Monday, March 19, 2007

ഉമേഷ്‌ ഗുരുക്കളും ഞാനും തെറിയും!

ബൂലോഗത്ത്‌ വന്ന് ഒന്നു രണ്ടു ദിവസത്തിനകം ഇട്ടതാണീ കമന്റ്‌ . ഇതിലാണു ഞാനും ഉമേഷ്‌ ഗുരുക്കളും പരിചയപ്പെട്ടത്‌. വിഷയം- തെറിയുടെ മാഹാത്മ്യം!
ഒരു തെറിക്ക്‌ രണ്ടു വശമുണ്ട്‌, ഞെട്ടിക്കുന്ന അശ്ലീലപദങ്ങളും (മിക്കവാറും ശ്രോതാവിന്‌ വൃത്തികെട്ട സ്ത്രീകളുമായി ബന്ധുത്വമുണ്ടെന്നു ദ്യോതിപ്പിക്കുന്ന ബഹുവ്രീഹീ സമാസ സംബോധനകള്‍) പിന്നെ ശബ്ദത്തിലും ഭാവത്തിലും മൌനത്തിലും ദ്യോതിക്കുന്ന ക്രോധവും പരിഹാസവും പുച്ഛവും കൂടിക്കലര്‍ത്തിയുള്ള എക്സ്‌പ്രഷനും.
...
എതുഭാഷയുടേയും അന്തസ്സത്ത അതിന്റെ തെറികളിലടങ്ങിയിരിക്കുന്നു. മലയാളിത്തതിന്റെ ഹൃദയം കിളിപ്പാട്ടിലായിരിക്കാം പക്ഷേ അതിന്റെ ആത്മാവ്‌ തെറിപ്പാട്ടിലാണ്‌. എല്ലവരും കൂടെ എന്നെ ചാടിക്കടിക്കാന്‍ വരട്ടെ, ഞാന്‍ പറഞ്ഞു തീര്‍ന്നില്ല.

നിഘണ്ടൂവോ റ്റ്യൂഷന്‍ മാസ്റ്റെറോ ഉണ്ടെങ്കില്‍ ഉണ്ണായി വാര്യരുടെ നളചരിതമോ സീ വീ യുടെ ധര്‍മ്മരാജാവോ ഏതു സായിപ്പിനും കാപ്പിരിക്കും പഠിക്കാം, പക്ഷേ ഒരാട്ടോക്കാരന്റെ കോളറില്‍ കയറി പിടിച്ച്‌ എന്താണ്‌ "ഹേ ഏഭ്യാ താന്‍
പ്രകോപിതനായത്‌?" എന്നു ചോദിക്കാനേ അങ്ങനെ പഠിച്ചവനു കഴിയൂ.

മുഖം മുറുക്കി കണ്ണും തുരിപ്പിച്ച്‌ കവിളീലെ മാംസപേശികള്‍ കടുപ്പിച്ച്‌ "ന്ത്രാ ..... ചെറയുന്നെ" എന്നു ചോദിക്കുന്നവന്‍ കൊല്ലത്തുകാരന്‍ മലയാളി, ആ മണ്ണിന്റെ മകന്‍, ആ നാട്ടിലെ നിരത്തിലൂടെ ടയര്‍ ഉരുട്ടി ഓടിക്കല്‍ളിച്ചവന്‍, അവിടത്തുകാരുടെ അവകാശത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കിയവന്‍, അവിടത്തെ കച്ചിത്തുറുവിന്റെ പിറകിലൊളിച്ചിരുന്നു പ്രേമലേഖനമെഴുതിയവന്‍.. ആ വിളിയില്‍ അവന്റെ മളയാളിത്തമത്രയും അടങ്ങിയിട്ടുണ്ട്‌. അതുപോലെ ഈ ഭൂലോകത്തെ ഓരോ നാടിനും ഗ്രാമത്തിനും മുക്കിനും മൂലക്കും അതിന്റെ സിഗ്നേച്ചര്‍ തെറിപ്രയോഗങ്ങളുണ്ട്‌. മറ്റൊരാള്‍ക്കും അനുകരിക്കനാവാത്ത കടംകൊള്ളാനാവാത്ത ആ നാടിന്റെ ആത്മാവതാണ്‌.

ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരവലിയിലില്ലാത്ത ആ പദങ്ങള്‍ എണ്ണയ്ക്കാട്ടുതമ്പുരാന്റെ അലങ്കാരദീപികയിലില്ലാത്ത്‌ പൊടിപ്പും തൊങ്ങളും ചേര്‍ന്ന് വീര്യമുള്ള പ്രയോഗങ്ങളായി സ്കൂളില്‍ അടക്കത്തിലും മൂന്നുംകൂടിയ മുക്കില്‍ ഉറക്കെയും മദ്യശാലയില്‍ പദ്യരൂപത്തിലും പ്രയോഗിക്കപ്പ്പ്പെടുന്നിടത്തോളം കാലമേ മലയാളമോ മറ്റേതുഭാഷയുമോ നിലനില്‍ക്കൂ.. അച്ചടിച്ച മാസികയും പാഠപുസ്തകവും ഭാഷാരഘുവംശവും മാത്രമായി ചുരുങ്ങുന്ന ദിവസം ദേവനാഗരി പോലെ മലയാളവും നശിക്കും..

ഇന്ന് എന്റെ നാടിന്റെ പച്ചത്തെറികള്‍ സുരേഷ്‌ ഗോപിയുടെ ഷിറ്റടിയില്‍ മുങ്ങിച്ചാകുന്നു. ചൊറിച്ചുമല്ലി തകര്‍ത്ത കൊളെജ്‌ ക്യാന്റീനില്‍ ഇന്നു യോര്‍ മാമ്മ ജോക്സ്‌ എന്ന അറുവളിപ്പന്‍ കുരിപ്പുകള്‍ പൊട്ടുന്നു. തിരുമുല്ലവാരം ഷാപ്പില്‍ ചാളക്കാര്‍ പാടിയ തിക്കുറിശ്ശി ശ്ലോകങ്ങള്‍ക്ക്‌ പകരം എന്റെ അടുത്ത തലമുറക്ക്‌ ജാസ്സി ഗിഫ്റ്റിന്റെ ലെജ്ജവതിയേ നിന്റെ ഗ്ഗള്ളഗ്ഗഡഗ്ഗ്ഗ്ഗണ്ണില്‍ എന്ന ഖരാതിഖരരഹിത ഗാനമേയുള്ളൂ...

