Tuesday, December 4, 2007

കൗരവരും ടിഷ്യൂ കള്‍ച്ചറും

കഴിഞ്ഞ പോസ്റ്റിനിട്ട കമന്റില്‍ വ്യാസനാണോ ആദ്യ ടിഷ്യൂ കള്‍ച്ചര്‍ നടത്തിയതെന്ന് ത്രിശങ്കു തമാശയ്ക്ക് ചോദിച്ചെന്ന് കരുതിയാണ്‌ ഞാന്‍ കോമഡി ഉത്തരം പറഞ്ഞത്. ഗൗരവമായിട്ടാണെങ്കില്‍ സീരിയസ്സ് ആയ ഉത്തരം ദാണ്ടേ:

ഗാന്ധാരി പ്രസവിച്ചത് ഒരു മാംസപിണ്ഡമായിരുന്നു (മൃത ടിഷ്യൂ ആയിരുന്നോ എന്ന് ഞാന്‍ ചോദിക്കുന്നില്ല)

അണ്ഡവും ബീജവും കൂടിച്ചേരുമ്പോള്‍ ഒരു സൈഗോട്ട് ഉണ്ടാകും. ആ കോശം സ്വയം പിളരുന്നതിനു പല പല ഫേസസ് ഉണ്ട്, വിശദീകരിക്കുന്നില്ല വളരെ നീണ്ട പ്രോസസ്സ് ആണ്‌. നമ്മുടെ വിഷയം മാത്രം പറയാം ബീജസങ്കലനം നടന്ന് ഏതാണ്ട് രണ്ടാഴ്ച്ചകൊണ്ട് ഗാസ്ട്രുലേഷന്‍ എന്നൊരു പ്രോസസ്സ് സംഭവിക്കുന്നു. അതുവരെ ഒരേ രീതിയില്‍ പിരിഞ്ഞുകൊണ്ടിരുന്ന സെല്ലുകള്‍ ഡിഫറന്‍ഷ്യേഷന്‍ പ്രോസസ്സിലേക്ക് പോകുകയും പലതരം സെല്ലുകള്‍ ആകുകയും ചെയ്യുന്നു. ടിഷ്യൂ ഫോര്‍മേഷന്‍ അതിനു ശേഷം സംഭവിക്കുക്കതാണ്‌. അതുകൊണ്ട് ടിഷ്യൂകള്‍ മനുഷ്യശരീരത്തില്‍ വളര്‍ന്നാലും പുറത്ത് ടെസ്റ്റ് റ്റ്യൂബിലോ ഘടത്തിലോ ഓട്ടുരുളിയിലോ വളര്‍ന്നാലും അതേ ടിഷ്യൂകള്‍ ആകുമെന്നല്ലാതെ കിഡ്ണിയിലുള്ള ടിഷ്യൂവിനു കണ്ണോ മൂക്കോ രോമമോ ആകാന്‍ കഴിയില്ല. പരമാവധി (അത്രയും നമ്മള്‍ പോയിട്ടില്ല, തീയറിറ്റിക്കലി റീച്ചബിള്‍ പോയിന്റ്) അതുകൊണ്ട് കിഡ്ണിയുടെ ഭാഗങ്ങളുണ്ടാക്കാം. സ്റ്റെം സെല്‍ ഗവേഷണങ്ങള്‍ ഇതിന്റെ ചുവടു പിടിച്ചാണ്‌.

