങ്കിലും അങ്ങനെ ചിന്തിച്ച കൃഷ്ണമൂര്‍ത്തിയെയും ഓഷോയേയും ഒക്കെ പ്രാന്തനും കഞ്ചാവു വലിയനും മതനിഷേധിയുമൊക്കെയായി ചിത്രീകരിക്കാനേ നമ്മള്‍ ശ്രമിച്ചിട്ടുള്ളൂ.

മാനസികോന്നതി എന്നാല്‍ മനസ്സിനെ നേര്‍വഴിക്കു നടത്തല്‍ തന്നെ, അതിനു യുക്തിചിന്ത ഏറെ നല്ലതാണ്‌. പിന്നെ മോക്ഷം, അത്‌ അദ്വൈതമെന്ന തത്വത്തിനു തന്നെ എതിരല്ലേ? ആര്‍ക്കു മോക്ഷം, ആത്മാവിനോ? അതിനങ്ങനെ വേറിട്ടൊരു മാറി നില്‍ക്കുന്ന ഒരു ഭാവമുണ്ടോ? "അയമാത്മബ്രഹ്മം" എന്നല്ലേ.

ദില്‍ബൂ, നന്ദി.

ചിത്രകാരാ,
നന്ദി. സാങ്കേതികപദങ്ങള്‍, പ്രത്യേകിച്ച്‌ അവനവനു തന്നെ നിശ്ചയമില്ലാത്തവ ഉപയോഗിച്ച്‌ ആളെ വട്ടാക്കി വിടുന്ന ഇടപാട്‌ [നളന്റെ ഭാഷയില്‍ പറഞ്ഞാല്‍ മായ ചായ നേതി ചാതി എന്നൊക്കെ] ഒരുപാടുപേര്‍ മുതലാക്കിയിരിക്കുകയാണ്‌. അതുകൊണ്ട്‌ മന:പൂര്‍വ്വം ഈ വഴി ശ്രമിക്കുകയാണ്‌.

ഹരീ,
രൂപം രൂപം പ്രതിരൂപം തദ്‌ അസ്യ രൂപം പ്രതീകാസനായ: എന്ന് എഴുതി വച്ച വേദിക്കിന്‌ മനുഷ്യന്‍ പല ജാതിയാണെന്ന് കഞ്ചാവു വലിച്ചിരിക്കുമ്പോള്‍ പോലും ചിന്തിക്കാനാവില്ല. ഈ ജാതിയുടെ ഇടപാട്‌ തീര്‍ച്ചയായും വേദചിന്തകള്‍ക്കുള്ളില്‍ പിന്നീട്‌
തിരുകിക്കയറ്റിയതാണ്‌. വേദിക്കുകള്‍ പൂജാരികള്‍ ആയിരുന്നില്ല, താത്വികര്‍ ആയിരുന്നു എന്നതിനാല്‍ തന്നെ അവര്‍ ബ്രാഹ്മണരോ എന്തെങ്കിലും രീതിയില്‍ ദൈവത്തോട്‌ അടുത്തു നില്‍ക്കുന്നവര്‍ എന്നു ചിന്തിക്കുന്നവരോ അല്ലെന്ന് വ്യക്തമായി അറിയാം. വേദാന്തത്തെ അടിച്ചു മാറ്റി, അതില്‍ ചാതുര്‍വര്‍ണ്ണ്യം ആപ്പാക്കി അടിച്ചു കയറ്റി തിരുത്തിയെഴുതി സ്വന്തമാക്കി, ബൌദ്ധിക സ്വത്തും ലൌകിക സ്വത്തും തങ്ങളുടെ മാത്രം അവകാശമാണെന്ന് സ്ഥാപിച്ചെടുത്ത്‌ പൂഴ്ത്തിവച്ചവര്‍ തീര്‍ച്ചയായും അതിനു ശേഷമുള്ള കാലത്ത്‌ ഉരുത്തിരിഞ്ഞവരാണ്‌.

കാളിയന്റെ കമന്റില്‍ ഇട്ടതുപോലെ പൂഴ്ത്തിവയ്ക്കുന്നിടം മുടിഞ്ഞുപോകുമെന്ന ദര്‍ശനം പോലും ഇല്ലാത്ത ഒരു സമൂഹത്തിനു ഇത്തരം യുക്തിചിന്തകള്‍ ഉണ്ടാവില്ല. ശേഷകാലം ജീവിച്ച മുന്നോക്ക ജാതിയെന്ന് അവകാശപ്പെട്ടവര്‍ വേദാന്തത്തെ ചെസ്സ്‌ പോലെ അങ്ങോട്ടുമിങ്ങോട്ടും കളിച്ചു ജയിക്കാനുള്ള ഒരു മത്സരമാക്കിയെന്നല്ലാതെ വിശ്വസിച്ചിട്ടൊന്നുമില്ല, വിശ്വസിച്ചാല്‍, അതു പ്രചരിപ്പിച്ചാല്‍ പിന്നെ അവര്‍ക്കു തന്നെ നിലനില്‍പ്പില്ലല്ലോ. വേദിക്കിനു രാമനുമില്ല കൃഷ്ണനുമില്ല അവരുടെ ഏജന്റായ പൂജാരിയും ഇല്ല, ജാതിയുമില്ല.