പച്ചത്തെറി മരിക്കുന്നു... മലയാളവും. ആ സംസ്കാര സമ്പത്ത്‌ നശിക്കും മുന്‍പേ ആരെങ്കിലും ഒരു പുസ്തകമെഴുതിയിരുന്നെങ്കില്‍ ...

http://devaragam.blogspot.com/2005/10/blog-post_17.html

24 comments:

ദേവന്‍ said...

ബൂലോഗത്ത്‌ വന്ന് ഒന്നു രണ്ടു ദിവസത്തിനകം ഇട്ടതാണീ കമന്റ്‌ . ഇതിലാണു ഞാനും ഉമേഷ്‌ ഗുരുക്കളും പരിചയപ്പെട്ടത്‌. വിഷയം- തെറിയുടെ മാഹാത്മ്യം!

സുല്‍ |Sul said...

പണ്ടെങ്ങോ കൊണ്ടിട്ട തേങ്ങകൊലയിലേക്കെല്ലാം ബൂലോകരെ കെട്ടിവലിക്കുന്ന ഇപ്പരിപാടി കൊള്ളാം.
വായിക്കാതെ പോയ ഒരു പാടു പോസ്റ്റുകളുണ്ടെന്നിപ്പോള്‍ മനസ്സിലായി കമെന്റുകളും. അല്ല ഇതെല്ലാം ആരാ ഇരുന്നു വായിക്കുന്നെ?

സുല്ലിപ്പൊ തേങ്ങയടിക്കാറില്ല. എന്നാലും ഒരെണ്ണം ഇവിടെ കിടക്കട്ടെ. ഇത്തിരി തന്നതാ.

“ഠേ.........”

-സുല്‍

ജ്യോതിര്‍മയി /ज्योतिर्मयी said...

ആത്മാനാത്മവിവേകം ബി.അഡ്വൈസറെ മുന്‍‌ നിര്‍ത്തിയാലേ വരൂ എന്നുവെച്ചാലെന്താചെയ്യാ? :-)

തലയും ഹൃദയവും കണ്ണും മൂക്കും കയ്യും കാലും നഖവും എല്ലാമെല്ലാം അതാതിന്റെ പ്രാധാന്യത്തോടെ നിലകൊള്ളുന്നു ആരോഗ്യമുള്ള ഒരു ശരീരത്തില്‍. ഓരോന്നും ഒന്നിനൊന്നു പ്രധാനം. എന്നാലും എല്ലാറ്റിനേയും ഏകോപിപ്പിക്കുന്ന ആത്മാവ്‌, കണ്ണല്ല, മൂക്കല്ല, കാലല്ല...അതിനെ ആത്മാവാണെന്നു തെറ്റിദ്ധരിക്കുന്നതല്ലേ?

(ദേവനാഗരി നശിച്ചൂന്നൊക്കെ പറഞ്ഞാല്‍ സങ്കടമുണ്ടേ:-(

ഓ.ടോ:
ഇനിയിപ്പോ ഈ കമന്റ്, ധൈര്യമായിട്ടിടുന്നു. ഡിലീറ്റു ചെയ്യാന്‍ പഠിച്ചല്ലോ. ആ ഡിലീറ്റ്‘അടയാളം’ എപ്പോഴും കമന്റ്ബോക്സില്‍ കാണാറില്ലല്ലോ അതെന്താ?

sandoz said...

ഉം...പോരട്ടേ....പഴേ കിടിലന്‍ സൈസുകള്‍......

വേറൊരു ഭാഷയിലും കാണാത്ത രീതിയില്‍ ...നല്ല വാക്കുകളെ ..ഒന്നു പൊതിഞ്ഞു കെട്ടി ...തെറി രൂപത്തില്‍ ഉപയോഗിക്കുന്ന രീതി മലയാളത്തില്‍ ഉണ്ട്‌.സംസാര രീതിയില്‍ മാത്രം.

അങ്ങനെ ചില പ്രയോഗങ്ങള്‍ ആണു.....അരിവറുക്കല്‍....ഒലത്തി.....കോപ്പ്‌......ഇതിന്റെ എല്ലാം ശരിക്കുമുള്ള അര്‍ഥവും ...പ്രയോഗിക്കുന്ന രീതിയും തമ്മില്‍ ഒരു ബന്ധവും ഇല്ലാ എന്നതാണു രസം.
[മിക്കവാറും പണിയാകും]

Radheyan said...

ദേവേട്ടാ,ചൊറിച്ച് മല്ലിന് ഒരു ബ്ലോഗ് തുടങ്ങാം.നല്ല ഞെരിപ്പന്‍ സാധനങ്ങളൊക്കെയുണ്ട്.

സംസ്കൃതം തെറിയില്ലാത്തതുകൊണ്ടാണോ മരിച്ചത്?(റ്റീച്ചറേ സോറി,മരിച്ചില്ലെങ്കില്‍ ഊര്‍ദ്ധ്വന്‍ വലിച്ച് കൊണ്ടിരിക്കുന്നത്),പുംശചലി എന്നൊക്കെ പ്രയോഗം കേട്ടിട്ടുണ്ട്.അതിന്റെ മലയാളമാണ് പൊലയാടി എന്ന് എന്റെ തെറിഗുരു ആ‍യ സത്താര്‍(ബലാത്സംഗവീരനല്ല) പറഞ്ഞിട്ടുണ്ട്.

കോളേജിലും ക്രിക്കറ്റ് മൈതാനത്തും ഞാന്‍ അപാരമായി തെറി പറഞ്ഞിരുന്നു.രോഷം അല്ലെങ്കില്‍ അരിശം ഒരു പരിധി വരെ ബഹിര്‍ഗമിപ്പിക്കാ‍ന്‍ തെറി സഹായിച്ചതായി തോന്നിയിരുന്നു.(പക്ഷേ വീട്ടില്‍ കടുത്ത സെല്‍ഫ് സെന്‍സറിംഗ് ആയിരുന്നു.ചേച്ചിയെ വിവാഹം കഴിച്ചയച്ചതോടെ സെന്‍സറിംഗില്‍ ഇളവ് വരുത്തി.)
ഈ കമന്റ് പോസ്റ്റാക്കിയത് നന്നായി.രസമുള്ള ഒരു സബ്ജക്റ്റ്.സദാചാരവാദികളെ ചൊറിയാന്‍ നല്ല സംഭവം

Unknown said...

ഇല്ല പച്ചത്തെറി മര്‍ക്കുന്നില്ലാ.. ജീവിക്കുന്നു ഞങ്ങളിലൂടെ....

