പാട്ടുകാര്യത്തില്‍ ഞാനും ചവിട്ടി മെതിക്കപെട്ടവനാണ്. ഞാന്‍ ഒരു വരി പാടാന്‍ വായ് തുറന്നാല്‍ വിദ്യ "ഒച്ചവക്കല്ലേ" " ഒന്നു ചുമ്മാതിരി" "വൃത്തികേട്" എന്നൊക്കെ പറഞ്ഞ് എന്റെ ജന്മവാസ്നകളെ പുച്ഛിച്ച് നശിപ്പിക്കുന്നു.
എന്റെ പബ്ലിക്കില്‍ പാട്ടു ചത്തു പോയതും ഒരു ചതിക്കഥയാണേ. ചെറുപ്പത്തില്‍ ഞാന്‍ കുറേശ്ശെയൊക്കെ പാടുമായിരുന്നു. ജയചന്ദ്രന്‍ ആള്‍ ഇന്ത്യാ റേഡിയോക്കു വേണ്ടി പാടിയ ഒരു ക്രിസ്ത്യന്‍ ഭക്തിഗാനം എന്റെ മാസ്റ്റര്‍ പീസ് ആയിരുന്നു. ഞാനതു പാടുമ്പോള്‍ ആരും കയ്യടിച്ചിട്ടില്ലെങ്കിലും ശ്രോതാക്കള്‍ കൂകാതെയും ചിരിക്കാതെയും ഇരുന്നിരുന്നു.
അഞ്ചാം ക്ലാസ്സ് ആയപ്പോള്‍ ഞാന്‍ ക്രേവന്‍ എന്ന വലിപ്പം കൂടിയ സ്കൂളിലായി. ജോയിന്‍ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലും ആയി. എന്റെ സ്വരവും എസ് ജാനകിയുടേതും നല്ല സാമ്യമുണ്ടെന്ന് ഞാന്‍ തന്നെ കണ്ടെത്തിയത് ആയിടക്കായിരുന്നു. അന്നത്തെ ഹിറ്റ് പാട്ടായ “മൌനമേ നിറയും മൌനമേ“ എന്ന തകരപ്പാട്ട് പഠിച്ചു. എന്നുവച്ചാല്‍ വരികളൊക്കെ കാണാതെ പഠിച്ചു അത്രേയുള്ളൂ.
ഞാനൊരുങ്ങി അരങ്ങൊരുങ്ങി (കാണാന്‍) ആയിരം കൊരങ്ങൊരുങ്ങി. അങ്ങനെ തയാറെടുത്തു നില്‍ക്കുമ്പോള്‍
"ചെസ്റ്റ് ബാഡ്ജ് 30 വീ എസ് സുജിത്ത്" എന്നു വിളി വരുന്നു - മുട്ടന്‍ തലയും കുയില്‍ ബോഡിയും ഉള്ള ഒരു ചെക്കന്‍ സ്റ്റേജില്‍ കയറി.
"മൌനമേ......." ഒരൊറ്റ കയറ്റം.. എന്നുവച്ചാല്‍ എഫ് നൂറ്റിപ്പതിനേഴ് നൈറ്റ് ഹോക്ക് നെട്ടനെ പാറിക്കേറുമ്പോലെ ഒരൊറ്റ പോക്ക്.
സുജിത്തിന്റെ പാട്ട് കഴിഞ്ഞു. കയ്യടി, ആറപ്പോ വിളി.
"ചെസ്റ്റ് നമ്പര്‍ മുപ്പത്തൊന്ന് ദേവന്‍"
"നമ്പര്‍ മുപ്പത്തൊന്ന് ദേവന്‍ സെക്കന്‍ഡ് കാള്‍
"ദേവന്‍. ഫൈനല്‍ കാള്‍"
ആരും വന്നില്ല.