അഡല്‍റ്റ് സെല്ലുകള്‍ക്ക് പ്രീ ഗാസ്ട്രുലേഷന്‍ ഫേസിലേക്ക് മടങ്ങിപ്പോകാന്‍ ആകാത്തതുകൊണ്ടാണ്‌ ക്ലോണിങ്ങ് ചെയ്യുമ്പോള്‍ അഡല്‍റ്റ് സെല്ലിലെ ഡീ എന്‍ ഏ വേര്‍തിരിച്ച് ഡീ എന്‍ ഏ നശിപ്പിച്ച ഒരണ്ഡത്തില്‍ സന്നിവേശിപ്പിക്കുന്നത്. അപ്പോഴും അണ്ഡമില്ലാതെ പറ്റില്ല. എന്റെ വിരല്‍ മുറിച്ച് അതില്‍ നിന്നും അടുത്ത ദേവനെ ഉണ്ടാക്കാന്‍ കഴിയില്ല, കാരണം ഞാന്‍ ജനിക്കുന്നതിനും എത്രയോ മുന്നേ ഡിഫറന്‍ഷ്യേറ്റഡ് സെല്‍ ആയി കഴിഞ്ഞു.

പറഞ്ഞു വന്നത് ജൈവപിണ്ഡം ആയിരുന്നു ഗാന്ധാരി പ്രസവിച്ചതെങ്കില്‍ അതിനെ നൂറ്റൊന്നായി ഛേദിച്ച് ടിഷ്യൂകള്‍ വളര്‍ത്തിയാല്‍ നൂറ്റൊന്ന് സെറ്റ് അംഗങ്ങളുടെ ടിഷ്യൂ അല്ലാതെ ഒറ്റ മനുഷ്യനെ കിട്ടില്ല എന്നാണ്‌.

ഇനി ഒരു വാദത്തിനു പ്രീ ഗാസ്ട്രുലേഷന്‍ സ്റ്റേജില്‍ നിന്നും ഇവരുടെ ഗര്‍ഭം എംബ്രിയോ ആകാത്തപ്പോഴാണ്‌ പ്രസവിച്ചതെന്ന് വച്ചാല്‍
ഒന്നാമതായി അവര്‍ അത് അറിയില്ല ആര്‍ത്തവരക്തം ഒഴുകിപ്പോയെന്നല്ലാതെ അതില്‍ ഒരു ബ്ലാസ്റ്റോസൈറ്റ് ഉണ്ടെന്ന് കാണാനാവില്ലല്ലോ (കണ്ണു കെട്ടാത്തവര്‍ക്ക് പോലും)

ഇനി വ്യാസന്റെ ദിവ്യദൃഷ്ടിയാല്‍ ഈ സൂക്ഷ്മവസ്തു കണ്ടെന്നും ദിവ്യായുത്താല്‍ അതിനെ ഛേദിച്ചെന്നും വയ്ക്കുക. അപ്പോള്‍ കൗരവന്‍ നൂറ്റൊന്ന് ഐഡന്റിക്കല്‍ സഹോദരരായി. ഗാന്ധാരി ദുര്യോധനനെയും ദുശ്ശാസനനെയും വിന്ദനെയും ഒക്കെ തിരിച്ചറിയാന്‍ വയ്യാതെ നടന്നേനെ. അങ്ങനെ അല്ലല്ലോ കൗരവര്‍?

ഇതിഹാസങ്ങള്‍ ഫിക്ഷന്‍ മാത്രമാണ്‌. അതില്‍ അന്നുള്ള അമ്പും വില്ലും പിന്നെ ഭാവനയുമേയുള്ളു. ടിഷ്യൂ കള്‍ച്ചറില്ല, ക്ലോണിങ്ങില്ല, പാറ്റണ്‍ ടാങ്ക് ഇല്ല, യന്ത്രത്തോക്കില്ല, ന്യൂക്ലിയര്‍ ബോംബുമില്ല. പത്തു തലയുള്ള രാവണനെപ്പോലെ മനുഷ്യഭാവനയില്‍ ഒരു ഭ്രൂണം ഛേദിച്ചാല്‍ നൂറാകും, ഒരസ്ത്രം അയച്ചാല്‍ ബ്രഹ്മാണ്ഡം തകരും. അത്രേയുള്ളു. ഒരു ചെടി നുറുക്കി വച്ചാല്‍ പലതാകും അപ്പോള്‍ മന്ത്രം ചൊല്ലി ഒരു ഭ്രൂണം നുറുക്കിയാല്‍ പലമനുഷ്യര്‍ ആകില്ലേ എന്നേ അദ്ദേഹം കണ്ടുകാണൂ മനസ്സില്‍

13 comments:

അഭയാര്‍ത്ഥി said...