പച്ചത്തെറി പുനരുദ്ധാരണത്തിന് ഞാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട് ഒരു ദിവസം രണ്ടാളെ കൊണ്ടെങ്കിലും പറയിപ്പിക്കും. ബൈ ദ ബൈ.. മലയാളത്തില്‍ പച്ചത്തെറി പറഞ്ഞാല്‍ അറബിയ്ക്കും മനസ്സിലാവും എന്ന് മനസ്സിലായല്ലോ ദേവേട്ടാ.. യേത്? :-)

രാജ് said...

ഈയടുത്തു സിദ്ധാര്‍ഥഗുരുവിനോട് തെറിമാഹാത്മ്യം സംസാരിക്കേണ്ടി വന്നിരുന്നു ;) (മൂപ്പരെ തെറി വിളിച്ചൂന്നല്ല ഉദ്ദേശിച്ചത്), അതില്‍ നിന്നുള്ള ചില നിരീക്ഷണങ്ങള്‍.

ഏതെങ്കിലും ദുഷിച്ച (നാട്ടുനടപ്പനുസരിച്ച്) സാധനത്തിന്റെയോ ശരീരഭാഗത്തിന്റെയോ പേര് വിളിച്ചു തെറി പറയുന്നത് ഒരു വഹ. വിളിക്കുന്നവനും വിളികേള്‍ക്കുന്നവനും നാറുന്ന ഏര്‍പ്പാട്, മുണ്ടുപൊക്കി കാണിക്കുന്നതിന്റെ വാക്‌ചതുരതലം. മറ്റൊന്ന് വിശേഷണരൂപങ്ങള്‍, കൂത്താടുന്നവരുടെ സ്വഭാവമുള്ളവളേയെന്നോ, പുലയാട്ട് നടത്തുന്നവളേയെന്നോ വിളിച്ചു പോകുന്ന ഏര്‍പ്പാട്. ഈ ഗണത്തില്‍ തന്നെയാണു പിതൃശൂന്യരും, ബ്രിട്ടീഷ്/രാജഭരണ കാലത്ത് കഴുവേറിയവരും വരുന്നത്. വിളിക്കുന്നവന് വലിയ സങ്കോചമൊന്നും വേണ്ട, കേള്‍ക്കുന്നവനെ അധിക്ഷേപിക്കലാണു പ്രധാന ലക്ഷ്യം. കുറേകൂടി യഥാസ്ഥിക സമൂഹങ്ങളിലാണു രണ്ടാമത്തെ ഇനം തെറികള്‍ക്കു ബാഹുല്യമെന്നു തോന്നുന്നു, കഴുവേറിയവനും കൂത്തച്ചിമാരും സമൂഹത്തിലെ നികൃഷ്ടരായി കരുതപ്പെട്ടിരുന്നത് യാഥാസ്ഥികരുടെ ഇടങ്ങളിലായിരുന്നല്ലോ. ഇനി അഥവാ ആദ്യത്തെ ഇനം തെറി പറഞ്ഞാലും വല്ല പട്ടി, പൂച്ച എന്നിവയിലൊക്കെ ഒതുങ്ങും അവ, നഗരങ്ങളുമായി ബന്ധം കുറവുള്ളതു കൊണ്ടാവാം അവിടങ്ങളില്‍ തെറിക്ക് തമിഴ് ചുവ കിട്ടാറില്ലെന്നര്‍ഥം ;)

ആദ്യത്തെ വഹയില്‍ പെട്ട ഒരു തെറി പഠിക്കാന്‍ എട്ടാം ക്ലാസില്‍ വച്ചു ഒരു ഗോതമ്പുണ്ടയും രണ്ടു ക്രീംബിസ്കേറ്റും കൈക്കൂലി കൊടുക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്‍ :(

Radheyan said...

പെരിങ്ങ്സേ,ഇങ്ങനെ തെറിയുടെ ഉല്‍പ്പത്തിയെകുറിച്ചും വികാസത്തെകുറിച്ചും സംസ്കൃതഭാഷയില്‍ മൊഴിഞ്ഞാല്‍ കൈക്കൂലി കൊടുക്കാതെ ബാക്കി തെറി പഠിക്കാം

രാജ് said...

ഹാഹാ അതെനിക്കറിയാലോ സംസ്കൃതം എന്നു കേട്ടാലെ തെറിപറയുന്നവര്‍ ബൂലോഗത്തിലുണ്ടെന്ന് ;)

തല്‍ക്കാലം തെറിയല്ലാത്തത് മാത്രമേ സംസ്കൃതമായിട്ടുള്ളൂ, തെറിക്ക് ഭാഷയില്ല സാര്‍...

Jyothirmayi said...

ഈ സദാചാരവാദികളെ തോല്‍പ്പിക്കാനെങ്കിലും നമുക്കു ദുരാചാരികളാവാം...
ഹൌ.. എന്തൊരു ത്യാഗം!

(ആരേയും ഉദ്ദേശിച്ചല്ല)

Radheyan said...

ഊവ്വേ,റ്റീച്ചറേ

അഭയാര്‍ത്ഥി said...

ഈ ലോകത്തില്‍ നിഷിദ്ധമാക്കപ്പെട്ടവ സ്വര്‍ഗ്ഗലോകത്തു പഥ്യമാകുന്നു.
തെറിയും അങ്ങിനെ തന്നെ. കൊടുങ്ങല്ലൂര്‍ ഭരണിക്ക്‌ ഒരു ദിവസം മാത്രം
ഭൂമിയില്‍ ആരെ വേണമെങ്കിലും ഇതു വിളിക്കാന്‍ അനുമതി കിട്ടുന്നു.

എല്ലാനല്ല വാക്കുകളേയും നാം തെറിയെന്ന്‌ പറയുന്നു.
ഏറ്റവും നല്ല അവയവത്തെ നാം തെറിയെന്നു പറയുന്നു.

എടാ കയ്യെ എടാ കാലെ എന്നു വിളീച്ചല്‍ കുഴപ്പമില്ല.
ഹൃദയമെ, കരളെ എന്ന്‌ വിളിച്ചാല്‍ പ്രണയമായി.
തല ഉപയോഗിച്ചുള്ള വിളികളില്‍ മണ്ടനും ബുദ്ധിമാനുമാകുന്നു.
നട്ടെല്ല്‌ ശൗര്യത്തെ കാണിക്കുന്നു.