ഹൈന്ദവ ദര്‍ശനം എന്നതു തന്നെ ഒരു വലയ്ക്കുന്ന ചിന്താരീതിയാണ്‌. ദ്വൈതിയും അദ്വൈതിയും ദൈവമെന്നതു തന്നെ തെറ്റായ സങ്കല്‍പ്പമെന്നു വിശ്വസിക്കുന്ന ചാര്‍വ്വികരും
ബൌദ്ധരും ജൈനരും ആത്മീയത തന്നെ അനാവശ്യമെന്നു കരുതിയ വെറും താത്വികരുമെല്ലാം അംഗീകരിക്കപ്പെട്ടിരുന്ന ഒരു സംസ്കാരത്തെ മതമായി കാണുന്നതു തന്നെ ശരിയല്ല. ഈ മതമില്ലായ്മയെ ക്യാപിറ്റലൈസ്‌ ചെയ്താല്‍ ഗുണമുണ്ടെന്ന് കണ്ടവരാണ്‌ ഹിന്ദു എന്നാല്‍ ഇന്നതാണെന്നും ഇന്ന രീതിയില്‍ ചിന്തിക്കുന്നവനാണെന്നും മറ്റും ഈ രന്റുമൂന്നു നൂറ്റാണ്ടായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയതും.

പള്ളിപൊളിയുട്‌ ശരിയായ വശം അറിയണമെങ്കില്‍ ആനന്ദ്‌ പട്വര്‍ദ്ധന്റെ റാം കെ നാം (ഇംഗ്ലീഷില്‍ ഇന്‍ ദി നെയിം ഓഫ്‌ ഗോഡ്‌) കണ്ടാല്‍ ധാരാളം മതി. ഹരി കണ്ടിട്ടുണ്ടാവുമെന്ന് അറിയാം, എങ്കിലും ഈ നിരോധിക്കപ്പെട്ട ചിത്രം കാണാന്‍ അവസരം കിട്ടാത്തവര്‍ക്കായി മൂന്നു രംഗങ്ങള്‍

1. അതില്‍ രാം മന്ദിര്‍ പൂജാരിയായിരുന്ന (ചിത്രം ഷൂട്ട്‌ ചെയ്ത്‌ കുറച്ചു ദിവസത്തിനകം വധിക്കപ്പെട്ട) ലാല്‍ ദാസ്‌ പറയുന്നു (ഓര്‍മ്മയില്‍ നിന്ന്, പദാനുപദം അല്ല)
"ആരാണു ഹിന്ദു? ആരാണ്‌ രാമഭക്തന്‍? ആര്‍ക്കാണ്‌ പള്ളി വേണ്ടാത്തത്‌? കൊന്നൊടുക്കാന്‍ വേണ്ടി കോടികള്‍ പിരിച്ച അശോക്‌ സിംഗളും അഡ്വാനിയും ഈ ക്ഷേത്രത്തില്‍ ഇന്നുവരെ വന്നിട്ടില്ല, ഇവിടെ കൈ കൂപ്പിയിട്ടില്ല, ഇവിടെ പൂജയ്ക്ക്‌ ഒരു രൂപാ കൊടുത്തയച്ചിട്ടുപോലുമില്ല. രാമനെ ഓര്‍ത്ത്‌ ആരും അവരുടെ വാക്കുകള്‍ കേള്‍ക്കരുത്‌, അവര്‍ വെറും കുഴപ്പക്കാര്‍ മാത്രമാണ്‌" (ആളു തട്ടിപ്പോകാന്‍ വേറേ കാരണം
വല്ലോം വേണോ, ലാല്‍ ദാസ്‌ ഫിനിഷായി കിട്ടി)

പട്വര്‍ദ്ധന്‍ അയോദ്ധ്യയില്‍ വഴിയേ നടക്കുന്നു, പോകുന്ന വഴിയെല്ലാം കാണുന്നവരോട്‌ ചോദിക്കുന്നു "നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ മുസ്ലീങ്ങളോടും മുസ്ലീമാണെങ്കില്‍ ഹിന്ദുക്കളോടും എന്തെങ്കിലും എതിര്‍പ്പോ വൈഷമ്യമോ ഉണ്ടോ? " ആര്‍ക്കും ഒരു വെറുപ്പുമില്ല അവിടെ. ഒടുക്കം ഒരു ചെരുപ്പുകുത്തി ജാതിയിലെ (മഹര്‍) സ്ത്രീയോടു ചോദിക്കുന്നു. അമ്പലം വേണോ, പള്ളി വേണോ നിങ്ങള്‍ക്ക്‌?
"അമ്പലത്തില്‍ എനിക്കു കയറിക്കൂടാ, പള്ളിയിലും. ഇതു രണ്ടും ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ലാത്ത എനിക്ക്‌ ഒരു താല്‍പ്പര്യവും ഇക്കാര്യത്തില്‍ ഇല്ല, പക്ഷേ ആളുകള്‍ വാളും കുന്തവുമായി നടക്കുന്നത്‌ കാണുമ്പോള്‍ ഭയം തോന്നുന്നു..."