എനിക്കൊരു സംശയം മാഷുടെ ഐച്ഛികം അനാട്ടമി , മെറ്റീരിയ മെഡിക്ക,
അന്ത്രോപ്പി , കുന്ത്രോപ്പി ഒക്കെ ആയിരുന്നുവോ?.
കൃത്യമായ ആഡിറ്റിംഗ്‌ ആണല്ലോ മനുഷ്യ ജന്തു ശാസ്ത്രങ്ങളെക്ക്രുറിച്ച്‌. ഇതുവരെ ഞാനും കരുതിയത്‌ ക്ലോണിംഗ്‌ എന്ന്‌ വച്ചാല്‍ ഒരുകഷണം മുറിച്ച്‌ ഇലക്ട്രോഡിട്ട്‌ കത്തിക്കുക എന്നാണ്‌.
ശരിക്കും വിജ്ഞാനദായകം ആയിരിക്കുന്നു.
ഒരു അപ്പാത്തിക്കിരിയൊ സയന്റിസ്റ്റോ ആവാഞ്ഞത്‌ ദേശീയ ദുരന്തം.
ജേര്‍ണലുകളിലൂടെയെങ്കിലും ഈ നഷ്ട്ടം അല്‍പ്പമെങ്കിലും കുറയട്ടെ.

ഇറ്റ്സോ വണ്ഡര്‍ഫുള്‍ തൈ ആര്‍ട്ട്‌

അരവിന്ദ് :: aravind said...

:-) മനുഷ്യന്‍ ക്ലോണിംഗ് വരെയല്ലേ ഇതു വരെ കണ്ടു പിടിച്ചുള്ളൂ? അതിന്റപ്പുറം ഇനീം എത്തും. ഉറപ്പാ.

(ചിലപ്പോ ധൃതരാഷ്ട്റന്റെ നൂറ്റൊന്ന് ബീജങ്ങളെടുത്ത്, നൂറ്റൊന്ന് അണ്‍ഡങ്ങളുമായി യോജിപിച്ച്, ആദ്യം കുംഭങ്ങളില്‍ സൈഗോട്ട് വരെ വള‍ര്‍ത്തി (ഇന്‍ വീട്റോ അങ്ങനെയല്ലേ?)പിന്നെ സറൊഗറ്റ് മദേര്‍സിലൂടെ ജനിപ്പിച്ചതാവാം അവരെ.) ഗ്രീക്ക് ഇതിഹാസങ്ങളില്‍ ഇതു പോലെ വല്ലതും ഉണ്ടോ ദേവേട്ടാ?

R. said...

ഇതിഹാസങ്ങള്‍ ഫിക്ഷന്‍ മാത്രമാണ്‌.
പത്തു തലയുള്ള രാവണനെപ്പോലെ

ഇതു രണ്ടും കണ്ടപ്പോഴുള്ള സന‍്ദേഹം: ദേവനും ഇതിഹാസങ്ങളെ 'ലിറ്ററല്‍' സെന്‍സില്‍ വായിക്കാന്‍ തുടങ്ങിയോ?

Umesh::ഉമേഷ് said...

ദേവന്‍ ഒരു കാര്യം വിട്ടുപോയി. ഈ നൂറ്റൊന്നെണ്ണത്തില്‍ ഒരെണ്ണം മാത്രം പെണ്ണാകാനും ഒരു നിവൃത്തിയില്ലല്ലോ ഈ സെറ്റപ്പില്‍?

ഒരു “ദേശാഭിമാനി” said...