എന്നാല്‍ നമ്മുടെ ജനിതക ഘടനകള്‍ നിര്‍ണയിക്കുന്ന പരസ്പരാകര്‍ഷണ പ്രഭവ
കേന്ദ്രങ്ങളെ കുറിച്ച്‌ ആ പ്രവര്‍ത്തികളെക്കുറിച്ച്‌ പറയുന്നത്‌
തെറി അസഭ്യം.
ഇതെങ്ങിനെയെന്ന്‌ ഒരെത്തും പിടിയും കിട്ടുന്നില്ല.

എന്നെ സംബന്ദ്ധിച്ച്‌ ഏറ്റവും നല്ല അഭിസംഭോധന ഈ ഡാഷ്‌ ഡാഷ്‌ ചേര്‍ത്ത
വിളികളാണ്‌. അടുപ്പം ഫീല്‍ ചെയ്യണമെങ്കില്‍ ഈ വാക്കുകളേതെങ്കിലും വേണം.
എന്തെങ്കിലും നേരെ ചൊവ്വെ മനസ്സിലാകണമെങ്കില്‍ ഈ പ്രെഫിക്സ്‌ വേണം.

വായെടുത്താല്‍ എനിക്കിതിലൊന്നില്ലാതെ സംസാരിക്കാനൊക്കുമായിരുന്നില്ല.

ഒരിക്കല്‍ എബി എന്ന സുഹൃത്തുമൊത്ത്‌ സ്കൂട്ടറില്‍ പോകുമ്പോള്‍ പുറകെ വന്ന
കാറിന്റെ പരാക്രമം ഞാന്‍ അവനൊട്‌ പറഞ്ഞു "കാറ്‌ കാറ്‌".

പ്ലാസ്റ്ററിട്ട്‌ ആശുപത്രിയില്‍ കിടക്കുന്ന അവനോട്‌ ഞാന്‍ ചോദിച്ചു-

"എടാ മാ--- യെ നിന്നൊട്‌ ഞാന്‍ കാറ്‌ കാറ്‌ എന്ന്‌ പറഞ്ഞതല്ലേ.
നീ എന്നിട്ടും എന്തിനാ വെട്ടിച്ചത്‌."

"എടാ പൂ--- മോനെ നീ കാറ്‌ കാറ്‌ എന്ന്‌ പറയുമ്പൊ ഞാന്‍ കേട്ടത്‌ ഡാഷ്‌ ഡാഷ്‌ എന്നാണ്‌.
നീ എന്നെങ്കിലും മര്യാദക്ക്‌ --- ലയാടിട്ടുണ്ടാ . "

അലിഫ് /alif said...

ഏറ്റവും നന്നായി തെറികേട്ടതും പഠിച്ചതും എഞ്ചിനീയറിംഗ് കോളേജിലെ ആദ്യദിനം അബദ്ധത്തിലൊരു സീനിയറിന്‍റെ പേര് ചോദിച്ചതോടെയാണ്. ഏതാണ്ട് ഒരു പത്ത് മിനുട്ടിലധികം,നിര്‍ത്താതെ,പറഞ്ഞവ ആവര്‍ത്തിക്കാതെ , ആശയസമ്പുഷ്ടതയോടെ, നല്ല ട്യൂണില്‍ വിളിക്കപ്പെട്ട ആ ‘തെറിമാല‘ എനിക്ക് രോമാഞ്ചമാണുണ്ടാക്കിയത് എന്ന് തന്നെ പറയാം. പിന്നെ നുമ്മളും അത് ഒരു ശീലമാക്കി.തെറികേള്‍ക്കലും ,വിളിക്കലും.

ഇവിടെ ആപ്പീസില്‍ (നൈജീരിയ) മലയാളിയോ, എന്തിന് ഒരു ഇന്ത്യന്‍ പോലുമോ ഇല്ലാത്തതിനാല്‍ ശേഖരത്തിന് കോട്ടം തട്ടിയേക്കുന്നു.സ്ഥിരമായി കേള്‍ക്കുകയോ വിളിക്കുകയോ ചെയ്തില്ലേല്‍ ഇതും അന്യം നില്‍ക്കുന്ന ഒരു കാലം വരുമോ എന്നാണിപ്പോഴത്തെ സംശയം. ആരേലും കളക്ഷന്‍ പോയിന്‍റ് (ചൊറിച്ച് മല്ലുള്‍പ്പെടെ)തുടങ്ങുന്നെങ്കില്‍ പറയണേ..!

ഇങ്ങനെയൊരു ഏര്‍പ്പാട് (തെറി ഗവേഷണമല്ല) തുടങ്ങിയത് നന്നായി. ദേവരാഗകമന്‍റ് സ്പെഷ്യലുകള്‍ മാത്രമല്ല, പഴയ കിടിലം പോസ്റ്റുകളും വായിക്കാം. ആശംസകള്‍.

കുറുമാന്‍ said...

ദേവേട്ടാ, ഈ സംരഭത്തിനു എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചുകൊള്ളുന്നു. വരും തലമുറക്ക് വേണ്ടി നമുക്ക് മണ്മറഞ്ഞു, നാമാവശേഷമായികൊണ്ടിരിക്കുന്ന തെറികളെ സമാഹരിക്കാം.

മലയാളത്തില്‍ പച്ചത്തെറി പറഞ്ഞാല്‍ അറബിയ്ക്കും മനസ്സിലാവും എന്ന് മനസ്സിലായല്ലോ ദേവേട്ടാ.. യേത്? :-) ദില്‍ബൂ, ദേവേട്ടാ, നോട്ട് ദി പോയന്റ്

ദേവന്‍ said...

സുല്ലേ, കമന്റിനടിച്ച തേങ്ങാക്കു നന്ദി!
ടീച്ചറേ,
ഒരു ഭാഷ നിലനില്‍ക്കണമെങ്കില്‍
1. വൈകാരിക വിനിമയം
2. ആശയ വിനിമയം
3. വിവര സംഭരണം/വിതരണം
4. ഔദ്യോഗിക ഉപയോഗം
5. സാഹിത്യ/ഇതര വിനോദപരമായ കാര്യങ്ങള്‍

എന്നിവയില്‍ ഭൂരിപക്ഷവും അതുകൊണ്ട്‌ സാധിക്കുന്ന തരക്കേടില്ലാത്ത അംഗബലമുള്ള ഒരു സമൂഹമുണ്ടായിരിക്കണം. അല്ലെങ്കില്‍ അത്‌ മൃതഭാഷയായിപ്പോകുകയോ മറ്റേതെങ്കിലും ഭാഷയിലേക്ക്‌ assimilate ചെയ്യപ്പെടുകയോ സംഭവിക്കും.