മാവേലികേരളം(Maveli Keralam) said...

കണ്ണൂസ്സേ കാളിയന്റെ പേജിലും ഇവിടെയും താ‍ങ്കള്‍ ഇന്നയിച്ച സംശയം ഇത്തിരി മനസ്സിലായി എന്ന ധാരണയില്‍ എഴുതുകയാണ്.

ഒരു വ്യക്തിയുടെ മനസാക്ഷി അവന്റെ ആത്മീയ മത ബോധത്തിന്റെ മാത്രമല്ല, ചരിത്രത്തിന്റെയും ആകെ ത്തുകയാണ്.
ഈക്കാരണത്താലാണ് ചരിത്രത്തെ തിരസ്കരിയ്ക്കുന്ന ജനതകള്‍ കോഞ്ഞാട്ടയായി പൊകുന്നത് (എന്താണാപ്രയോഗത്തിന്റെ കൃത്യമായ അര്‍ത്ഥമെന്നറിയാന്‍ കഴിയുന്നില്ല. അധപ്പതനം എന്നു തോന്നി. കേട്ടപ്പോള്‍ കൊള്ളമെന്നു തോന്നി. അതുകൊണ്ടൊന്നു പ്രയോഗിയ്ക്കമെന്നും)

മനുഷ്യന്റെ സാമൂഹ്യബോധത്തിലധിഷ്ഠിതന്മായ വ്യക്തി ധാര്‍മ്മിക ബോധം അതിപുരാതന ജനതയായതിനാല്‍ ഭൂരിപക്ഷം ഇന്ത്യക്കാരന്റെയും ഉള്ളില്‍ സ്വതവേ വളര്‍ന്നു വന്നിട്ടുണ്ട്. അവരുടെ അടിസ്ഥാനപരമായ അബോധ സത്തയുടെ ഭാഗം തന്നെയായിട്ടുണ്ട്. (ഹിന്ദുമതം ഒരു ബ്രാഹ്മണയൂറോപ്യന്‍ സൃഷ്ടി എന്ന എന്റെ ഒരു പോസ്റ്റില്‍ ഇതു കുറ്ച്ചുകൂടി വ്യക്തമാക്കിയിട്ടുണ്ട്.അതില്‍ പരാമര്‍ശിയ്ക്കുന്ന Pankaj Misra യുടെ ലേഖനത്തിലും അതിനെക്കുറിച്ചു പറയുന്നുണ്ട്)

എന്നാല്‍ കലാകാലങ്ങളില്‍ ഇന്ത്യന്‍ ജനതയില്‍ അടിച്ചേല്‍പ്പിയ്ക്കപ്പെട്ടതാണ് ഇന്നു നാം ചര്‍ച്ചചെയ്യുന്ന ആത്മീയ-മോക്ഷ-ഭക്തി പ്രധാനമായ വീക്ഷണങ്ങള്‍. ഇവയില്‍ വൈദേശീയ വര്‍ഗ്ഗിയ രാഷ്ടീയതകള്‍‍ കുത്തിത്തിരുകി ധാര്‍മികതയുടെ കുത്തകക്കരാകാന്‍ ശ്രമിച്ച ധാരാളം ആളുകളും പ്രസ്ഥാനങങളുമുണ്ട്.

എന്നാല്‍ അവയുടെയൊക്കെ വെച്ചുകെട്ടിനെ എതിര്‍ക്കുന്ന നമ്മുടെ ഒരബോദ്ധ മനസ് ഇന്ത്യന്‍ ഭൂരിപക്ഷത്തില്‍ ഇന്നും നിലവിലുണ്ട്.

പക്ഷെ അതിന്നു ക്ഷയോന്മുഖമാകുകയാണ്.
അതിനെ ജീവിപ്പിയ്ക്കുന്ന കടമ നമുക്കുണ്ട്. അതിന് ശങ്കരന്റെ അദ്വൈത്ഞാനവും, ഗീതയുടെ ആത്മഞാവവും an accademical enlightenment എന്നതിനപ്പുറം ആവശ്യമില്ല എന്നാണ് എന്റെ philosophy.

ആവശ്യമാണെങ്കില്‍, നമ്മുടെ നാട്ടിലെ ആത്മഞാനികള്‍ എല്ലാം മനുഷ്യസ്നേഹികള്‍ ആകുമായിരുന്നല്ലോ

ഗാന്ധിജി ഗീതയെ തന്റെ ആത്മഞാനത്തിനുതകുന്ന കര്‍മമപരീക്ഷണങ്ങളുടെ ഘടകമായിട്ടാണുപയോഗിച്ചത്.അതുകൊണ്ടു തന്നെയാണ് ഭാരതീയ ഞാനത്തിന്റെ അവിടെയും ഇവിടെയും കൊത്തിപ്പെറുക്കി ലോകവേദികളീല്‍ പ്രസംഗിച്ചു കയ്യടി വാങ്ങിയ വിവേകാനന്ദനും ഗാന്ധിയും രണ്ടു വ്യത്യസ്ഥകാഴ്ച്ചപ്പാടുകളുടെ ഉടമകളാകുന്നത്.