നമ്മുടെ ഇതിഹാസങ്ങല്‍ ഫിക്ഷനില്‍ കുഴഞ്ഞു കിടക്കുകയാണന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ നമുക്കു, ഇത്രയും ദൈവങ്ങള്‍ ഉണ്ടായതു! എന്നിരിക്കലും, ന്മ്മുടെ പൂര്‍വികര്‍ ഭാവനാസമ്പന്നര്‍ ആയിരുന്നിരിക്കണം. അല്ലങ്കില്‍, പുഷ്പകവിമാനവും, നാരദമുനിയുടെ ത്രിലോകസഞ്ചാരവും, ആഗ്നേയം, പാശുപതം, ബ്രഹ്മം മുതലായ അസ്ത്രങ്ങളെ പറ്റിയൊന്നും എഴുതിവക്കാന്‍ പറ്റില്ലയിരുന്നു. ഇതില്‍ പലതിനോടും സാമ്യം പുലര്‍ത്തുന്ന കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രജ്ഞര്‍ നടത്തുകയും ചെയ്തു. നിര്‍മലമായ മനസ്സിനു ഉടമകള്‍ ആയവര്‍ക്കു, ജ്നാനം വരമായിത്തന്നെ ലഭിച്ചിരുന്നിരിക്കണം!

ഭൂമിപുത്രി said...

മഹാഭാരതകാലത്തും gender selection ഉണ്ടായിരുന്നുവോയെന്നു ഇടക്ക് ഞാനാലോചിക്കാറുണ്ട്.ഉമേഷിന്റെ കമന്റെ കണ്ടപ്പോളതു വീണ്ടും ഓര്‍ത്ത്പോയി.

ചതുര്‍മാനങ്ങള്‍ said...

നന്നായിട്ടുണ്ടു ലേഖനം/കമെന്റ്.
ആദ്യ ടിഷ്യൂ കള്‍ച്ചറാണോ ഇതെന്നുള്ളതു ഒരു പഴഞ്ചന്‍ ചോദ്യമാണു. ടിഷ്യൂ കള്‍ച്ചറുപയൊഗിച്ചു ഇതിനെ വിശദീകരിക്കാന്‍ നിന്നാല്‍ ഒരുപാടൂ സ്ഥലത്തു ഉത്തരംമുട്ടും.

ഒരു 25 വര്‍ഷം (അല്ലെങ്കില്‍ കുറച്ചു കൂടി വര്‍ഷം)കഴിഞ്ഞാണു ഈ പോസ്റ്റ് എഴുതുന്നതെങ്കില്‍ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ലൈഫ് സൃഷ്ടിച്ചതു വ്യാസനാണോ എന്ന ചോദ്യമാകുമായിരിക്കും ഈ പോസ്റ്റിന്റെ തുടക്കത്തില്‍ കാണാന്‍ കഴിഞ്ഞേക്കുക. എന്തായാലും ആര്‍ട്ടിഫിഷ്യല്‍ ലൈഫ് സാധ്യമാകുമെങ്കില്‍ കുറെക്കൂടി ലോജിക്കലായി 101 ആള്‍ക്കരെ സൃഷ്ടിച്ചതിനെ അപ്രോച്ച് ചെയ്യാന്‍ കഴിയും. ഒരു സെല്ല് ഏതു തരമാകണമെന്നു നിശ്ചയിക്കാന്‍ ഡി. ന്‍. എ ഡീഫൊര്‍മേഷന്‍ വഴി കഴിഞ്ഞാല്‍ ഈ അണ്ഡം വേണമെന്നുള്ള നിര്‍ബന്ധം ഉപേക്ഷിക്കാന്‍ കഴിയില്ലേ?. ഡി. ന്‍. എ ഡീഫൊര്‍മേഷന്‍ 101 തരത്തില്‍ നടത്തിക്കഴിഞ്ഞാല്‍ 101 ടൈപ്പ് ആള്‍ക്കാരുണ്ടാകില്ലേ? ജെണ്ഡര്‍ സെലക്ഷനും ഈ ഡീഫോര്‍മേഷന്‍ വഴി സാധ്യമാകുമായിരിക്കും.