കോപ്റ്റിക്ക്‌, ലത്തീന്‍ തുടങ്ങിയ ഭാഷകള്‍ ധാരാളം ആളുകള്‍ പഠിക്കുന്നുണ്ടെങ്കിലും അവയെ മൃതഭാഷകളായല്ലേ കണക്കാക്കാറുള്ളൂ. സംസ്കൃതം ഇതരഭാഷകളിലേക്ക്‌ അസ്സിമിലേറ്റ്‌ ചെയ്യപ്പെട്ടു എന്നു തന്നെ പറയാം.

എതെങ്കിലും ഭാഷയില്‍ ഒന്നാമതായി പറഞ്ഞ ഇമോഷണന്‍ ഇന്റര്‍ച്ചേയ്ഞ്ജ്‌ നടക്കുന്നുണ്ടോ എന്നതിന്റെ ആസിഡ്‌ ടെസ്റ്റ്‌ ആണ്‌ തെറികള്‍ ഉണ്ടോ എന്നത്‌, കാരണം തെറിപ്പദങ്ങള്‍ ക്രോധം, പുശ്ചം, പരിഹാസം, അപൂര്‍വ്വമായെങ്കിലും സ്നേഹം എന്നിവ പ്രകടിപ്പിക്കുന്നതിന്റെ ഉച്ചസ്ഥായികളാണ്‌.

സങ്കടപ്പെട്ടാലും ദേവനാഗരി assimilate ചെയ്യപ്പെട്ടുപോയ ഭാഷയാണെന്നത്‌ സത്യമല്ലേ?

സാന്‍ഡോ,
വെജന്‍ വേരിയന്റ്‌ എന്നാണ്‌ അത്തരത്തിലുള്ള തെറികള്‍ക്ക്‌ പറയാറ്‌ എഴുതാനാണെങ്കില്‍ ഒരുപാടുണ്ട്‌.

രാധേയാ,
ചൊറിച്ചു മല്ലല്‍ സ്കില്ല് പ്രാക്റ്റീസില്ലാതെ തുരുമ്പു
പിടിച്ചു കിടക്കുകയാണ്‍. എങ്കിലും ഒരാഴ്ച്ച പ്രാക്റ്റീസുകൊണ്ട്‌ റിവൈവ്‌ ചെയ്യാം.

ബ്ലോഗ്‌ തുടങ്ങിയാല്‍ അത്‌ മലയാളം സേര്‍ച്ചറിലൊക്കെ വരില്ലേ? പിന്നെ കണ്ട തറ തെറിയനും തെറികേട്ടിട്ടില്ലാത്ത പിള്ളേരും ഒക്കെ പാഞ്ഞു കേറി വരികയും ചെയ്യും. അതുകൊണ്ട്‌ ഒരു റെസ്റ്റ്രിക്റ്റഡ്‌ ആക്സസ്സ്‌ ഏരിയ ഉണ്ടാക്കാന്‍ നമുക്ക്‌ നോക്കാം?

ദില്‍ബൂ,
ഉവ്വേ മനസ്സിലായി. അതാണ്‌ തെറിയുടെ ശക്തി. മലയാളമെന്നല്ല ഏതു ഭാഷയും വെറുതേ പഠിക്കുന്നവന്‍ ആദ്യം പഠിക്കുന്നതും തെറി തന്നെ. തെറിപ്പാഠങ്ങള്‍ തുടരൂ.

രാജേ,
തെറിപ്പദങ്ങളുടെ ഉല്‍പ്പത്തി തിരക്കിപോയാല്‍ സംസ്കാരത്തിന്റെ നല്ലൊരു ചിത്രം കിട്ടും (കഴുവേറ്റലും തുറയേറ്റലും സായിപ്പ്‌ തുടങ്ങിയതല്ല കേട്ടോ നമ്മളത്‌ പണ്ടേ തുടങ്ങി. ഇന്നാളില്‍ സിദ്ധാര്‍ത്ഥന്‍ വന്നവഴി രണ്ടു നൂറ്റാണ്ട്‌ മുന്നേയുള്ള ഗസറ്റ്‌ എടുത്തു നോക്കി "തിരുിതാംകൂറില്‍ കഴുവേറ്റിക്കഴിഞ്ഞവരുടെ കുതികാല്‍ വെട്ടുന്ന സമ്പ്രദായം മേലില്‍ തുടരേണ്ടതില്ലെന്ന സായിപ്പിന്റെ ഉത്തരവ്‌ കണ്ട്‌ കുറച്ചു നേരം ഉറക്കെ ചിന്തിച്ചിട്ട്‌ പോയി!)

ഞാന്‍ നല്ല അസ്സല്‍ പള്ളിക്കൂടത്തില്‍ പഠിച്ചതുകൊണ്ട്‌ അഞ്ചാറു ക്ലാസ്സ്‌ പഠിപ്പായപ്പോഴേക്ക്‌ ഒരുമാതിരി തെറിയെല്ലാം പഠിച്ചു.

ചിത്രകാരാ,
ഒരു പിടിയും ഇല്ല. ഞാനല്ല എന്നു മാത്രമേ അറിയൂ. ഈ വിഷയത്തില്‍ എന്തോ മേല്‍ഗതി ഉണ്ടായെന്ന് വിശ്വം മാഷിന്റെ പോസ്റ്റില്‍ കണ്ടു.

ഗന്ധര്‍വ്വന്‍ മാഷേ,

പൊതു സ്ഥലത്ത്‌ ചെയ്താല്‍ അംഗീകരിക്കപ്പെടാത്തത്‌ പറയുക എന്നാണ്‌ അശ്ലീലത്തിന്റെ രീതി. സ്വകാര്യതെ സംബന്ധിക്കുന്ന കാര്യങ്ങള്‍- ലൈംഗികത, വിസര്‍ജ്ജനം, ഗോപ്യാവയവങ്ങള്‍ എന്നിവ തെറിയാകുന്നതിന്റെ കാര്യം അതു തന്നെ. മുണ്ടു പൊക്കിക്കാണിക്കലും അതുകൊണ്ട്‌ തന്നെ തെറിയാവുന്നത്‌.

എക്സ്ട്രീം എക്സ്പ്രഷന്‍ എന്ന രീതിയില്‍ തെറി ചിലപ്പോഴെങ്കിലും (മിക്കപ്പോഴും സുഹൃത്തുക്കള്‍ക്കിടയില്‍ ) സ്നേഹപ്രകടനവും ആകുന്നു. ഒറ്റ തെറി പദം തന്നെ എത്ര വേര്‍സറ്റൈല്‍ ആണെന്നതിന്‌ ഒരുദാഹരണം മെയിലില്‍ അയക്കാം!
(ഭഗവാനെ ഞാന്‍ തെറി മെയില്‍ അയച്ച്‌ ജയിലില്‍ പോകുമോ?)