(ഈ സുജിത്ത് ആണ് ഇന്നത്തെ സംഗീത സംവിധായകന്‍ ശരത്ത്)
പാട്ടുകാരും വീട്ടുകാരും നാട്ടുകാരും മൊതലാളിമാരും കീഴ് ജീവനക്കാരും അപമാനിച്ചും നിന്ദിച്ചും അവഗണിച്ചും ഭീഷണിപ്പെടുത്തിയും ആരുമല്ലാതെയാക്കിയ നമുക്ക് സംഘടിക്കാം. നഷ്ടപ്പെടുവാന്‍ ആരോഹണത്തിലെ വെള്ളിയും അവരോഹണത്തിലെ കാറ്റും മാത്രം. കിട്ടാനുള്ളതോ? നാദബ്രഹ്മം. വരിക വരിക സഹജരേ..
അല്‍. ടോ.പൊതുസ്ഥലത്ത് പാട്ട്, അതും സന്ദര്‍ഭോഭൊചിതമായ പാട്ട് ഒരു കല തന്നെയാണെങ്കില്‍ കലൈപ്പുലി താന്‍ എന്നോട് തോഴന്‍ മോഹനന്‍.
കപ്പലണ്ടി കൊറിച്ച് ഞങ്ങള്‍ ആള്‍ത്തിരക്കേറിയ കൊല്ലം ബീച്ചില്‍ ഇരിക്കുമ്പോള്‍ അഞ്ചെട്ടു വയസ്സുള്ള മൂത്ത രണ്ടു കുട്ടികളും ഇളയ ട്രിപ്‌ലെറ്റുകളും ഉന്തിത്തള്ളി വലിച്ച് ഒരു സ്ത്രീയേ കോട്ടണ്‍ ക്യാന്‍ഡി വില്‍ക്കുന്നവന്റെ അടുത്തേക്ക് അവരുടെ സമ്മതമില്ലാതെ നയിക്കുന്ന നയനാനന്ദകരമായ കാഴ്ച്ച കണ്ടു.
ഉറുമ്പുകള്‍ റൊട്ടിക്കഷണം എടുത്തുകൊണ്ട് പോകുമ്പോലെ ഈ അഞ്ചു പിള്ളേരും തള്ളയെയും വലിച്ചിഴച്ച് ഞങ്ങളുടെ
അടുത്തെത്തിയതും മോഹനന്‍ ഒരൊറ്റ പാട്ട് "പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ"... ബീച്ചില്‍ കൂട്ടച്ചിരി.
കുട്ട്യേടത്തിയുടെ ബ്ലോഗിലിട്ടത്
Subscribe to:
Post Comments (Atom)
8 comments:
നഷ്ടപ്പെടുവാന്‍ ആരോഹണത്തിലെ വെള്ളിയും അവരോഹണത്തിലെ കാറ്റും മാത്രം. കിട്ടാനുള്ളതോ? നാദബ്രഹ്മം. വരിക വരിക സഹജരേ..
ഇക്കര്യത്തില്‍ ലേശംകൂടുതല്‍ ദുഃഖിതന്‍... പക്ഷേ ഇപ്പോള്‍ കപ്പിയ മണ്ണ് തുപ്പിയിട്ട് വീണ്ടും ചിരിച്ചു...
ദേവേട്ടാ.....ഈ പോസ്റ്റിലൂടെ ഒരു പ്രമുഖ ബ്ലോഗറെ കൂടി ഞാന്‍ പരിചയപ്പെട്ടു......ആദ്യം വള്ളുവനാടന്‍...പിന്നെ ചേതന.....ഇപ്പൊ....കുട്ട്യേടത്തി.......ദേവേട്ടന്റെ ഒരു കമന്റില്‍ നിന്‍ തന്നെയാണു മരണമൊഴി എന്ന ബ്ലോഗറേ പറ്റി ഞാന്‍ അറിഞ്ഞത്......അയാളുടെ ബ്ലോഗ് ഞാന്‍ തപ്പിയെടുത്തു......ഒരു പത്ത് പൈസേടെ കുറവു എനിക്ക് ഫീല്‍ ചെയ്തു എന്നല്ലാതെ..വേറെ പ്രത്യേകിച്ചൊന്നും എനിക്ക് ആ ബ്ലോഗറുടെ പ്രകടനത്തില്‍ നിന്ന് തോന്നിയില്ലാ....
നന്ദി ദേവേട്ടാ.....