വ്യാസന്‍ ഇതൊക്കെ ചെയ്തു എന്നു വിശ്വസിക്കാന്‍ കഴിയില്ല്ലെങ്കിലും 101 പേരെ ഒരു മാംസ പിണ്ഡത്തില്‍ നിന്നും സൃഷ്ടിക്കാമെന്നു ഫിക്ഷന്‍ നടത്തിയതു അത്ഭുതപ്പെടൂത്തുന്ന കാര്യമാണു.

http://www.telegraph.co.uk/earth/main.jhtml?view=DETAILS&grid=&xml=/earth/2007/12/04/sciart104.xml


His J Craig Venter Institute in Rockville, Maryland, recently applied for worldwide patents on what it refers to as "Mycoplasma laboratorium" based on synthetic DNA assembled by scientists

കുറുഞ്ഞി ഓണ്‍ലൈനില്‍ ഒന്നു രണ്ടു പോസ്റ്റിനുള്ള് സ്കോപ്പ് ഈ സിന്തെറ്റിക് ഡി. എന്‍. എ യില്‍ ഉണ്ടു.

കൂടുതല്‍ വിവരങ്ങള്‍ക്കു
http://www.jcvi.org/

N.J Joju said...

പണ്ട് ബാലരമയിലാണെന്നു തോന്നുന്നു “തലമാറട്ടെ” എന്നൊരു കഥയുണ്ടായിരുന്നു. ദാമു എന്ന തലമാറ്റാന്‍ ശക്തിയുള്ള കഥാപത്രത്തെ സൃക്ഷ്ടിച്ചത് വേണു (?) എന്നു പേരുള്ള കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു എന്നാണ് ഓര്‍മ്മ. (അതേ പോലെ തന്നെ ചലോ ചപ്പല്‍‌സ്, ജമ്പനും തുമ്പനും തുടങ്ങിയവയും പുള്ളിയുടെ തന്നെയായിരുന്നെന്നാണ് ഓര്‍മ്മ. തെറ്റാണെങ്കില്‍ അറിവുള്ളവര്‍ തിരുത്തുക). വര്‍ഷങ്ങള്‍ക്കു തലമാറ്റല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയാല്‍ വേണു വര്‍ഷങ്ങള്‍ല്‍ക്കുമുന്‍പേ ഇതു നടത്തിയായിരുന്നൂ എന്ന് നമുക്ക് വാദിയ്ക്കാം.

un said...