അലീഫേ കുറുമാനേ,
നമുക്ക്‌ ഇന്റര്‍നെറ്റില്‍ പൊതുജനം കടന്നു വരാത്ത ഒരു സ്വകാര്യ സ്ഥലമുണ്ടാക്കി ഗവേഷണം തുടങ്ങാം. "ദി ഗ്രേറ്റ്‌ തെറി പ്രോജക്റ്റ്‌ റ്റു സേവ്‌ മലയാളം."

ദേവന്‍ said...

രാധേയാ,
ഒന്നു വിട്ടു. പുംശ്ചലീ എന്ന സംസ്കൃത പദത്തിനും പുലയാടി എന്ന മലയാളം തെറിക്കും ഒരേ അര്‍ത്ഥമാണെങ്കിലും ആദ്യത്തേതില്‍ നിന്നല്ല രണ്ടാമത്തേത്‌ ഉണ്ടായത്‌.

പുലൈ എന്ന സംഘത്തമിഴ്‌ പദം (മലയാളത്തിലെ പുല തന്നെ) വൃത്തികേട്‌, അശുദ്ധി, അഴുക്ക്‌, തെറ്റായത്‌ എന്നിങ്ങനെ അര്‍ത്ഥമുള്ളതാണ്‌. വൃത്തികെട്ട ലൈംഗിക വേഴ്ച്ച-വ്യഭിചാരം എന്നും അതിനര്‍ത്ഥം വരുന്നു.

ആടല്‍ (ആടി = ആടുന്നവള്‍) എന്ന സംഘത്തമിഴു വാക്കിനു engageഎന്നും അര്‍ത്ഥം.

ഒരു ഭാഷയിലെ raw expressions ആണല്ലോ ആദ്യമുണ്ടാവുക, അതിനാല്‍ മലയാളം ഉണ്ടായപ്പോഴും ആദ്യമുണ്ടായത്‌ തെറിയാണ്‌. അമ്മയായ പ്രാചീന തമിഴില്‍ നിന്നു തന്നെ മലയാളത്തിന്റെ തെറിസമ്പത്തിന്റെ മഹാഭൂരിപക്ഷവും നമ്മള്‍ കടം കൊണ്ടത്‌. സംസ്കാര വികാസ സങ്കോചങ്ങളുടെ ഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെട്ടവ തുലോം നിസ്സാരമാണ്‌.

Unknown said...

ദേവാ,

തെറിനിഘണ്ടു (അതോ തെറിത്താരാവലിയോ) ഉണ്ടാക്കാനുള്ള ശ്രമത്തിനു സകല പിന്തുണയും പ്രഖ്യാപിക്കുന്നു. പണ്ട്‌ പച്ചമലയാളത്തില്‍ തെറിഞ്ഞോണ്ടിരുന്നവരൊക്കെ ഇപ്പൊ ഇങ്കിരീസിലാ തെറിയുന്നത്‌. എല്ലാം തോക്ക്‌ ഗോപിയണ്ണന്റെ ഓണ്‍സ്ക്രീന്‍ ഷിറ്റടിയുടെ ഫലമായിരിക്കുമോ?

സംസ്കൃതത്തിന്റെ കട്ടേം ബോഡും മടങ്ങിപ്പോയത്‌ വായ്ക്ക്‌ രുചിയായിട്ട്‌ പറയാന്‍ പത്ത്‌ തെറിപോലുമില്ലാത്തതുകൊണ്ടാണെന്നുള്ള നിരീക്ഷണം കലക്കി!

തെറിവിളിയ്ക്ക്‌ പേരുകേട്ട ഒരു ഹോസ്റ്റലില്‍ തെറികള്‍ കേട്ടും വിളിച്ചും രണ്ട്‌ വര്‍ഷം കഴിഞ്ഞിട്ട്‌ (കാലത്ത്‌ എഴുന്നേറ്റാല്‍ ഉടന്‍ ഗുഡ്‌ മോര്‍ണിങ്ങിനു പകരം സുന്ദരമായ തെറിയായിരുന്നു കൈമാറിയിരുന്നത്‌) പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും വല്ലാത്ത വിമ്മിഷ്ടം അനുഭവപ്പെട്ടിരുന്നു. പിന്നെ ഫോണ്‍ വിളിച്ചാല്‍ ആദ്യം തുടങ്ങുന്നതേ തെറിയിലായിരിക്കും. എന്നിട്ട്‌ ഹൊ എന്തൊരു സമാധാനം എന്ന് പരസ്പരം ആശ്വസിക്കും. ഇപ്പോള്‍ ഇതൊന്നുമില്ല. എല്ലാരും പോളിഷ്ഡ്‌ പ്രോഡക്റ്റ്‌സ്‌ ആയിപ്പോയി!

Unknown said...

"ദി ഗ്രേറ്റ്‌ തെറി പ്രോജക്റ്റ്‌ റ്റു സേവ്‌ മലയാളം."

ദേവേട്ടാ ഒരു ബ്ലോഗ് തുടങ്ങിയിട്ട് ‘ചുമ്മാ ബാ’ പറയൂ. ബാക്കി നമ്മള്‍ക്ക് റെഡിയാക്കാം. :-)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഒന്നും പറയാനില്ല:-(

[ബ്ലോഗുജ്വരം മാറാന്‍ ബ്ലോഗുപട്ടിണി വൈദ്യന്‍ വിധിച്ചു. പലതും പറയാന്‍ തോന്നുന്നുവെങ്കിലും രണ്ടൂസം മിണ്ടില്ല].

ഓ.ടോ:

ദേവദത്താ... കുട്ടാ... അമ്മേടെ ഭാഷയാണു കുഞ്ഞേ മാതൃഭാഷ. ആദ്യം അതു പഠിക്കണേ...
അച്ഛന്‍ പലതും പറയും...ഇപ്പൊ അതൊന്നും പഠിക്കേണ്ട. :-)

“മ്മേ...അമ്മേ...” ന്നു കൊഞ്ചിക്കൊഞ്ചിപ്പഠിക്കൂ...(ധൃതി കൂട്ടണ്ട, പതുക്കെ മതി)

:-)

ജ്യോതിര്‍മയി /ज्योतिर्मयी said...