ചുരുക്കമായി ചൊന്നാല്‍ ആത്മഞാനിയായ വ്യക്തി(ഞാനാരാണെന്ന ബോധമുള്ളവന്‍)തനിയ്ക്കും സമൂഹത്തിനും ഗുണകരമയ രീതിയില്‍ ജീവിച്ചാല്‍ ഞാനും അവരും രണ്ടല്ല എന്ന (അഹംബ്രഹ്മാസ്മി) എന്ന അവസ്തയില്‍ എത്തിച്ചേരുന്നു.അല്ലാത്ത വെറും ആത്മഞാനി വേദം വീണ്ടു ചവയ്ക്കുന്ന പശുവാകുന്നു.

ദേവന്‍ ഇത്രയുമെഴുതാന്‍ താങ്കളുടെ പോസ്റ്റിങ് അവസരമൊരുക്കിയതില്‍ നന്ദി

Unknown said...

കാളിയന്റെ ലേഘനം വായിച്ചു ദേവേട്ടന്റെ കമന്റും.

അദ്വൈതത്തെ കെട്ടിപിടിച്ച് അതിലൂടേയെ ജീവിതം ഉള്ളൂ, അത് മാത്രം ശരി, അത് മനസ്സിലാക്കാന്‍ ഈ ലോകത്തിലെ ഒന്നും പോരാ എന്ന് പറയുന്ന ഒരു കൂട്ടരും അതിനെ ചവിട്ടി പുറത്താക്കി പിണ്ടം വയ്ക്കണം വേറെ ഒന്നും ശരിയാവില്ല എന്ന് പറയുന്ന മറ്റൊരു കൂട്ടരും മാത്രമാണ് ഉള്ളതെങ്കില്‍ ചര്‍ച്ച എവിടെ എത്താന്‍.

ഇത്രേം സിംപിള്‍ ആയ ഒരു കണ്‍സെപ്റ്റിനെ തിയറിയും ലേഘനങ്ങളും എഴുതി ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്ലായാല്‍ ഇരുകൂട്ടര്‍ക്കും നേട്ടം. എന്നെങ്കിലും ഇതൊക്കെ പൊതുജനത്തിനു മനസ്സിലായല്ലല്ലേ പ്രശ്നമുള്ളൂ.

അല്ലെങ്കില്‍, എല്ലാവരിലുള്ള ഉള്ള പരമമായാ ചൈതന്യം തന്നെയാണ് എന്നിലുമുള്ളത്, എനിക്ക് ഈശ്വരേന്റേയും (എന്റേയും) സ്വഭാവം കാണിക്കാം എന്ന് മനസ്സിലാക്കന്‍ ഇത്ര പ്രയാസമാണൊ, പത്താം ക്ലാസ്സില്‍ പ്രകാശം തരംഗത്തിന്റേയും, കണികയുടേയും സ്വഭാവം കാണിക്കുന്നു. എന്നാല്‍ അത് ഒരേ സമയം രണ്ടുമല്ല എന്നു കാണാതെ പഠിച്ച നമുക്ക്?

മൂര്‍ത്തി said...

ദേവന്,
മറുപടിയെഴുതാന്‍ കാണിച്ച സന്‍‌മനസ്സിന് നന്ദി പറയട്ടെ. എങ്കിലും താങ്കള്‍ എന്റെ ചോദ്യം തെറ്റായാണ് കൊടുത്തിരിക്കുന്നത്. ഇതായിരുന്നു എന്റെ ചോദ്യം.
ലോകം തന്നെ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അതിനെക്കുറിച്ച് അറിയുകയും പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ഇടപെടുകയും ചെയ്യുന്നതിനുപകരം അദ്വൈതത്തിലും ബ്രഹ്മനിലുമൊക്കെ ഒരു പരിധിയില്‍കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഒരു തരം ‘എസ്കെയ്പ്പിസം’ അല്ലേ?
അതിലെ ഒരു പരിധിയില്‍ കൂടുതല്‍ എന്ന വാക്ക് താങ്കള്‍ വിട്ടുകളഞ്ഞു.ചോദ്യത്തിന്റെ ഉദ്ദേശം തന്നെ മാറ്റിക്കളഞ്ഞു അത്.
കാളിയന്റെ പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്
“ആവശ്യത്തിനും അതിലധികവും ചര്‍ച്ചകള്‍ ഇതിനോടകം അദ്വൈതത്തെ കുറിച്ചും ക്വാണ്ഡം ഫിസിക്സിനെ കുറിച്ചും നടന്നു എന്നറിയാം“.
അദ്വൈതത്തെക്കുറിച്ച് പഠിക്കേണ്ടെന്നോ അറിയേണ്ടെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു right balance വേണം എന്നേ പറഞ്ഞുള്ളൂ.

എന്റെ കമന്റില്‍ നിന്നും ഒരു വാചകം കൂടി

“രാഷ്ട്രീയം ഉള്‍പ്പെടെയുള്ള സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുടെ/പഠനത്തിന്റെ കൂട്ടത്തിലല്ലാതെ, ഒറ്റക്ക് ഇത്തരം കാര്യങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരിക്കുന്നത് ഒരു തരം പിന്നിലേക്ക് വലിക്കല്‍ ആയാണ് തോന്നുന്നത്“
താങ്കള്‍ പറഞ്ഞ കോമ്പിനേഷന്‍ അപ്രോച്ചുമായി ഒരുതരത്തില്‍ ഒത്തുപോകുന്നതു തന്നെയല്ലേ ഇത്?