അവസരത്തിനൊത്ത് പന്ത്രണ്ട് മക്കളെപ്പെറ്റൊരമ്മേ ആലപിച്ചവര്‍ ഏറെയാണ്. അതില്‍ പാട്ടുപുരയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ എമ്പീത്രി പ്ലേയറും പെടും. ഏഴെട്ട് കൊല്ലം മുന്‍പ് അമ്പലത്തില്‍ താലപ്പൊലി മഹോത്സവം നടക്കുന്നു. ഇടവേളകളില്‍ അനൌണ്‍സ്മെന്റ് മുഴങ്ങുന്നുണ്ട്. അതിലൊന്ന്: “അമ്മേ നാരായണ ദേവീ നാരായണ.. ഇന്നത്തെ നാടകത്തിന്റെ ചെലവു വഹിച്ചിരിക്കുന്നത്: പൈനാക്കില്‍ ബ്രദേഴ്സ്” പുറകേ എമ്പീത്രി പ്ലേയര്‍ ഓണ്‍ ചെയ്തപ്പോള്‍ കേട്ടത് പന്ത്രണ്ടുമക്കളെ പെറ്റൊരമ്മേ എന്ന കവിതയായിരുന്നു. ‘പൈനാക്കില്‍ ബ്രദേഴ്സ് 12 പേരാണെന്നറിയാവുന്ന സ്ഥലവാസികള്‍ അമ്പലപ്പറമ്പില്‍ നേരെ നിന്നും തൊട്ടടുത്തുള്ള ജിനോ ബാറില്‍ തലകുത്തിനിന്നും ചിരിച്ചെന്ന് റിപ്പോര്‍ട്ട്.
ദേവേട്ടാ,
അന്ന് പാടാതെ പോയ പാട്ട് പാടി ബൂലോകര്‍ക്കായി സമര്‍പ്പിച്ചുകൂടെ.
ഈ പോസ്റ്റുകളിലൂടെ വായിക്കാന്‍ കഴിയാതെ പോയ പല നല്ല കമന്റ്റുകളേയ്യും,
അറിയാതിരുന്ന പല ബ്ലോഗര്‍മാരേയും മനസ്സിലാക്കാന്‍ കഴിയുന്നു.
ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഇത്തരം കമന്‍റുകള്‍ ബൂലോകത്തിനു് മുതല്‍ക്കൂട്ടു തന്നെ. ശ്രീ.ദേവരാജനേയും തീര്‍ച്ചയായും ആ കമന്റ്റുകളെ മനസ്സിലാക്കി ,അതു് സൂക്ഷിച്ചു വച്ച അതുല്യാജിയേയും അഭിനന്ദിക്കുന്നു.
കൂടെപ്പാടാന്‍ വന്ന കുടുംബംകലക്കിക്കും സാന്‍ഡോയ്ക്കും ഇക്കാസിനും സതീശിനും വേണുമാഷിനും നന്ദി.
സാന്‍ഡോസേ,
ഒരാഴ്ച്ചകൊണ്ടാണ് രമണമൊഴി, സോറി മരണമൊഴിയുടെ ബ്ലോഗ് തുറന്നതും ഹര്‍ത്താലായി പൂട്ടിയതും എന്നു ശ്രദ്ധിച്ചോ?
സതീശേ,
ഇല്ല ഭായി, ഈ നാദം നിലച്ചു. ഇനിയിപ്പോ ചെമ്പൈക്കു നാദം കൊടുത്ത വൈദ്യമഠം വന്നാലും...
ദേവേട്ടാ, ഈ കമന്റ് ഞാന്‍ അന്നു തന്നെ വായിച്ചിരുന്നു, പല തവണ ആലോചിച്ചിട്ടുണ്ട് ഈ കമന്റ് ഒക്കെ നഷ്ടപെട്ടു പോകരുതല്ലോ എന്ന്. ഇതെന്തായാലും നന്നായി. ഇനിയും ഉണ്ടല്ലോ ഒരുപാടു കിടിലം കമന്റുകള്‍. പോരട്ടെ ഒരോന്നായി.
Post a Comment