(എന്നാലും... എനിയ്ക്കെങ്ങിനെ മനസ്സിലായീ...ദേവദത്തന്‍, ഈ ബൂലോഗത്തുവന്ന്‌ ബോറടിച്ചുറങ്ങി മിടുക്കനായി കിടക്കുന്നുണ്ടെന്ന്!)

സത്യമായും ഞാനതിപ്പൊ കണ്ടേയുള്ളൂ. ഉണര്‍ന്നാല്‍ കണ്ടോട്ടെ, കമന്റ്.

qw_er_ty

ഉമേഷ്::Umesh said...

അപ്പോള്‍ നമ്മള്‍ തെറി വിളിച്ചാണു സൌഹൃദം തുടങ്ങിയതു്, അല്ലേ?

എന്നാലും എന്റെ തേവരേ, കൈപ്പള്ളിയെയും അതുല്യയെയും സിദ്ധാര്‍ത്ഥനെയുമൊക്കെ വലിയ വാക്കുകള്‍ പറഞ്ഞു് ബൂലോഗര്‍ക്കു പരിചയപ്പെടുത്തിയ താങ്കള്‍ എന്നെ ഒരു തെറിക്കാരനായാണോ പരിചയപ്പെടുത്തുന്നതു്? അതും ശീര്‍ഷകത്തില്‍ത്തന്നെ! ഇതൊരു ചെയ്ത്തായിപ്പോയി!

ഒറിജിനല്‍ പോസ്റ്റിലെ മറ്റു കമന്റുകള്‍ വായിച്ചു. ഒരു വിയോജിപ്പുണ്ടു്. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടു് ഒരു സംസ്കാരത്തിന്റെ ഭാഗമാണു്, അതു നിര്‍ത്താന്‍ പാടില്ല എന്നു പറഞ്ഞതിനോടു വിയോജിക്കുന്നില്ല. പക്ഷേ, അതു് അമ്പലത്തിന്റെ മതില്‍ക്കെട്ടിലും ചുറ്റുവട്ടത്തും ഒതുങ്ങണം. കൊടുങ്ങല്ലൂരിലേക്കു പോകുന്ന ബസ്സുകളിലും ഭരണിക്കാലത്തു് ആ നാടു മുഴുവനും ലോകം മുഴുവനും മാനസികരോഗികള്‍ക്കു കുടുംബമായി പോകുന്ന മനുഷ്യരുടെ മുന്നില്‍ നിന്നു തെറി വിളമ്പി ആത്മസാക്ഷാത്കാരം കൈവരിക്കാനുള്ള ലൈസന്‍സാകരുതു്.

എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലുകളും ലോ കോളേജ് ഹോസ്റ്റലുകളും മറ്റും കൊടുങ്ങല്ലൂരമ്പലങ്ങളായിരുന്നു. അതിനകത്തായിക്കോട്ടേ. പക്ഷേ, വഴിയേ പോകുന്നവരെ തെറിയില്‍ കുളിപ്പിക്കുന്നതും ബസ്സിലും സിനിമാതീയേറ്ററിലും മറ്റും തെറി ഉച്ചത്തില്‍ പറയുന്നതും വെറും തിണ്ണമിടുക്കില്‍ നിന്നു വരുന്ന അഹങ്കാരവും അടി കൊള്ളാഞ്ഞിട്ടുള്ള അസുഖവുമാണു്.

അനുവാചകരെ സൂക്ഷിച്ചു തെരഞ്ഞെടുത്തു് സമൂഹത്തിനു പ്രശ്നമുണ്ടാക്കാത്ത തരത്തിലുള്ള എല്ലാ സംരംഭങ്ങള്‍ക്കും ഞാനും തയ്യാര്‍.

ദേവന്‍ said...

ടീച്ചറേ,
ദത്തന്‍ ബ്ലോഗിലെത്തിയ കാര്യം അറിയാതെയാണല്ലേ കമന്റിട്ടത്‌, ആശ്ചര്യം!

ഗുരുക്കളേ,
താങ്കളു തെറിക്കാരനാണെന്ന് ഒരു വ്യംഗ്യവും ഇതിലില്ലാ, അമ്മച്യാണെ സത്യം. ഈ കമന്റിന്റെ കീഴെയാണു നമ്മള്‍ പരിചയപ്പെട്ടതെന്നേ പറഞ്ഞുള്ളു. ഇതിനു തൊട്ടുമുകളിലാണു പാപ്പാനെ പരിചയപ്പെടുന്നതും.

കണ്ണകിയുടെ ക്ഷേത്രത്തില്‍ നിന്നും ജൈനന്മാരെ ആട്ടിപ്പായിച്ച സംഭവത്തിനു ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ടാവണം, ഇത്രയും കാലം ആകാതിരുന്ന ഒരു സാമൂഹ്യപ്രശ്നമായി ഭരണിപ്പാട്ട്‌ മാറിയത്‌ അഗ്നിവേശും (എന്തരു സാമി, പ്രായം കണക്കിലെടുത്ത്‌ വേണേല്‍ അണ്ണാ എന്നു വിളിക്കാം) ഭൂമാനന്ദ തീര്‍ത്ഥയും പടയെടുത്ത്‌ അങ്ങോട്ടു പോയശേഷം മാത്രമാണ്‌. അതില്‍ അശ്ലീലം എന്നൊരു ആംഗിളിനെക്കാള്‍ അനാചാരം എന്ന പ്രഭുത്വഭക്തി കരുതുന്ന കാര്യങ്ങളോടുള്ള പ്രതിഷേധമേ എനിക്കു കാണാനാവുന്നുള്ളു.

ഇത്തരം പ്രതിഷേധങ്ങള്‍ കേരളത്തില്‍ എതാണ്ട്‌ പരിപൂര്‍ണ്ണ വിജയം നേടിയിരിക്കുകയാണ്‌. മാടന്‍, മറുതാ, രക്ഷസ്സ്‌ തുടങ്ങിയ ആദിരൂപ ദൈവങ്ങളെയെല്ലാം നാലമ്പലത്തിനു വെളിയിലേക്ക്‌ പായിച്ച്‌ ദേവിയെയും കൃഷ്ണനെയും പ്രതിഷ്ഠിക്കുന്ന ഒരു വലിയ പ്രോജക്റ്റ്‌ കേരളത്തിലാകെ നടപ്പായിക്കഴിഞ്ഞിരിക്കുന്നു. കുലദൈവം രക്ഷസ്സാണെന്നു പറയാന്‍ ലജ്ജയുള്ളവരെയും നാടിനെ മാടന്‍ കാക്കുന്നെന്നു പറയുന്നത്‌
മോശമാണെന്നു കരുതുന്നവരെയും സൃഷ്ടിക്കുക എന്നതിന്റെ ആദ്യവിത്തുകളായിരുന്നു അഗ്നിവേശും കൂട്ടരും പാകിയത്‌. കുംഭമേളക്കും മറ്റും ഉടുതുണിയില്ലാതെ നടക്കുന്ന കിഴവന്മാരോട്‌ ആര്യസമാജവും മറ്റും പ്രതിഷേധിക്കില്ല, ദിഗംബരന്മാരെ ജൈനരും അംഗീകരിച്ചതല്ലേ. ആ അതൊക്കെ പോകട്ടെ.