Cibu C J (സിബു) said...

ഡാലി പറഞ്ഞതാണ് അദ്വൈതം എന്ന്‌ എനിക്ക്‌ തോന്നുന്നില്ല. എന്റെ അറിവ്‌ ഇവിടെ.

Anonymous said...

Sorry for the delay.
U are right.

nalan::നളന്‍ said...

ദേവന്‍ : “ ആയുധ നിര്‍മ്മാണത്തിനു ലോകരാഷ്ട്രങ്ങള്‍ ചിലവിടുന്ന പണത്തിന്റെ അഞ്ചു ശതമാനം കൊണ്ട്‌ ഇവരുടെ ഈ ആവശ്യങ്ങള്‍ നിറവേട്ടി കൊടുക്കാം“

കണക്കുകള്‍ ഭയാനകം തന്നെ ദേവാ. കൊടിയ അനീതി. എങ്കിലും ന്യായീകരണങ്ങള്‍ക്കു പഞ്ഞമുണ്ടാവുകയില്ല. നിലനില്‍പ്പ്!!!!!! ആത്മീയതയ്ക്കും അതേ മാനവും അതേ ന്യായീകരണവും

തന്നെയല്ലോ !!!

----------------------------------------
ദേവന്‍ : “എന്തു പ്രശ്നത്തോടും രണ്ടു തരം അപ്പ്രോച്ച്‌ ഉണ്ട്‌. ഒന്ന് പ്രശ്ന പരിഹാരവും പ്രശ്നകാരണ പരിഹാരവും. എന്റെയൊരു ഭാഷയില്‍ പറഞ്ഞാല്‍ allopathic approach & lifestyle

approach ”


ഓ: ടോ: ഈ allopathic എന്ന വാക്കു അല്പം കണ്‍ഫ്യൂസിങ് അല്ലേ! അലോപ്പതിക് ചികിത്സാരീതിയായി ഇന്നു കണക്കാക്കപ്പെടുന്ന മോഡേണ്‍ മെഡിസിനെപ്പറ്റി

ഹോമിയോപ്പൊതിക്കാരോ ആയൂര്‍വ്വേദക്കാരോ കൊടുത്ത ഒരു നിര്‍വചനമല്ലേ ഇത്. തികച്ചും തെറ്റിദ്ധാരണാജനകമായ ഒരു വാദം ഒരുപക്ഷെ ഏകപക്ഷീയമായൊരു പ്രചരണത്തിന്റെ

ഫലമായി സ്ഥാനം നേടിയ മറ്റോരു ക്ലീഷെ!
------------------------------------------

ദേവന്‍ : “എന്തിനു മനുഷ്യന്‍ പൂഴ്തിവയ്ക്കാനും കൊന്ന് എന്തോ നേടാനും നശിപിച്ച്‌ പുരോഗമിക്കാനും ശ്രമിക്കുന്നു? ഉത്തരം ലളിതമല്ലേ- സ്വാര്‍ത്ഥത.“

സ്വാര്‍ത്ഥതയെ എല്ലാത്തിന്റെയും മൂലകാരണമായിപ്പറഞ്ഞതിനോടു യോജിക്കുന്നുവെങ്കിലും, സ്വാര്‍ത്ഥതയുടെ തന്നെ മൂല കാരണം നിലനില്പല്ലേ (Survival).
--------

ദേവന്‍ : “ഞാനിന്റെ ദ്വൈതഭാവം മൂര്‍ച്ഛിക്കുമ്പോഴെല്ലാം ഞാന്‍ മറ്റു ഞാനുകളോട്‌ താദാത്മ്യം പുലര്‍ത്താനാവാതെ ലോകത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്‌ വലിപ്പം കൂട്ടും.“