എന്തായാലും ഇവന്മാരുടെ ഭാവന സമ്മതിക്കണം.
കൌരവരുടെ ജനനം മാത്രമല്ല, ബയോടെക്നോളജിക്കാര്‍ ഇന്നു തലപുണ്ണാക്കുന്ന human genetic codeനെക്കുറിച്ചും മറ്റും പല ഉദാഹരണങ്ങളും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുണ്ട്. പാര്‍വവതിയുടെ ചിതാഭസ്മത്തില്‍ നിന്നും ഗണപതി ജനിച്ച കഥ, ഭാഗവതത്തിലെ പിതാവിന്റെ ചിതാഭസ്മത്തില്‍ നിന്നും പൃതു രാജാവിനെ ജനിപ്പിച്ച ബ്രാഹ്മണരുടെ കഥ, മാതാപിതാക്കളില്ലാതെ വെറും യജ്ഞത്തില്‍ നിന്നും ജനിച്ച ദ്രൌപതിയുടെയും ദൃഷ്ടദ്യു മ്നന്റെയും കഥ, എന്തിന് ശ്രീരാമനും മൂന്നു സഹോദരന്മാരും ജനിച്ചതും യജ്ഞത്തില്‍ നിന്നും ലഭിച്ച പാല്‍ കുടിച്ചാണെന്ന് പുരാണം പറയുന്നു. (ബൈബിളില്‍ മേരി മാതാവ് യേശുവിനെ ഗര്‍ഭം ധരിച്ചതെങ്ങിനെയാണെന്ന് പറഞ്ഞിട്ടില്ല. ഏതായാലും ജോസഫില്‍ നിന്നും അവര്‍ ഗര്‍ഭം ധരിച്ചിട്ടില്ല.)രോഹിണിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ദേവകിയുടെ ഗര്‍ഭപാത്രത്തിലേക്ക് ബലരാമന്റെ embryo transference ചെയ്ത കഥയുമുണ്ട്. ബ്രാഹ്മണ സ്തീയില്‍ നിന്നും രാജ്ഞിയായ ക്ഷത്രിയ സ്തീയിലേക്ക് ഇത്തരം ഒരു embryo transference നടത്തിയാണ് മഹാവീരന്റെ ജനനം എന്നു ജൈന മതക്കാരുടെ വകയുമുണ്ട് ജനിതശാസ്ത്രത്തിലേക്ക് ചില സംഭാവനകള്‍. അഗസ്ത്യമുനിയുടെ ജനനവും കൌരവന്മാരുടേത് പോലെ കൂജക്കകത്തായിരുന്നു. ക്ലോണിങ്ങിന് നല്ല ഉദാഹരണം, തന്റെ തപശക്തിയാല്‍ തന്നെപ്പോലെ ഒമ്പത് ശരീരങ്ങള്‍ (identical ) നിര്‍മിച്ച കര്‍മദ മുനിയുടെ കഥ തന്നെ. രക്താഭിജന്‍ എന്ന രാക്ഷസന്റെ ഓരൊ തുള്ളി ചോരയില്‍ നിന്നും ഓരോ രാക്ഷസന്‍ ജനിക്കുമായിരുന്നെന്നും കഥയുണ്ട്.

Radheyan said...

പണി ഇപ്പോഴും കണക്കെഴുത്തു തന്നെ അല്ലേ.അതോ ഒരു കൊച്ചിന്റെ തന്തയായപ്പോഴേക്കും ഇത്രയും ബയോളജി പഠിച്ചോ.

വെറുതേ നമ്മുടെ കുലത്തിനു ചീത്തപേരുണ്ണ്ടക്കല്ലേ.ഇന്‍സ്റ്റിറ്റൂട്ട് അറിഞ്ഞാല്‍ സുട്ടിടുവേന്‍.

എന്തായാലും കൊള്ളാം സംഭവം.

പണ്ടൊക്കെ ഡോക്യുമെന്ററി വേറെ ഫിക്ഷന്‍ വേറെ എന്ന് അല്ലായിരുന്നുവോ.ഇപ്പോള്‍ ഡോക്കുഫിക്ഷന്‍ എന്ന സങ്കരം വരുന്ന പോലെ ഇതിഹാസത്തെ ചരിത്രമാക്കുന്ന ഒരു പ്രക്രിയ മതാധിഷ്ഠിതമായി നടക്കുന്നുണ്ട്.അത് അത്ര നിഷ്കളങ്കമെന്ന് കരുതുക വയ്യ.

അങ്കിള്‍ said...

നമ്മുടെ പൂര്‍വികരുടെ പല ഭാവനകളും കാലം കഴിയുംതോറും പ്രായോഗികതലത്തില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു, ശാസ്ത്രജ്ഞര്‍. അതുകൊണ്ട് വ്യാസന്‍ ഭാവനയിലുണ്ടക്കിയ ഗാന്ധാരിയുടെ മാംസപിണ്ഡം എങ്ങനെ 101 പേരുള്ള കൌരവര്‍ ആയെന്ന്‌ ഒരായിരം കൊല്ലം കഴിയുമ്പോള്‍ നമ്മുടെ ശാസ്തജ്ഞര്‍ക്ക്‌ കഴിയുമായിരിക്കാം, അല്ലേ ദേവാ.

വ്യാസന്റെ ഭാവനക്ക്‌ മുന്നില്‍ നമിച്ചു പോകുന്നു.