തെറി സ്വകാര്യതയാണ്‌, അതിനെ അപ്പ്രീഷിയേറ്റ്‌ ചെയ്യാന്‍ കഴിയുന്നവര്‍ അതിന്റെ സ്വകാര്യ സ്വഭാവത്തെയും അപ്പ്രീഷ്യേറ്റ്‌ ചെയ്യുക തന്നെ ചെയ്യും. അത്‌ ദ്രവിച്ചു തുടങ്ങും വരെ സാഹിത്യത്തിലോ സിനിമയിലോ മൂന്നും കൂടിയ മുക്കിലോ ബസ്സിലോ തെറികള്‍ കേള്‍ക്കാനില്ലായിരുന്നു. അന്നുള്ളവരൊക്കെ തെറിയുടെ പ്രിവിറ്റിയെ ബഹുമാനിച്ചിരുന്നു.

ആവനാഴി എന്ന പടത്തില്‍ മമ്മൂട്ടിക്ക്‌ ആണത്തം കൂട്ടാന്‍ കുറേ തെറികള്‍ ദാമോദരന്‍ മാസ്റ്റര്‍ വാരിയിട്ടു, അതിനു മുന്നേ അങ്ങനെ ഒരു കീഴ്വഴക്കം സിനിമയിലില്ലായിരുന്നു. പിന്നെയത്‌ എതു കാക്കി വേഷമോ ഗൂണ്ടാ വേഷമോ തെറിയില്ലാതെ അവതരിപ്പിക്കാന്‍ വയ്യെന്ന വിധത്തിലായി. സുരേഷ്‌ ഗോപി ചിത്രങ്ങളോടെ തകര്‍പ്പന്‍ ഡയലോഗെന്നാല്‍ തെറിയെന്നായി. ഇന്ന് ബസ്സില്‍ കോളേജു പിള്ളേര്‍ ഉറക്കെ തെറി പറയുന്നുണ്ടെങ്കില്‍ അത്‌ തെറികള്‍ തകര്‍ന്ന് അംഗീകൃത പൊതു ഭാഷയിലേക്ക്‌ assimilate ചെയ്യപ്പെടുന്നതിന്റെ ലക്ഷണമാണ്‌. ഒരിടക്കാലത്ത്‌ ആംഗലേയ തെറികള്‍ പൊതു സദസ്സിലും ഭാഷാത്തെറികള്‍ സ്വകാര്യതയിലും എന്ന
ഒരു ട്രാന്‍സിഷനല്‍ പീരിയഡ്‌ ഉണ്ടായിരുന്നു. തെറികള്‍ ഇല്ലാതെയാവുന്നതിന്റെ അവസാന പടി അത്‌ ഔദ്യോഗികഭാഷയിലും കുടുംബത്തിനകത്തും കയറിപ്പറ്റി സൌമ്യതയും സഭ്യതയും ആരോപിക്കപ്പെടുക എന്നതാണ്‌. അക്കാലവും വിദൂരമല്ലെന്നു തോന്നുന്നു. അമേരിക്കന്‍ പ്രസിഡന്റ്‌ "ഐ സേ ഹെസ്ബൊള്ള ഷുഡ്‌ സ്റ്റോപ്‌ ദിസ്‌...." എന്നു ടെലിവിഷത്തില്‍ പറയാനും അതിനെ പിന്തുടര്‍ന്ന് മന്ത്രിമാര്‍ കുട്ടിത്തെറികള്‍ കേരളത്തില്‍ പറയാനും തുടങ്ങിയില്ലേ, തെറിയുടെ പരിപൂര്‍ണ്ണ മരണം ആസന്നമാവുകയാണ്‌.

പരാജിതന്‍ said...

ഇത്‌ വായിക്കാന്‍ വൈകി. പതിവു പോലെ രസകരം.

തെറി ദുര്‍ബലന്റെ ശക്തിയും തോല്‌ക്കുന്നവന്റെ ആയുധവുമാണെന്ന് എന്നോ വായിച്ച ഓര്‍മ്മ. അടിയേറ്റു വീണവന്‍ അടിച്ചവനെ നിലമ്പരിശാക്കാനായി വീശുന്ന വജ്രായുധം. (ഇവിടെ, തോല്‌ക്കുന്നവന്‍ എന്നെഴുതിയത്‌ 'പരാജിതന്‍' എന്നു വായിക്കരുതെന്നപേക്ഷ. :))

എന്തിലും തെറി ചേര്‍ത്തില്ലെങ്കില്‍ വ്യാകരണപ്പിശകാവും എന്നുറപ്പിച്ച ഒരു 'വഷളന്‍' തലമുറയിലായതിനാല്‍ ചില അബദ്ധങ്ങളും പറ്റും. ജോലിസ്ഥലത്ത്‌ ഒരു ചെറിയ അമളി പറ്റിയപ്പോള്‍ ഓര്‍ക്കാതെ ഉറക്കെ ഉച്ചരിച്ചു പോയ ഒരു വാക്ക്‌ കേട്ട്‌ തമിഴത്തിയായ സഹപ്രവര്‍ത്തക പരിഭ്രമത്തോടെ ചോദിച്ച ചോദ്യത്തിന്റെ പരിഭാഷ:
"എന്താ സര്‍, എന്റെ 'മുഖം' വല്ലാതിരിക്കുന്നുണ്ടോ?"

Pramod.KM said...

ഇത് ഞാന്‍ ഇപ്പോള്‍ ആണ്‍ കാണുന്നത് ദേവേട്ടാ..
തെറിപ്പാട്ടുകളെ കുറിച്ച് പുസ്തകമെഴുതുന്ന ഒരു കാര്യം ഞാന്‍ ലാപുടയുമായി ഒരിക്കല്‍ സംസാരിച്ചിരുന്നു.അത് തുടങ്ങിവെക്കുകയും ചെയ്തിരുന്നു.;)