യോജിക്കുന്നു ദേവാ, എന്നിരുന്നാലും സ്വാര്‍ത്ഥതയുടെ മൂലകാരണമായ നിലനില്പിന്റെ കോണിലൂടെ നോക്കുമ്പോള്‍ ഇതോരു അലോപ്പതിക്ക് അപ്രോച്ചാവുകയില്ലേ ? ഞാനിന്റെ അദ്വൈതഭാവത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ല, എന്നാലും അതിലൂന്നിയ ഒരു പരിഹാരനിര്‍ദ്ദെശത്തിന്റെ ഫലപ്രാപ്തിക്കു അലോപ്പതിക്ക് അപ്രോച്ചിന്റെ ഗുണമേ ചെയ്യുകയുള്ളൂവെന്നാണെനിക്കു തോന്നുന്നത്. അവിടെയും അദ്വൈത ഭാവം മനസ്സിലാക്കുംപ്പോഴും നന്മയെന്നൊരു dependency കിടക്കുന്നു. അതിന്റെ (നന്മയുടെ) ഉറവിടം സംസ്കാരമാണു. സംസ്കാരം വീണ്ടും നിലനില്പിന്റെ ഭാഷയാണു.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് നിലനില്പിന്റെ ഭാഷയിലൂടെ ഒരു പരിഹാരനിര്‍ദ്ദേശം എന്റെയും പരിധിക്കപ്പുറത്താണു. എന്നാലും ദ്വൈതഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ എന്റെ നിലനില്പുതന്നെ എന്റെ ചുറ്റുപാടിന്റേയും മറ്റു ദ്വൈതങ്ങളുടേയും അതടങ്ങുന്ന സമൂഹത്തിന്റെയും നിലനില്പിനെ ആശ്രയിച്ചുകിടക്കുന്നുവെന്ന ബോധത്തിലൂന്നിയ ഒരു പരിഹാരം കൂടുതല്‍ പ്രയോജനം ചെയ്യുമെന്നു തോന്നുന്നു.
ഒറ്റപ്പെട്ട പ്രതിലോമകരമായ ആത്മീയാന്വേഷണങ്ങളെക്കാള്‍ സാമൂഹികമാറ്റങ്ങള്‍ക്കായുള്ള പ്രയത്നങ്ങള്‍ക്കു പ്രസക്തിയുണ്ടെന്നു തോന്നുന്നു. ഒറ്റപ്പെട്ട ആത്മീയതയ്ക്കൊരു direction ഉള്ളതായി തോന്നുന്നില്ല. അതു (ആത്മീയത) സ്വന്തം നിഷ്ക്രീയത്വത്തിനെ ന്യായീകരിക്കുന്നതിലേക്കുള്ള ക്രീയാത്മകമായ അന്വേഷണങ്ങളായി ചുരുങ്ങുവാനാണു കൂടുതല്‍ സാധ്യത. ആത്മീയതയ്ക്കു നിലനില്പെന്നയൊരു മാനം ഉണ്ടെന്നു സമ്മതിക്കുമ്പോഴും അത് അതിന്റെ പ്രതിലോമ വശം മാത്രമാകുന്നു (നിലനില്പിനു കൂടുതല്‍ പ്രയോജനക്ഷമായ സാംസ്കാരിക കാഴ്ചപ്പാടുമായി താരത‌മ്യം ചെയ്യുമ്പോള്‍).

അദ്വൈതം മറ്റൊരു തിയറിമാത്രമാണെന്നു പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു. കാളിയന്റെ പോസ്റ്റിലിടപെടാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍ അവിടെയും ഒരുപാടു സങ്കീര്‍ണ്ണത കെട്ടിവെച്ചുകൊണ്ടുള്ള ചരിത്രപരമായ ആവര്‍ത്തനം ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്നു തോന്നി. ദേവന്‍ പറഞ്ഞപോലെ.. “വേദാന്തത്തെ അടിച്ചു മാറ്റി, അതില്‍ ചാതുര്‍വര്‍ണ്ണ്യം ആപ്പാക്കി അടിച്ചു കയറ്റി തിരുത്തിയെഴുതി സ്വന്തമാക്കി, ബൌദ്ധിക സ്വത്തും ലൌകിക സ്വത്തും തങ്ങളുടെ മാത്രം അവകാശമാണെന്ന് സ്ഥാപിച്ചെടുത്ത്‌ പൂഴ്ത്തിവച്ചവര്‍ തീര്‍ച്ചയായും അതിനു ശേഷമുള്ള കാലത്ത്‌ ഉരുത്തിരിഞ്ഞവരാണ്‌. ”

ഡാലിയുടെയും മാവേലിയുടെയും കമന്റിനോടും യോജിക്കുന്നു. സിബുവിന്റെ കുറിപ്പും ലാളിത്യം കൊണ്ടു ഗംഭീരമായി തോന്നി.
ഒന്നൂടി: മായാ ചായ പ്രയോഗം ബെന്നി പണ്ടെവിടെയോ കാച്ചിയതാ, നല്ല പ്രാസം തോന്നിയതുകൊണ്ട് എടുത്തുപയോഗിച്ചുവെന്നേ ഉള്ളൂ.

ദേവന്‍ said...

മാവേലി,
വീക്ഷണങ്ങള്‍ വിശദമാക്കിയതിനു നന്ദി. എതാണ്ട്‌ അതു തന്നെയാണ്‌ ഞാനും പറഞ്ഞത്‌.

ഡാലീ
സ്വയം ബോദ്ധ്യപ്പെട്ട എന്തു കാര്യവും വളരെ ലളിതമായി വിശദീകരിക്കാം. അ അവസ്ഥ ഇല്ലാത്തപ്പോഴാണ്‌ പലരും വളരെ സങ്കീര്‍ണ്ണമായ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത്‌. (ഉദാഹരണം ഐ ടി ഇഞ്ചിനീര്‍മാരു തന്നെ. ലവന്മാര്‍ എപ്പോള്‍ ജാര്‍ഗണും എയര്‍ഗണും ആയി നമ്മളോട്‌ ഗീര്‍വാണം വിടുന്നോ അപ്പോ മനസ്സിലാക്കിക്കോളണം, അവനു സംഗതികളുടെ കിടപ്പ്‌ പിടി കിട്ടിയില്ല എന്ന്‌)