'Time Machine'-നും ചിലപ്പോള്‍ പ്രാവര്‍ത്തികമായേക്കും.

ത്രിശങ്കു / Thrisanku said...

ഈ പോസ്റ്റ് കാണാന്‍ വൈകി. :(

അണ്ഡവും ബീജവും കൂടിച്ചേരുമ്പോള്‍ ഒരു സൈഗോട്ട് ഉണ്ടാകും.

സമ്മതിച്ചു, ഒരു അണ്ഡവും ഒരു ബീജവും കൂടിച്ചേരുമ്പോള്‍ ഒരു സൈഗോട്ട് ഉണ്ടാകും. അങ്ങനെ 101 സൈഗോട്ട് ഉണ്ടായിരുന്നോ ഗാന്ധാരിയമ്മയുടെ വയറ്റില്‍?

ആ കോശം സ്വയം പിളരുന്നതിനു പല പല ഫേസസ് ഉണ്ട്, വിശദീകരിക്കുന്നില്ല

വേണ്ട, വര്‍ഷം കുറെയായെങ്കിലും, ഞാനും ബയോളജി പഠിച്ചിട്ടുണ്ട്. :)

അതുകൊണ്ട് ടിഷ്യൂകള്‍ മനുഷ്യശരീരത്തില്‍ വളര്‍ന്നാലും പുറത്ത് ടെസ്റ്റ് റ്റ്യൂബിലോ ഘടത്തിലോ ഓട്ടുരുളിയിലോ വളര്‍ന്നാലും അതേ ടിഷ്യൂകള്‍ ആകുമെന്നല്ലാതെ കിഡ്ണിയിലുള്ള ടിഷ്യൂവിനു കണ്ണോ മൂക്കോ രോമമോ ആകാന്‍ കഴിയില്ല.

അങ്ങനെ തീര്‍ത്ത് പറയാമോ. മൃഗങ്ങളിലോ മനുഷ്യരിലോ ഇത്തരത്തില്‍ ഇതു വരെ സാധിച്ചിട്ടില്ല എന്നതല്ലേ ശരി. സസ്യങ്ങളുടെ ടിഷ്യൂകള്‍ (തളിര്‍ ഭാഗം) പ്രത്യേക ലായനിയില്‍ വളര്‍ത്തുമ്പോള്‍ പൂര്‍ണ്ണ സസ്യാമായാണല്ലോ വളരുന്നത്. ഓരോ സെല്ലിനും പൂര്‍ണ്ണ സസ്യം /ജന്തു ആകാനുള്ള കഴിവുണ്ട്. അതിനെയാണ് totipotency എന്ന് പറയുന്നത്. പക്ഷേ അതിനെ stimulate ചെയ്യുവാനും അതിനു വളരുവാനുമുള്ള പരിതസ്ഥിതി ഉണ്ടായിരിക്കണമെന്ന് മാത്രം. ജന്തുക്കളില്‍ ഇതിന് വളരെ സങ്കീര്‍ണ്ണമായ സാഹചര്യം ഒരുക്കേണ്ടതുണ്ട്.

സ്റ്റെം സെല്‍ ഗവേഷണങ്ങള്‍ ഇതിന്റെ ചുവടു പിടിച്ചാണ്‌.

അതെ potency കൂടുതലുള്ള കോശമാണ് സ്റ്റെം സെല്‍ - ഉദാഹരണത്തിന് പൊക്കിള്‍‌കൊടിയിലെ രക്തം. ഈ (Pluripotent) കോശങ്ങള്‍ ഉപയോഗിച്ച് പല അവയങ്ങളും വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

അഡല്‍റ്റ് സെല്ലുകള്‍ക്ക് പ്രീ ഗാസ്ട്രുലേഷന്‍ ഫേസിലേക്ക് മടങ്ങിപ്പോകാന്‍ ആകാത്തതുകൊണ്ടാണ്‌ ക്ലോണിങ്ങ് ചെയ്യുമ്പോള്‍ അഡല്‍റ്റ് സെല്ലിലെ ഡീ എന്‍ ഏ വേര്‍തിരിച്ച് ഡീ എന്‍ ഏ നശിപ്പിച്ച ഒരണ്ഡത്തില്‍ സന്നിവേശിപ്പിക്കുന്നത്.