മൂര്‍ത്തി,
ക്ഷമിക്കുക, വിട്ടുപോയ വാക്ക്‌ ഞാന്‍ കൂട്ടിച്ചേര്‍ക്കാം. വിട്ടു പോയതല്ല, വിട്ടുകളഞ്ഞതു തന്നെയാണ്‌, കമന്റ്‌ അവസ്സാനിക്കുന്നയിടത്ത്‌
"പൊതുജീവിതത്തില്‍ സമൂഹത്തിനുപകാരപ്രദമായ രീതിയില്‍ സജീവമായി ഇടപെടേണ്ടുന്ന ഒരു തലമുറയെ ആത്മനെക്കുറിച്ചാലോചിച്ച് തലപുണ്ണാക്കുന്ന പച്ചക്കറികള്‍ ആക്കണോ?"
എന്നു പറഞ്ഞതിനു ചേരുന്ന രീതിയില്‍ അതിന്റെ തുടക്കത്തിനെ ഞാന്‍ ചെത്തി ശരിപ്പെടുത്തുകയായിരുന്നു. എസ്സന്‍സ്‌ ഓഫ്‌ മെസ്സേജ്‌ അതിന്റെ തുടക്കമായിരുന്നു, അവസ്സാനഭാഗമല്ല എന്നു വിശദീകരിച്ചപ്പോഴാണ്‌ പിടി കിട്ടിയത്‌.

ഒറ്റക്ക്‌ മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ ഒരുതരം പിന്വലിയലാണ്‌ എന്നത്‌ ഒരു തരത്തില്‍ കോംബിനേഷന്‍ അപ്പ്രോച്ചുമായിട്ട്‌ ഒത്തു പോകുക തന്നെ ചെയ്യുന്നുണ്ട്‌. പക്ഷേ ആത്മീയാനുഭവം (സിബു മുകളില്‍ ലിങ്ക്‌ ചെയ്ത പോസ്റ്റില്‍ അത്‌ വിശദമായുണ്ട്‌) ഉണ്ടാകുന്നത്‌ അല്ലെങ്കില്‍ കണ്ടെത്തുന്നത്‌ മിക്കപ്പോഴും ഒറ്റ തിരിഞ്ഞിട്ടാണ്‌, സമാനരോട്‌ സംഘം ചേര്‍ന്നു ഗമിക്കുന്നത്‌ അതിന്റെ
അടുത്ത ലെവലിലേ സാദ്ധ്യമാകുന്നുള്ളു എന്നാണ്‌ തോന്നുന്നത്‌.

കാളിയാ, നന്ദി.

നളാ,
പലപ്പോഴും മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പറയാന്‍ മാത്രമുള്ള ഭാഷാ സ്വാധീനം ഇല്ലാത്തതുകൊണ്ടാണ്‌ ഉദാഹരണങ്ങളിലോട്ട്‌ ഞാന്‍ പോകുന്നത്‌ (അലോപ്പതി എന്ന പേര്‍ ഹോമിയോക്കാരന്‍ വിളിച്ചതാണ്‌ അതില്‍ തെറ്റില്ല. ആധുനിക വൈദ്യശാസ്ത്രം എന്ന് അതിനെ വിളിച്ചാല്‍ ബാക്കിയെല്ലാം പ്രാകൃതമാണെന്ന വ്യംഗ്യം ഉണ്ടായില്ലേ). ഒരു തലത്തിനു അപ്പുറം എത്തുമ്പോള്‍ എല്ലാം ഒന്നാവുന്നായിരിക്കാം, എന്നാല്‍ അലോപ്പതിയുടെ അപ്പ്രോച്ച്‌ പ്രശ്നപരിഹാരം സാദ്ധ്യമാക്കുക എന്ന രീതിയില്‍ തന്നെ എന്നു തോന്നി എനിക്ക്‌.

സ്വാര്‍ത്ഥത: അതിനു രണ്ടു തലങ്ങളുണ്ട്‌.

ഒന്നു പ്രകൃതിയുടെ ഭാഗമായി ചരിക്കുന്ന് മൃഗത്തിന്റെ സ്വാര്‍ത്ഥത. പട്ടിയെ കല്ലെടുത്തെറിഞ്ഞാല്‍ അത്‌ കടിക്കാന്‍ വരും. എന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ തല്ലാന്‍ വരും. ലോകത്ത്‌ പലരും പട്ടിണി കിടക്കുന്നെന്നറിഞ്ഞുകൊണ്ട്‌ തന്നെ രാവിലെ ഞാന്‍ ദോശയും സാമ്പാറും കഴിച്ചു. ആടിനു രക്ഷപ്പെടാന്‍ ആഗ്രഹമുണ്ടെന്നറിഞ്ഞുകൊണ്ട്‌ പുലി അതിനെ പിടിച്ചു തിന്നു.