അഡല്‍റ്റ് സെല്ലുകളുടെ potency കുറവാണെന്നത് ശരിയാണ്.

ചില സെല്ലുകള്‍ അനിയന്ത്രിതമായി വിഭജിക്കുന്നതെന്തെന്നും (കാന്‍സര്‍) വ്യക്തമായി നമുക്കറിയില്ല.

എന്റെ വിരല്‍ മുറിച്ച് അതില്‍ നിന്നും അടുത്ത ദേവനെ ഉണ്ടാക്കാന്‍ കഴിയില്ല

ദേവന്റെ കാര്യമറിയില്ല. പല രാക്ഷസന്മാര്‍ക്കും ഈ കഴിവുണ്ടായിരുന്നു എന്ന് കേട്ടിരിന്നു. :)

ഇനി വ്യാസന്റെ ദിവ്യദൃഷ്ടിയാല്‍ ഈ സൂക്ഷ്മവസ്തു കണ്ടെന്നും ദിവ്യായുത്താല്‍ അതിനെ ഛേദിച്ചെന്നും വയ്ക്കുക. അപ്പോള്‍ കൗരവന്‍ നൂറ്റൊന്ന് ഐഡന്റിക്കല്‍ സഹോദരരായി. ഗാന്ധാരി ദുര്യോധനനെയും ദുശ്ശാസനനെയും വിന്ദനെയും ഒക്കെ തിരിച്ചറിയാന്‍ വയ്യാതെ നടന്നേനെ. അങ്ങനെ അല്ലല്ലോ കൗരവര്‍?

ഈ സംശയമാണ് ഞാനും ആദ്യമേ പ്രകടിപ്പിച്ചത്. ദുശ്ശള ദുരൂഹമായിരിക്കുന്നുവെന്ന്. 101 എംബ്രിയോകളായിരുന്നോ പ്രത്യേകം ഘടത്തില്‍ വളര്‍ത്തിയത്? പക്ഷേ അതൊക്കെ വളരാനുള്ള സാഹചര്യം എങ്ങനെ?

ഇതിഹാസങ്ങള്‍ ഫിക്ഷന്‍ മാത്രമാണ്‌.

ആഹ്, അങ്ങനെ തന്നെ വിശ്വസിക്കാം. :)

chithrakaran ചിത്രകാരന്‍ said...

വ്യാസന്‍ ടിഷ്യു കാല്‍ച്ചര്‍ നടത്തിയതായും, വാത്മീകി വിമാനം കണ്ടുപിടിച്ചതായും ചിന്തിക്കുന്നത് പൊതുധാരയുടെ നടുറോഡുവിടാതുള്ള ഒരു ഡ്രൈവിങ്ങ് അഭ്യാസം മാത്രമാണ്.

പൊതുധാരയുടെ റോഡുവിട്ട് വഴികളില്ലാത്ത കാട്ടിലൂടെ... ഒന്നു നടന്നു നോക്കു.
വ്യാസനും മറ്റ് അസംഖ്യം ബ്രാഹ്മണരും ദൃധരാഷ്ട്രരുടെ അന്തപ്പുരത്തില്‍ അതിഥികളായി താമസിച്ചുകൊണ്ട് ... അവിടത്തെ നൂറ്റൊന്നു സ്ത്രീകള്‍ക്ക് ദിവ്യ ഗര്‍ഭമുണ്ടാക്കുന്ന ധൃതരാഷ്ട്രരുടെയും,ജനങ്ങളുടേയും കണ്ണു കുത്തിപ്പൊട്ടിച്ച വംശീയ ഗ്രഹണം കാണാനാകും.