എന്നാല്‍ പട്ടികള്‍ സംഘം ചേര്‍ന്ന് മനുഷ്യനെ കടിച്ചു തോല്‍പ്പിക്കാന്‍ വീടു വീടാന്തരം കയറാറില്ല. പട്ടികളുടെ പാക്ക്‌ ലീഡര്‍ വയസ്സാകുമ്പോള്‍ അതിന്റെ പട്ടിക്കുട്ടി തന്നെ അടുത്ത ലീഡറാകണമെന്ന് നിര്‍ബ്ബന്ധം
പിടിക്കാറില്ല. മറ്റു പട്ടികള്‍ ചത്തു തീര്‍ന്നാല്‍ തനിക്കു കുന്നോളം എച്ചില്‍ തിന്നു രസിക്കാമെന്ന് സ്വപ്നം കാണാറുമില്ല. അത്തരം സ്വാര്‍ത്ഥത നിലനില്‍പ്പിന്റെ പ്രോഡക്റ്റ്‌ അല്ല. ദ്വൈതബോധം മൂര്‍ച്ഛിക്കുന്ന ഒരു മനസ്സിന്റെ പ്രോഡക്റ്റ്‌ ആണ്‌.

മായ ചായ ബെന്നിയുടേതാണല്ലേ, ക്രെഡിറ്റ്‌ മാറ്റി പറഞ്ഞോളാം ഇനി മുതല്‍.

nalan::നളന്‍ said...

സ്വയം ബോദ്ധ്യപ്പെട്ട എന്തു കാര്യവും വളരെ ലളിതമായി വിശദീകരിക്കാം. അ അവസ്ഥ ഇല്ലാത്തപ്പോഴാണ്‌ പലരും വളരെ സങ്കീര്‍ണ്ണമായ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത്‌..

ദേവാ,
അപ്പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു..
ഈ മായ, ചായ എന്നൊക്കെ പറഞ്ഞു തടി തപ്പുന്നത് ഉത്തരം മുട്ടുമ്പോഴല്ലേ ?(സ്വയം ബോദ്ധ്യപ്പെടാത്ത അവസ്ഥ). സങ്കീര്‍ണ്ണത തിരുകി കയറ്റുന്നത് ഒരടവു മാത്രം.
-----------------------

Moderm medicene എന്നു പറയുമ്പോള്‍ ബാക്കിയെല്ലാം പ്രാകൃതം എന്നൊരു വ്യംഗ്യം കൂടിയുള്ളതിനെപ്പറ്റി ചിന്തിച്ചില്ല. :)
അലോപ്പതിയുടെ അപ്പ്രോച്ച്‌ പ്രശ്നപരിഹാരം സാദ്ധ്യമാക്കുക എന്നാണെങ്കിലും പ്രശ്നകാരണനിവാരണം അതിലില്ലെന്നു പറയുന്നതിനോടു യോജിപ്പില്ല. അതു ഹോമിയൊക്കാരന്റെ കുബുദ്ധി തന്നെയായിരിക്കണം. (ഇവിടെയും സ്വയം ബോദ്ധ്യപ്പെടാത്തതിന്റെ ഒരംശം ഉണ്ടെന്നാണെനിക്കു തോന്നുന്നത്. അതു പറഞ്ഞാല്‍ റൂട്ടുമാറി ഹോമിയോപ്പോതിയുടെ അശാസ്ത്രീയതയിലേക്കു പോവും, അതവിടെ കിടക്കട്ടെ.)

-----------

ദേവന്‍ പറഞ്ഞ സ്വാര്‍ത്ഥതയുടെ ആദ്യത്തെ തലം തീര്‍ത്തും നിലനില്‍പ്പിന്റേതു തന്നെ സംശയമില്ല.

രണ്ടാമത്തേത്.
അതു ദേവന്‍ പറഞ്ഞപോലെ ദ്വൈതബോധം മൂര്‍ച്ഛിക്കുന്ന ഒരു മനസ്സിന്റെ പ്രോഡക്റ്റ്‌ ആണ്‌. ഞാനതിനെ സംസ്കാരമെന്നു വിളിച്ചുവെന്നേ ഉള്ളൂ. സാമൂഹിക (ദ്വൈതം) പെരുമാറ്റത്തിന്റെ പരിണാമത്തിലൂടെയാണിതിനെ ഞാന്‍ കാണുന്നത്. അതില്‍ ആത്മീയതയുടെയും ബൌദ്ധികതയുടെയും അംശത്തെക്കാള്‍ ബയോളജിക്കല്‍ ആംശത്തിനാണു കൂടുതല്‍ പ്രാധാന്യമെന്നു തോന്നുന്നു. ആദ്യ ഘട്ടത്തില്‍ തന്നെയുണ്ടായിരുന്ന ഒന്നാണിതെന്നു തോന്നുന്നില്ല. കാലാകാലങ്ങളിലൂടെ (സമൂഹജീവിയെന്ന നിലയിലേക്ക്) വളര്‍ന്നുവന്ന ഒന്നായിരിക്കണം. നിലനില്പിനനുയോജ്യമായ പെരുമാറ്റചട്ടങ്ങള്‍ സ്വാംശീകരിക്കുക എന്നത് പരിണാമത്തിന്റെ ഭാഗം മാത്രം. ജീനുകളില്‍ തന്നെ ഇങ്ങനത്തെ സ്വാംശീകരണം നടക്കുന്നുണ്ടെന്നാണു മനസ്സിലാക്കുന്നത്.